Connect with us

Ongoing News

ആർക്കാവും മേൽക്കൈ; ആലപ്പുഴയിൽ പ്രവചനം അസാധ്യം

Published

|

Last Updated

ആലപ്പുഴ | ഇളക്കി മറിച്ച പ്രചാരണങ്ങളില്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണ് നാളെ ജില്ലയിൽ നടക്കുന്നത്. കൊവിഡിനിടയിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ജില്ലയിലെ ഫലം പ്രവചനാതീതമാണ്. ഇടതുമുന്നണിയിൽ പുതിയ ഘടകകക്ഷികളുടെ രംഗപ്രവേശത്തിന്റെ അനന്തര ഫലം, യു ഡി എഫിൽ സ്വന്തം ഘടകകക്ഷിയെ തള്ളിപ്പോലും പുറത്തുനിന്നുള്ള പാർട്ടിക്കാരുമായുണ്ടാക്കിയ അപ്രഖ്യാപിത സഖ്യം എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ.
ആർക്ക് മേൽക്കൈ നേടാനാകുമെന്ന് പ്രവചിക്കുക അസാധ്യമാക്കിയുള്ള പ്രചാരണം കൊവിഡ് മഹാമാരിക്കിടയിലും നടത്താനായത് ജില്ലയുടെ രാഷ്ട്രീയബോധത്തിന്റെ പ്രകടമായ തെളിവ് കൂടിയാണ്. കൊവിഡ് മഹാമാരിക്കിടയിലും സാധ്യമായ രീതിയിലെല്ലാം പ്രചാരണം സജീവമാക്കി സ്ഥാനാർഥികളും മുന്നണികളും പാർട്ടികളുമൊക്കെ വോട്ടർമാരുടെ മനം കവർന്നിട്ടുണ്ട്. ജില്ലാ പഞ്ചായത്ത്, ആറ് നഗരസഭകൾ, 12 ബ്ലോക്ക് പഞ്ചായത്തുകൾ, 72 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കായി 1,565 അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. മത്സര രംഗത്ത് ആറായിരത്തോളം സ്ഥാനാർഥികളുണ്ട്. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് അപരന്മാരുടെ സാന്നിധ്യം വളരെ കുറഞ്ഞെങ്കിലും വിമതന്മാരെ മെരുക്കാൻ രാഷ്ട്രീയ പാർട്ടികളും മുന്നണികളും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പിന്മാറ്റാനായില്ല. പകരം ഇവരെ സ്വന്തം പാർട്ടികളിൽ നിന്ന് പുറത്താക്കി ഘടക കക്ഷികളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു പാർട്ടി നേതൃത്വങ്ങൾ.

എന്നാൽ ചിലയിടങ്ങളിൽ മുന്നണികൾക്കുള്ളിൽ തന്നെ കുറുമുന്നണിയും ഘടകകക്ഷികൾ തന്നെ പരസ്പരം പോരടിക്കുകയും ചെയ്യുന്ന കാഴ്ചയുമുണ്ട്. യു ഡി എഫിലാണ് ഇത്തരം സ്ഥാനാർഥികൾ അധികമുള്ളത്. അമ്പലപ്പുഴ, പുറക്കാട്, ചിങ്ങോലി, പുന്നപ്ര തുടങ്ങി നിരവധി ഗ്രാമപഞ്ചായത്തുകളിൽ സൗഹൃദ മത്സരങ്ങൾ പ്രകടമാണ്. അരൂക്കുറ്റിയിലും പാണാവള്ളിയിലും ഘടകകക്ഷിയായ ലീഗിനെ തള്ളി കോൺഗ്രസ് വെൽഫെയർ പാർട്ടിയെ കൂട്ടുപിടിച്ചതും ചർച്ചയായിട്ടുണ്ട്. ഇതിനെതിരെ സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ തർക്കങ്ങൾ ഉടലെടുത്തു. പ്രാദേശിക തിരഞ്ഞെടുപ്പായതിനാൽ പ്രചാരണ വിഷയങ്ങൾ വികസന വിഷയങ്ങളിലൊതുങ്ങുമെന്ന കണക്കുകൂട്ടലുകൾ തെറ്റി. എന്തും രാഷ്ട്രീയ കണ്ണിലൂടെ നോക്കിക്കാണുന്ന ജില്ലക്ക് കേന്ദ്ര, സംസ്ഥാന സർക്കാറുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയാക്കാതിരിക്കാനായില്ല. കേന്ദ്രത്തിനെതിരായ കർഷക സമരം കേരളത്തിന്റെ നെല്ലറയിൽ ഏറെ ചർച്ചയായി. പ്രചാരണത്തിരക്കുകൾക്കിടയിലും കർഷക സമരത്തിന് ഐക്യദാർഢ്യവുമായി സ്ഥാനാർഥികളും പാർട്ടിപ്രവർത്തകരും മുന്നണികളുമൊക്കെ സജീവമായി രംഗത്തുണ്ടായിരുന്നു. സംസ്ഥാന സർക്കാർ അകപ്പെട്ട വിവാദങ്ങൾ ഉയർത്തിക്കാട്ടി വോട്ടർമാരെ സ്വാധീനിക്കാനായിരുന്നു യു ഡി എഫ് ശ്രമം. യു ഡി എഫിന്റെ മുൻ നിര നേതാക്കൾ തന്നെ വോട്ടർമാരെ കൈയിലെടുക്കാൻ കളത്തിലിറങ്ങി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു ഡി എഫ് കൺവീനർ എം എം ഹസൻ, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി തുടങ്ങിയവരെല്ലാം ജില്ലയിലുടനീളം സഞ്ചരിച്ച് പ്രചാരണം നടത്തി. എന്നാൽ യു ഡി എഫ് നേതാക്കളുടെ ഓട്ട പ്രദക്ഷിണത്തെ കവച്ചുവെക്കുന്നതായിരുന്നു എൽ ഡി എഫ് നേതാക്കളുടെ ചടുലമായ നീക്കങ്ങൾ.
ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരൻ തന്നെയാണ് പ്രചാരണ രംഗത്ത് ആവേശമായി നിറഞ്ഞു നിന്നത്. സർക്കാർ അകപ്പെട്ടിട്ടുള്ള എല്ലാ വിവാദങ്ങൾക്കും മന്ത്രി അക്കമിട്ട് മറുപടി പറഞ്ഞ് എതിരാളികളുടെ വാദമുഖങ്ങൾക്ക് പ്രതിരോധം തീർത്തു.

മന്ത്രിമാരായ ടി എം തോമസ് ഐസക്, പി തിലോത്തമൻ എന്നിവരും നിരവധി യോഗങ്ങളിൽ സംബന്ധിച്ചു. മറ്റു മന്ത്രിമാരും ഇടതുപക്ഷ നേതാക്കളുമെല്ലാം പ്രചാരണ രംഗത്ത് സജീവമായിരുന്നു. ജില്ലാ പഞ്ചായത്ത് സംവിധാനം നിലവിൽ വന്ന ശേഷം ഇന്നേവരെ ഭരണത്തിലെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇത്തവണ ഭരണം പിടിക്കുമെന്നാണ് യു ഡി എഫ് അവകാശപ്പെടുന്നത്.
കഴിഞ്ഞ തവണ തന്നെ വോട്ടിംഗ് ശതമാനത്തിൽ തങ്ങളായിരുന്നു മുന്നിലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജില്ലാ പഞ്ചായത്ത് ഭരണത്തിനൊപ്പം ജില്ലയിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ തങ്ങളുടെ ഭരണത്തിൻ കീഴിലാക്കുമെന്ന് എൽ ഡി എഫ് നേതൃത്വം അവകാശപ്പെടുന്നു.കഴിഞ്ഞ തവണ ജില്ലയിലെ ആറ് നഗരസഭകളിൽ രണ്ടിടത്ത് മാത്രമാണ് ഇടതിന് ഭരണമുണ്ടായിരുന്നത്. ഇത്തവണ ആറ് നഗരസഭകളും തങ്ങൾ കൈക്കലാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ ഡി എഫ്.
12 ബ്ലോക്ക് പഞ്ചായത്തുകളിലും 72 ഗ്രാമപഞ്ചായത്തുകളിലും ഭൂരിഭാഗത്തിലും ഭരണം തങ്ങൾക്കായിരുന്നുവെന്നും ഇത്തവണ ഇതിലും കാര്യമായ വർധനവാണ് പ്രതീക്ഷിക്കുന്നതെന്നും ഇടത് ക്യാമ്പ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. സംസ്ഥാന സർക്കാറിനെതിരെ, പ്രത്യേകിച്ച് ജില്ലയിലെ തന്നെ ധനമന്ത്രിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളെയെല്ലാം പ്രതിരോധിക്കുന്നതിനൊപ്പം ഇടതു സർക്കാറിന്റെ വികസന നേട്ടങ്ങൾ ഒന്നൊന്നായി ഉയർത്തിക്കാട്ടുന്നതിൽ ഇടതുപക്ഷം ഏറെക്കുറെ വിജയിച്ചെന്ന് വേണം കരുതാൻ. ആ നിലക്ക്, എൽ ഡി എഫിന്റെ അവകാശവാദങ്ങളെ അത്ര എളുപ്പം തള്ളിക്കളയാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയത്തേക്കാൾ പ്രാദേശിക വിഷയങ്ങളും വികസനപ്രശ്‌നങ്ങളും വ്യക്തി പരിഗണനകളുമൊക്കെയാണ് വോട്ടർമാർ മാനദണ്ഡമാക്കുന്നതെന്നും ആ നിലക്കുള്ള മുന്നേറ്റം തങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണെന്നും യു ഡി എഫ്, എൻ ഡി എ മുന്നണികൾ ഉറച്ചു വിശ്വസിക്കുന്നു. ചെങ്ങന്നൂർ, മാവേലിക്കര മേഖലകളിലും കുട്ടനാട്ടിലും എൻ ഡി എക്ക് കൂടുതൽ സ്വാധീനം ചെലുത്താനാകുമെന്നാണ് അവരുടെ വിലയിരുത്തൽ. കൂടുതൽ പേരെ തദ്ദേശ സ്ഥാപനങ്ങളിൽ എത്തിക്കുമെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ ബി ഡി ജെ എസ് അടക്കം എൻ ഡി എ യുടെ ഘടകകക്ഷികൾ ഏതാണ്ട് നിർജീവാവസ്ഥയിലാണ് ഈ തിരഞ്ഞെടുപ്പിൽ.
അഥവാ നേട്ടമുണ്ടാക്കിയാലും അത് ബി ജെ പിക്ക് മാത്രം അവകാശപ്പെട്ടതാകും. ഇതാകട്ടെ, രാഷ്ട്രീയ നേട്ടമായി വിലയിരുത്താനാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലയിൽ ആകെയുള്ള 72 ഗ്രാമപഞ്ചായത്തുകളിൽ 43 എണ്ണത്തിൽ എൽ ഡി എഫിനായിരുന്നു ഭരണം. 28 എണ്ണത്തിൽ യു ഡി എഫും ഒരെണ്ണത്തിൽ ബി ജെ പിക്കുമായിരുന്നു ഭരണം.
12 ബ്ലോക്ക് പഞ്ചായത്തുകളിൽ മൂന്നെണ്ണത്തിലൊഴികെ മറ്റെല്ലാത്തിലും എൽ ഡി എഫാണ് ഭരണം നടത്തിവന്നത്. മൂന്നിടങ്ങളിൽ യു ഡി എഫായിരുന്നു. ഗ്രാമപഞ്ചായത്തൊഴികെ മറ്റൊരിടത്തും ബി ജെ പി ഭരണത്തിലെത്തിയിരുന്നില്ല.ആറ് നഗരസഭകളിൽ നാലും യു ഡി എഫാണ് കൈപ്പിടിയിലൊതുക്കിയിരുന്നത്.

Latest