Pathanamthitta
പത്തനംതിട്ടയിൽ കണക്കുകളും കരുതലും കൈവിടുമോ; അമിത പ്രതീക്ഷ വേണ്ട, ആർക്കും
പത്തനംതിട്ട | കണക്കുകളുടെ കരുതലിൽ യു ഡി എഫും രണ്ടില ചേർത്തു പിടിച്ച് എൽ ഡി എഫും നേർക്കു നേർ പോരിനിറങ്ങിയ പത്തനംതിട്ടയുടെ മണ്ണിൽ പ്രവചനം അസാധ്യം. മുന്നണി ബന്ധങ്ങളിൽ വന്ന ചെറിയ മാറ്റം പോലും വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴി തെളിക്കുമെന്നാണ് വിലയിരുത്തൽ. പത്തനംതിട്ടയിൽ വിജയിക്കുകയെന്നത് ഒരു കാലത്ത് യു ഡി എഫിന് അനായാസമായിരുന്നു. ഇന്നിപ്പോൾ ജില്ലയിൽ അഞ്ച് എം എൽ എമാരും എൽ ഡി എഫിലാണ്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫലം വരുമ്പോൾ യു ഡി എഫ് പ്രതാപം വീണ്ടെടുത്ത് ശക്തി കാട്ടാറുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലാകട്ടെ ഇരു മുന്നണികളും തുല്യശക്തികളായി നിന്ന് പോരാടുകയും ചെയ്യും. 2015ൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു.
അതേ സ്ഥിതി 2020ലും ആവർത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബി ജെ പി ജില്ലയിൽ വെച്ചു പുലർത്തുന്ന പ്രതീക്ഷയും അടിസ്ഥാനപരമായി അവരുടെ വോട്ടുബാങ്കിലുണ്ടായിട്ടുള്ള വർധനവും പ്രധാന ഘടകങ്ങളാണ്. ബി ഡി ജെ എസ് പിന്തുണയും എൻ ഡി എയുടെ പ്രതീക്ഷകൾക്ക് ചിറക് മുളപ്പിക്കുന്നുണ്ട്.
സ്ഥാനാർഥി നിർണയം മുതലുണ്ടായ തർക്കങ്ങൾ ഇരു മുന്നണികളുടെയും പ്രചാരണ പ്രവർത്തനങ്ങളെ ചിലപ്പോഴൊക്കെ അസ്വസ്ഥരാക്കാറുണ്ട്. വിമതരുടെ ശല്യം എൽ ഡി എഫിനേക്കാൾ കൂടുതലും നേരിടുന്നത് യു ഡി എഫിനെയാണ്. മുന്നണികളിൽ ഘടക കക്ഷികൾ പാർട്ടി ചിഹ്നത്തിൽ പരസ്പരം മത്സരിക്കുന്ന സ്ഥലങ്ങളും പത്തനംതിട്ടയിലുണ്ട്. കേരള കോൺഗ്രസ് ജോസഫ്, മുസ്്‌ലീം ലീഗ്, ആർ എസ് പി കക്ഷികളും മുന്നണി ധാരണക്ക് വിരുദ്ധമായി നിൽക്കുന്ന കോൺഗ്രസിന്റെ സ്ഥാനാർഥികൾക്കെതിരേ രംഗത്തുണ്ട്.
എൽ ഡി എഫിൽ സി പി എം, സി പി ഐ കക്ഷികൾ പാർട്ടി ചിഹ്നത്തിൽ തന്നെ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ മത്സരിക്കുന്നുണ്ട്. മറ്റ് ചില സ്ഥലങ്ങളിൽ മുന്നണി ധാരണക്ക് വിരുദ്ധമായി സ്വതന്ത്രരും രംഗത്തുണ്ട്. അങ്ങനെ മത്സരിക്കുന്നവർ അവരവരുടെ ശക്്തി തെളിയിച്ച് വരട്ടെയെന്നാണ് ഇരു മുന്നണികളുടെയും നേതാക്കൾ പറയുന്നത്.
ജോസ് കെ മാണിയുടെ കേരള കോൺഗ്രസിനെ കൂടെ കൂട്ടിയപ്പോൾ പരമാവധി സീറ്റുകൾ അവർക്ക് നൽകിയാണ് എൽ ഡി എഫ് സീറ്റു വിഭജനം പൂർത്തിയാക്കിയത്. മാറിയ കാലാവസ്ഥയിൽ ഇത് പ്രതീക്ഷ നൽകുന്നതാണെന്ന് എൽ ഡി എഫ് നേതാക്കൾ പറയുന്നു.ജില്ലാ പഞ്ചായത്ത് ഭരണം ഇക്കുറിയും നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. 1995ൽ നിലവിൽ വന്ന ശേഷം 2005ൽ ഒഴികെ നാല് തവണയും യു ഡി എഫിനൊപ്പം അടിയുറച്ചു നിന്ന ജില്ലാ പഞ്ചായത്താണ് പത്തനംതിട്ട. ആകെയുള്ള 16 ഡിവിഷനുകളിൽ 2015ൽ 11 ഡിവിഷനുകളിലും യു ഡി എഫ് വിജയിച്ചിരുന്നു.
എന്നാൽ റാന്നിയിൽ ജോസഫ് വിഭാഗം കേരള കോൺഗ്രസിന് നൽകിയ സീറ്റിൽ വിമതനായി സേവാദൾ ജില്ലാ ചെയർമാനും റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന നേതാവും മത്സര രംഗത്തുണ്ട്.
ഇതിനോടൊപ്പം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദലിത് നേതാവും ഭരണ കാലാവധി അവസാനിക്കുന്ന ദിവസം രാജി വെച്ച് എൽ ഡി എഫിൽ ചേക്കേറി സ്വതന്ത്രനായി കോന്നി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുകയാണ്. അതിനാൽ തന്നെ തികഞ്ഞ പ്രതീക്ഷയിലാണ് എൽ ഡി എഫ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെ സ്ഥാനാർഥികളായി രംഗത്തുണ്ട്.
സ്ഥാനാർഥികളുടെ മികവാണ് എൽ ഡി എഫ് പ്രതീക്ഷകൾക്ക് കരുത്തേകുന്നത്. ഇതിനിടയിൽ ഇക്കുറി ജില്ലാ പഞ്ചായത്തിൽ കുളനടയിൽ നിന്ന് അക്കൗണ്ട് തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. കേരള കോൺഗ്രസിന്റെ പിളർപ്പും ചേരിമാറ്റവും തിരുവല്ല, പത്തനംതിട്ട നഗരസഭകളിൽ എൽ ഡി എഫിന് പ്രതീക്ഷകൾക്ക് വക നൽകുന്നു.
തിരുവല്ല, പന്തളം, അടൂർ നഗരസഭകളിൽ ബി ജെ പിയും പത്തനംതിട്ട, പന്തളം, അടൂർ നഗരസഭകളിൽ നിർണായക ശക്തിയായി മാറാനുള്ള ശ്രമത്തിലുമാണ്.
നാല് നഗരസഭകളിൽ പത്തനംതിട്ട, തിരുവല്ല എന്നിവ യു ഡി എഫും പന്തളം അടൂർ നഗരസഭകൾ എൽ ഡി എഫുമാണ് ഭരിച്ചിരുന്നത്. 2015ൽ ബ്ലോക്ക് പഞ്ചായത്തുകളിൽ നാല് വീതം എൽ ഡി എഫും യു ഡി എഫും ഭരണ നേതൃത്വത്തിലെത്തി. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലായി 788 വാർഡുകളാണുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന നാടകീയ മാറ്റങ്ങളിൽ ഗ്രാമപഞ്ചായത്തുകളിൽ എൽ ഡി എഫിന് അൽപ്പം മേൽക്കൈ നേടാൻ കഴിഞ്ഞിരുന്നു.
ഏറ്റവും പുതിയ കണക്കനുസരിച്ച് എൽ ഡി എഫിന് 25, യു ഡി എഫിന് 21, ബി ജെ പിക്ക് മൂന്ന് എന്നിങ്ങനെയാണ് പഞ്ചായത്ത് ഭരണം.
കുളനട, കുറ്റൂർ, നെടുമ്പ്രം പഞ്ചായത്തുകളാണ് ബി ജെ പി ഭരണത്തിൽ. സംയുക്തമായി നാല് പഞ്ചായത്തുകളിലും ഭരണമുണ്ടായിരുന്നു. രാഷ്ട്രീയത്തോടൊപ്പം പ്രളയവും കൊവിഡും സാമ്പത്തിക സംവരണവും പള്ളി തർക്കവും പത്തനംതിട്ടയിലെ വോട്ടർമാരെ സ്വാധീനിക്കാൻ ഇടയുള്ള വിഷയങ്ങളായി.
കേരള കോൺഗ്രസ് രാഷ്ട്രീയത്തിന് ശക്തമായ വേരോട്ടമുള്ള മണ്ണിൽ മാറിയ സംസ്ഥാന രാഷ്ട്രീയ സാഹചര്യം എങ്ങനെ പ്രതിഫലിക്കുന്ന എന്നതിൽ തീർച്ചപ്പെടുത്താൻ വോട്ടെണ്ണുന്നത് വരെ കാത്തിരിക്കേണ്ടി വരും.