Connect with us

Ongoing News

പാടില്ല, പോളിംഗ് ബൂത്തിന് 200 മീറ്റര്‍ ചുറ്റളവിനുള്ളിലെ പ്രചാരണം; എന്നാല്‍, മാറ്റുവതെങ്ങനെ ചില 'ചിഹ്ന'ങ്ങള്‍

Published

|

Last Updated

തിരഞ്ഞെടുപ്പ് ദിനത്തില്‍ ചില വിധി വിലക്കുകള്‍ ഉണ്ട്. അതില്‍പെട്ട ഒന്നാണ് പോളിംഗ് ബൂത്തിന് 200 മീറ്റര്‍ ചുറ്റളവിനുള്ളിലെ വോട്ടുപിടിത്തം. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പോസ്റ്റര്‍, ചിഹ്നങ്ങള്‍ തുടങ്ങിയവയൊന്നും ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. എന്നാല്‍ ചില ചിഹ്നങ്ങള്‍ ഒരുതരത്തിലും മാറ്റാന്‍ സാധിക്കില്ല. മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ പോലും പാര്‍ട്ടി ചിഹ്നമാണല്ലോ.

കൈപ്പത്തിയില്‍ സ്വതന്ത്ര ചിഹ്നമായ മോതിരവും അണിഞ്ഞ് വോട്ട് ചെയ്യാന്‍ പോവുകയാണ് അമ്മിണി. മറ്റൊരു സ്ഥാനാര്‍ഥിയുടെ ചിഹ്നമായ കണ്ണട എടുക്കാനും മറന്നില്ല.
റോഡിലേക്കിറങ്ങിയപ്പോള്‍ കിട്ടിയത് ഓട്ടോറിക്ഷയാണ്. അതാണെങ്കില്‍ വേറൊരു സ്ഥാനാര്‍ഥിയുടെ ചിഹ്നം. ഏതായാലും കയറി. ബ്ലോക്ക് സ്ഥാനാര്‍ഥിയുടെ ചിഹ്നമായ ടി വി കണ്ടായിരുന്നു യാത്ര.

പോളിഗ് ബൂത്തിന് കുറച്ചകലെയായി ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി. തോരാത്ത മഴ. എന്തു ചെയ്യും?. അതാ ഒരാള്‍ കുട ചൂടി വരുന്നു. ഒന്നും പറഞ്ഞില്ല, വേഗം കുടയും ചൂടി പോളിംഗ് ബൂത്തിനകത്തേക്ക്. അതിനിടെ, ഒരു കാറിലെത്തി ഒരു കൂട്ടം വോട്ടര്‍മാര്‍. ആരുടെയോ ചിഹ്നം ആണല്ലോ കാര്‍. പോളിംഗ് ബൂത്തിന് സമീപത്തെ നെല്‍വയലില്‍ കുറേ സ്ത്രീകള്‍ നെല്ല് കറ്റ തലയില്‍ വച്ചുകൊണ്ട് പോകുന്നു. ട്രാക്ടര്‍ നെല്‍പാടം ഉഴുതുമറിക്കുന്നു. പോരാത്തതിന് അരിവാളും നെല്‍ക്കതിരും ഉണ്ടവിടെ.

പോളിഗ് സ്റ്റേഷനിലെ മുറ്റത്തതാ രണ്ടില കിടക്കുന്നു. നടന്നു നീങ്ങിയതാ ഒരു മരച്ചുവട്ടിലൂടെ. കോണി കയറിയാണ് ബൂത്തിനകത്തെത്തിയത്. തിരിഞ്ഞുനോക്കിയപ്പോള്‍ കുട്ടികള്‍ അതാ ബാറ്റുമായി കളിക്കുന്നു. വേറൊരു സംഘം പന്ത് കളിക്കുന്നു. ഇവയെല്ലാം തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ തന്നെ. എല്ലാം 200 മീറ്റര്‍ പരിധിക്കുള്ളില്‍. പോളിംഗ് ബൂത്തിലേക്ക് കടന്നുചെന്നു പ്രിസൈസിംഗ് ഓഫീസര്‍ക്ക് ഐ ഡി കാര്‍ഡ് കാണിച്ചു. വിരലില്‍ കറുത്ത മഷി കുത്താന്‍ വേണ്ടി കൈനീട്ടി. മഷി പുരട്ടിയ വിരല്‍ തുമ്പില്‍ മോതിരം.
അതാ ഇരിക്കുന്നു കണ്ണട ധരിച്ച ഒരാള്‍. ഏതോ സ്ഥാനാര്‍ഥിയുടെ ഏജന്റ് ആണത്രേ.

വോട്ട് ചെയ്ത് തിരിച്ചുവരുമ്പോള്‍ സ്‌കൂളിന്റെ ചുമരില്‍ കാണുന്നു ഒരു ക്ലോക്ക്. സ്‌കൂളിന്റെ കിച്ചണിലുണ്ട് ഗ്യാസും കുറ്റി. എന്നാല്‍ പരിസരത്തൊന്നും കാണുന്നില്ല വഞ്ചി. പക്ഷേ കേരള തനിമ ചുമരില്‍ വരച്ച ചിത്രത്തില്‍ വഞ്ചിയുണ്ട്. പുറത്ത് നോക്കുന്നിടത്തെല്ലാമുണ്ട് തെങ്ങുകള്‍. ഉദയ സൂര്യന്റെ വെയിലേറ്റ് വീട്ടിലേക്ക്. തൊട്ടടുത്ത ചായക്കടയില്‍ കണ്ടു കപ്പും സാസറും. വോട്ടിംഗ് ദിവസം ഇവയൊക്കെ നീക്കം ചെയ്യാനാകുമോ ?. അപ്പോള്‍ പിന്നെ വിധി വിലക്കുകള്‍ പ്രായോഗികമാക്കുന്നതെങ്ങിനെ ?!

Latest