Connect with us

Articles

കേരളം / ആര്‍ ജി സി ബി: പേര് മാറ്റത്തിലെ ജനാധിപത്യവും ഫാസിസവും

Published

|

Last Updated

ഫാസിസ്റ്റുകള്‍ അധികാരത്തിലെത്തിയാല്‍ മരിച്ചവര്‍ക്ക് പോലും രക്ഷയുണ്ടാകില്ല. വഴിക്കല്ലുകള്‍ മാറ്റുന്ന ലാഘവത്തോടെ ശവക്കല്ലറകളുടെ പേരുകള്‍ പോലും അവര്‍ മാറ്റിയെഴുതുമെന്ന് വാള്‍ട്ടര്‍ ബഞ്ചമിന്‍ നിരീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയുടെ കീഴില്‍ ആരംഭിക്കാനിരിക്കുന്ന രണ്ടാമത് കേന്ദ്രത്തിന്റെ നാമത്തെ സംബന്ധിച്ച് ഉയര്‍ന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ് ഈ നിരീക്ഷണം.

ഉത്തരേന്ത്യയുലടനീളം പ്രത്യേകിച്ചും 2014ന് ശേഷം റെയില്‍വേ സ്റ്റേഷനുകളുടെയും സ്ഥാപനങ്ങളുടെയും റോഡുകളുടെയും പേരുകള്‍ വ്യാപകമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ് സംഘ്പരിവാര്‍. അതോടൊപ്പം ഉര്‍ദുകലര്‍ന്ന ഹിന്ദി വാക്കുകള്‍ പോലും ഉപേക്ഷിക്കണമെന്ന പ്രചാരണവും കൊടുമ്പിരിക്കൊള്ളുകയാണ്. സംഘ്പരിവാര്‍ വിദ്യാഭ്യാസ വിചക്ഷണനായി അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് ദീനാനാഥ് ഭത്ര. ഉത്തരേന്ത്യയില്‍ ജാതി മത ഭേദമന്യേ സര്‍വരും പ്രയോഗിക്കുന്ന മൊഹല്ല, മുഫ്തി തുടങ്ങിയുള്ള ഹിന്ദി വാക്കുകളില്‍ ഉര്‍ദു കലര്‍ന്നിട്ടുണ്ടെന്ന ഒറ്റ കാരണത്താല്‍ അത് ഉപേക്ഷിക്കപ്പെടേണ്ടതാണെന്നും പാഠപുസ്തകത്തില്‍ നിന്ന് ഇത്തരം നിരവധി വാക്കുകള്‍ വെട്ടിമാറ്റണമെന്നും അദ്ദേഹം മുമ്പ് ആവശ്യപ്പെട്ടിരുന്നു. വെളിവില്ലാത്ത ഭ്രാന്തന്‍ നിലപാടായാണ് ജനങ്ങള്‍ അന്നതിനെ കണ്ടത്. എന്നാല്‍ 2020ല്‍ പ്രസിദ്ധീകരിക്കപ്പെട്ട വിദ്യാഭ്യാസ രേഖയില്‍ ഉപേക്ഷിക്കപ്പെട്ട ഭാഷകളില്‍ അറബിയും ഉര്‍ദുവുമുണ്ട്. അതായത് ഈ ഭാഷകള്‍ ഉപേക്ഷിക്കപ്പെടുന്നതിന്റെ അരങ്ങൊരുക്കലായിരുന്നു ദീനാനാഥ് ഭത്രയുടെ വാദങ്ങളിലൂടെ സംഘ്പരിവാര്‍ ചെയ്തത്. ഇന്ത്യയിലെ കലാസാഹിത്യ ലോകത്ത് ചിരപരിചിതമായ ഭാഷയാണ് ഉര്‍ദു. ആ ഭാഷയില്‍ നിരവധി സാഹിത്യ സംഭാവനകള്‍ ഇന്ത്യയുടേതായുണ്ട്. ഉത്തരേന്ത്യയില്‍ വലിയൊരു വിഭാഗത്തിന്റെ ദൈനംദിന ഭാഷയുമാണത്. ദീനാനാഥ് ഭത്ര അന്ന് നടത്തിയ അണിയറ ഒരുക്കത്തിന്റെ വിളവെടുപ്പാണ് വിദ്യാഭ്യാസ രേഖയില്‍ വെച്ച് സംഘ്പരിവാര്‍ ഫാസിസ്റ്റുകള്‍ കൊയ്‌തെടുത്തത്. സ്ഥാന്‍, ഹൈദരാബാദ്, ഉസ്മാനാബാദ് തുടങ്ങിയ പേരുകളൊക്കെ ഉടനെ മാറ്റണമെന്ന് സംഘ്പരിവാര്‍ വാദിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ മുഗള്‍ സരായ് ജംഗ്ഷന്‍ എന്ന പേരിലുണ്ടായിരുന്ന റെയില്‍വേ സ്റ്റേഷന്റെ പേര് ഇപ്പോള്‍ ദീന്‍ദയാല്‍ ഉപാധ്യായ എന്നാണ്. പേര് മാറ്റുന്നതിന് മുമ്പും ശേഷവും ഞാനവിടെ സന്ദര്‍ശിച്ചിരുന്നു. ദീന്‍ദയാല്‍ ഉപാധ്യായ സംഘ്പരിവാറിന്റെ ഏകാത്മക മാനവ വാദമെന്ന ജാതിമേല്‍ക്കോയ്മയെ പരോക്ഷമായി ദൃഢപ്പെടുത്തുന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച ആളായിരുന്നു. ഇന്ത്യാ ചരിത്രത്തിന്റെ ഭാഗമാണ് നിരവധി നൂറ്റാണ്ടുകളോളം ഇന്ത്യയില്‍ നിലനിന്ന മുഗള്‍ ഭരണം. ആ സ്മരണ തുടച്ചുനീക്കുകയെന്നത് സംഘ്പരിവാരത്തിന്റെ കാലങ്ങളായുള്ള അജന്‍ഡയാണ്. താജ് മഹലിലേക്കും സംഘ്പരിവാറിന്റെ അജന്‍ഡ മെല്ലെ മെല്ലെ അരിച്ചെത്തി തുടങ്ങിയിരിക്കുന്നു. കാലത്തിന്റെ ഏകാന്തമായ കവിള്‍ത്തടത്തിലെ കണ്ണീര്‍തുള്ളിയെന്നാണ് രവീന്ദ്രനാഥ ടാഗോര്‍ താജ് മഹലിനെ വിശേഷിപ്പിച്ചത്. എന്നാല്‍ അത് ഭാരത സംസ്‌കാരത്തിന്റെ കളങ്കമാണെന്നാണ് സംഘ്പരിവാര്‍ ഫാസിസം പറയുന്നത്.

പേര് മാറ്റം ഒറ്റപ്പെട്ട സംഭവമല്ല. റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റുമ്പോള്‍ അതിനോട് ചേര്‍ന്നു നില്‍ക്കുന്ന സാംസ്‌കാരിക ലോകവും അതിന്റെ ചരിത്രവും ശോഭനമായ ഭൂതകാലവും അട്ടിമറിക്കപ്പെടുന്നു. ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് സംഘ്പരിവാര്‍ നിരന്തരം ആവര്‍ത്തിക്കുന്ന കാര്യമാണ്. അറബിക്കടലിന്റെ പേര് മാറ്റണം, സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണം തുടങ്ങിയ വാദങ്ങളൊക്കെ വെറും തമാശയായേ പരിഗണിച്ചിരുന്നുള്ളൂ നമ്മള്‍. എന്നാല്‍ ആ ഭ്രാന്തന്‍ പേരുമാറ്റത്തിന്റെ ഏറ്റവും അപകടകരമായ ചുവട് വെപ്പാണ് ഗോള്‍വാള്‍ക്കറുടെ പേര് തിരുവനന്തപുരത്തെ ഒരു ശാസ്ത്ര സ്ഥാപനത്തിനിടുകയെന്നത്.
ഘര്‍വാപസി എന്ന സംഘ്പരിവാര്‍ പരികല്‍പ്പനക്കൊപ്പം പ്രചാരം സിദ്ധിച്ച മറ്റൊന്നാണ് നാം വാപസി, അതായത് പേര് മാറ്റം. ബാബരി മസ്ജിദ് പൊളിച്ചയുടനെ ഇന്ത്യയുടെ തന്നെ പേര് മാറ്റണമെന്ന ആവശ്യം സംഘ്പരിവാര്‍ ധൈഷണിക നേതൃത്വം മുന്നോട്ട് വെച്ചു. 1993 ജനുവരി 24ന് സംഘ്പരിവാറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഓര്‍ഗനൈസറില്‍ ഇതുസംബന്ധിച്ച ഒരു ലേഖനം വന്നിരുന്നു. ഇന്ത്യയുടെ പേര് ഹിന്ദു ദേശം എന്നാക്കിത്തീര്‍ക്കണമെന്ന് ആ ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയെന്നത് ഇംഗ്ലീഷ് വാക്കാണ്. അത് ഹിന്ദു സംസ്‌കാരവുമായി പൊരുത്തപ്പെടില്ലെന്ന് സംഘ്പരിവാര്‍ ആലോചിക്കുന്നു. ഹിന്ദു ദേശമെന്ന് പേരിടുന്നതിലെ സംഘ്പരിവാര്‍ ഒളിയജന്‍ഡകള്‍ വ്യക്തമാണ്. ഹിന്ദു ദേശത്തിലെ ആളുകള്‍ എല്ലാവരും ഹിന്ദുക്കളാകണമല്ലോ. മറ്റു മതത്തില്‍പ്പെട്ടവരും മതനിരപേക്ഷ കാഴ്ചപ്പാട് പുലര്‍ത്തുന്നവരും ഭാരതീയ കാഴ്ചപ്പാടിന് വിരുദ്ധമാണ്. അവരെല്ലാം ഹിന്ദു ദേശീയതയില്‍ ലയിച്ചു തീരണമെന്നാണ് സംഘ്പരിവാര്‍ നിരന്തരമായി ആവശ്യപ്പെടുന്നത്.

ഉത്തരേന്ത്യയല്ല കേരളം

എന്നാല്‍ സംഘ്പരിവാര്‍ തിട്ടൂരങ്ങളെ കേരളം കരളുറപ്പോടെ എന്നും നേരിട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗണ്‍ ഹാളിന്റെ പേര് മാറ്റി മഹാത്മാ അയ്യങ്കാളി ടൗണ്‍ ഹാളാക്കി മാറ്റിയ ദേശത്തിന്റെ പേരാണ് കേരളം. അത് പേര് മാറ്റത്തിന്റെ ജനാധിപത്യ മാതൃകയാണ്. അതാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. നൂറ്റാണ്ടുകള്‍ ഇന്ത്യയെ അടക്കിഭരിച്ച വിക്ടോറിയ രാജ്ഞിയുടെ സ്മരണക്ക് വിധേയത്വത്തിന്റെ ഒരു ഭാഷയുണ്ട്. അതുകൊണ്ട് തന്നെ വിക്ടോറിയ ടൗണ്‍ ഹാളിന് അയ്യങ്കാളി ടൗണ്‍ഹാള്‍ എന്ന പേര് കൊടുക്കുമ്പോള്‍ അത് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അഭിമാന സ്തംഭമായി മാറുകയാണ്. അതേ സമയം, ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനത്തിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുമ്പോള്‍ അത് ശാസ്ത്രത്തിനും മാനവികതക്കും നവോത്ഥാനത്തിനും ജനാധിപത്യത്തിനുമൊക്കെ വെല്ലുവിളിയാണ്. കാരണം ഗോള്‍വാള്‍ക്കറുടെ പേര് പോലും ജനാധിപത്യത്തിനെതിരെയുള്ള കൊലവിളിയാണ്. ആ പേര് കേള്‍ക്കുമ്പോള്‍ ഗോള്‍വാള്‍ക്കറെ ഗോള്‍വാള്‍ക്കറാക്കിയ ആശയത്തെ നാം പിന്തുടരണം. ലോകമാകെ സാമ്രാജ്യത്വത്തിനും ഫാസിസത്തിനും വിരുദ്ധമായി സമരം ചെയ്യുന്ന സമയത്ത് ഇത് രണ്ടിനെയും പരോക്ഷമായി പിന്തുണക്കുന്ന നിലപാടാണ് ഗോള്‍വാള്‍ക്കാര്‍ സ്വീകരിച്ചത്. വംശങ്ങളെ ശുദ്ധീകരിക്കാന്‍ വേണ്ടി ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ ജൂതന്മാരോട് എങ്ങനെയാണോ പെരുമാറിയത് ആ പെരുമാറ്റത്തില്‍ നിന്ന് ഭാരതീയര്‍ക്ക് പാഠം പഠിക്കാനുണ്ട് എന്നാണ് അദ്ദേഹത്തിന്റെ ആശയം. അതായത് വംശഹത്യ ഇവിടെയും അരങ്ങേറണമെന്ന് ചുരുക്കം.
ഉത്തരേന്ത്യയില്‍ ഇത്തരത്തിലുള്ള പേര് മാറ്റങ്ങളെ സ്വാഭാവിക പ്രക്രിയയെന്ന നിലക്ക് ജനങ്ങള്‍ സ്വീകരിച്ചപ്പോള്‍ കേരളത്തില്‍ അതിനെതിരെ ശക്തമായ പ്രതികരണങ്ങളും പ്രതിരോധവും ഉയര്‍ന്നു. അത് കേരളത്തിന്റെ പ്രബുദ്ധതയുടെ അടയാളമാണ്, അതില്‍ അഭിമാനിക്കാവുന്നതാണ്. വീണ്ടുമൊരിക്കല്‍ പോലും തുറന്നുനോക്കരുതെന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്ന കേരളീയര്‍ ഒരിക്കല്‍കൂടി ഗോള്‍വാള്‍ക്കറുടെ പുസ്തകങ്ങള്‍ തുറന്ന് വെച്ച് ഇതില്‍ ഇന്നതൊക്കെയാണുള്ളതെന്ന് ലോകത്തോട് വിളിച്ചുപറയാന്‍ തുടങ്ങി. അതുകൊണ്ട് സംഘ്പരിവാറിന് തന്നെ ന്യായീകരിക്കാന്‍ ആകാത്ത ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാലും അല്‍പ്പത്തരങ്ങളുടെ അകമ്പടിയോടെ ഇപ്പോഴും ചില സംഘ്പരിവാര്‍ നേതാക്കള്‍ ഗോള്‍വാള്‍ക്കറുടെ നാമകരണത്തിന് ന്യായം ചമക്കുന്നുണ്ട്.

2014ന് ശേഷമാണ് അതുവരെ സങ്കല്‍പ്പിക്കാനാകാത്ത തരത്തിലുള്ള അല്‍പ്പത്തരങ്ങള്‍ സര്‍വകലാശാലകളിലേക്ക് പോലും കടന്നുവന്നത്. ജെ എന്‍ യുവിന്റെ പേര് മാറ്റി ഹെഡ്‌ഗേവാറിന്റെ പേര് പകരം നല്‍കണമെന്ന് ഫാസിസ്റ്റ് സംഘടനകള്‍ ആവശ്യപ്പെട്ടു. ഗാന്ധിയും നെഹ്‌റുവും പ്രതിനിധാനം ചെയ്യുന്ന ആശയത്തോടുള്ള പകയും വിദ്വേഷവുമാണ് ഈ പേര് മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഘടകം. ഇന്ത്യന്‍ സംസ്‌കാരമെന്നാല്‍ നാനാജാതി ആശയങ്ങളുടെ സമന്വയമാണ്. പലതരം ജാതികളും മതങ്ങളും പേരുകളും ഭാഷകളും സാഹിത്യങ്ങളും എല്ലാം കൂടി സൃഷ്ടിക്കുന്ന ഒരു സങ്കര സംസ്‌കാരമാണ് ഇന്ത്യക്കുള്ളത്. സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം കലര്‍പ്പെല്ലാം അശുദ്ധമാണ്, കുറ്റകരമാണ്.

1987ലാണ് രാമായണ സീരിയല്‍ വരുന്നത്. അതിന്റെയൊരു ആവേശത്തില്‍ ഗുജറാത്തിലെ പ്രതാപ് നഗറിന്റെ പേര് രാമായണ നഗര്‍ എന്ന് ആ പ്രദേശവാസികള്‍ സ്വയം മാറ്റി (രാമായണ സീരിയലിന്റെ സ്വാധീനം പലവിധത്തില്‍ ഇന്ത്യയില്‍ വ്യക്തമായിട്ടുണ്ട്). 2002ലെ ഗുജറാത്ത് വംശഹത്യക്കാലത്ത് രാമായണ നഗറായത് കൊണ്ട് പ്രതാപ് നഗറിലെ മുസ്‌ലിംകള്‍ രക്ഷപ്പെട്ടില്ല. അതായത് പേര് മാറ്റിയാല്‍ രക്ഷപ്പെടുമെന്ന് തെറ്റിദ്ധരിക്കുന്ന പാവങ്ങളുണ്ടെങ്കില്‍ അവര്‍ക്കുള്ള പാഠമാണ് ഇത്.
ശാസ്ത്ര വിരുദ്ധ കാഴ്ചപ്പാട് പുലര്‍ത്തുന്ന, മാനവിക വിരുദ്ധ കാഴ്ചപ്പാടില്‍ അഭിരമിക്കുന്ന ഗോള്‍വാള്‍ക്കറുടെ പേര് ഒരു ശാസ്ത്ര സ്ഥാപനത്തിന്റെ ശിരസ്സില്‍ തന്നെ ഒട്ടിക്കുക വഴി ഫാസിസ്റ്റുകള്‍ നടത്തിയത് വലിയൊരു വെല്ലുവിളിയാണ്. അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുണ്ടാകുകയെന്നത് അനിവാര്യമാണ്. കേരളത്തില്‍ അതിനെതിരെയുണ്ടായ ചെറുത്തുനില്‍പ്പ് സ്വാഗതാര്‍ഹമാണ്. ഡോ. പല്‍പ്പുവിന്റെ പേര് കൊടുക്കണമെന്ന് ശശി തരൂര്‍ നിര്‍ദേശിച്ചതും സ്വാഗതാര്‍ഹമാണ്. ഇന്ത്യയിലും കേരളത്തിലും ധാരാളം ശാസ്ത്ര പ്രതിഭകള്‍ ഉണ്ടായിട്ട് എന്ത് കൊണ്ട് ഗോള്‍വാള്‍ക്കര്‍ എന്ന ചോദ്യം ഉയരുന്നുണ്ട്. കേരളത്തില്‍ സംഘ്പരിവാറിന് പതിറ്റാണ്ടുകളായി അവരുടെ ആധിപത്യം സ്ഥാപിക്കാനായിട്ടില്ല. എന്നാല്‍ കേന്ദ്ര ഭരണകൂടാധികാരം ഉപയോഗിച്ച് കേരളത്തെ പലതരത്തില്‍ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു പശ്ചാത്തലത്തില്‍ തന്നെയാണ് കേരള ജനതയുടെ തലക്ക് മുകളിലൂടെ അവരോട് ആലോചിക്കാതെ പെട്ടെന്ന് ഇങ്ങനെയൊരു പേര് പ്രത്യക്ഷപ്പെടുന്നത്. അത് യാദൃച്ഛികമല്ല. രാഷ്ട്രീയ മേല്‍ക്കോയ്മ നേടാന്‍ കഴിയാത്തതിന്റെ ജാള്യത, അധികാരത്തിന്റെ പിന്‍ബലത്തില്‍ സാംസ്‌കാരിക മേല്‍ക്കോയ്മയിലൂടെ തീര്‍ക്കാന്‍ വൃഥാ ശ്രമിക്കുകയാണ് സംഘ്പരിവാര്‍. അത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

പ്രതിരോധമെങ്ങനെ?

ഇന്ത്യയിലെ വിവിധ സാമൂഹിക, മത, നവോത്ഥാന, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എല്ലാം കൂടി ചേര്‍ന്ന് നടത്തിയ ഇടപെടലിന്റെ ഭാഗമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഇന്ത്യന്‍ സംസ്‌കാരമെന്ന് ഇന്ത്യയിലെ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള നിരന്തരമായ ശ്രമങ്ങള്‍ ഉണ്ടാകണം. അതും ചെറുത്തുനില്‍പ്പിന്റെ ഭാഗമാണ്.
ചരിത്രം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാട് ജനങ്ങള്‍ സ്വീകരിക്കുകയെന്നതാണ് മറ്റൊരു പ്രതിരോധ മാര്‍ഗം. 1930കളില്‍ സ്വാതന്ത്ര്യ സമര നായകനായിരുന്ന മഹാവീര്‍ പറയുന്നുണ്ട്, നമുക്ക് നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. എന്നാല്‍ നാം ഒരിക്കലും നമ്മുടെ ചരിത്രം നഷ്ടപ്പെടാന്‍ അനുവദിച്ചുകൂടാ. എന്തുകൊണ്ടെന്നാല്‍ ചരിത്രമുണ്ടെങ്കില്‍ നമുക്ക് സ്വാതന്ത്ര്യം നേടിയെടുക്കാം. എന്നാല്‍ ചരിത്രമില്ലെങ്കില്‍ സ്വാതന്ത്ര്യം നേടിയെടുക്കുകയെന്നത് വളരെ പ്രയാസകരമായിരിക്കും. അതായത് സ്വാതന്ത്ര്യത്തിന്റെ ചവിട്ടുപടിയാണ് ചരിത്രം. അപ്പോള്‍ ആ ചരിത്രം ഇല്ലാതായാല്‍ ഫാസിസത്തിന് ഏറാന്‍ മൂളുന്ന ഒരു ജനതയെ വേഗത്തില്‍ നിര്‍മിച്ചെടുക്കാനാകും. ജനങ്ങളെ ഇരമ്പുന്ന ഓര്‍മകളുടെ ലോകത്ത് നിന്ന് മറവിയുടെ അന്തരീക്ഷത്തിലേക്ക് മാറ്റിത്താമസിപ്പിക്കുകയെന്നതാണ് ഫാസിസ്റ്റുകളുടെ സ്വപ്‌നം.

 

അപ്പോള്‍ ഒന്നും ഓര്‍ക്കാത്ത, ചരിത്രത്തെ കുറിച്ച് ഒന്നുമറിയാത്ത ജനതക്ക് ഗോള്‍വാള്‍ക്കറുടെ പേര് രാജീവ് ഗാന്ധി സ്ഥാപനത്തിന് നല്‍കിയാലും ഇല്ലെങ്കിലും അവരെ ബാധിക്കില്ല. അവിടെയാണ് കേരളത്തിലെ ജനത വ്യതിരിക്തമാകുന്നത്. ഉത്തരേന്ത്യയില്‍ ഇങ്ങനെയൊരു പ്രതിരോധം കാണാന്‍ സാധിക്കില്ല. 2014ല്‍ മോദി അധികാരത്തില്‍ വന്നതിന് ശേഷം രാജസ്ഥാനിലെ ഹാല്‍വാറില്‍ ഒരു പാലത്തിന് “മഹാനായ ഗോഡ്‌സെ” വക എന്നു പേര് വെക്കുകയും ഒടുവില്‍ ജനങ്ങളുടെ ശക്തമായ പ്രതിഷേധം കാരണം ആ പേര് നീക്കം ചെയ്യുകയും ചെയ്തു. കേരളത്തിലും ശക്തമായ പ്രതിരോധമുയരുകയാണെങ്കില്‍ ഗാന്ധിക്കു മേല്‍ ഗോഡ്‌സെയെ അവതരിപ്പിക്കാന്‍ അവസരമൊരുക്കിയ ഗോള്‍വാള്‍ക്കറുടെ പേരും എടുത്തുമാറ്റപ്പെടും.
1947 ഡിസംബര്‍ എട്ടിന് ഡല്‍ഹിക്കടുത്ത് വെച്ച് ആര്‍ എസ് എസിന്റെ കേഡറുകളുടെ ഒരു യോഗത്തില്‍ സംസാരിക്കവെ, ഗോള്‍വാള്‍ക്കര്‍ ഗാന്ധിയെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അതിനെ സംബന്ധിച്ച് രേഖകളും ഉണ്ട്. ആ രേഖ ഡല്‍ഹിയിലെ ആര്‍ക്കൈവ്‌സില്‍ ഇന്നും സുരക്ഷിതമാണെന്ന് വസ്തുതകള്‍ വെച്ച് മുമ്പൊരു മാധ്യമ പ്രവര്‍ത്തകന്‍ പുറത്തുകൊണ്ടുവന്നിരുന്നു. അത് ഇത്തരുണത്തില്‍ സ്മരിക്കേണ്ടത് അനിവാര്യമാണ്.

Latest