Fact Check
FACT CHECK: ഭാരത് ബന്ദിന്റെ തലേദിവസം അംബാനിയുമായി പഞ്ചാബ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയോ?
അമൃത്സര്‍ | കാര്‍ഷിക മേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നതിനെതിരെ രാജ്യ തലസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ വലിയ പ്രക്ഷോഭത്തിലാണ് കര്‍ഷകര്‍. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ എട്ടിന് ഭാരത് ബന്ദ് നടത്തിയിരുന്നു. ബന്ദിന്റെ തൊട്ടുതലേന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് റിലയന്‍സ് മേധാവി മുകേഷ് അംബാനിയുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രചാരണമാണ് ഇപ്പോഴുള്ളത്. ഇതിന്റെ സത്യാവസ്ഥയറിയാം:
അവകാശവാദം: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റ് ഇങ്ങനെ വായിക്കാം: ഭാരത് ബന്ദിന്റെ തലേദിവസം പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുംബൈയില്‍ വെച്ച് മുകേഷ് അംബാനിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നു. കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കാന്‍ അമിത് ഷാ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ അമരീന്ദര്‍ പിന്തുണച്ചിട്ടുണ്ട്. ഒരു വശത്ത് കര്‍ഷക പ്രതിഷേധത്തെ കോണ്‍ഗ്രസ് പിന്തുണക്കുന്നു. മറുവശത്ത് പഞ്ചാബ് മുഖ്യമന്ത്രി അംബാനിയുമായി കൂടിക്കാഴ്ച നടത്തുന്നു. എന്തുതരം രാഷ്ട്രീയമാണിത്?
യാഥാര്‍ഥ്യം: 2017 ഒക്ടോബര്‍ 31ലെ ചിത്രമാണിത്. ഇതേ ചിത്രം പഞ്ചാബ് മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ചിരുന്നു.
Happy to meet Mukesh Ambani Ji in Mumbai. Hope to discuss various investment and industrial development opportunities for Punjab. pic.twitter.com/L3xiiBCZds
— Capt.Amarinder Singh (@capt_amarinder) October 31, 2017
വിവിധ മാധ്യമങ്ങളും ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈയടുത്ത് അംബാനിയുമായി അമരീന്ദര്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. ഡിസംബര്‍ മൂന്നിന് അമിത് ഷായുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്.