National
അസാം എന്‍ ആര്‍ സി പട്ടികയില്‍ നിന്ന് ഒരു ലക്ഷം പേരെ വെട്ടി; ഇതുവരെ പരിശോധിച്ചത് 27 ശതമാനം മാത്രം
ഗുവാഹത്തി | അസാം എന്‍ ആര്‍ സി കരട് പട്ടികയുടെ പരിശോധന 27 ശതമാനം പൂര്‍ത്തിയാക്കിയപ്പോള്‍ ഒഴിവാക്കിയത് ഒരു ലക്ഷത്തിലേറെ പേരെ. പട്ടിക പൂര്‍ണമായും പരിശോധിക്കുമ്പോള്‍ ലക്ഷങ്ങള്‍ ഇനിയും പുറത്താകും. അതിനിടെ, എന്‍ ആര്‍ സി പട്ടികയില്‍ 2.77 ലക്ഷം അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍ ആര്‍ സി കോഓര്‍ഡിനേറ്റര്‍ ഹിതേഷ് ദേവ് ശര്‍മ ഗുവാഹത്തി ഹൈക്കോടതിയെ അറിയിച്ചു.
102,462 പേരുകള്‍ പട്ടികയില്‍ നിന്ന് വെട്ടിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു. മതിയായ പരിശോധനയും നിയന്ത്രണവും ഇല്ലാത്തതിനാലാണ് അനര്‍ഹര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതെന്ന് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരിശോധനയിലും പോരായ്മകളുണ്ടായെന്നും അവകാശവാദമുണ്ട്.
2019ല്‍ പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ 19 ലക്ഷം പേരാണ് ഉള്‍പ്പെടാതിരുന്നത്. വിദേശികളെന്ന് പ്രഖ്യാപിക്കപ്പെട്ടവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോഓര്‍ഡിനേറ്ററോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. തങ്ങളുടെ പേര് കരട് പട്ടികയില്‍ ഉണ്ടെന്നായിരുന്നു ഇവരുടെ ഹരജിയിൽ പറഞ്ഞത്.