International
ജപ്പാനിലെ 'ട്വിറ്റര്‍ കൊലയാളി'ക്ക് വധശിക്ഷ; ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട് കൊന്നത് ഒമ്പത് പേരെ
ടോക്യോ | ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട് നിരവധി പേരെ കൊന്ന ട്വിറ്റര്‍ കൊലയാളിക്ക് ജപ്പാനില്‍ വധശിക്ഷ. സാമൂഹിക മാധ്യമങ്ങളില്‍ പരിചയപ്പെട്ട് ഒമ്പത് പേരെയാണ് ഇയാള്‍ കൊന്നത്. കൊല്ലപ്പെട്ടവരില്‍ എട്ട് പേരും യുവതികളായിരുന്നുവെന്ന് കൊലയാളി മുപ്പതുകാരനായ തകാഹിറോ ശിറൈശി സമ്മതിച്ചിരുന്നു.
കൊന്ന് കഷണങ്ങളാക്കുകയായിരുന്നു ഇയാളുടെ രീതി. 15നും 26നും ഇടയില്‍ പ്രായമുള്ളവരെയാണ് ഇയാള്‍ കൊന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ആത്മഹത്യാപ്രവണത പ്രകടിപ്പിച്ചവരെയാണ് പിന്നീട് മുപ്പതുകാരന്‍ അവരുടെ സമ്മതപ്രകാരം കൊന്നതെന്നും അതിനാല്‍ വധശിക്ഷ ഒഴിവാക്കണമെന്നും ഇയാളുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു.
എന്നാല്‍, കൊല്ലപ്പെട്ടവരാരും മൗനസമ്മതം പോലും നല്‍കിയിരുന്നില്ലെന്ന് വിധി പ്രഖ്യാപിച്ച ജഡ്ജി നിരീക്ഷിച്ചു. വിധി കേള്‍ക്കാന്‍ അഞ്ഞൂറോളം പേരാണ് കോടതിയിലെത്തിയത്. ജപ്പാനില്‍ കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്.