Covid19
അള്‍ട്രാ വയലറ്റ് എല്‍ ഇ ഡി ലൈറ്റ് കൊറോണവൈറസിനെ നശിപ്പിക്കുമെന്ന് ശാസ്ത്രജ്ഞര്‍
ന്യൂയോര്‍ക്ക് | അള്‍ട്രാ വയലറ്റ് പ്രകാശം പുറത്തുവിടുന്ന എല്‍ ഇ ഡികള്‍ നോവല്‍ കൊറോണവൈറസിനെ നശിപ്പിക്കുമെന്ന് ശാസ്ത്രജ്ഞര്‍. കൊവിഡ്- 19ന് കാരണമായ കൊറോണവൈറസിനെ കാര്യക്ഷമമായും വേഗത്തിലും കുറഞ്ഞ ചെലവിലും ഇങ്ങനെ നശിപ്പിക്കാം. “ജേണല്‍ ഓഫ് ഫോട്ടോകെമിസ്ട്രി ആന്‍ഡ് ഫോട്ടോബയോളജി ബി: ബയോളജി”യിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ഈ കണ്ടുപിടുത്തം എ സിയിലും വെള്ള വിതരണ സംവിധാനത്തിലും ഘടിപ്പിക്കാന്‍ സാധിക്കും. കൊറോണവൈറസ് കുടുംബത്തില്‍ നിന്നുള്ള വൈറസിന് നേരെ വ്യത്യസ്ത തരംഗദൈര്‍ഘ്യത്തിലുള്ള യു വി- എല്‍ ഇ ഡി പ്രകാശരശ്മികള്‍ കടത്തിവിട്ടാണ് അണുനശീകരണ ശേഷി വിലയിരുത്തിയത്.
ബസ്, ട്രെയിന്‍, സ്‌പോര്‍ട്‌സ് ഹാള്‍, വിമാനം പോലുള്ളവ രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതിന് മനുഷ്യശേഷി ഉപയോഗിക്കണം. മാത്രമല്ല ഉപരിതലത്തില്‍ രാസപദാര്‍ഥങ്ങളുടെ സാന്നിധ്യവുമുണ്ടാകും. എന്നാല്‍ യു വി- എല്‍ ഇ ഡിയിലൂടെ ഈ രാസപദാര്‍ഥങ്ങളെ ഒഴിവാക്കാനും സമയം ലാഭിക്കാനും സാധിക്കുമെന്ന് പഠനത്തില്‍ പങ്കെടുത്ത ഹദസ് മമാനെ പറഞ്ഞു.