National
കഫീല്‍ ഖാന്റെ മോചനത്തിനെതിരെ യു പി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി
ലക്‌നോ | ഡോ.കഫീല്‍ ഖാനെ മോചിപ്പിച്ച അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതിയി തള്ളി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാ നിയമം (എന്‍ എസ് എ) ചുമത്തി അദ്ദേഹത്തെ ജയിലിലടക്കണമെന്നാണ് യു പി സര്‍ക്കാറിന്റെ ആവശ്യം. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സെപ്തംബര്‍ ഒന്നിന് ഹൈക്കോടതി മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ വിധി റദ്ദാക്കാനാണ് യോഗി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഓരോന്നിന്റെയും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ കേസുകള്‍ തീരുമാനിക്കുന്നതെന്നും മറ്റൊരു കേസില്‍ കരുതല്‍ തടങ്കല്‍ ഉപയോഗിക്കാന്‍ യു പി സര്‍ക്കാറിന് സാധിക്കില്ലെന്നും ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ നിരീക്ഷിച്ചു. അലഹബാദ് ഹൈക്കോടതിയുടെത് നല്ല ഉത്തരവാണെന്നും ഉത്തരവില്‍ ഇടപെടാന്‍ കാരണമൊന്നും കാണുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഉത്തരവില്‍ പറഞ്ഞു. അതേസമയം, ഈ നിരീക്ഷണങ്ങള്‍ ക്രിമിനല്‍ കേസുകളിലെ വിചാരണയെ ബാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.
ഡോക്ടറുടെ പ്രസംഗം വിദ്വേഷമോ ആക്രമണമോ പ്രകടിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മോചന ഉത്തരവ് നല്‍കിയത്. അതേസമയം, വിചിത്രവാദങ്ങളാണ് സുപ്രീം കോടതിയില്‍ യു പി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. തെറ്റുകള്‍ ചെയ്ത ചരിത്രം കഫീല്‍ ഖാന് ഉണ്ടെന്നും അതാണ് അച്ചടക്ക നടപടിയിലേക്കും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതിലേക്കും എന്‍ എസ് എ ചുമത്തുന്നതിലേക്കും നയിച്ചതെന്നും ഹരജിയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം അലിഗഢ് യൂനിവേഴ്‌സിറ്റിയിലെ പ്രസംഗത്തിനാണ് എന്‍ എസ് എ ചുമത്തിയത്. ജനുവരി 29ന് അറസ്റ്റ് ചെയ്തു. യോഗിയുടെ മണ്ഡലമായ ഗോരഖ്പൂരിലെ ബി ആര്‍ ഡി മെഡി.കോളജില്‍ 2017ല്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ചതും സ്വന്തം കീശയില്‍ നിന്ന് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ എത്തിക്കാന്‍ ശ്രമം നടത്തിയതുമാണ് കഫീല്‍ ഖാനെ വാര്‍ത്തകളിലെത്തിച്ചത്.
കഫീല്‍ ഖാന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചതോടെ മുഖ്യമന്ത്രി ആദിത്യ നാഥ് ഇടയുകയും വകുപ്പ് തല അന്വേഷണം നടത്തുകയുമായിരുന്നു. അദ്ദേഹത്തെ സസ്‌പെന്‍ഡും ചെയ്തു. വകുപ്പുതല അന്വേഷണത്തില്‍ അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങളൊന്നും തെളിഞ്ഞില്ല.