Kerala
അഗതികള്‍ക്ക് 'അഭയ'മൊരുക്കിയ ടീച്ചറമ്മ
കാരുണ്യവും ആര്‍ദ്രതയും സഹജീവികളോടും പ്രകൃതിയോടുമുള്ള കരുതലുമായിരുന്നു സുഗതകുമാരിയെന്ന പ്രിയ കവയത്രിയുടെ ഹൃദയത്തില്‍ നിറയെ. കവിതയെഴുത്തിനും പ്രകൃതി സംരക്ഷണ പോരാട്ടങ്ങള്‍ക്കും പിന്നാലെ അഗതികള്‍ക്കായി അവര്‍ ഒരുക്കിയ തണല്‍വീടാണ് തിരുവനന്തപുരത്തെ അഭയ. 34 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൊച്ചുമുറിയില്‍ തുടങ്ങിയ ഈ അഗതി കേന്ദ്രം ഇന്ന് വിവിധ യൂണിറ്റുകളായി പടന്നുപന്തലിച്ചുകിടക്കുന്നു. ബലാല്‍ക്കാരത്തിനിരയായ പെണ്‍കുട്ടികള്‍, ഭര്‍ത്താക്കന്മാര്‍ മണ്ണെണ്ണയൊഴിച്ച് കത്തിച്ചിട്ടും ജീവനും സ്വപ്നങ്ങളുമവശേഷിച്ച സ്ത്രീകള്‍…. മനസ്സിന്റ താളം തെറ്റിയപ്പോള്‍ വീട്ടുകാരുപേക്ഷിച്ച് തെരുവിലായിപ്പോയവര്‍, അനാഥരായ കുട്ടികള്‍…. അങ്ങനെയങ്ങനെ സമൂഹം കൈവെടിഞ്ഞ ഒരുപറ്റം നിസ്സഹായരാണ് അഭയയിലെ അന്തേവാസികള്‍.
1985ല്‍ ഊളമ്പാറയിലെ ഭ്രാന്താശുപത്രിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് അഭയയെന്ന ആശയം ടീച്ചറുടെ മനസ്സിലുദിച്ചത്. ഊളമ്പാറയിലെ ഭ്രാന്താശുപത്രിയെ കുറിച്ച് കേട്ട ഞെട്ടിപ്പിക്കുന്ന കഥകളായിരുന്നു ആ സന്ദര്‍ശനത്തിന് പ്രേണയായത്. ചെറുപ്പക്കാരികളായ രോഗികളെ ദുരുപയോഗം ചെയ്യുന്നത് ഉള്‍പ്പെടെ കേട്ടാലറക്കുന്ന പലതും ആ കാലത്ത് വാര്‍ത്തയായിരുന്നു. പ്രത്യേക അനുമതി വാങ്ങി, അടച്ചൂമൂടപ്പെട്ട ആ ഭ്രാന്താലയത്തിന്റെ ഉള്ളില്‍ പ്രവേശിച്ച തന്റെ ഹൃദയം നുറുങ്ങിയെന്ന് ടീച്ചര്‍ പറയാറുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ രണ്ടാമത്തെ വഴിത്തിരിവായിരുന്നു ആ സന്ദര്‍ശനമെന്ന് അവര്‍ ഒരിക്കല്‍ പറഞ്ഞു.
സ്ത്രീകളുടെ വാര്‍ഡിലാണ് ടീച്ചര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയത്. ഓരോ സെല്ലുകളിലായായിരുന്നു അന്തേവാസികളെ പാര്‍പ്പിച്ചിരുന്നത്. വൃത്തിഹീനമായിരുന്നു സെല്ലുകളിലെ കാഴ്ച. മലമൂത്രങ്ങള്‍ കെട്ടിക്കിടക്കുന്ന, ഭക്ഷണാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ദുര്‍ഗന്തം വമിക്കുന്ന അന്തരീക്ഷത്തിലാണ് നൂറുക്കണക്കിന് പേര്‍ ജീവച്ഛവങ്ങളായി കഴിഞ്ഞുകൂടുന്നത്. അതിലുപരി അവരില്‍ 90 ശതമാനം പേരും നഗ്നരായിരുന്നു. അതിനിടയില്‍ ടീച്ചറെ കണ്ടതോടെ മക്കളേ വിശക്കുന്നുവെന്ന വിളിയാളം പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു. ഒന്നും ചെയ്യാനാകാതെ വിറങ്ങലിച്ചുപോയ ടീച്ചര്‍ അവിടെ നിന്ന് നേരെ ഇറങ്ങിപ്പോയത് ആ ഭ്രാന്താലയം നടത്തുന്ന അധികൃതരുടെ സമീപത്തേക്കായിരുന്നു. അവരോട് പരുഷമായി സംസാരിച്ചതോടെ വാക്കു തര്‍ക്കാമായി. അന്ന് തന്നെ അവര്‍ ആ തീരുമാനമെടുത്തു. ഇത്തരക്കാര്‍ക്കായി ഒരു അഭയകേന്ദ്രം ഒരുക്കുകയെന്ന്.
ഭ്രാന്താലയത്തിലെ കാഴ്ചകള്‍ കണ്ട് മടങ്ങിയ അന്ന് വൈകുന്നേരം തന്നെ അഭയയെന്ന കരുണാലയം സ്ഥാപിച്ചുകൊണ്ടായിരുന്നു സുഗതകുമാരി ടീച്ചര്‍ തന്റെ ഭാഗദേയം നിര്‍വഹിച്ചത്. പ്രകൃതി സംരക്ഷണ പ്രവര്‍ത്തകരെ ഒരുമിച്ചു കൂട്ടി ഒരു കമ്മിറ്റിയുണ്ടാക്കി… എല്ലാം പൊടുന്നനെ നടന്നു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി, പ്രധാന മന്ത്രി തുടങ്ങിയര്‍ക്കെല്ലാം കമ്പിയടിച്ചു. പലരെയും നേരില്‍ കണ്ടു. പക്ഷേം പറഞ്ഞൊഴിയുകയായിരന്നു പലരും ചെയ്തത്. ഗാന്ധിയന്‍ ഗ്രൂപ്പും നക്‌സലേറ്റ് അജിതയുടെ കൂട്ടരുമാണ് തനിക്ക് അന്ന് പിന്തുണ നല്‍കിയതെന്നും സുഗതകുമാരി പറഞ്ഞിരുന്നു.
അഭയ ഇന്ന് ഒരു കേന്ദ്രം മാത്രമല്ല. അതിനോട് ചേന്ന് നിരവധി ആശാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുഞ്ഞുങ്ങള്‍ക്കുളള വീടായ “അഭയബാല”. മനോരോ ഗികള്‍ക്ക് ചികിത്സയും താമസവും തൊഴില്‍ പരിശീലനവും നല്‍കുന്ന “കര്‍മ”, മാനസിക രോഗത്തിനും മദ്യാസക്തി ക്കുമുളള ആശുപത്രിയായ മിത്ര, മനോരോഗികളായ സ്ത്രീകള്‍ക്കുളള “ശ്രാദ്ധഭവനം”….മദ്യപാനികള്‍ക്ക് ചികിത്സ നല്‍കുന്ന “ബോധി” തുടങ്ങിയവയാണ് അഭയയുടെ യൂണിറ്റുകള്‍.
അഭയയുടെ എട്ടു യൂണിറ്റുകളില്‍ ഏഴെണ്ണത്തിലും ഭക്ഷണമുള്‍പ്പെടെ സൗജന്യമാണ്. “മിത്ര”യില്‍ മാത്രമാണ് ചികിത്സയ്ക്കും താമസത്തിനും ഫീസ് ഈടാക്കുന്നത്. സാമ്പത്തിക സൗകര്യമുളള ലഹരി രോഗികള്‍ക്കും മനോരോഗികള്‍ക്കും ഇവിടെ ചികിത്സയും കൗണ്‍സലിങ്ങും ലഭ്യമാണ്. വിദഗ്ധരായ ഡോക്ടര്‍മാരും സൈക്കോളജിസ്റ്റുകളും നഴ്‌സുമാരും അഭയയുടെ ചികിത്സാ കേന്ദ്രങ്ങളിലെല്ലാം സേവനനിരതരാണ്.
“മിത്ര” യില്‍ നിന്നു കിട്ടുന്ന വരുമാനം സൗജന്യ കേന്ദ്രങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുന്നു. വിദേശ ഏജന്‍സികളുമായിട്ടോ വലിയ കമ്പനികളുമായിട്ടോ ഒന്നും അഭയയ്ക്കു ബന്ധമില്ല. സര്‍ക്കാരില്‍ നിന്നു കിട്ടുന്ന ഗ്രാന്റുകളും അഭയയോട് സ്‌നേഹവും വിശ്വാസവുമുളള ചിലര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങളും കൊണ്ടാണ് ഈ സ്ഥാപനം മുന്നോട്ട് പോകുന്നത്.