Kerala
യു ഡി എഫില്‍ സ്വാധീനവും സീറ്റും വര്‍ധിപ്പിക്കാന്‍ കരുക്കള്‍ നീക്കി ലീഗ്
കോഴിക്കോട് | യു ഡി എഫിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ ലീഗ് ശ്രമിക്കുന്നതായ ആരോപണങ്ങള്‍ക്ക് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിയിലും മുന്നണിയിലും പരമാവധി സ്വാധീനം ഉറപ്പിക്കാന്‍ കരുക്കങ്ങള്‍ നീക്കി മുസ്ലിം ലീഗ്. മലബാറിന് പുറത്തേക്കും പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമിട്ട് കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കുകയാണ് ആദ്യ ലക്ഷ്യം.
30 സീറ്റുകളില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയും ഇത്തവണ വേണ്ടെന്നാണ് ലീഗിന്റെ തീരുമാനം.
തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഭൂരിഭക്ഷം ലഭിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥാനവും ലീഗ് ആവശ്യപ്പെടും. കൂടാതെ യു ഡി എഫ് കണ്‍വീനര്‍ സ്ഥാനവും ലീഗ് ലക്ഷ്യത്തിലുണ്ട് .
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങളിലേക്ക് കടന്നാല്‍ ലക്ഷ്യം നേടാനാകില്ലെന്ന് ലീഗ് വിലയിരുത്തുന്നു. ഇതിനാല്‍ യു ഡി എഫിലെ സീറ്റ് വിഭജന ചര്‍ച്ച നേരത്തെ പൂര്‍ത്തിയാക്കണമെന്ന് ലീഗ് മുന്നണി യോഗത്തില്‍ ആശ്യപ്പെടും. അവസാന നിമിഷത്തെ സമ്മര്‍ദത്തിന് വഴങ്ങി മുന്‍കാലങ്ങളിലേത് പോലെ സീറ്റ് കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നത് ഒഴിവാക്കാനാണിത്. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയും തമ്മില്‍ തല്ലും കാരണം കോണ്‍ഗ്രസ് സംഘടനാപരമായി കൂടുതല്‍ ദുര്‍ബലമായ അവസ്ഥയിലാണ്. ഇത് പരമാവധി മുതലെടുക്കാന്‍ തന്നെയാണ് ലീഗിന്റെ നീക്കം.
കഴിഞ്ഞ തവണ യു ഡി എഫിനൊപ്പമുണ്ടായിരുന്ന എല്‍ ജെ ഡിയും കേരള കോണ്‍ഗ്രസ് എമ്മും ഇപ്പോള്‍ എല്‍ ഡി എഫിലാണ്. ഇവര്‍ മത്സരിച്ച സീറ്റുകളില്‍ ചിലതില്‍ ലീഗ് കണ്ണുവെക്കുന്നു. വയനാട്ടിലെ കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ വടകര, പേരാമ്പ്ര സീറ്റുകളാണിത്. ഇവിടെ പാര്‍ട്ടിയുടെ സ്വാധീനം കോണ്‍ഗ്രസ് അംഗീകരിക്കുമെന്നാണ് ലീഗ് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച തിരുവമ്പാടി സീറ്റിനായി കോണ്‍ഗ്രസ് പ്രാദേശികമായി നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ തിരുവമ്പാടി മണ്ഡലം വിട്ടുനല്‍കില്ലെന്ന് ലീഗ് നേതാക്കള്‍ പറയുന്നു. ഇത് നിലനിര്‍ത്തുക എന്ന ലക്ഷ്യവുമിട്ടാണ് മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള താമരശ്ശേരി രൂപത അധ്യക്ഷനെ കഴിഞ്ഞ ദിവസം പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ലീഗ് പ്രതിനിധികള്‍ സന്ദര്‍ശിച്ചത്. ഒപ്പം ഹഗിയ സോഫിയ വിഷയത്തില്‍ ലഗ് മുഖപത്രത്തില്‍ വന്ന ഒരു ലേഖനം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതില്‍ ക്രിസ്തീയ വിഭാഗത്തിനുള്ള നീരസം കുറക്കുകയും സന്ദര്‍ശന ലക്ഷ്യമായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്ന് തവണ മത്സരിച്ചവരെ ലീഗ് മാറ്റിനിര്‍ത്തിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് പാലിക്കപ്പെടില്ല. ലീഗിനായി പല തവണ മത്സരിച്ച പ്രമുഖര്‍ ഇത്തവണയും കളത്തിലുണ്ടാകും. ഇതില്‍ പ്രധാനം എം പി സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്ന പി കെ കുഞ്ഞാലിക്കുട്ടിയാണ്. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മലപ്പുറത്തേക്ക് മാറി മത്സരിക്കാനാണ് ആലോചിക്കുന്നത്. ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് വേങ്ങരയില്‍ മത്സരിച്ചേക്കും. എം കെ മുനീര്‍ കോഴിക്കോട് സൗത്തില്‍ നിന്ന് മാറി കൊടുവള്ളിയില്‍ മത്സരിക്കാനാണ് ശ്രമിക്കുന്നത്. കോഴിക്കോട് സൗത്തില്‍ ലീഗിനുള്ളില്‍ ശക്തമായ വിഭാഗീയതയാണ് മുനീറിനെ ഇതിന് പ്രേരിപ്പിക്കുന്നത്. പ്രാദേശികമായി നിരവധി പേര്‍ സീറ്റിനായി ശ്രമിക്കുന്ന കോഴിക്കോട് സൗത്തില്‍ പ്രശ്‌നം ഒഴിവാക്കാന്‍ ഒരു വനിതക്ക് അവസരം നല്‍കാനും ലീഗ് ആലോചിക്കുന്നുണ്ട്.
പി വി അബ്ദുല്‍ വഹാബും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. യുവാക്കളില്‍ പി കെ ഫിറോസ്, അഡ്വ സമദ്, ടി പി അഷ്‌റഫലി എന്നിവര്‍ക്കും സീറ്റ് നല്‍കും. ആറിലധികം സിറ്റിംഗ് എം എല്‍ എമാര്‍ക്ക് ഇത്തവണ സീറ്റ് നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്.
ജമാഅത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയ കക്ഷികളെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചത് ലീഗാണ്. ഇത് യു ഡി എഫിന് പരമ്പരാഗതമായി വോട്ട് ചെയ്യുന്ന വിഭാഗങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തിയുണ്ടാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും വലിയ തോതില്‍ പ്രതിഫലിക്കുകയും ചെയ്തു. ഇനി കൂടുതല്‍ സീറ്റനായി ലീഗ് നടത്താന്‍ പോകുന്ന സമ്മര്‍ദ തന്ത്രങ്ങള്‍ യു ഡി എഫ് രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
എ പി ശമീര്‍