National
ഷോപിയാന്‍ വ്യാജ ഏറ്റുമുട്ടല്‍: സൈനിക ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം
ശ്രീനഗര്‍ | ഷോപിയാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സൈനിക ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്കെതിരെ ജമ്മു കശ്മീര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തെക്കന്‍ കശ്മീരില്‍ ജൂലൈ 18നാണ് ഏറ്റുമുട്ടലിലൂടെ മൂന്ന് യുവാക്കളെ സൈന്യം വധിച്ചത്. എന്നാല്‍ പിന്നീട് ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണം ഉയരുകയായിരുന്നു.
ഷോപിയാന്‍ ജില്ലാ കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഢാലോചന നടത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയി ഷോപിയാനിലെ അംഷിപോരയില്‍ വെച്ച് കൊല്ലുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. രജൗറി ജില്ലയില്‍ നിന്നുള്ളവരാണ് ബന്ധുക്കളായ യുവാക്കള്‍. ഇവര്‍ ഷോപിയാനില്‍ തൊഴിലെടുക്കുകയായിരുന്നു.
“ഏറ്റുമുട്ടല്‍” സ്ഥലത്ത് നിന്ന് വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി സൈന്യം അവകാശപ്പെട്ടിരുന്നു. സൈന്യവും അന്വേഷണം നടത്തി വ്യാജ ഏറ്റുമുട്ടലില്‍ പങ്കാളികളായവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ സൈനിക നിയമം അനുസരിച്ച് അച്ചടക്ക നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പാക്കിസ്ഥാന്‍ തീവ്രവാദികളെ വധിച്ചുവെന്നായിരുന്നു ഏറ്റുമുട്ടലിന്റെ പിറ്റേന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു.