Connect with us

Ongoing News

2020 - 'ആപ്പി'ലായ വർഷം

Published

|

Last Updated

വിവര സാങ്കേതിക വിദ്യ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ വർഷമാണെങ്കിലും 2020ൽ വളർച്ച പ്രാപിക്കുമെന്ന് കരുതിയ പല സാങ്കേതിക വിദ്യകളും യഥാർഥതലത്തിലേക്ക് എത്തിയിട്ടില്ലെന്നതാണ് സത്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, 5ജി, റോബോട്ടിക്‌സ്, ബ്ലോക്ക് ചെയിൻ എന്നിവ ഇവയിൽ ചിലതാണ്. 2021ൽ ഇത്തരം പുതിയ സാങ്കേതികവിദ്യകൾ കൂടുതൽ വളർച്ച പ്രാപിക്കുകയും ഉപയോഗം വർധിക്കുകയും ചെയ്യുമെന്ന് കരുതാം.

എന്നാൽ, കൊവിഡ് മഹാമാരി മൂലം ജനങ്ങൾ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ ആശ്വാസമായത് സാങ്കേതികവിദ്യയാണ്. പഠനം, ജോലി, ഷോപ്പിംഗ് എല്ലാം സാധ്യമാക്കിയത് സാങ്കേതിക വിദ്യയുടെ പിൻബലത്തിലാണ്. ഇതിനായി പല ആപ്ലിക്കേഷനുകളും വ്യാപകമായി ഉപയോഗിച്ചു. സൂം, ഗൂഗിൾ മീറ്റ് എന്നിവ ജീവിതത്തിന്റെ ഭാഗമായി എന്നുതന്നെ പറയാം. കൊവിഡ് കാലത്തെ വർക്ക് ഫ്രം ഹോമിന് സാങ്കേതികവിദ്യകൾ വളരെയേറെ പ്രയോജനം ചെയ്തുവെന്നത് യാഥാർഥ്യമാണ്.

അതേസമയം, രാജ്യത്തിന്റെ രഹസ്യങ്ങളും ജനങ്ങളുടെ വ്യക്തിഗത വിവരങ്ങളും ചോർത്തപ്പെടുന്നു എന്നാരോപിച്ച് ഏറെ ജനപ്രിയമായ ടിക്‌ടോക് പോലുള്ള നൂറിലേറെ ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചതും ഈ വർഷം തന്നെയാണ്.

ലോകത്ത് 5ജി വിപ്ലവത്തിന് വേഗത കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ശൈശവദശ വിട്ട് മുന്നേറാൻ കഴിഞ്ഞിട്ടില്ല. രാജ്യത്തെ 5ജി പരീക്ഷണം വിജയമാണെന്ന് ജിയോ അവകാശപ്പെടുന്നുണ്ടെങ്കിലും പൊതുജനങ്ങളിലേക്ക് എത്തിക്കാനായിട്ടില്ല. വിർച്വൽ റിയാലിറ്റിയുടെ സാധ്യതകൾ വാർത്താ വിനിമയ രംഗത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട വർഷമാണിത്. 2022ൽ 210 ബില്യൻ ഡോളറാണ് ഇത്തരം സാങ്കേതിക ഉപകരണങ്ങൾക്കായി വിപണിയിൽ ചെലവഴിക്കപ്പെടുക എന്നതാണ് സാങ്കേതിക ലോകത്തിന്റെ പ്രതീക്ഷ.

കൊവിഡ് മൂലം പല ഐ ടി കമ്പനികളും പൂട്ടുകയും നിരവധി പേർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. ഇത് വിവര സാങ്കേതിക രംഗത്ത് മാന്ദ്യമുണ്ടാക്കിയിട്ടുണ്ടെന്നതാണ് യാഥാർഥ്യം.