National
2020 നീതി നിലച്ച നേരം രാജ്യം തലകുനിച്ചു

ബാബരി പള്ളി പൊളിച്ചവരെ മുഴുവൻ കുറ്റവിമുക്തരാക്കിയ സെപ്തംബർ 30ന് ഇന്ത്യൻ പൗരബോധവും നീതിബോധവും തലകുനിച്ചു. ബാബരി മസ്ജിദ് തകർത്തത് മുൻകൂട്ടിയുള്ള ആസൂത്രണമനുസരിച്ചായിരുന്നില്ലെന്നും അവിചാരിതമായി പെട്ടെന്ന് സംഭവിച്ചതാണെന്നുമാണ് ലക്നോ സി ബി ഐ കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ് വിധിച്ചത്.
സാമൂഹികവിരുദ്ധരാകാം പള്ളി പൊളിച്ചതെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ ശക്തമായ തെളിവില്ലെന്നും കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു. മസ്ജിദ് ധ്വംസനത്തെ പ്രചോദിപ്പിക്കുകയായിരുന്നില്ല, ആൾക്കൂട്ടത്തെ തടയാനാണ് ആരോപണ വിധേയരായ നേതാക്കൾ ശ്രമിച്ചതത്രേ. മാത്രമല്ല, കെട്ടിടത്തിനകത്ത് രാമവിഗ്രഹം ഉണ്ടായിരുന്നതിനാൽ പള്ളിയുടെ കെട്ടിടം സംരക്ഷിക്കാനാണ് അശോക് സിംഘാളിനെ പോലെയുള്ള നേതാക്കൾ ശ്രമിച്ചതെന്നു കൂടി നിരീക്ഷിച്ചു കളഞ്ഞു ജസ്റ്റിസ് സുരേന്ദർ കുമാർ യാദവ്. അപ്രതീക്ഷിതമായിരുന്നില്ല ആ വിധിപ്രസ്താവം. സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ മിക്കപേരും മറിച്ചൊരു ഉത്തരവ് പ്രതീക്ഷിച്ചിരുന്നില്ല.
1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെട്ട കേസിൽ മുതിർന്ന ബി ജെ പി നേതാക്കളായ എൽ കെ അഡ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിംഗ്, ഉമാഭാരതി എന്നിവരടക്കം 32 പേരായിരുന്നു പ്രതികൾ. നേരത്തേ 48 പേരുണ്ടായിരുന്നെങ്കിലും 28 വർഷം പഴക്കമുള്ള കേസിൽ 16 പ്രതികൾ ഇടക്കാലത്ത് മരിച്ചു. നേതാക്കൾ പ്രതികളായ ഗൂഢാലോചനക്കേസും കർസേവകർ മസ്ജിദ് തകർത്ത കേസും രണ്ടിടത്തായാണ് നേരത്തേ നടന്നിരുന്നത്. നേതാക്കൾക്കെതിരായ കേസുകൾ റായ്ബറേലിയിലും കർസേവകർക്കെതിരായ കേസുകൾ ലക്നോവിലും. പിന്നീട് സുപ്രീം കോടതിയുടെ 2017ലെ ഉത്തരവ് പ്രകാരം രണ്ട് വിഭാഗം കേസുകളിലെയും വിചാരണ ഒന്നിച്ചു ചേർത്ത് ലക്നോവിലേക്ക് മാറ്റി. രണ്ട് വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ അന്നത്തെ ഉത്തരവെങ്കിലും പിന്നീട് പല തവണ സമയം നീട്ടി നൽകുകയായിരുന്നു.
ബാബരി മസ്ജിദ് ഭൂമി ഹിന്ദുത്വർക്ക് വിട്ടുകൊടുത്ത 2019 നവംബറിലെ സുപ്രീം കോടതി വിധിയെ അനുസ്മരിപ്പിക്കുന്നതാണ് കടന്നു പോകുന്ന വർഷം സെപ്തംബറിലെ ലക്നോ കോടതിയുടെ വിധിയും. ക്ഷേത്രം തകർത്ത സ്ഥാനത്തല്ല പള്ളി നിർമിച്ചതെന്നും മസ്ജിദ് ധ്വംസനം നിയമലംഘനവും ക്രിമിനൽ കുറ്റവുമാണെന്നും വ്യക്തമായ ഭാഷയിൽ പറഞ്ഞ പരമോന്നത കോടതി, എന്നിട്ടും മസ്ജിദ് ഭൂമി വിട്ടുകൊടുക്കുന്ന വിരോധാഭാസമാണ് അന്നു കണ്ടത്.