Connect with us

National

2020 നിർഭയക്ക് നീതി

Published

|

Last Updated

നിർഭയ പെൺകുട്ടിക്ക് നീതി ലഭിച്ച വർഷമാണ് കടന്നു പോയത്. രാജ്യം നിർഭയയെന്ന് വിളിച്ച പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മാർച്ച് 20ന് പുലർച്ചെ 5.30ന് തൂക്കിലേറ്റി. അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിംഗ് എന്നിവരുടെ വധശിക്ഷയാണ് തിഹാർ ജയിലിൽ നടപ്പാക്കിയത്.

2012 ഡിസംബർ 16നാണ് ഡൽഹിയിൽ ഓടുന്ന ബസിൽ വെച്ച് പാരാമെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തിൽ രാജ്യമാകെ പ്രക്ഷോഭ തീ ആളിക്കത്തി. സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമനിർമാണങ്ങൾക്കും സംഭവം വഴിവെച്ചു. രണ്ടാം യു പി എ സർക്കാറിന്റെയും ഡൽഹിയിൽ ഷീലാ ദീക്ഷിത് ഭരണത്തിന്റെയും പതനത്തിന് കേസ് പ്രധാന കാരണമായി. 29 നാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. ഒന്പത് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞ സാകേതിലെ അതിവേഗ കോടതി കേസിലെ നാല് പ്രതികൾക്കും വധശിക്ഷ വിധിച്ചു. മുഖ്യപ്രതി രാം സിംഗ് തിഹാർ ജയിലിൽ മരിച്ചിരുന്നു. പ്രായ പൂർത്തിയാകാത്ത പ്രതി ദുർഗുണ പരിഹാര പാഠശാലയിലുമായി.

വലിയ തോതിലുള്ള നീക്കങ്ങളാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് തടയാനായി നടന്നത്. ഒടുവിൽ എട്ട് വർഷങ്ങൾക്ക് ശേഷം നീതി നടപ്പായി. നിർഭയയുടെ മാതാവ് ആശാദേവിയുടെയും ഭർത്താവിന്റെയും നിരന്തര പോരാട്ടം വിഫലമായില്ല. സ്വന്തം മകളെ പിച്ചിച്ചീന്തിയ കാപാലികർക്ക് കഴുമരം വാങ്ങി നൽകും വരെ ഒരു അമ്മ നടത്തിയ സന്ധിയില്ലാ സമരത്തിന്റെ ചരിത്രം കൂടിയായി നിർഭയ കേസ്.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരേ സമയം നാല് പ്രതികളെ തൂക്കിലേറ്റുന്നത്. ശിക്ഷ നടപ്പാക്കിയതിനെ ജനങ്ങൾ ആഹ്ലാദത്തോടെ വരവേറ്റു. എന്നാൽ, വധശിക്ഷക്കെതിരെ ചില കോണുകളിൽ നിന്ന് എതിർപ്പുമുയർന്നു.

Latest