National
2020 നിയമം നോക്കുകുത്തി, ഹാഥ്‌റസിലെ കണ്ണീർ
യോഗി ആദിത്യനാഥിന്റെ ഉത്തർ പ്രദേശിലെ ഹാഥ്റസിൽ 19കാരിയായ ദളിത് പെൺകുട്ടി ക്രൂര ബലാത്സംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്തത് രാജ്യത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ചു. സെപ്തംബർ 14നാണ് പെൺകുട്ടിയെ ഉന്നത ജാതിയിൽപ്പെട്ട പ്രതികൾ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ചികിത്സയിലായിരുന്ന പെൺകുട്ടി ഡൽഹിയിലെ ആശുപത്രിയിൽ മരിച്ചു.
ദാരുണ സംഭവത്തിൽ യു പി പോലീസിന്റെയും അധികൃതരുടെയും നടപടികൾ വൻ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും വഴിവെച്ചു. പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതി കൂടാതെ അർധരാത്രി പോലീസ് സംസ്‌കരിച്ചു. ബന്ധുക്കളെ ഒരു നോക്ക് പോലും കാണാൻ അനുവദിച്ചില്ല. ബലാത്സംഗം നടന്നിട്ടില്ലെന്ന് അന്വേഷണം തുടങ്ങും മുമ്പേ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചു.
ഗ്രാമത്തിലേക്ക് പോയ മാധ്യമ പ്രവർത്തകരെ തടഞ്ഞു. ബന്ധുക്കളെ വീട്ടിൽ ബന്ദിയാക്കി. അവരുടെ ഫോൺ പിടിച്ചു വാങ്ങി. അവരെ നുണ പരിശോധനക്ക് വിധേയമാക്കുമെന്ന് പ്രഖ്യാപിച്ചു. പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമൊടുവിൽ കേസ് അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി ബി ഐ നടത്തുമെന്ന് സുപ്രീം കോടതി ഒക്ടോബറിൽ നിർദേശിച്ചു.
ഡിസംബർ 18ന് സി ബി ഐ കുറ്റപത്രം സമർപ്പിച്ചു. പ്രതികളായ സന്ദീപ്, ലവ് കുശ്, രവി, രാമു എന്നിവർക്കെതിരെ കൂട്ട ബലാത്സംഗം, കൊലപാതകം, പട്ടികജാതി- പട്ടിക വർഗ പീഡന നിരോധ നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് ബീജത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും അതിനാൽ ബലാത്സംഗം നടന്നിട്ടില്ലെന്നുമുള്ള കേസ് ആദ്യം അന്വേഷിച്ച യു പി പോലീസിന്റെ കണ്ടെത്തലുകൾ സി ബി ഐ പൊളിച്ചു.
ഹാഥ്്റസ് സംഭവത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കേന്ദ്ര, യു പി സർക്കാറുകൾക്കെതിരെ പുതിയ പോർമുഖം തുടർന്നത് നാടിന്റെ പ്രതീക്ഷയായി. യു പി പോലീസിന്റെ തിട്ടൂരങ്ങളെ മറികടന്ന് അവർ പെൺകുട്ടിയുടെ വീട് സന്ദർശിച്ചത് വലിയ വാർത്താ പ്രാധാന്യം നേടി.