National
2020 ചൈനയുടെ തീക്കളി
അയൽ രാജ്യമായ ചൈനയുടെ പ്രകോപനം ഏറ്റവും രൂക്ഷമായ വർഷമാണ് കടന്നു പോകുന്നത്. ഇന്ത്യ- ചൈന അതിർത്തിയായ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ ചൈനീസ് ആക്രമണത്തിൽ കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ആണി തറച്ച ബേസ് ബോൾ ബാറ്റുകളും ഇരുമ്പു വടികളുമായെത്തിയ ചൈനീസ് സൈനികർ ഇന്ത്യൻ സൈനികരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. യുദ്ധത്തിനുപയോഗിക്കുന്ന ആയുധങ്ങളേക്കാൾ മാരകമായ ആൾനാശമാണുണ്ടായത്. ഇന്ത്യൻ സൈനികർ ശക്തമായ തിരിച്ചടി നൽകി. നിരവധി ചൈനീസ് സൈനികർ മരിച്ചെങ്കിലും ഇക്കാര്യം അംഗീകരിക്കാൻ ചൈന തയ്യാറായില്ല. ആക്രമണത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗം വിളിച്ചു. ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചു. ചൈനീസ് ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് ഇന്ത്യ ലോകത്തോട് വിളിച്ചു പറഞ്ഞു. പ്രകോപനമുണ്ടായാൽ ആയുധമെടുക്കാൻ ഇന്ത്യ കമാൻഡർമാർക്ക് അനുമതി നൽകി. ഇരു രാജ്യങ്ങളും വൻ തോതിൽ സൈനിക വിന്യാസം നടത്തി. രാജ്യം മറ്റൊരു യുദ്ധത്തിലേക്ക് പോകുമോയെന്ന് ആശങ്കപ്പെട്ട നിമിഷങ്ങൾ. എന്നാൽ, നിരന്തര ചർച്ചകളിലൂടെ സംഘർഷമൊഴിഞ്ഞു. അതേസമയം, ഇന്ത്യയുടെ ഭൂ പ്രദേശത്തിനുള്ളിൽ ആരും കടന്നു കയറിയിട്ടില്ലെന്ന മോദിയുടെ പ്രസ്താവന ആയുധമാക്കി താഴ്‌വരയുടെ നിയന്ത്രണം തങ്ങൾക്കാണെന്ന പ്രചാരണം ചൈന ശക്തമാക്കി. ഇതിനെതിരെ പ്രതിപക്ഷം ആക്രമണം കടുപ്പിച്ചു. യുദ്ധഭീതി ഒഴിഞ്ഞെങ്കിലും ഇന്ത്യയുടെ ഭൂമി ഇപ്പോഴും ചൈനയുടെ അധീനതയിലുണ്ടെന്ന റിപ്പോർട്ടുകൾ കേന്ദ്രത്തിന്റെ അവകാശവാദങ്ങളെ അസ്ഥാനത്താക്കുന്നു.