Connect with us

National

2020 അണയാതെ സമരജ്വാല...

Published

|

Last Updated

പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞ വർഷം രൂപം കൊണ്ട പ്രക്ഷോഭങ്ങൾ ഈ വർഷവും ശക്തമായിരുന്നു. കഴിഞ്ഞ ഡിസംബറിൽ കേന്ദ്രം കൊണ്ടുവന്ന, മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയാണ് രാജ്യതലസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറിയത്. രാജ്യത്തിന്റെ മതേതരത്വ, ജനാധിപത്യ മൂല്യങ്ങൾക്കെല്ലാം എതിരായ നിയമ ഭേദഗതിക്കെതിരെയായിരുന്നു പ്രതിഷേധം.

മത, വർഗ, കക്ഷി വ്യത്യാസമില്ലാതെ ജനാധിപത്യത്തെയും മതേതരത്വത്തെയും മാനിക്കുന്നവരെല്ലാം പ്രക്ഷോഭത്തിനൊപ്പം നിന്നു. ഡൽഹിയിൽ ശഹീൻബാഗിലെ സമരം ലോകശ്രദ്ധ നേടി. ശഹീൻബാഗ് ദാദിയെന്ന് പിന്നീട് അറിയപ്പെട്ട ബിൽകിസ് ദാദിയെന്ന 82കാരിയാണ് ഈ സമരത്തിന് നേതൃത്വം നൽകിയത്. തണുത്തുറഞ്ഞ ദിനരാത്രങ്ങളെ തൃണവത്ഗണിച്ചാണ് വയോധികരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആബാലവൃദ്ധം ജനങ്ങളും 24 മണിക്കൂറും സമരഭൂമികയിൽ നിലയുറപ്പിച്ചത്. രാജ്യം കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായ സി എ എവിരുദ്ധ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ബിൽകിസ് ദാദി ലോകശ്രദ്ധ നേടുകയും ചെയ്തു. ഈ വർഷത്തെ ടൈം മാഗസിൻ മുഖചിത്രമായിരുന്നു ഇവർ.

ശഹീൻബാഗ് സമരത്തിനൊപ്പം ഓർക്കേണ്ടതാണ് രാജ്യത്തിന്റെ വിവിധ ക്യാമ്പസുകളിൽ അരങ്ങേറിയ സമരവും. യഥാർഥത്തിൽ വിദ്യാർഥി പ്രക്ഷോഭം തന്നെയായിരുന്നു സി എ എവിരുദ്ധ പ്രതിഷേധത്തിന്റെ ഉത്ഭവം. ഡൽഹിയിലെ ജെ എൻ യുവും ജാമിഅ മില്ലിയ്യയും ഇതിന് നേതൃപരമായ പങ്ക് വഹിച്ചു. പോലീസിനെ ഉപയോഗിച്ച് ഈ സമരങ്ങളെ അതിക്രൂരമായി അടിച്ചമർത്താനും ഭരണകർത്താക്കൾ ശ്രമിച്ചു. കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ ഈ പ്രതിഷേധങ്ങൾ സ്വാഭാവികമായി ഒതുങ്ങുകയായിരുന്നു. സി എ എയുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കിയ പശ്ചാത്തലത്തിൽ വരും വർഷം ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകും.

Latest