Connect with us

Kerala

2020 രാജ്യാന്തര പ്രശംസ നേടി പ്രതിരോധം; നീറുന്ന നോവായി പെട്ടിമുടിയും കരിപ്പൂരും

Published

|

Last Updated

തിരുവനന്തപുരം | കേരളത്തെ ദുരന്തങ്ങൾ പിന്തുടർന്ന് വേട്ടയാടിയ വർഷമായിരുന്നു 2020. ലോകത്തെ ആശങ്കയുടെ ഉച്ചിയിൽ നിർത്തിയ കൊവിഡ് ബാധ രാജ്യത്ത് ആദ്യമെത്തിയത് കേരളത്തിലായിരുന്നു.

കൊവിഡിൽ തുടങ്ങി പെട്ടിമുടി, കരിപ്പൂർ ദുരന്തങ്ങളും ബുറേവി ചുഴലിക്കാറ്റിന്റെ ആശങ്കകളും സ്വർണക്കടത്ത്, ലഹരിക്കടത്ത്, മുഖ്യമന്ത്രി ഓഫീസിനെതിരായ അന്വേഷണ ഏജൻസികളുടെ നീക്കങ്ങളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കേന്ദ്ര ഏജൻസികൾ പല തവണ ചോദ്യം ചെയ്ത രാഷ്ട്രീയ സാഹചര്യങ്ങളും അരനൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ബന്ധം വിച്ഛേദിച്ച് യു ഡി എഫിൽ നിന്ന് കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ എൽ ഡി എഫിലേക്കുള്ള കൂടുമാറ്റവും അഴിമതി കേസുകളിലെ പ്രതിപക്ഷ എം എൽഎമാരുടെ അറസ്റ്റുകളും ചോദ്യം ചെയ്യലുകളും സാമ്പത്തിക ഞെരുക്കത്തിനിടയിലും സംസ്ഥാനത്ത് പട്ടിണി സാഹചര്യമൊഴിവാക്കാനുള്ള സർക്കാറിന്റെ ഇടപെടലുകളും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിത നിലവാരമുയർത്തുന്ന വികസനങ്ങളെ ചൊല്ലി രാഷ്ട്രീയ വിവാദങ്ങളുമുൾപ്പെടെ സംഭവ ബഹുലമായിരുന്നു 2020ലെ കേരളം.

കൂടുതലും നഷ്ടങ്ങൾ മാത്രം നൽകിയ വർഷം കാലാ സാംസ്‌കാരിക മേഖലകളിലെ പല ഉന്നതരുടെ വിയോഗം കൊണ്ടും 2020 കണ്ണീരോർമയായി.
എന്നാൽ ലോകത്തെ വിറപ്പിച്ച കൊവിഡ് മഹാമാരിയെ വളരെ പ്രായോഗികവും ശ്രദ്ധയോടെയും കൈകാര്യം ചെയ്ത കൊച്ചുകേരളവും ആരോഗ്യ വകുപ്പും സർക്കാറും ഇക്കാലയളവിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

സാങ്കേതിക സാമ്പത്തിക മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന വൻകിട സമ്പന്ന രാജ്യങ്ങൾ പോലും കൊവിഡിന് മുന്നിൽ പകച്ചുനിന്നപ്പോൾ കേട്ടുകേൾവിയില്ലാത്ത മഹാമാരിയെ ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് പ്രതിരോധിച്ച കേരളം വൻ പ്രശംസയാണ് നേടിയിരുന്നത്. കൊവിഡിനെതിരായ തീവ്രപോരാട്ടം തുടരുന്ന കേരളം ഇപ്പോഴും ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കും മരണ നിരക്കും പിടിച്ചുനിർത്താനുള്ള ശ്രമത്തിലാണ്.

ഒരുമുഴം മുമ്പേ എറിഞ്ഞ് കേരളം

ചൈനയിൽ കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ മഹാമാരിയെ നേരിടാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. നവംബർ അവസാന വാരം ചൈനയിൽ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഡിസംബർ രണ്ടാംവാരം തന്നെ കേരളത്തിൽ മുഴുവൻ ജില്ലകളിലും റെസ്‌പോണ്ട്‌സ് ടീമുകൾ രൂപവത്കരിക്കുകയും ഐ സി എം ആറുമായി കൂടിയാലോചിച്ച് പ്രോട്ടോകോളുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ജനുവരി 30ന് ചൈനയിൽ നിന്നെത്തിയ കൊവിഡ് ബാധിതയായ വിദ്യാർഥിനിയെ സശ്രദ്ധം പരിചരിച്ച് കൊവിഡ് മുക്തയാക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ കേസായിരുന്നു ഇത്. തുടർന്ന് കൊവിഡ് പ്രതിരോധത്തിൽ ലോകത്ത് തന്നെ വിജയഗാഥ രചിച്ച സംസ്ഥാനമാണ് കേരളം.
സർക്കാറിനെ പ്രതിരോധത്തിലാക്കി സ്വർണക്കടത്ത് കേസ്
സർക്കാറിനെ പ്രതിരോധത്തിലാക്കിയ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. 14.8 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണമായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്.

കൊവിഡ് പ്രതിരോധം പ്രതിച്ഛായ ഉയർത്തിയ സർക്കാറിനെതിരെ പ്രയോഗിക്കാനുള്ള സുവർണാവസരമായാണ് പ്രതിപക്ഷ പാർട്ടികൾ സ്വർണക്കടത്തിനെ കണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തിരിച്ചുവിടാനായിരുന്നു പ്രതിപക്ഷ നീക്കം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങിയെങ്കിലും ഫലം കണ്ടില്ല. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ കൂടി അറസ്റ്റിലായതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി.

പെട്ടിമുടിയിൽ കവർന്നത്
70 ജീവനുകൾ

തുടർച്ചയായ മൂന്നാം പ്രളയത്തിന്റെ ആശങ്കകൾ തുടരുന്നതിനിടെയാണ് നാടിനെ കണ്ണീരിലാഴ്ത്തി പെട്ടിമുടി ദുരന്തം പൊട്ടിയൊഴുകിയത്. ആഗസ്റ്റ് ആറിന് രാത്രി തോട്ടം തൊഴിലാളികളുടെ ലയങ്ങൾക്ക് മുകളിലേക്ക് ഉരുൾപൊട്ടിയെത്തിയ കല്ലും മണ്ണും പതിക്കുകയായിരുന്നു. 19 ദിവസം നീണ്ട തിരച്ചിലിൽ ആകെ 66 മൃതദേഹങ്ങൾ കണ്ടെടുത്തു.

പറന്നിറങ്ങിയ അപകടം

60 ജീവനുകൾ കവർന്ന പെട്ടിമുടിയ അപകടത്തിന്റെ നോവ് മാറുന്നതിന് മുമ്പാണ് കരിപ്പൂരിൽ മറ്റൊരു അപകടം ആകാശത്ത് നിന്ന് പറന്നിറങ്ങിയത്. 18 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം ആഗസ്റ്റ് ഏഴിനായിരുന്നു.

എം ശിവശങ്കറിന്റെ അറസ്റ്റ്

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ പേര് ഉയർന്നുവന്നതിന് ശേഷം ഒമ്പത് തവണ ചോദ്യം ചെയ്ത ശേഷം 115ാം ദിവസമായിരുന്നു ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. സ്വർണക്കടത്ത് കേസിന്റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് ഇ ഡിയുടെ വാദം. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ 23-ാം പ്രതിയായിരുന്നു ശിവശങ്കർ.

ജോസിന്റെ കൂടുമാറ്റം

നാല് പതിറ്റാണ്ട് നീണ്ട യു ഡി എഫ് ബന്ധം അവസാനിപ്പിച്ച് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം വിഭാഗം എൽ ഡി എഫിലേക്ക് കൂടുമാറിയതാണ് ഈ വർഷത്തെ പ്രധാന രാഷ്ട്രീയ സംഭവം. കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമായിരുന്നു ജോസിന്റെ മുന്നണി മാറ്റത്തിന് വഴിവെച്ചത്.

പ്രതിപക്ഷ അംഗങ്ങളുടെ അറസ്റ്റ്

സർക്കാറിനെതിരെ ആരോപണ ശരങ്ങൾ ഒന്നിന് പിറകെ ഒന്നായി അഴിച്ചുവിടുന്നതിനിടയിലാണ് അഴിമതി, തട്ടിപ്പ് ആരോപണങ്ങളുടെ പേരിൽ മുൻ മന്ത്രി ഉൾപ്പെടെ പ്രതിപക്ഷ എം എൽ എമാരുടെ അറസ്റ്റ്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യു ഡി എഫിനെയും മുസ്‌ലിം ലീഗിനെയും പ്രതിരോധത്തിലാക്കിക്കൊണ്ടായിരുന്നു പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് മുൻമന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞിന്റെ അറസ്റ്റ്. പാലാരിവട്ടം പാലം നിർമാണത്തിന് മുൻകൂർ പണം നൽകിയത് ആർ ബി ഡി സി കെയുടെ അന്നത്തെ എം ഡിയുടെ ശിപാർശയിൽ മന്ത്രിയുടെ അന്നത്തെ ഉത്തരവിൻമേലാണെന്നാണ് പാലം നിർമാണ അഴിമതിക്കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിലായിരുന്നു കസർകോട് എം എൽ എ. എം സി ഖമറുദ്ദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറി 13 കോടിയുടെ തട്ടിപ്പ് നടത്തിയത് തെളിഞ്ഞതായുള്ള കണ്ടെത്തലിലായിരുന്നു അറസ്റ്റ്. ഇതിന് പിന്നാലെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ മുസ്‌ലിം ലീഗ് എം എൽ എമാരായ എം കെ മുനീർ, കെ എം ഷാജി എന്നിവരും അന്വേഷണം നേരിടുന്നതും പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന്
സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമായ തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വർഷത്തേക്ക് നടത്തിപ്പിന് നൽകികൊണ്ടുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സംസ്ഥാനം ശക്തമായ പ്രതിഷേധമാണ് തീർത്തത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം