Connect with us

Religion

നന്മ മരമായി തണലൊരുക്കാം

Published

|

Last Updated

അപരന് സന്തോഷം നൽകുന്ന രീതിയിൽ ജീവിക്കണം. അത് മാനസിക സംതൃപ്തിയേകുന്നു. ഇടപഴകുന്ന എല്ലാവരിലേക്കും സന്തോഷം പകരുന്നത് വളരെ പുണ്യമുള്ളതാണ്. വശ്യമായി ഇടപെടുന്നതിലൂടെ ഇത് സാധ്യമാകും. നബി(സ്വ) പറഞ്ഞു: “വിശ്വാസിയുടെ മനസ്സിൽ സന്തോഷം പകരുന്നത് ധർമമാണ്.” നാം മറ്റുള്ളവർക്ക് വിഷമമില്ലാതെ ജീവിക്കുക. സാധ്യമെങ്കിൽ ജനങ്ങൾക്ക് സേവനം ചെയ്യാൻ തയ്യാറാവുക. സമൂഹത്തിൽ അനേകമാളുകൾ വിവിധങ്ങളായ പ്രയാസങ്ങൾ നേരിടുന്നവരാണ്. സാമ്പത്തിക, ശാരീരിക, മാനസിക പിരിമുറുക്കത്തിന്റെ നീർച്ചുഴിയിൽ പെട്ട് ഉഴലുന്നവർ ധാരാളമാണ്. ഇത്തരം ഘട്ടങ്ങളിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി വർത്തിക്കാൻ കഴിയുന്നവരുടെ മഹത്വത്തെയാണ് ഉപരി സൂചിപ്പിച്ച നബി വചനം ബോധ്യപ്പെടുത്തുന്നത്.

പ്രയാസ സമയങ്ങളിൽ സാന്ത്വനമേകുന്നവർക്ക് എല്ലാ മതങ്ങളും മുഴുവൻ മഹത്തുകളും മുന്തിയ പരിഗണന നൽകുന്നു. “നിർബന്ധ ആരാധനാ കർമങ്ങൾക്ക് ശേഷം അല്ലാഹുവിന് ഏറ്റവും പ്രിയമുള്ളത് മറ്റുള്ളവർക്ക് സമാശ്വാസമേകലാണ്” എന്നാണ് ഇസ്്ലാമിന്റെ പാഠം. സ്വജീവിതം തള്ളിനീക്കുന്നതിൽ മാത്രം പരിമിതപ്പെടരുത് . സുഹൃത്തിന്റെ സുഖവിവരങ്ങൾ ആരായാൻ കൂടി ശ്രമിക്കേണ്ടതുണ്ട്. ജീവിതമെന്ന യാത്രയിൽ ഇടപഴകുന്ന മുഴുവൻ തുറകളിലും ഹൃദ്യമായ പെരുമാറ്റമുണ്ടാകണം.
മറ്റുള്ളവരുടെ ക്ഷേമത്തിൽ ആഹ്ലാദിക്കാനും അംഗീകാരങ്ങളിൽ അഭിമാനം കൊള്ളാനുമുള്ള വിശാല മനസ്സ് നമുക്കുണ്ടാകണം. സ്വാർഥത പാടില്ല. അത് കടുത്ത മനഃസംഘർഷങ്ങൾക്കും മറ്റു മാനസിക രോഗത്തിനും കാരണമാകുന്നു. ജീവിതത്തിന് ഒരു അർഥവും നൽകാതെ അവസാനിപ്പിക്കുന്നതാണത്. ചുറ്റുപാടിലേക്കും കണ്ണോടിച്ച് അവരുടെ സുഖ ദുഃഖങ്ങളിൽ പങ്ക് കൊള്ളണം. ഇല്ലായ്മയിൽ ആശ്വാസത്തിന്റെ കൈലേസുകളാകണം. മറ്റുള്ളവരെ പരിഗണിക്കാനുള്ള തത്പരത മാനുഷിക ഗുണമായി രൂപപ്പെടേണ്ടതാണ്. ആവശ്യവും സാഹചര്യവും ഉൾക്കൊണ്ടുള്ള മുന്നേറ്റമാണ് വേണ്ടത്. അതിനാൽ തന്നെ സേവന രംഗം വിശാലമാണ്. അന്ന പനീയങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ളവ ഇതിൽ പ്രധാനമാണ് ” രണ്ടാളുടെ ഭക്ഷണം മൂന്നാൾക്കും ഒരാളുടേത് രണ്ടാൾക്കും മതിയാകും” (ബുഖാരി) എന്ന നബി(സ്വ) യുടെ വിശുദ്ധ ഹദീസ് വളരെ ചിന്തനീയമാണ്. മറ്റുള്ളവരെ സത്കരിക്കാനും വിശപ്പെന്ന കഠിന വിഷമം ഇല്ലാതാക്കാനും സൗഹൃദ സംഗമം രൂപപ്പെടലും ഇതിൽ ഉൾക്കൊള്ളുന്നു. ഉള്ളതിൽ ഒരുമയോടെ പങ്കിട്ട് കഴിയണമെന്ന വലിയ സന്ദേശവും ഉയർത്തിപ്പിടിക്കുന്നു. ജനങ്ങൾക്കിടയിൽ നന്മ മരങ്ങളായി ജീവിച്ച് ചുറ്റിലും തണൽ വിരിക്കാൻ നമുക്കാകണം.
സഹകരണ ജീവിതത്തിൽ വളർച്ചയും ഐശ്വര്യവുണ്ടാവുന്നു. അതോടൊപ്പം സമൂഹത്തിൽ നിലയും വിലയും കൈവരുന്നു. ഇടപെടൽ സമൂഹത്തിൽ പ്രതിഫലിക്കുന്നത് നമുക്ക് തന്നെ ബോധ്യമാകും. കാരണം നാം നൽകുന്നതാണ് നമുക്ക് തിരിച്ചു ലഭിക്കുന്നത്. മറ്റുള്ളവരെ പരിഗണിക്കുക എന്നാൽ നിങ്ങളെയും മാനിക്കപ്പെടുമെന്ന (give respect and take respect) പൊതു ആശയം വളരെ ശ്രദ്ധേയമാണ്. പെരുമാറ്റ വിശുദ്ധി കൈവരിച്ച് “ഞാൻ” എന്ന അഹന്ത ഭാവം വെടിയണം. അങ്ങനെ എല്ലാവരെയും ഉൾക്കൊള്ളാനുള്ള വിശാല മനസ്സ് കൈവരുന്നു.

സൗഹൃദ ജീവിതം നിലനിർത്താൻ ബന്ധം ഉലയാതെ, തകരാതെ സൂക്ഷിക്കണം. അതിന് ഇടക്കിടെ അടുപ്പം പുലർത്താൻ സമയം കാണേണ്ടതുണ്ട്. പാരസ്പര്യ അടുപ്പം ഉറപ്പിച്ചു നിർത്തുന്നതിൽ സംസാരത്തിന് അനൽപ്പമായ പങ്കുണ്ട്. മനസ്സുകളെ ഒരുമിപ്പിക്കുന്നതും കോർത്തിണക്കുന്നതും സംസാരത്തിലൂടെയാണ്. ആർക്കും അരോചകമാകാത്ത രീതിയിലാകണം നമ്മുടെ ഇടപഴകൽ. അതിന് നന്മയിലൂന്നിയ വാക്കുകൾ വളരെ പ്രധാനമാണ്. “നല്ല വാക്കുകളെ ദാന ധർമമായിട്ടാണ് (ബുഖാരി) ഇസ്്ലാം പഠിപ്പിക്കുന്നത്. മനുഷ്യന്റെ മുഴുവൻ പ്രവർത്തനവും രേഖപ്പെടുത്തുന്നതിനാൽ നന്മ നിറഞ്ഞ വാക്കുകൾ ജീവിതത്തിന് വലിയ മുതൽക്കൂട്ടാണ്.

മാനസിക അകലം പാലിക്കുന്നതിന്റെ പ്രധാന കാരണം നാവ് തന്നെയാണ്. ഉന്നത പ്രതിഫലവും കടുപ്പമുള്ള അപകടവും നാവിലൂടെ സാധ്യമാകുന്നു. അതിനാൽ വളരെ ശ്രദ്ധാപൂർവം ഈ അവയവം ഉപയോഗിക്കണം. “കൈയിൽ നിന്ന് പോയ കല്ലും പറഞ്ഞ വാക്കും” ഒരു പോലെയാണെന്ന പഴമക്കാരുടെ സംസാരം കഴമ്പുള്ളതാണ്.

അപരന്റെ സങ്കടങ്ങൾക്ക് മുഖം കൊടുക്കാനും വാക്കുകളെ മാനിക്കലുമാണ് സേവന സന്നദ്ധന് പ്രാഥമികമായി ഉണ്ടായിരിക്കേണ്ട ഗുണം. ആഗതന്റെ കോലവും ഭാവവും പരിഗണനയുടെ അളവുകോലാകരുത്. ഒരിക്കൽ നബി(സ്വ) ടെ പ്രിയ പത്നി ആഇശ (റ)പറഞ്ഞു: “ഞാൻ നബി (സ്വ)യുടെ അടുത്തുള്ളപ്പോൾ ഒരാൾ വന്ന് പ്രവേശനാനുമതി തേടി. അപ്പോൾ അവിടുന്ന് പറഞ്ഞു. എത്ര മോശമാണിയാൾ ! എന്നിട്ടും അനുമതി നൽകി. അയാളോട് മൃദുലമായി സംസാരിച്ചു. അയാൾ പുറത്തു പോയപ്പോൾ ഞാൻ ചോദിച്ചു. നബിയെ അങ്ങ് ഇങ്ങനെ പറയുകയും പിന്നീട് ലോലമായി സംസാരിക്കുകയും ചെയ്തല്ലോ?. അപ്പോൾ അവിടുന്ന് പറഞ്ഞു ആഇശാ, മനുഷ്യരിൽ ഏറ്റവും മോശം തന്റെ മോശമായ സംസാരം കൊണ്ട് ജനങ്ങൾ തന്നിൽ നിന്ന് അകന്നു പോകുന്നവനാണ്”.(ശമാഇലുത്തുർമുദി) ഏതു സാഹചര്യത്തിലും നല്ല രൂപത്തിൽ സംവദിക്കാൻ തയ്യാറാകണമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.