International
പോകുന്ന പോക്കില്‍ ട്രംപ് ഇറാനെ ആക്രമിച്ചേക്കും; ഭയം പങ്കുവെച്ച് വിദഗ്ധര്‍
വാഷിംഗ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, ഡൊണാള്‍ഡ് ട്രംപ് ഇറാനെ ആക്രമിച്ചേക്കുമെന്ന് സൂചന. ഇറാന്റെ ഉന്നത സൈനിക ജനറലായ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച് ഒരു വര്‍ഷം ആകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
കഴിഞ്ഞ മാസം ബി52 ബോംബര്‍ വിമാനങ്ങള്‍ മൂന്ന് തവണയാണ് ഗള്‍ഫിന് മുകളിലൂടെ അമേരിക്ക പറത്തിയത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. സുലൈമാനി വധത്തിന് ഇറാന്‍ പകരം വീട്ടുന്നത് തടയാനാണ് ഇതെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നിനാണ് സുലൈമാനിയെ അമേരിക്കന്‍ സൈന്യം ഇറാഖില്‍ വെച്ച് വകവരുത്തിയത്.
ഇറാനെതിരെ നടപടിയെടുക്കാന്‍ ഇസ്‌റാഈലും സഊദിയും ട്രംപിനെ സമ്മര്‍ദത്തിലാക്കുന്നുമുണ്ട്. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തോടെ മുറിവേറ്റ മൃഗത്തിന്റെ അവസ്ഥയിലാണ് ട്രംപ്. അദ്ദേഹത്തിന്റെ സ്വഭാവം കൂടി കണക്കിലെടുക്കുമ്പോള്‍ പോകുന്നപോക്കില്‍ ഇറാനെ സൈനികമായി ആക്രമിക്കുമെന്ന് തന്നെയാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.