Connect with us

Articles

എത്ര പരാജിതമാണ് അമേരിക്ക!

Published

|

Last Updated

‘ഇത് അമേരിക്കക്ക് ചേര്‍ന്നതല്ല; മഹത്തായ ജനാധിപത്യ പാരമ്പര്യമുള്ള അമേരിക്കയില്‍ നിന്ന് ഇത് ഒട്ടും പ്രതീക്ഷിച്ചില്ല”- കനത്ത സുരക്ഷയുള്ള ക്യാപിറ്റോളില്‍ ഇരച്ചു കയറി, സെനറ്റ് അംഗങ്ങളെ ആക്രമിച്ച് അഴിഞ്ഞാടിയ ട്രംപ് അനുകൂല ഭീകരതയോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ പ്രതികരണമിതായിരുന്നു. നരേന്ദ്ര മോദിയും ബ്രസീല്‍ പ്രസിഡന്റ് ബോല്‍സനാരോയുമൊക്കെ ഏറെക്കുറെ ഇതേ ട്യൂണിലാണ് സംഘഗാനം ആലപിച്ചത്. എന്തുകൊണ്ടാണ് ഇത് ഭീകരതയായി അടയാളപ്പെടാത്തത്? എന്തുകൊണ്ടാണ് ഇത് അട്ടിമറിയായി വായിക്കപ്പെടാത്തത്? എന്തുകൊണ്ടാണ് വെള്ള മേധാവിത്വവാദം (വൈറ്റ്‌സൂപ്രമാസിസം) അമേരിക്കക്കും യൂറോപ്പിനും ഭീഷണിയാണെന്ന ശരിയായ വിലയിരുത്തല്‍ വരാത്തത്? തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാത്ത ഏതാനും ട്രംപ് അനുകൂലികളുടെ വൈകാരിക പ്രകടനം മാത്രമായി ക്യാപിറ്റോള്‍ കലാപത്തെ ചുരുക്കിക്കെട്ടുകയാണ് ചെയ്യുന്നത്. കറുത്ത വര്‍ഗക്കാരുടെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ മാരകമായി “ചുമതല” നിര്‍വഹിച്ച അമേരിക്കന്‍ പോലീസ് ട്രംപ് അനുകൂലികള്‍ക്ക് മുമ്പില്‍ തണുത്തുറഞ്ഞു നിന്നു. തീവ്രവാദികള്‍ ക്യാപിറ്റോള്‍ മന്ദിരത്തിന്റെ നാനാ വഴിയിലൂടെയും അകത്ത് കടന്നു. പോഡിയം എടുത്തു കൊണ്ടുപോയി. സെനറ്റ് അംഗങ്ങളെ ആക്രമിച്ചു. സെനറ്റര്‍മാര്‍ക്ക് രക്ഷപ്പെടാന്‍ ഭൂഗര്‍ഭ പാത സ്വീകരിക്കേണ്ടി വന്നു. പോലീസ് ഇവരെ എത്ര കരുതലോടെയാണ് നേരിട്ടത്. നാല് പേരുടെ മരണത്തില്‍ കലാശിച്ച വെടിവെപ്പോളം കാര്യങ്ങള്‍ എത്തിച്ചത് പോലീസിന്റെ ഈ വംശീയ മുന്‍ഗണനയാണെന്ന് യു എസ് എഴുത്തുകാരന്‍ ഇബ്രാം എക്‌സ് കെന്‍ഡി ചൂണ്ടിക്കാണിക്കുമ്പോള്‍ അമേരിക്ക അകപ്പെട്ട അത്യന്തം അപകടകരമായ അവസ്ഥയാണ് വെളിപ്പെടുന്നത്.

അമേരിക്കന്‍ അഹങ്കാരങ്ങളാണ് “മനോഹര കാഴ്ച”യെന്ന് ചൈന വിശേഷിപ്പിച്ച ക്യാപിറ്റോള്‍ കലാപത്തിലൂടെ അഴിഞ്ഞു വീഴുന്നത്. ഒന്നാമത്തേത് ലോകോത്തര സുരക്ഷ തന്നെയാണ്. സെപ്തംബര്‍ 11ന്, സയണിസത്തിന് വേണ്ടി ആഭ്യന്തരമായി സൃഷ്ടിച്ചതാണെങ്കിലും അല്‍ ഖാഇദക്കാരുടെ ഭീകര കൃത്യമാണെങ്കിലും, തകര്‍ന്നു വീണതാണ് അമേരിക്കന്‍ സുരക്ഷ. നിതാന്തമായ അരക്ഷിതത്വം അമേരിക്കന്‍ ജനതക്ക് മേല്‍ പതിച്ചപ്പോള്‍ ലോകത്താകെ ആക്രമണ പരമ്പരകള്‍ നടത്തി മരണം വിതക്കുകയാണ് ഭരണ കര്‍ത്താക്കള്‍ ചെയ്തത്. എത്രയെത്ര ജനപഥങ്ങളാണ് അരാജകമായത്. എത്രയെത്ര മനുഷ്യരാണ് അഭയാര്‍ഥികളായത്. എന്നിട്ടും അമേരിക്കന്‍ ജനതയുടെ ഭയത്തിന് അറുതി വരുത്താന്‍ ഭരണാധികാരികള്‍ക്കായില്ല. സര്‍വയലന്‍സിന്റെ യന്ത്രക്കണ്ണുകള്‍ ഓരോ അണുവിലും ഒരുക്കി വെച്ചു. ലോകത്ത് എവിടെ, എന്ത് നടന്നാലും പെന്റഗണ്‍ അറിയുമെന്ന് വീമ്പിളക്കി. സി ഐ എയുടെ രഹസ്യാന്വേഷണത്തില്‍ നിന്ന് ഒരാള്‍ക്കും ഒന്നും ഒളിക്കാനാകില്ലെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. ഒരു കാര്യവുമുണ്ടായില്ല. ജൂലിയന്‍ അസാഞ്ചെയും എഡ്വേര്‍ഡ് സ്‌നോഡനും മാന്നിംഗുമെല്ലാം രഹസ്യങ്ങളിലേക്ക് ഊളിയിട്ടു. എല്ലാം വലിച്ചു പുറത്തിട്ടു. ഇപ്പോഴിതാ സ്വന്തം പാര്‍ലിമെന്റിനകത്തേക്ക് ഒരു സംഘം ഭീകരവാദികള്‍ക്ക് സുഖസുന്ദരമായി കയറാനായിരിക്കുന്നു. രഹസ്യാന്വേഷണങ്ങള്‍ മുഴുവന്‍ മയങ്ങിപ്പോയിരിക്കുന്നു. ജോ ബൈഡന് ഭരിക്കാനുള്ളത് കൂടുതല്‍ അരക്ഷിതരായ അമേരിക്കക്കാരെയാണ്. വെള്ള ഭീകരര്‍ തോക്കുമായി അലയുന്ന അമേരിക്ക. ഏത് തെരുവും ചോരക്കളമാകാവുന്ന അമേരിക്ക.

ഏറ്റവും പുരാതനമായ ജനാധിപത്യത്തെ കുറിച്ചുള്ള അഹങ്കാരവും തലകുനിക്കുകയാണ്. ചരിത്രത്തിൽ നാല് തവണ ക്യാപിറ്റോള്‍ കൈയേറ്റം നടന്നിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ പേരിൽ ഇതാദ്യമായാണ്. അമേരിക്ക പുറത്തിറക്കുന്ന വാര്‍ഷിക ആഗോള റിപ്പോര്‍ട്ടുകളില്‍ ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളെ വിളിക്കുന്നത് പരാജിത രാഷ്ട്രങ്ങളെന്നാണ്. അവിടങ്ങളിലെ തിരഞ്ഞെടുപ്പില്‍ സര്‍വത്ര കൃത്രിമം കണ്ടുപിടിക്കും. വോട്ടെടുപ്പ് കഴിഞ്ഞാല്‍ ജനങ്ങള്‍ തെരുവിലിറങ്ങുമെന്ന് മുന്നേ പ്രവചിക്കും. നിരീക്ഷകരെ അയക്കാനും സൈന്യത്തെ ഇറക്കാനും യു എന്നിന് മേല്‍ സമ്മര്‍ദം ചെലുത്തും. ആ രാജ്യങ്ങളിലെ തര്‍ക്കങ്ങളില്‍ പക്ഷം പിടിച്ച് നേട്ടം കൊയ്യും. ഇപ്പോള്‍ ഇതെല്ലാം ഏറ്റവും മോശമായ നിലയില്‍ അരങ്ങേറുന്ന ഇടമായി “പുരാതന ജനാധിപത്യ രാജ്യം” മാറിയിരിക്കുന്നു. ട്രംപ് അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന് കണ്ടെത്തിയത് അമേരിക്കയിലെ ആധികാരിക ഏജന്‍സികളായിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായില്ല. അധികാരത്തിന്റെ മത്ത് തലക്കു പിടിച്ചാല്‍ അങ്ങനെയാണ്, തോല്‍വി അംഗീകരിക്കാനാകില്ല. അദ്ദേഹം തന്റെ അണികളെ ഇളക്കി വിട്ടു. വ്യാപകമായ ക്രമക്കേടെന്ന ആരോപണം നിരന്തരം ആവര്‍ത്തിച്ചു. ഇന്നലെ അന്തിമമായി തോല്‍വി സമ്മതിക്കുമ്പോഴും ആ ആരോപണം അദ്ദേഹം കൈയൊഴിഞ്ഞിട്ടില്ല. ശരിയായ വോട്ടുകളല്ല എണ്ണിയതെന്ന് അദ്ദേഹം ആക്രോശിക്കുന്നു, ഇപ്പോഴും. എന്തൊരു നാണക്കേടാണിത്. എത്രമാത്രം പരാജിത രാഷ്ട്രമാണ് അമേരിക്ക.

ലോകത്താകെ വംശീയതയും ഫാസിസവും ജനാധിപത്യ പ്രക്രിയയില്‍ ആയുധമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് കടുത്ത അസഹിഷ്ണുതാ പ്രഖ്യാപനങ്ങള്‍ നടത്തുന്നതും മനുഷ്യരെ പൗരത്വത്തില്‍ നിന്ന് പോലും ആട്ടിപ്പായിക്കാന്‍ നോക്കുന്നതും. ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ശിലാന്യാസങ്ങളാണ് ഭരണകൂടത്തിന്റെ മുന്‍കൈയില്‍ ദിനംപ്രതി നടക്കുന്നത്. ഫ്രാന്‍സില്‍ മാരിനെ പെന്നിനെപ്പോലുള്ള തീവ്ര വലതുപക്ഷ നേതാക്കള്‍ മുമ്പൊരിക്കലുമില്ലാത്ത വിധം മുസ്‌ലിംവിരുദ്ധത പരസ്യമായി പ്രഖ്യാപിക്കുകയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ തന്നെ ഈ വിഷലിപ്ത രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നത്. വിവാദ കാര്‍ട്ടൂണും അതിന് പിറകെ നടന്ന മുസ്‌ലിംവിരുദ്ധ നീക്കങ്ങളും ഇതിന്റെ തെളിവാണ്. ഇത്തരം വിഷപ്രയോഗങ്ങള്‍ ഭൂരിപക്ഷ യുക്തിയെ തൃപ്തിപ്പെടുത്തുന്നു. അതുവഴി തിരഞ്ഞെടുപ്പില്‍ വിജയം വരിക്കാനും സാധിക്കുന്നു. അങ്ങേയറ്റം ജനവിരുദ്ധമായിട്ടും മോദി രണ്ടാമതും പ്രധാനമന്ത്രിയായല്ലോ. അപകടകരമായ പ്രവണതയാണ് ഇത്. മനുഷ്യരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പിന്നോട്ട് പോകുകയും ഫാസിസ്റ്റ് സമീപനങ്ങള്‍ മേല്‍ക്കൈ നേടുകയും ചെയ്യുമ്പോള്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണ്. ഈ രാഷ്ട്രീയത്തിന്റെ ക്യാപ്റ്റനായിരുന്നു ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തപ്പോള്‍ പലരും അത്ഭുതം കൂറി. എന്നാല്‍ ആഗോള രാഷ്ട്രീയത്തിലും അമേരിക്കന്‍ രാഷ്ട്രീയത്തിലും സംഭവിക്കുന്ന അട്ടിമറിയുടെ സ്വാഭാവിക ആവിഷ്‌കാരമായിരുന്നു അത്. ന്യൂസിലാന്‍ഡിലെ പള്ളിയില്‍ കൂട്ടക്കൊല നടത്തിയയാള്‍ക്കും ഇന്ത്യയില്‍ ബാബരി പള്ളി തകര്‍ത്തവര്‍ക്കും ഒരു പോലെ ട്രംപ് ആരാധ്യപുരുഷനാകുന്നത് അതുകൊണ്ടാണ്. ബൈഡന്‍ വന്നു എന്നത് കൊണ്ട് മാത്രം ട്രംപിസത്തിന്റെ കൊടി താഴുന്നില്ല. അത് ആ മണ്ണില്‍ വിതച്ച വിഷ വിത്തുകള്‍ അവിടെയുണ്ടാകും. ഭ്രാന്ത് പിടിച്ച വംശീയവാദികള്‍ അരാജകത്വം വിതച്ച് മരണം കൊയ്യാന്‍ കാത്തിരിക്കുന്നുണ്ടാകും.

അമേരിക്കയുടെ ചരിത്രം തന്നെ ക്രൂരമായ വംശീയതയുടേതും അടിമത്തത്തിന്റേതും യുദ്ധോത്സുകതയുടേതുമാണല്ലോ. ഈ രാജ്യം നടത്തിയ എല്ലാ പടയോട്ടങ്ങളും ഹിരോഷിമ, നാഗസാക്കിയടക്കമുള്ള ബോംബ് വര്‍ഷങ്ങളും വംശീയമായ ഉത്കൃഷ്ടത സ്ഥാപിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു. വര്‍ത്തമാനത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികളായ വെള്ള മേധാവിത്വവാദികള്‍ക്ക് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ഇരച്ചു കയറാന്‍ സാധിക്കുന്നത് ചരിത്രത്തിലെ കുരുതിയില്‍ നിന്ന് ഊര്‍ജം സംഭരിക്കുന്നത് കൊണ്ടാണ്. ആ ചിത്രങ്ങള്‍ നോക്കൂ. എത്ര ക്രൂരമായാണ് അവര്‍ ആഘോഷിക്കുന്നത്? ബാബരി പള്ളിയുടെ ഖുബ്ബകള്‍ക്ക് മേല്‍ കയറി ആനന്ദാതിരേകത്തോടെ ജയ്ശ്രീറാം വിളിക്കുന്നവരുമായി എന്തൊരു സാമ്യം.

നവ നാസികള്‍, തീവ്രദേശീയ വാദികള്‍, വൈറ്റ് സൂപ്രമാസിസ്റ്റുകള്‍, സിംഹള വംശാഭിമാനികള്‍… ഇവരെയാണ് ലോകം ഇനി കരുതിയിരിക്കേണ്ടത്. തീവ്രവാദത്തിനും ഭീകരവാദത്തിനും പുതിയ നിര്‍വചനം കൊടുക്കാന്‍ പാശ്ചാത്യ ബുദ്ധികേന്ദ്രങ്ങള്‍ തയ്യാറാകുമോ? ക്യാപിറ്റോള്‍ ഭീകരതയില്‍ പങ്കെടുത്ത് മരിച്ചുവീണ ആഷ്‌ലി ബാബ്ബിത് എന്ന വിരമിച്ച വ്യോമ സേനാംഗത്തിന്റെ ഒടുവിലത്തെ ട്വീറ്റ് വായിച്ചില്ലേ-ഒന്നിനും, ഒരാള്‍ക്കും ഞങ്ങളെ തടഞ്ഞു നിര്‍ത്താനാകില്ല. ഇന്‍ഡോറില്‍ പള്ളിയുടെ മിനാരത്തിന് മുകളില്‍ കാവിക്കൊടി നാട്ടിയവരും അത് തന്നെയാണ് ആക്രോശിച്ചത്. ആരുണ്ട് തടയാന്‍?

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest