Connect with us

Gulf

അതിർത്തികൾ തുറക്കും; മനസ്സുകളും

Published

|

Last Updated

ദുബൈ | ഒരാഴ്ചക്കുള്ളിൽ ഖത്വറുമായുള്ള അതിർത്തികൾ യു എ ഇ തുറക്കുമെന്നും വ്യാപാരബന്ധങ്ങൾ പുന:സ്ഥാപിക്കുമെന്നും യു എ ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ് പ്രഖ്യാപിച്ചത് ഗൾഫ് മേഖലയിൽ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്നിരിക്കുകയാണ്. സഊദിയിലെ അൽ ഉലായിൽ ചൊവ്വാഴ്ച നടന്ന 41ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) ഉച്ചകോടിയിൽ ഒപ്പിട്ട കരാറിന്റെ തുടർനടപടിയായാണിത്.

കഴിഞ്ഞ നാല് വർഷത്തോളമായി അടഞ്ഞുകിടന്ന ഖത്വറുമായുള്ള കര, വ്യോമാതിർത്തികൾ തുറക്കപ്പെടുക്കുമ്പോൾ ഇരുരാജ്യങ്ങളിലെയും ലക്ഷോപലക്ഷം മനുഷ്യരുടെ മനസ്സുകൂടിയാണ് തുറക്കപ്പെടുന്നത്. മുടങ്ങിക്കിടന്ന വ്യാപാരബന്ധങ്ങൾ പുനരാരംഭിക്കുന്നതോടെ സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും കൊണ്ടുകൊടുക്കലുകൾ കൂടിയാണ് പുനരാരംഭിക്കാൻ പോകുന്നത്. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ കേൾക്കാൻ ഏറെ നാളായി കൊതിക്കുന്നതായിരുന്നു ഇത്തരമൊരു വാർത്ത.

ദീർഘകാലമായി ഗൾഫ് സഹകരണ കൗൺസിലിലെ അംഗരാജ്യങ്ങളെന്ന നിലയിൽ കേവല രാഷ്ട്രീയ, വ്യാവസായിക ബന്ധങ്ങൾക്കപ്പുറമുള്ള കൊണ്ടുകൊടുക്കലുകളും കെട്ടുപാടുകളും ശക്തമായി നിലനിന്നിരുന്ന രാജ്യങ്ങളായിരുന്നു യു എ ഇയും ഖത്വറും. ഖത്വറിലെ വ്യവസായ മേഖലക്കാവശ്യമുള്ള ഭക്ഷ്യ സാധനങ്ങളുൾപെടെ നിരവധി അവശ്യവസ്തുക്കൾ ജബൽ അലി, പോർട്ട് റാശിദ് തുടങ്ങിയവ വഴിയായിരുന്നു എത്തിയിരുന്നത്. അതുകൊണ്ടുതന്നെ മലയാളികൾ ഉൾപെടെ നിരവധി പേർക്ക് രണ്ട് രാജ്യങ്ങളിലും വ്യാപാര ശൃംഖലകൾ തുടങ്ങാനും ഭംഗിയായി നടത്തിക്കൊണ്ടുപോകാനും സാധിച്ചിരുന്നു. “ഓൺ അറൈവൽ” വിസാ സൗകര്യം ഉപയോഗപ്പെടുത്തി ഇത്തരം വ്യവസായികൾ ഉൾപെടെ ആവശ്യക്കാരെല്ലാം അങ്ങോട്ടുമിങ്ങോട്ടും തടസ്സങ്ങളില്ലാതെ പോയിവന്നു കൊണ്ടിരുന്നു.

അപ്രതീക്ഷിതമായി രാജ്യങ്ങൾ തമ്മിൽ അതിർത്തികൾ അടച്ചതും വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ മുറിക്കപ്പെട്ടതും ഇത്തരക്കാരെ തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. കച്ചവടത്തിനാവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിന് ബദൽ സംവിധാനങ്ങൾ പലതും പരീക്ഷിച്ചെങ്കിലും അതൊന്നും നേരത്തെയുള്ളതുപോലെ എളുപ്പവും ചിലവു കുറഞ്ഞതും സൗകര്യപ്രദവുമായിരുന്നില്ല. ഇത് രണ്ടിടത്തും വ്യാപാര നഷ്ടങ്ങൾക്ക് കാരണമാവുകയുണ്ടായി. ചില സ്ഥാപനങ്ങളെങ്കിലും ഇക്കാരണങ്ങളാൽ അടച്ചുപൂട്ടേണ്ടിവരികയും ചെയ്തു. അതിനാൽ തന്നെ ഈ സാഹചര്യം തുടരുന്നത് ഗുണകരമല്ലെന്നും ഇരു ഭരണാധികളും തീരുമാനം പുനഃപരിശോധിക്കുമെന്നുള്ള തികഞ്ഞ പ്രതീക്ഷയിലായിരുന്നു എല്ലാവരും.

ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുടെ മനസ്സ് മാറ്റാൻ ജി സി സി അംഗരാജ്യങ്ങളായ കുവൈത്തും ഒമാനും നിരന്തരം ശ്രമിക്കുന്നുവെന്ന് ഇടക്ക് വാർത്തകളിൽ പ്രത്യക്ഷപ്പെട്ടത് ഇവിടങ്ങളിലുള്ളവർക്ക് വലിയ പ്രതീക്ഷക്ക് വകനൽകി. ഒടുവിൽ എല്ലാ ആത്മാർഥ ശ്രമങ്ങളും കഴിഞ്ഞ ദിവസം സഊദിയിൽ നടന്ന ഉച്ചകോടിയിൽ ഫലംകാണുകയായിരുന്നു. ഒന്നിച്ചിരുന്നപ്പോൾ മനസ്സുകൾ തുറന്നു, ഒപ്പം രാജ്യാതിർത്തികളും. എല്ലാം മറക്കാനും പൊറുക്കാനും കാണിച്ച ഇരു ഭരണാധികാരികളുടെയും വിശാല മനസിനെ പ്രശംസിക്കാതെ വയ്യ. തീർച്ചയായും ഇത് മിഡിലീസ്റ്റിന് പൊതുവിലും ഇരുരാജ്യങ്ങൾക്ക് പ്രത്യേകിച്ചും വലിയ കുതിപ്പിന് വഴിയൊരുക്കും. 2021 ൽ ദുബൈയിൽ നടക്കാനിരിക്കുന്ന വേൾഡ് എക്‌സ്‌പോ 2020ക്കും 2022 ൽ ഖത്വറിൽ നടക്കാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ് ഫുട്‌ബോൾ മേളക്കും വിളക്കിച്ചേർക്കപ്പെട്ട സ്‌നേഹബന്ധം മികവേകും, തീർച്ച.

---- facebook comment plugin here -----

Latest