Connect with us

Kasargod

ഔഫിനെ കുത്താൻ ഉപയോഗിച്ചത് പിടിയിലമര്‍ത്തിയാല്‍ തുറക്കുന്ന കത്തി; വാങ്ങിയത് ഒരു വര്‍ഷം മുമ്പ്

Published

|

Last Updated

കാഞ്ഞങ്ങാട് | എസ് വൈ എസ് പ്രവര്‍ത്തകന്‍ കാസര്‍കോട് കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുര്‍റഹ്മാന്‍ ഔഫിനെ മുസ്ലിം ലീഗ് അക്രമികള്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി വാങ്ങിയ കടയില്‍ ക്രൈം ബ്രാഞ്ച് അന്വേഷസംഘം. ഇവിടെ നിന്ന് ഒരുവര്‍ഷം മുമ്പാണ് താന്‍ കത്തി വാങ്ങിയതെന്ന് മുഖ്യപ്രതി മുഹമ്മദ് ഇര്‍ശാദ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലായിരുന്ന സമയത്ത് മൊഴി നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന് കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. കെ ദാമോദരന്റെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് സംഘം കടയിലെത്തി അന്വേഷണം നടത്തി. ഔഫിനെ കുത്താനുപയോഗിച്ച 10.8 സെന്റീമീറ്റര്‍ വലിപ്പമുള്ള കത്തി കല്ലൂരാവി മുണ്ടത്തോട് തെങ്ങിന്‍തോപ്പില്‍ നിന്ന് പ്രതി ഇര്‍ശാദിനെ കൊണ്ടുവന്നുള്ള തെളിവെടുപ്പിനിടെ കണ്ടെടുത്തിരുന്നു. പുല്ലിനിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. പിടിയിലമര്‍ത്തിയാല്‍ തുറക്കുന്ന മൂര്‍ച്ചയേറിയ കത്തിയാണിത്.

ഇര്‍ശാദിന്റെ മൊഴിപ്രകാരം ഒരുവര്‍ഷം മുമ്പ് കടയില്‍ നിന്ന് വാങ്ങിയ കത്തി തന്നെയാണോ ഇതെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു. ഇര്‍ശാദ് അടക്കം മൂന്ന് പ്രതികളെയും ചോദ്യം ചെയ്ത് തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതോടെ ഔഫ് വധ ഗൂഢാലോചന സംബന്ധിച്ചും പ്രതികള്‍ക്ക് സഹായം നല്‍കിയവരെക്കുറിച്ചുമാണ് ക്രൈം ബ്രാഞ്ചിന്റെ ഇനിയുള്ള അന്വേഷണം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

---- facebook comment plugin here -----

Latest