Religion
പെരുമാറ്റത്തിലെ പെരുമ
ഇമാം ഗസ്സാലി (റ) യുടെ ഇഹ്യാ ഉലൂമുദ്ദീനിൽ പറഞ്ഞ ഒരു ചരിത്രകഥ. അഗ്‌നിയാരാധകനായ ഒരാൾ ബഹുമാന്യരായ ഇബ്‌റാഹീം നബി (അ) നോട് ഭക്ഷണം തേടി. അപ്പോൾ അവിടുന്ന് പറഞ്ഞത്രെ : നീ മുസ്്ലിമായാൽ ഭക്ഷണം തരാം. പ്രതികരണം കേട്ട് അയാൾ നിരാശനായി തിരിച്ചുപോയി. അപ്പോൾ അല്ലാഹു ഇബ്‌റാഹീം നബി (അ)നോട് പറഞ്ഞു: നബിയേ, മതം മാറാത്തത് കൊണ്ട് അങ്ങ് അവന് ഭക്ഷണം കൊടുത്തില്ല. എന്നാൽ, കഴിഞ്ഞ എഴുപത് കൊല്ലമായി അവൻ ആ മതത്തിലായിരിക്കെ തന്നെയാണ് ഞാനവന് ഭക്ഷണം കൊടുക്കുന്നത്. ഒരു രാത്രി താങ്കൾ അവന് ഭക്ഷണം കൊടുത്തിരുന്നെങ്കിൽ എന്ത് സംഭവിക്കും?!!!
ബഹു. ഇബ്‌റാഹീം നബി (അ) ആ മജൂസിയെ അന്വേഷിച്ചു കണ്ടുപിടിച്ചു. തിരികെ കൊണ്ടുവന്നു മാന്യമായി സത്കരിച്ചു. അതിശയത്തോടെ അദ്ദേഹത്തിന്റെ ചോദ്യം: ഇതിപ്പോൾ ഇങ്ങനെയൊക്കെ ചെയ്യാൻ എന്താണ് കാരണം? തുടർന്ന് ബഹു. ഇബ്‌റാഹീം നബി (അ) സംഭവങ്ങൾ വിവരിച്ചു. അപ്പോൾ ആ മജൂസിയുടെ പ്രതികരണം: “എനിക്ക് ഇസ്്ലാമിനെ കുറിച്ച് കൂടുതൽ പറഞ്ഞു തരാമോ?” അധികം വിനാ അയാളും വിശ്വാസം സ്വീകരിച്ചു.
സത്യത്തിന്റെ മാത്രം വക്താവായിട്ടും നിങ്ങൾക്ക് ശത്രുക്കൾ ഉണ്ടോ? എങ്കിൽ, അവരെ പരാജയപ്പെടുത്താനുള്ള ഏറ്റവും മികച്ച ആയുധം എന്താണെന്നാണ് നിങ്ങൾ വിശ്വസിക്കുന്നത്? അതെന്തു തന്നെയാകട്ടെ, ഏറ്റവും മികച്ച ആയുധം നിങ്ങളുടെ മനോഭാവമാണ് എന്നതാണ് ശരി. സത്യത്തിൽ നിങ്ങൾക്ക് ശത്രുക്കളേയില്ല. ആകെയുള്ളത് പരസ്പരം ഉൾക്കൊള്ളാനാകാത്ത ചില നിലപാടുകളാണ്. നിങ്ങളുടെ നിലപാടുകൾക്ക് എതിരെയുള്ളവരെ കായികമായി കീഴ്‌പ്പെടുത്തുമ്പോളല്ല, മാനസികമായി സ്വാധീനിക്കുമ്പോളാണ് നിങ്ങൾ ജയിക്കുന്നത്. നിങ്ങളെയും അവരെയും വേർതിരിക്കുന്ന അതിർവരമ്പുകൾ മാഞ്ഞു നിങ്ങൾ മാത്രമായി വികസിക്കുന്ന സ്‌നേഹത്തിന്റെ ആൽക്കെമിയാണ് വർക്കൗട്ട് ചെയ്യേണ്ടത്. വിശുദ്ധ ഖുർആൻ ആ സൂത്രവാക്യമാണ് അവതരിപ്പിക്കുന്നത്: നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റവും ഉത്കൃഷ്ടമായ നന്മ കൊണ്ട് തടുക്കുക. അപ്പോൾ നിന്നോട് വൈരത്തിൽ വർത്തിക്കുന്നവന് ഏറ്റവും അടുത്ത ആത്മമിത്രമായി മാറുന്നത് നിനക്ക് കാണാം (ഫുസ്സിലത് : 34).
ഈ അധ്യാപനം നൽകപ്പെട്ട പശ്ചാത്തലം കൂടി അറിയുമ്പോഴാണ് ഈ നിർദേശത്തിന്റെ ഗാംഭീര്യം പൂർണമായി മനസ്സിലാക്കാനാകുക.
നബിതിരുമേനി(സ്വ)യുടെ സത്യപ്രബോധനത്തോടുള്ള ശത്രുക്കളുടെ സമീപനം തികച്ചും ധർമവിരുദ്ധവും അക്രമാസക്തവുമായിരുന്നു. നീതിയുടെയും മാന്യതയുടെയും മനുഷ്യത്വത്തിന്റെയും എല്ലാ അതിരുകളും അതു ഭേദിച്ചു. നബിതിരുമേനി (സ്വ) യെയും ശിഷ്യന്മാരെയും അപകീർത്തിപ്പെടുത്താൻ തെറ്റിദ്ധാരണകളും സന്ദേഹങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. അവർക്കു നേരെ നടത്തിക്കൂടാത്ത ഒരു ദ്രോഹവും ഉണ്ടായിരുന്നില്ല. നല്ലൊരു വിഭാഗം മുസ്്ലിംകൾ ജന്മദേശം വെടിഞ്ഞ് പലായനം ചെയ്യാൻ നിർബന്ധിതരായി. നബിതിരുമേനി (സ്വ) സത്യപ്രബോധനാർഥം വാ തുറന്നാലുടൻ അതാർക്കും കേൾക്കാനാകാത്തവിധം ബഹളം കൂട്ടുകയായിരുന്നു ചിലരുടെ പരിപാടി. പ്രത്യക്ഷത്തിൽ പ്രബോധന മാർഗങ്ങളെല്ലാം കൊട്ടിയടക്കപ്പെട്ടതായി തോന്നുന്ന, തളർന്നു പോകുന്ന അവസ്ഥ. ഈ സന്ദർഭത്തിലാണീ ഉപദേശം. നന്മയും തിന്മയും ഒരിക്കലും സമമല്ല. തിന്മ പ്രത്യക്ഷത്തിൽ എത്ര ഭീകരമായി താണ്ഡവമാടിയാലും അതിനെതിരിൽ നന്മ തികച്ചും ബലഹീനവും ശബ്ദഹീനവുമായി തോന്നിയാലും ഒടുവിൽ വിനാശകരമായി പര്യവസാനിക്കുക എന്ന ദൗർബല്യം തിന്മ സ്വയം ഉൾക്കൊള്ളുന്നുണ്ട്.
എന്തുകൊണ്ടെന്നാൽ, പ്രകൃത്യാ മനുഷ്യമനസ്സ് തിന്മയെ വെറുക്കുന്നു. തിന്മയുടെ കൂട്ടുകാരന് മാത്രമല്ല, ധ്വജവാഹകന് പോലും താൻ അക്രമിയും സ്ഥാനമോഹങ്ങൾക്ക് വേണ്ടി ധർമവിരോധം പ്രവർത്തിക്കുന്നവനുമാണെന്ന് അവജ്ഞയോടെ സ്വയം തിരിച്ചറിയുന്നുണ്ട്. എന്നാൽ, നന്മ എത്ര അവശമായിരുന്നാലും വിജയത്തിലെത്തുന്നു. കാരണം, അതിനു ജനഹൃദയങ്ങളെ കീഴടക്കാനുള്ള സവിശേഷമായ ശക്തിയുണ്ട്. എത്ര ദുഷിച്ച മനസ്സിനും അതിന്റെ മൂല്യം ബോധ്യപ്പെടാതിരിക്കുകയില്ല. നന്മതിന്മകൾ നേരിട്ടേറ്റുമുട്ടുകയും രണ്ടിന്റെയും നിലപാടുകൾ പ്രകടമാകുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ പോലും ഒരു കാലയളവിലെ സംഘട്ടനത്തിന് ശേഷം തിന്മയെ വെറുക്കുകയും നന്മയിൽ ആകർഷിക്കപ്പെടുകയും ചെയ്യാത്തവർ വിരളമായിരിക്കും.
തിന്മയെ കേവലം നന്മ കൊണ്ട് നേരിടുക എന്നല്ല; പ്രത്യുത, വളരെ ഉയർന്ന നിലവാരത്തിലുള്ള നന്മ കൊണ്ട് നേരിടുക എന്നതാണ് വിശുദ്ധ ഖുർആനിന്റെ അധ്യാപനം. ഒരാൾ നിങ്ങളോട് തിന്മ ചെയ്യുകയും നിങ്ങൾ അയാൾക്ക് മാപ്പുകൊടുക്കുകയുമാണെങ്കിൽ അത് വെറുമൊരു നന്മയാണ്. എന്നാൽ അവസരം കിട്ടുമ്പോൾ അയാളോട് ഏറ്റവും ശ്രേഷ്ഠമായ രീതിയിൽ പെരുമാറുക എന്നതാണ് ഉന്നത നിലവാരത്തിലുള്ള നന്മ. ബദ്ധശത്രു പോലും ആത്മമിത്രമായിത്തീരുന്നു എന്നതാണ് അതിന്റെ ഫലം. അറേബ്യയാകെ നബിതിരുമേനി (സ്വ) ക്കു വേണ്ടി ജീവത്യാഗം ചെയ്യാനുള്ള മാനസികാവസ്ഥയിലേക്കു പരിണമിച്ചതു തന്നെയാണ് മനുഷ്യാനുഭവ ചരിത്രത്തിലെ ഏറ്റവും മികച്ച ഉദാഹരണം.