Ongoing News
അമേരിക്കയിലെ അസ്വസ്ഥതകൾ
ട്രംപ് അനുയായികൾ യു എസ് പാർലിമെന്റായ ക്യാപിറ്റോൾ ഹില്ലിലേക്ക് ഇരച്ചുകയറിയ സംഭവം ലോകത്തുടനീളം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിയൊരുക്കിയത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുകൂലികൾ നടത്തിയ തേർവാഴ്ചയെ തുടർന്നുണ്ടായ കലാപത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്തു. പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരനാണ് ഒടുവിൽ മരിച്ചത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന കാര്യം ക്യാബിനറ്റ് ആലോചിക്കുന്നതായും സൂചനയുണ്ട്. യു എസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്രംപ് നയിക്കുന്ന ക്യാബിനറ്റിലെ അംഗങ്ങളാണ് സ്വന്തം പ്രസിഡന്റിനെ നീക്കം ചെയ്യാനുള്ള സാധ്യത പരിശോധിക്കുന്നത്.
സംഭവം ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണെന്നും വേദനാജനകമാണെന്നുമുള്ള പ്രതിഷേധങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ട്രംപ് അനുകൂലികളുടെ ധാർഷ്ട്യവും ജനാധിപത്യവിരുദ്ധതയും വലിയ രൂപത്തിൽതന്നെ ചർച്ചയായിക്കഴിഞ്ഞു. അമേരിക്കൻ നിയമത്തിലെ ചെറിയ പഴുതുകളിൽ അള്ളിപ്പിടിച്ച് അധികാര രാഷ്ട്രീയത്തിലെ ഏറ്റവും മോശമായ രീതിയിലാണ് ട്രംപ് രാഷ്ട്രീയം കളിക്കുന്നതെന്ന വിമർശനവും വന്നുകഴിഞ്ഞു. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും അതിശക്തമായി പ്രതികരിക്കുകയുണ്ടായി. ജനാധിപത്യത്തെ സംരക്ഷിക്കാൻ നല്ല മനസ്സുള്ള ജനങ്ങൾ വേണമെന്നും അധികാരത്തിനും സ്വന്തം താത്പര്യങ്ങൾക്കുമല്ലാതെ ജനങ്ങളുടെ നന്മക്കായി നിലകൊള്ളുന്ന, ഇച്ഛാശക്തിയുള്ള നേതാക്കളുണ്ടാകണമെന്നുമാണ് അദ്ദേഹം തുറന്നടിച്ചത്.
ചുരുക്കത്തിൽ ട്രംപിന് രാഷ്ട്രീയമായി വലിയ വെല്ലുവിളികളാണ് യു എസിലും അന്തർദേശീയതലത്തിലും ക്യാപിറ്റോൾ ഹിൽ സംഭവം വരുത്തിവെച്ചിരിക്കുന്നത്.