Connect with us

Travelogue

കശ്മീരിലേക്ക് ഹരിതസന്ദേശവുമായി സൈക്കിൾ സവാരി

Published

|

Last Updated

കാടും നാടും മലകളും താണ്ടി നദികളുടെ നാടായ കേരളത്തിൽ നിന്നും മഞ്ഞുപുതച്ച കശ്മീരിലേക്ക് ഒറ്റക്കൊരു യാത്ര. ഇതിലെന്ത് പുതുമ എന്ന് ചോദിക്കാൻ വരട്ടെ. ഇരുപത്തിയൊന്ന് വയസ്സ് മാത്രമുള്ള അനസിന്റെ ഈ സോളോ യാത്ര സൈക്കിളിലാണ് എന്നറിയുമ്പോഴാണ് ഇതിലെ കൗതുകം. പരിസ്ഥിതി സൗഹൃദ യാത്രകൾ പ്രോത്സാഹിപ്പിക്കാനും പ്രകൃതിയെ സംരക്ഷിക്കണമെന്ന ആശയം പകർന്നു നൽകാനും “ഗോ ഗ്രീൻ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് അനസിന്റെ ഈ യാത്ര.

കോഴിക്കോട് ടു കശ്മീർ

കോഴിക്കോട് മേത്തോട്ടുതാഴം സ്വദേശിയായ അനസിന്റെ ഏറെ കാലമായുള്ള ആഗ്രഹമായിരുന്നു ഒരു ഓൾ ഇന്ത്യ ട്രിപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും മറ്റു യാത്രികരുടെ യാത്രകൾ കാണുമ്പോഴൊക്കെ അനസിന്റെ മനസ്സ് യാത്രക്കായി വെമ്പൽ കൊണ്ടേയിരുന്നു. പ്ലസ് ടു പഠനം കഴിഞ്ഞ് മൊബൈൽ ഷോപ്പിൽ ജോലി ചെയ്ത് യാത്രക്കായുള്ള പണം സ്വരുക്കൂട്ടി.

തന്റെ യാത്ര സൈക്കിളിൽ ആകണമെന്ന നിർബന്ധം ഉള്ളതിനാൽ തന്നെ, ഒരു വർഷം മുന്പ് സെക്കന്റ് ഹാൻഡായി വാങ്ങിച്ച ഹീറോ യു ടി സൈക്കിളും വെറും മൂന്ന് ജോടി വസ്ത്രങ്ങൾ, ഒരു ടെന്റ് എന്നിവയുമെടുത്ത് ഡിസംബർ 28 ന് അനസ് കോഴിക്കോട്ടെ കടപ്പുറത്ത് നിന്നും യാത്ര തുടങ്ങി; കോഴിക്കോട് നിന്നും കന്യാകുമാരിയിലേക്ക്. അവിടെനിന്നും സ്വപ്ന ഭൂമിയായ കശ്മീരിലേക്ക്. സമയം കിട്ടുമെങ്കിൽ ഓൾ ഇന്ത്യ കറക്കം.ഭൂട്ടാൻ, നേപ്പാൾ എന്നിവയും അനസിന്റെ മനസ്സിലുണ്ട്. മൂന്ന് മാസക്കാലവും 15,000 രൂപ ചെലവുമാണ് അനസ് ഈ യാത്രക്ക് പ്രതീക്ഷിക്കുന്നത്. രാവിലെ എട്ട് മണിക്ക് യാത്ര തുടങ്ങും.
ഭക്ഷണം വഴിയോരത്തെ ഹോട്ടലിൽ നിന്നും. അല്ലെങ്കിൽ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് അനസിന്റെ നീക്കുപ്പോക്കറിഞ്ഞു ഏതെങ്കിലും യാത്രാ പ്രേമികൾ അവരവരുടെ നാടുകളിൽ ഭക്ഷണവുമായി അനസിനെ കാത്തിരിപ്പുണ്ടാകും. യാത്രയിൽ പൊതുവെ കുറച്ച് മാത്രമേ ഭക്ഷിക്കൂ. യാത്ര തടസ്സപ്പെടരുതല്ലോ. നേരം ഇരുട്ടിത്തുടങ്ങിയാൽ യാത്രാമധ്യേയുള്ള പെട്രോൾ പമ്പുകളിൽ ടെന്റടിക്കാൻ സമ്മതം ചോദിക്കും. സമ്മതിച്ചാൽ അന്നത്തെ താമസം അവിടെയാകും. ഇല്ലെങ്കിൽ അടുത്ത പള്ളികളോ ചർച്ചുകളോ തേടിപ്പോകും.
യാത്രയിലെ അനുഭവങ്ങൾ എല്ലാ ദിവസവും തന്റെ ITec Anas എന്ന യൂട്യൂബ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാനും അനസ് സമയം കണ്ടെത്തുന്നുണ്ട്. എന്ത് തടസ്സങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നാലും ലക്ഷ്യം നിറവേറ്റി മാത്രമേ മടങ്ങു എന്ന ദൃഢ പ്രതിജ്ഞയിലാണ് അനസ്.

Latest