Connect with us

Health

ഇന്റർനെറ്റ് അഡിക്ഷൻ: ചികിത്സ, കൗൺസലിംഗ്

Published

|

Last Updated

ഇന്റർനെറ്റ് അഡിക്ഷൻ തടയാൻ കോഗ്‌നിറ്റീവ് ബിഹേവിയർ തെറാപ്പി വളരെ ഫലപ്രദമാണ്. ഘട്ടംഘട്ടമായി നമ്മുടെ ചിന്തകളേയും വികാരങ്ങളേയും പ്രവർത്തനങ്ങളേയും മനസ്സിലാക്കുകയും അവയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന തെറ്റുകളെ തിരുത്തുകയും ചെയ്യുന്ന ചികിത്സയിലൂടെ ഇന്റർനെറ്റ് അഡിക്ഷനും കമ്പ്യൂട്ടർ അമിത ഉപയോഗവും ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും. അസുഖകരമായ വികാരവിചാരങ്ങൾ, മാനസികസമ്മർദം, ഉത്കണ്ഠ, വിഷാദം എന്നിവയെ നേരിടാനും ഈ തെറാപ്പി നമ്മേ പ്രാപ്തരാക്കുന്നു.
ഇന്റർനെറ്റ് വഴിയുള്ള ലൈംഗികപ്രവർത്തനങ്ങളിൽ മുഴുകുന്ന ശീലം പങ്കാളിയെ നേരിട്ടു ബാധിക്കുന്നുവെങ്കിൽ അവർ തീർച്ചയായും മനഃശാസ്ത്ര കൗൺസലിംഗിന് വിധേയമാകേണ്ടതാണ്. ഇന്റർനെറ്റിന്റെ ദുരുപയോഗത്താൽ വ്യക്തിയും പങ്കാളിയും തമ്മിലുണ്ടായ അകൽച്ച പരിഹരിക്കാൻ കൗൺസലിംഗ് ഉപകരിക്കും. അതിനുശേഷവും പ്രശ്‌നങ്ങൾ തുടരുകയാണെങ്കിൽ ഒരു മനോരോഗ വിദഗ്ധന്റെ ഉപദേശംകൂടി തേടേണ്ടതാണ്.

സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾ

മദ്യപരെയും മയക്കുമരുന്നിനടിമകളായവരെയും പുനരധിവസിപ്പിക്കാനുള്ള ധാരാളം കൂട്ടായ്മകൾ ഇന്നു നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ഇന്റർനെറ്റ് അടിമകളെ ആ ശീലത്തിൽനിന്നും പിന്തിരിപ്പിക്കാനുള്ള കൂട്ടായ്മകളൊന്നുംതന്നെ ഇതുവരെ നിലവിൽ വന്നിട്ടില്ല. സൈബർ സെക്‌സിന് അടിമയാണെങ്കിൽ നിങ്ങൾക്ക് ടെലിഫോൺ മുഖേന സെക്‌സ് അഡിക്റ്റ്‌സ് അനോനിമസ് പോലുള്ള സന്നദ്ധ കൗൺസലിംഗ് ഏജൻസികളുടെ സഹായം തേടാവുന്നതാണ്. വിഷാദം, ഉത്കണ്ഠ, മാനസികസമ്മർദം എന്നിവയാൽ വിഷമിക്കുന്നവരെ സഹായിക്കുന്ന ഒട്ടേറെ കൗൺസലിംഗ് ഏജൻസികൾ ഇന്നുണ്ട്. സൈബർ സെക്‌സിനും മറ്റു മാനസിക പ്രശ്‌നങ്ങൾക്കും അടിമകളായവരെ സഹായിക്കുന്ന ഒട്ടേറെ സന്നദ്ധസംഘങ്ങളുടെ സേവനം ഇന്ന് ഇന്റർനെറ്റിലൂം ലഭ്യമാണ്. പക്ഷേ, അവരുടെ സഹായം തേടുന്നത് ശ്രദ്ധയോടെ വേണം. നമുക്ക് നേരിട്ട് കാണാനും കേൾക്കാനും സ്പർശിക്കാനും സാധിക്കുന്ന ആളുകളാണ് ഓൺലൈൻ സുഹൃത്തുക്കളെക്കാൾ നല്ലതെന്ന യാഥാർഥ്യം നാം ഒരിക്കലും മറക്കരുത്.

കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയുടെ ഇന്റർനെറ്റ് അമിതോപയോഗം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾക്ക് അവരിൽനിന്നും കടുത്ത എതിർപ്പ് നേരിടേണ്ടിവന്നേക്കാം. എന്നാൽ അതു കാര്യമാക്കാതെ നിങ്ങൾ അവരുടെ കമ്പ്യൂട്ടറിലെ പ്രവൃത്തികൾ നിരീക്ഷിച്ചുകൊണ്ടിരിക്കണം.
ഇന്റർനെറ്റ് അഡിക്്ഷന്റെ ലക്ഷണങ്ങൾ കാണിക്കുന്ന നിങ്ങളുടെ കുട്ടിയെ രക്ഷിക്കാൻ നിങ്ങൾ ചെയ്യേണ്ടത്:

• മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടൽ
മറ്റു പ്രവൃത്തികളിലും വിനോദങ്ങളിലും ഏർപ്പെടാൻ കുട്ടിയെ പ്രേരിപ്പിക്കുന്നതിലൂടെ ഇന്റർനെറ്റ് അഡിക്ഷൻ തടയാവുന്നതാണ്.

• കമ്പ്യൂട്ടർ ഉപയോഗം നിരീക്ഷിക്കൽ
വീട്ടിലെ മറ്റ് അംഗങ്ങൾ കാണുന്ന സ്ഥലത്തായിരിക്കണം കമ്പ്യൂട്ടറിന്റെ സ്ഥാനം. അതിലൂടെ കുട്ടിയുടെ നീക്കങ്ങൾ മനസ്സിലാക്കാനും അവർ ഇന്റർനെറ്റ് ഉപയോഗത്തിനുള്ള മുൻ നിശ്ചിത സമയക്രമം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും നിങ്ങൾക്ക് സാധിക്കുന്നു.

• സ്മാർട്ട്‌ഫോൺ ഉപയോഗം നിയന്ത്രിക്കൽ
നിങ്ങളുടെ കുട്ടിയുടെ കൈവശം സ്മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ അവരുടെ ഇന്റർനെറ്റ് ഉപയോഗം നേരിട്ട് നിരീക്ഷിക്കാൻ സാധിക്കില്ല. എന്നാൽ, കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാങ്കേതികവിദ്യകൾ ഇന്നു നിലവിലുണ്ട്. വാഹനങ്ങളിലും മറ്റും സഞ്ചരിക്കുമ്പോഴും വീടിന് പുറത്ത് പോകുമ്പോഴും കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും അതിലുൾപ്പെടുന്നു.

• പ്രശ്‌നങ്ങൾ ചോദിച്ചറിയൽ
അമിതമായ കമ്പ്യൂട്ടർ ഉപയോഗം ചില കടുത്ത മാനസികപ്രശ്‌നങ്ങളുടെ ലക്ഷണമാണ്. നിങ്ങളുടെ കുട്ടിക്ക് അത്തരം പ്രശ്‌നങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് നിങ്ങൾ ചോദിച്ചു മനസ്സിലാക്കുക. ഉണ്ടെങ്കിൽ വിദഗ്ധരുടെ സഹായം തേടുക.

• ഉപദേശവും കൗൺസലിംഗും
ഇന്റർനെറ്റ് അമിതോപയോഗം തടസ്സപ്പെടുത്തുന്ന രക്ഷിതാക്കളോട് കൗമാരക്കാർ വളരെ പരുഷമായി പെരുമാറിയേക്കാം. എന്നാൽ, അക്കാര്യത്തെക്കുറിച്ച് അവരുടെ അധ്യാപകരോ, അവർ ബഹുമാനിക്കുന്ന മുതിർന്ന വ്യക്തികളോ, കുടുംബ സുഹൃത്തോ, ഡോക്ടറോ ഉപദേശിക്കുകയാണെങ്കിൽ കുട്ടികളുടെ മനോഭാവം മാറിയേക്കാം. നിങ്ങൾക്ക് കുട്ടിയെപ്പറ്റി കടുത്ത ആശങ്കയുണ്ടെങ്കിൽ കൗൺസലിംഗ് ഉൾപ്പെടെയുള്ള വിദഗ്ധ സഹായം തേടാനും മടിക്കരുത്.

Latest