Connect with us

Articles

മാന്ദ്യവിരുദ്ധം; ഊര്‍ജദായകം

Published

|

Last Updated

മാനവിക സൂചികയില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒന്നാം സ്ഥാനത്താണ്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുവിതരണം എന്നീ മേഖലകളില്‍ കേരളത്തിലെ ഭരണകൂടങ്ങള്‍ ജനപങ്കാളിത്തത്തോടെ നടത്തിയ ഇടപെടലുകളും ഭൂപരിഷ്‌കരണം പോലെയുള്ള പുനര്‍വിതരണ നടപടികളുമാണ് കേരളത്തിന് ഉയര്‍ന്ന മാനവിക വികസന സൂചികകള്‍ നേടിക്കൊടുത്തത്. ജനങ്ങള്‍ക്ക് തുല്യ സാമൂഹിക വികസനവും തുല്യ അവസരവും ഉറപ്പുവരുത്താനും കൂടുതല്‍ ഉയര്‍ന്ന സാമൂഹിക പുരോഗതി നേടാനും കേരളത്തിന്റെ ഉത്പാദന മേഖല വികസിക്കേണ്ടതായിട്ടുണ്ട്. ഉയര്‍ന്ന സാമൂഹിക പുരോഗതി നേടാനായെങ്കിലും അത്തരത്തില്‍ ഒരു വളര്‍ച്ച കേരളത്തിന്റെ ഉത്പാദന മേഖലയില്‍ ഉണ്ടായിട്ടില്ല എന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ട വസ്തുത. ഉയര്‍ന്ന സാമൂഹിക പുരോഗതി നിലനിര്‍ത്തിക്കൊണ്ടു തന്നെ ഉത്പാദന പ്രതിസന്ധി പരിഹരിച്ച് ഉയര്‍ന്ന സാമ്പത്തിക വികസനം നേടിയെടുക്കുക എന്ന ദൗത്യമാണ് നമുക്ക് മുന്നിലുള്ളത്.

2021-22 സാമ്പത്തിക വര്‍ഷത്തേക്ക് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് അവതരിപ്പിച്ച കേരള ബജറ്റ് ഈ അര്‍ഥത്തില്‍ വികസനോന്മുഖമാണ്. കേരളം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അവസരത്തിലാണ് ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. 2020-21 വരെ സംസ്ഥാനത്തിന്റെ ശരാശരി വളര്‍ച്ചാ നിരക്ക് 5.9 ശതമാനം ഉണ്ട് എങ്കിലും കൊവിഡ് ഉയര്‍ത്തിയ സാമ്പത്തിക പ്രതിസന്ധി വളര്‍ച്ചാ നിരക്കില്‍ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. വളര്‍ച്ചാ നിരക്കില്‍ വന്ന ഇടിവും കേന്ദ്ര സര്‍ക്കാറിന്റെ വിവേചനപരമായ നിലപാടും കേരള സര്‍ക്കാറിന്റെ ധനകാര്യ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നു. അനിവാര്യമായ ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും തൊഴില്‍, ചെറുകിട കച്ചവടം, പരമ്പരാഗത വ്യവസായം എന്നീ മേഖലകളെ തകര്‍ത്തു. വിദ്യാഭ്യാസം, തൊഴില്‍, സമൂഹത്തിലുള്ള ഇടപെടല്‍ തുടങ്ങി മലയാളിയുടെ എല്ലാ ജീവിത പരിസരങ്ങളിലും കൊറോണ ഒരു കടുത്ത പ്രതിസന്ധിയായി ഇരുള്‍ പരത്തി നില്‍ക്കുന്നു. ഈ അവസരത്തിലാണ് കേരളത്തിന്റെ സമഗ്ര സാമൂഹിക സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ ഇന്നത്തെ ചുറ്റുപാടില്‍ ധനമന്ത്രി അവതരിപ്പിച്ച ബജറ്റിനെ വിശകലനം ചെയ്യുകയാണ് ഇവിടെ.

റവന്യൂ വരുമാനവും മൂലധന വരുമാനവും ഉള്‍പ്പെടുന്നതാണ് സംസ്ഥാനങ്ങളുടെ മൊത്തം വരുമാനം. സംസ്ഥാനങ്ങളുടെ തനത് നികുതി- നികുതിയേതര വരുമാനം, കേന്ദ്ര നികുതിയിലെ സംസ്ഥാന വിഹിതം, മറ്റു കേന്ദ്ര ഗ്രാന്റുകള്‍, സഹായങ്ങള്‍ എന്നിവ ചേരുന്നതാണ് സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം. സംസ്ഥാന സര്‍ക്കാറിന്റെ തനതായ വരുമാനത്തില്‍ നിന്നുകൊണ്ട് ചെലവുകള്‍ പൂര്‍ണമായും നിര്‍വഹിക്കാന്‍ ആകുകയില്ല എന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. അതോടൊപ്പം സംസ്ഥാനത്തിന്റെ ചെലവ് ഇനങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. സര്‍ക്കാറിന്റെ മൊത്തം ചെലവിനെ മൂലധന ചെലവുകള്‍ എന്നും റവന്യൂ ചെലവുകള്‍ എന്നും വേര്‍തിരിക്കാം. പലിശ, ശമ്പളം, പെന്‍ഷന്‍ തുടങ്ങിയവയെല്ലാം റവന്യൂ ചെലവുകളാണ്. സര്‍ക്കാറിന്റെ മുതല്‍ മുടക്കുകളാണ് മൂലധന ചെലവുകള്‍. കേരളത്തിന്റെ കാര്യത്തില്‍ 16 ശതമാനമാണ് മൊത്തം ചെലവില്‍ ഉള്ള വര്‍ധന. കേരളത്തില്‍ റവന്യൂ ചെലവ് 16 ശതമാനവും മൂലധന ചെലവ് 22 ശതമാനവുമാണ് വര്‍ധിച്ചത്. കിഫ്ബി വഴിയുള്ള ചെലവുകള്‍ കൂടി കണക്കിലെടുത്താല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂലധന ചെലവിന്റെ വര്‍ധന ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്ന് കാണാനാകും.

മൂലധന ചെലവില്‍ ഉണ്ടാകുന്ന വര്‍ധന സംസ്ഥാനത്തെ ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കും. അത് സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കും. സര്‍ക്കാറിന്റെ തനത് വരുമാനം ഉയര്‍ത്തും. ചെലവുകള്‍ നിയന്ത്രിച്ച് കമ്മി കുറക്കണം എന്ന ധനകാര്യ മൗലിക വാദത്തേക്കാളും എന്തുകൊണ്ടും അഭികാമ്യം കമ്മി നിലനിര്‍ത്തി വാങ്ങല്‍ ശേഷി വര്‍ധിപ്പിച്ച് സമ്പദ് ഘടനയിലെ പ്രതിസന്ധി പരിഹരിക്കുക എന്നതാണെന്ന് വിഖ്യാത മുതലാളിത്ത സാമ്പത്തിക വിദഗ്ധനായ ജോണ്‍ മെയ്‌നാഡ് കെയിന്‍സ് അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രതിസന്ധി കാലത്ത് പൊതു ചെലവുകള്‍ ഉയര്‍ത്തുക എന്നതാണ് ഇപ്പോഴത്തെ ബജറ്റിന്റെ കാഴ്ചപ്പാട്. എല്ലാ ക്ഷേമ പെന്‍ഷനുകളും 1,600 രൂപയായി വര്‍ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിക്കുന്നതിന് കാരണമാകും. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 1,000 കോടി രൂപ അധികമായി അനുവദിക്കുന്നത് സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ വാങ്ങല്‍ ശേഷി ഉയര്‍ത്തും. മൂന്ന് ലക്ഷം അഭ്യസ്തവിദ്യര്‍ക്കും അഞ്ച് ലക്ഷം തൊഴില്‍ രഹിതര്‍ക്കും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സംസ്ഥാനത്തിന്റെ ഉയര്‍ന്ന തൊഴിലില്ലായ്മ പരിഹരിക്കാനുള്ള കര്‍മ പദ്ധതിയാണ്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതും അവസരങ്ങള്‍ ഉയര്‍ത്തുന്നതും സംസ്ഥാനത്തിന്റെ ബിസിനസ് രംഗത്തിന് പുതിയ ഉണര്‍വ് പ്രദാനം ചെയ്യും. ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍വകലാശാലകള്‍ പുനരുദ്ധരിക്കുന്നതിനും പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ആവിഷ്‌കരിച്ച പദ്ധതി, ആരോഗ്യ രംഗത്തെ കര്‍മ പദ്ധതി എന്നിവ ഈ രീതിയില്‍ മാന്ദ്യവിരുദ്ധ പദ്ധതികളാണെന്ന് കാണാനാകും.

ധന ഉത്തരവാദിത്വ നിയമത്തിന്റെ നിബന്ധനകള്‍ പ്രകാരം സംസ്ഥാനത്തിന്റെ അനുവദനീയമായ കമ്മി നിലനിര്‍ത്തണമെങ്കില്‍ വികസന ചെലവുകള്‍ നിയന്ത്രിക്കേണ്ടതായി വരും. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ ബജറ്റിന് പുറത്ത് വിഭവ സമാഹരണം നടത്തി പശ്ചാത്തല സൗകര്യ വികസനം സാധ്യമാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ആവിഷ്‌കരിച്ച നൂതനമായ ഒരു കര്‍മ പദ്ധതിയാണ് കിഫ്ബി. പൊതുമരാമത്ത്, വ്യാവസായിക പശ്ചാത്തല സൗകര്യം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, കുടിവെള്ളം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ 60,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഈ പശ്ചാത്തല സൗകര്യ വികസനം കൂടുതല്‍ സ്വകാര്യ നിക്ഷേപം സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ കാരണമാകും.

മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 25-30 ശതമാനം സംഭാവന ചെയ്യുന്നത് പ്രവാസികളാണ്. എന്നാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് വ്യക്തമായ കര്‍മ പദ്ധതികളുണ്ട്. കേരളത്തിലെ അതീവ ദരിദ്രരായവരെ അഞ്ച് വര്‍ഷം കൊണ്ട് ദാരിദ്ര്യ രേഖക്ക് മുകളില്‍ എത്തിക്കാന്‍ ആലപ്പുഴ ജില്ലയിലെ ഒരു അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വിഭാവനം ചെയ്ത കര്‍മ പദ്ധതി ഈ ബജറ്റിന്റെ മാത്രം പ്രത്യേകതയാണ്. റബ്ബറിനും വയനാടന്‍ കാപ്പിക്കും ഏര്‍പ്പെടുത്തിയ താങ്ങുവില, നെല്‍കൃഷിക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങളും മറ്റു പ്രോത്സാഹനങ്ങളും ഏറെ പ്രതിസന്ധിയില്‍ ആയിരുന്ന കാര്‍ഷിക രംഗത്തെ പുനരുജ്ജീവിപ്പിക്കും. നാഗരിക തൊഴിലില്ലായ്മ പരിഹരിക്കാന്‍ ലക്ഷ്യമിടുന്ന അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് ആകെ അടങ്കല്‍ ആയി 200 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പരമ്പരാഗത തൊഴില്‍ മേഖലകള്‍ക്ക് പ്രത്യേക പരിഗണന ഈ ബജറ്റ് നല്‍കുന്നുണ്ട്. വിശപ്പുരഹിത കേരളം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ആയിരത്തിലധികം ഹോട്ടലുകളാണ് ആരംഭിച്ചത്. ആ പദ്ധതി കൂടുതല്‍ വിപുലമാക്കിയിട്ടുണ്ട്. കേരളം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജനങ്ങളുടെ വരുമാന ശോഷണം തടയുകയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും വേണം. ഇതോടൊപ്പം ഇതുവരെ വികസനത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങളെ വികസനത്തിന്റെ ഭാഗമാക്കണം. ആഗോള പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കണം. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന സാമൂഹിക വികസനവും ഒരുമിച്ച് ഉറപ്പ് വരുത്തണം. അതിനുള്ള ശ്രമമാണ് ഈ ബജറ്റ് എന്ന് കാണാനാകും.