Connect with us

Cover Story

മരണത്തിന് ഒരു ഫ്രെയിം

Published

|

Last Updated

തിരൂരിലെ ബാപ്പു സ്റ്റുഡിയോയിലേക്ക് മുഹമ്മദ് ബാപ്പുവെന്ന ഫോട്ടോഗ്രാഫറെ തിരക്കി പോലീസ് എത്തുമ്പോൾ പത്ത് വയസ്സുകാരൻ പയ്യൻ മാത്രമായിരുന്നു സ്റ്റുഡിയോയിലുണ്ടായിരുന്നത്. നിരാശയോടെ മടങ്ങാനിരുന്ന പോലീസുകാരോട് പയ്യൻ ആവശ്യം തിരക്കി. പുറത്തൂരിൽ പുഴയോരത്തടിഞ്ഞ അജ്ഞാത മൃതദേഹം പോലീസ് നടപടികളുടെ ഭാഗമായി ഫോട്ടോ എടുക്കാൻ ആളെ തിരക്കി വന്നതാണെന്നറിയിച്ചു. അഴുകിയ മൃതദേഹമായതിനാൽ കൂടുതൽ താമസിപ്പിക്കാനാകില്ല. വിരലിലെണ്ണാവുന്ന ഫോട്ടോഗ്രാഫർമാർ മാത്രമുള്ള തിരൂരിൽ അന്ന് ഇത്തരം ഫോട്ടോകളെടുക്കാൻ അധികമാരും മുന്നോട്ട് വരാറില്ല. നിസ്സഹായരായി നിൽക്കുന്ന പോലീസുകാർക്കൊപ്പം അന്ന് ആ അഞ്ചാം ക്ലാസുകാരൻ ബാലൻ യാഷിക ഡി ക്യാമറയും തൂക്കിയിറങ്ങി. പോലീസുകാർ ആശ്ചര്യത്തോടെ നോക്കിയെങ്കിലും യാതൊരു ഭാവമാറ്റവുമില്ലാതെ പോലീസ് ജീപ്പിൽ കയറി നേരെ പുറത്തൂർ പുഴയോരത്തേക്ക് നീങ്ങി. ജീപ്പിൽ നിന്നിറങ്ങി ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി പോലീസ് അകമ്പടിയോടെ മൃതദേഹത്തിനരികിലേക്ക് നീങ്ങുമ്പോൾ വലിയ ക്യാമറയുമായെത്തിയ ആ കൊച്ചു പയ്യനായിരുന്നു ശ്രദ്ധാ കേന്ദ്രം. അഴുകിയ മൃതശരീരം കണ്ട് ഒരു നിമിഷം പകച്ചു നിന്നെങ്കിലും സമനില വീണ്ടെടുത്ത് നിർദേശിച്ച രീതിയിലെല്ലാം ഫോട്ടോ പകർത്തി പോലീസുകാരെ അമ്പരപ്പിച്ചു. തിരികെ നടക്കുമ്പോൾ ആ മുഖത്ത് വേണ്ടത്ര തെളിച്ചമില്ലായിരുന്നു. ചങ്ങാത്തം ക്യാമറകളോടായിരുന്നെങ്കിലും ജീവിതത്തിലെ ആദ്യ നിയോഗം അപ്രതീക്ഷിതമായതിനാൽ പിതാവിൽ നിന്ന് പഠിച്ചെടുത്ത പാഠങ്ങൾ ഒരാവർത്തിയെങ്കിലും നോക്കിവെക്കാൻ സമയം അനുവദിച്ചിരുന്നില്ല. അതിനാൽ എടുത്ത ഫോട്ടോകൾ പേപ്പറിൽ പതിയും വരെ ആ മനസ്സ് അശാന്തമായിരുന്നു. അതിലുപരി പിതാവിന്റെ പ്രതികരണം എന്താകുമെന്ന ആകുലതയും അവനെ പിടിച്ചുലച്ചിരുന്നു. തിരിച്ച് സ്റ്റുഡിയോയിലെത്തുമ്പോൾ ഒരു ചെറു പുഞ്ചിരിയോടെയാണ് പിതാവ് എതിരേറ്റത്. തന്റെ വഴിയും ഇതുതന്നെയെന്ന് ആ മകനോട് പിതാവ് പറയാതെ പറയുകയായിരുന്നു. ഡാർക്ക് റൂമിൽ നിന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ തെളിഞ്ഞു വന്നപ്പോൾ ആ കുഞ്ഞു മനസ്സിൽ ഒരായിരം ഫ്ലാഷ് ലൈറ്റുകൾ ഒന്നിച്ചു മിന്നി.
അതൊരു തുടക്കമായിരുന്നു. അധികമാരും നടന്നു നീങ്ങാത്ത വഴിയിലൂടെയുള്ള അബ്ദുർറശീദ് ബാവയെന്ന ഫോട്ടോഗ്രാഫറുടെ യാത്രയുടെ തുടക്കം. അരനൂറ്റാണ്ട് പിന്നിട്ട ഈ യാത്രയിലുടനീളം ആ ക്യാമറക്കണ്ണിലൂടെ കണ്ടുതീർത്ത കാഴ്ചകളത്രയും ഹൃദയ ഭേദകമായിരുന്നു.

പിതാവിന്റെ വഴിയേ…

സ്‌കൂൾ പഠനകാലത്ത് തിരൂർ സിറ്റി ജംഗ്ഷനിലെ ബാപ്പു സ്റ്റുഡിയോയിൽ പിതാവിന്റെ സഹായിയായി തുടങ്ങിയതാണ് ബാവാക്കയുടെ പടംപിടിത്തം. പിന്നീട് പഠന ശേഷം ജീവിതത്തിൽ മറ്റൊരു ജോലിയെക്കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ല. ഉപ്പയുടെ ഉപ്പ അബ്ദുർറഹ്മാനും ഫോട്ടോഗ്രാഫറായിരുന്നു. തിരൂരിലെ അദ്ദേഹത്തിന്റെ റഹ്മാൻ സ്റ്റുഡിയോയിൽ നിന്നാണ് പിതാവ് ബാപ്പു ഫോട്ടോഗ്രഫി പഠിച്ചത്. തുടർന്ന് 1951ൽ നഗരത്തിൽ തന്നെ ബാപ്പു സ്റ്റുഡിയോ എന്ന പേരിൽ പുതിയ സ്റ്റുഡിയോ ആരംഭിച്ചു. ഇവിടെ നിന്നാണ് ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങൾ പഠിച്ച് റശീദ് ബാവ വളർന്നത്്. നിറമുള്ള ജീവിതങ്ങളും സന്തോഷ നിമിഷങ്ങളും മാത്രമായിരുന്നില്ല ബാവാക്കയുടെ ക്യാമറയിൽ പതിഞ്ഞത്. ഉറ്റവരില്ലാതെ വഴിയിൽ വീണതും അപകടങ്ങളിൽ പൊലിഞ്ഞതും വെട്ടിയരിയപ്പെട്ടതും പാതിയിൽ അവസാനിപ്പിച്ചതും ദുരൂഹമായിത്തീർന്നതുമെല്ലാമായി ആയിരക്കണക്കിന് ജന്മങ്ങളുടെ വേദന നിറഞ്ഞ കാഴ്ചകളാണ് അരനൂറ്റാണ്ടിനിടെ ബാവാക്ക ക്യാമറക്കണ്ണിലൂടെ കണ്ടുതീർത്തത്.

ഇരുണ്ട
കാഴ്ചകൾ

ഫോട്ടോ പകർത്താൻ ആരും അറച്ചു നിൽക്കുന്ന ഘട്ടങ്ങളിൽ ഒരു മടിയും കൂടാതെ ബാവാക്കയെത്തും. ഏത് അഴുകിയ മൃതദേഹമാണെങ്കിലും പതറാതെ വളരെ വ്യക്തതയോടെ ബാവാക്കയുടെ ഫ്ലാഷ് മിന്നും. പല കേസുകളിലും നിർണായക തെളിവായി മാറിയ മൃതദേഹങ്ങളുടെ ഫോട്ടോ അവ്യക്തമായാലുള്ള ഭവിഷത്തുകളെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാം. പോസ്റ്റ്മോർട്ടം കഴിഞ്ഞ് സംസ്‌കരിച്ചു കഴിഞ്ഞാൽ പിന്നീടൊരു ഫോട്ടോ ഷൂട്ട് അസാധ്യമാണ്. അതിനാൽ ജീവിച്ചിരിക്കുന്നവരെ ഫോട്ടോ എടുക്കുന്നതിനേക്കാൾ സൂക്ഷ്മത മൃതദേഹങ്ങൾ പകർത്തുമ്പോൾ വേണമെന്ന് ബാവാക്ക പറയുന്നു. അപകട സ്ഥലങ്ങളിൽ ഫോട്ടോ എടുക്കുകയയെന്ന ഉത്തരവാദിത്വം മാത്രം നിർവഹിച്ച് അദ്ദേഹം മാറിനിൽക്കാറില്ല. അവിടെ ആവശ്യമായ സേവനങ്ങൾക്കെല്ലാം അദ്ദേഹം മുന്നിട്ടിറങ്ങും. അപകടങ്ങളിൽ പെടുന്ന മൃതദേഹങ്ങൾ പലപ്പോഴും പലഭാഗങ്ങളായി ചിതറിയിട്ടുണ്ടാകും. അതെല്ലാം ചേർത്തു വെക്കുമ്പോഴും തന്നിൽ വന്നുചേർന്ന ദൗത്യത്തിൽ വ്യാപൃതനാണദ്ദേഹം.

തിരൂരിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അബ്ദുർറശീദ് ബാവയെ ആദരിക്കുന്നു (ഫയൽ ചിത്രം)

മനസ്സിൽ മായാതെ…

ജനറേഷനനുസരിച്ച് ക്യാമറകൾ പുതുക്കുമെങ്കിലും ബാവയുടെ ഫ്രെയിമിൽ പതിയുന്നത് അധികവും ദൈന്യതയുടെ ചിത്രങ്ങളാണ്. നിരന്തരം കണ്ടു മരവിച്ചതിനാൽ എത്ര വികൃതമായ മൃതശരീരമായാലും ഭീതിയോ മടിയോ കൂടാതെയാണ് റശീദ് ബാവ പകർത്തുന്നത്. ക്യാമറക്കണ്ണിൽ മിന്നിമറയുന്ന ദൃശ്യങ്ങളൊരിക്കലും മനസ്സിലേക്കെടുക്കാറില്ല. എന്നാൽ, ഫോട്ടോ പകർത്തുമ്പോൾ മനസ്സ് പതറിയ രംഗങ്ങളും ബാവാക്കയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അത്തരമൊരു സംഭവമാണ് വർഷങ്ങൾക്ക് മുമ്പ് ട്രെയിനിന് മുമ്പിൽ ചാടിയ യുവതിയുടെ ചിത്രം. അന്ന് രാവിലെ സ്റ്റേഷനിൽ നിന്ന് വിളിയെത്തിയപ്പോൾ പതിവുപോലെ ക്യാമറയുമായി പോയി. തിരുന്നാവായയിലായിരുന്നു ആ ദാരുണ സംഭവം. റെയിൽവേ പാളത്തിലിരുന്ന യുവതിയുടെ മുകളിലൂടെ ട്രെയിൻ കയറിയിറങ്ങുകയായിരുന്നു. ദാരുണവും ഭീതിജനകവുമായിരുന്നു ആ കാഴ്ച. ശരീരം ഛിന്നഭിന്നമായി ചിതറിത്തെറിച്ചു. ആരും അടുക്കാൻ തയ്യാറാകാത്ത സാഹചര്യം. പരിസരങ്ങളിലങ്ങിങ്ങായി ചിതറിയ ശരീരഭാഗങ്ങൾ ചേർത്തുവെക്കാൻ ക്യാമറ മാറ്റിവെച്ച് പോലീസുകാർക്കൊപ്പം ബാവാക്കയുമിറങ്ങി.

പോലീസുകാരുടെ മൂന്നാം കണ്ണ്

പോലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിൽ മാറിവരുമെങ്കിലും ഫോട്ടോ എടുക്കാൻ ബാവാക്കക്ക് തന്നെയാണ് ഇപ്പോഴും വിളിയെത്തുന്നത്. മൃതദേഹങ്ങളുടെ ഫോട്ടോ എടുക്കുന്നതിലെ ബാവാക്കയുടെ വൈദഗ്ധ്യവും അനുഭവവും പോലീസുകാർക്ക് പലപ്പോഴും അനുഗ്രഹമായിട്ടുണ്ട്. മൃതദേഹം ഫോട്ടോ എടുക്കാൻ ബാവാക്കക്ക് പ്രത്യേക നിർദേശങ്ങൾ ആവശ്യമില്ല. ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾക്കപ്പുറം അസ്വാഭാവികമായി കാണുന്നതെല്ലാം ക്യാമറയിൽ പകർത്തുകയും അത് സൂക്ഷിച്ചുവെക്കുകയും ചെയ്യും. പല കേസുകളിലും അത്തരം ഫോട്ടോകൾ പോലീസിന് സഹായകരമായിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് താനൂരിൽ കുളത്തിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം ഇൻക്വസ്റ്റിന്റെ ഭാഗമായി ഫോട്ടോ എടുത്തത് ബാവാക്കയായിരുന്നു. പ്രത്യക്ഷത്തിൽ കാര്യമായ പരുക്കുകളോ അസ്വാഭാവികതയോ മൃതദേഹത്തിലുണ്ടായിരുന്നില്ല. എന്നാൽ, തലക്ക് ഗുരുതരമായ പരുക്കുണ്ടെന്നും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കേസ് കൊലപാതകത്തിലേക്ക് വഴിമാറിയപ്പോൾ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഫോട്ടോകൾ ആവശ്യപ്പെട്ട് സ്റ്റേഷനിൽ നിന്ന് വിളിയെത്തി. ക്ഷതമേറ്റെന്ന് കണ്ടെത്തിയ ഭാഗങ്ങളെല്ലാം നേരത്തേ തന്നെ പകർത്തിയ ബാവാക്കയുടെ ഇടപെടൽ കേസന്വേഷണത്തിൽ വലിയ മുതൽക്കൂട്ടായിരുന്നു. സന്ദർഭോചിതമായി ഫോട്ടോ എടുക്കുന്നതിൽ ബാവാക്കയുടെ വൈഭവം പ്രശംസനീയമാണ്. ഇക്കാരണങ്ങൾ കൊണ്ട് തന്നെയാണ് പോലീസുകാർക്ക് അദ്ദേഹം പ്രിയങ്കരനായത്.

തിരൂർ പോലീസ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ സി ഐ. ടി പി ഫർഷാദ് അബ്ദുർറശീദ് ബാവക്ക് ഉപഹാരം നൽകുന്നു. എസ് ഐ ജലീൽ കറുത്തേടത്ത് സമീപം.

ഏത് സമയം വിളിച്ചാലും പ്രതിഫലമാഗ്രഹിക്കാതെ ബാവാക്ക ഓടിയെത്തും. ഇതൊരു നിയോഗമായിട്ടാണ് അദ്ദേഹം കാണുന്നത്. നിയമ നടപടികളുടെ ഭാഗമാണ് മൃതദേഹത്തിന്റെ ഫോട്ടോ പകർത്തുന്നത്. അസ്വാഭാവിക മരണങ്ങളിലെല്ലാം മൃതദേഹത്തിന് നീതി ലഭിക്കാൻ ഈ പടങ്ങൾ അനിവാര്യ ഘടകമാണ്. എന്നാൽ ഇത്തരം ഘട്ടങ്ങളിൽ ഫോട്ടോ എടുക്കാൻ പലരും വിമുകത കാണിക്കുന്നത് മൃതദേഹത്തെ അനാദരിക്കുന്നതിന് തുല്യമാണെന്നാണ് ബാവാക്കയുടെ പക്ഷം. അതിനാൽ തന്നെ ഏത് തിരക്കിലാണെങ്കിലും പോലീസ് സ്‌റ്റേഷനിൽ നിന്ന് വിളിയെത്തിയാൽ ബാവാക്ക ഓടിയെത്തും. മൃതദേഹങ്ങൾ ഫോട്ടോ എടുത്ത് പടം ഏൽപ്പിക്കുന്നതോടെ തീരുന്നതല്ല ഈ ഫോട്ടോഗ്രാഫറുടെ ഉത്തരവാദിത്വം. പലപ്പോഴും പലതവണ കോടതികൾ കയറിയിറങ്ങേണ്ടിയും വരും. അതിനായി വിലപ്പെട്ട സമയവും ജോലിയും മാറ്റിവെക്കേണ്ടിവരും. എങ്കിലും അതൊരു പ്രയാസമായിക്കാണാതെ മരണാനന്തരം ലഭിക്കേണ്ട അവകാശങ്ങൾക്കായി ബാവാക്ക എന്നും പോലീസുകാർക്കൊപ്പമുണ്ട്.

ഭാര്യ റസിയയും മക്കളായ ജൈസൽ, ശൈജൽ ജസീല, സജ്‌ന എന്നിവരും പിതാവിന്റെ സേവന മനസ്സിന് പിന്തുണയുമായി കൂടെയുണ്ട്. ചെറുപ്രായത്തിൽ തന്നെ ഫോട്ടോ പിടിത്തം ജീവിത മാർഗമാക്കിയ പിതാവിനൊപ്പം സഹായിയായി ഫോട്ടോഗ്രഫി ജീവിതം തുടങ്ങിയ ബാവാക്ക ഇന്ന് 69 ന്റെ നിറവിലാണ്. അബ്ദുർറശീദ് ബാവ ക്യാമറ ഇന്നും താഴെ വെച്ചിട്ടില്ല. പ്രായം തളർത്താത്ത സേവന മനസ്സുമായി പോലീസിന്റെ വിളിക്ക് കാതോർത്ത് അദ്ദേഹം തിരൂർ നടുവിലങ്ങാടിയിലെ പാലക്കവളപ്പിൽ വീടിന്റെ ഉമ്മറത്ത് നിൽപ്പുണ്ട്; ഫ്ലാഷ് ഓൺ ചെയ്ത് വ്യൂഫൈൻഡറിൽ കണ്ണുറപ്പിച്ച് ജാഗരൂകനായി.

.

മലപ്പുറം

Latest