Connect with us

Ongoing News

വീണ പൂവല്ല വീഴാത്ത പൂവ്

Published

|

Last Updated

കൃതികൾ തമ്മിൽ ആവുന്നത്ര ആവർത്തിച്ചുരച്ചു നോക്കി ഉദാത്തതയും അനുദാത്തതയും കണ്ടെത്തുന്ന ഒരു പഴയ മാതൃകയുണ്ട് സാഹിത്യ നിരൂപണത്തിൽ. ഉരകല്ല് സിദ്ധാന്തം (tuch Stone theary). ഒന്നിനെ മറ്റൊന്നിനോട് താരതമ്യം ചെയ്ത് ഒന്നിന്റെ ശ്രേഷ്ഠതയെ കണ്ടെത്തുന്ന ഒരു വായനാരീതിയാണിത്.

മോഹനകൃഷ്ണൻ കാലടിയുടെ വീഴാത്ത പൂവ് കണ്ടപ്പോഴാണ് ആശാന്റെ വീണപൂവിനെക്കുറിച്ചോർത്തത്. വീഴാത്ത പൂവിനെ കാണുമ്പോൾ സ്വാഭാവികമായും വീണപൂവ് ഓർമയിൽ വിടരും. ഒന്ന് ആധുനികതയിൽ വിരിഞ്ഞ പൂവാണെങ്കിൽ മറ്റേത് ഉത്തരാധുനികതയിൽ വിടർന്ന പൂവാണ്. ഇവിടെ ഉരച്ചു നോക്കുന്നത് ഉദാത്തതയും അനുദാത്തതയുമല്ല. രണ്ട് കാലത്തെ രണ്ട് ഭാവുകത്വത്തെയും അതിന്റെ സവിശേഷതകളെയുമാണ്.
ആധുനിക സൗന്ദര്യബോധവുമായി ബന്ധപ്പെട്ടതാണ് ആശാന്റെ വീണപൂവ്. സൗന്ദര്യശാസ്ത്രം (Aesthetics) തന്നെയും ആധുനികമാണ്. ആധുനികതക്ക് മുമ്പുള്ള കാവ്യശാസ്ത്രത്തിൽ നിന്ന് വ്യത്യസ്തമാണത്. മനുഷ്യനെ ആത്മീയമായ ഒരു ഏകകമായി കാണുന്നതിനു പകരം ഭൗതികവും സാമൂഹികവും രാഷ്ട്രീയവുമായ കർത്തൃത്വമുള്ള ആധുനിക വ്യക്തിയായി കാണുന്നുവെന്നതാണ് ആധുനിക സൗന്ദര്യ ശാസ്ത്രത്തിന്റെ സവിശേഷത. എന്നാൽ, ആധുനികത പിൽക്കാലത്ത് പ്രശ്നവത്കരിക്കപ്പെടുകയുണ്ടായി. വ്യവസായാനന്തര സമൂഹം എന്ന് ഡാനിയൽബൽ ആധുനിക ഭാവുകത്വത്തെ വിശേഷിപ്പിക്കുന്നുണ്ട്. ഏറ്റവും പുരോഗമനമെന്നെണ്ണിയ ഒരു സൗന്ദര്യ ശാസ്ത്രം ഉത്തരാധുനിക കാലഘട്ടത്തിൽ പ്രശ്നവത്കരിക്കപ്പെടുന്നു. രണ്ട് കവിതകളെയല്ല രണ്ട് ഭാവുകത്വങ്ങളെയാണ് ഇവിടെ താരതമ്യം ചെയ്യുന്നത്.
അധഃസ്ഥിതമായ ഒരു ജീവിതാവസ്ഥയെ ആവിഷ്കരിക്കാൻ ശ്രമിക്കുന്ന സരളമെങ്കിലും ശക്തമായ കവിതയാണ് മോഹനകൃഷ്ണൻ കാലടിയുടെ വീഴാത്ത പൂവ്.

വേലിപ്പടർപ്പിലൊരു പൂവുണ്ട്
വഴിയെ പോകുന്നവർക്കെല്ലാം
മഞ്ഞുനീരിൽ കുതിർന്ന മന്ദസ്മിതം
കൈമാറുന്ന ചെറിയ പൂവ്

കാറ്റിന് അതിന്റെ വാസന ഇഷ്ടമല്ല
പാവം തോന്നിയിട്ടായിരിക്കണം
ആരും അതിനെ നുള്ളിയെടുക്കാറില്ല.
സ്കൂൾ കുട്ടികൾക്കും വിലാപയാത്രക്കാർക്കും
കാർബൺ കമ്പനിയിലെ സൈറൺ വിട്ടിറങ്ങുന്നവർക്കും
ഒരേ ചിരി സമ്മാനിച്ചുകൊണ്ട്
അതങ്ങനെ നിൽക്കും
ആ വഴി പോകാറുണ്ട്
ഭ്രാന്തൻവേലായുധനോ
പാത്തുമ്മായുടെ ആടോ എന്തോ
അതിനെ ഇതുവരെ ശ്രദ്ധിച്ചില്ല.

പട്ടുചിറകു ധരിച്ച ശലഭങ്ങളൊന്നും
ആ വേലിപ്പടർപ്പിലേക്ക്
പറന്നിറങ്ങാറുമില്ല
വെയിലിൽ ഉറുമ്പുകൾ കൊഴിയുന്നുണ്ട്
അറിയാതെ തുള്ളിന്റെ കൈ തട്ടിയ വള്ളിയിലെ
ഇലകൾ കരിഞ്ഞു തുടങ്ങിയിരിക്കുന്നു.
പൂവിനിപ്പോഴും വലിയ നാണമാണ്
പേരു ചോദിച്ചാൽ പറയാതെ
അതേ മന്ദസ്മിതമാണ്
വേലിപ്പടർപ്പിൽ നിൽക്കുന്ന ഒരു പാവം പൂവാണിത്. വഴിയേ പോകുന്നവർക്കൊക്കെ മഞ്ഞുനീരാൽ ( കണ്ണുനീരാൽ ) കുതിർന്ന മന്ദസ്മിതം കൈമാറുന്ന കൊച്ചുപൂവ്. കാറ്റിന് ഇതിന്റെ ഗന്ധമിഷ്ടമില്ല, ഒരു പാവം പൂവെന്ന് തോന്നിയിട്ടാകണം ആരും ഇതിനെ നുള്ളിയെടുക്കാറില്ല. സ്കൂൾ കുട്ടികൾക്കും വിലാപയാത്രികർക്കും കാർബർ കമ്പനിയിലെ സൈറൺ വിട്ടിറങ്ങുന്ന തൊഴിലാളികൾക്കും അത് ഒരു ചെറു ചിരി സമ്മാനിച്ചുകൊണ്ട്‌ അവിടെ തന്നെ അങ്ങനെ നിൽക്കുന്നു. ഇരുട്ടിന്റെആത്മാവിലെ ഭ്രാന്തൻ വേലായുധനോ പാത്തുമ്മായുടെ ആടോ അതിനെ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല. ഒരു ചിത്രശലഭം പോലും അതിനരികിലേക്ക് പറന്നു വന്നിട്ടില്ല. വെയിൽ തട്ടി ഉറുമ്പുകൾ താഴേക്ക് കൊഴിയുന്നുണ്ട്. അറിയാതെ പോലും തുള്ളി (തുള്ളൻ) ന്റെ കൈ തട്ടിയിട്ട് അതിന്റെ ഇലകൾ കരിഞ്ഞു തുടങ്ങിയിരിക്കുന്നു.പഴയ മന്ദസ്മിതവും തൂകി നാണത്തോടെ വേലിപ്പടർപ്പിൽ ഇപ്പോഴും നിൽക്കുകയാണ് ആ പൂവ്.
ആശാന്റെ വീണപൂവും കാലടിയുടെ വീഴാത്ത പൂവും തമ്മിൽ പ്രത്യക്ഷ തലത്തിൽ ബന്ധമൊന്നുമില്ല. ഒന്ന് വീണപൂവെങ്കിൽ മറ്റേത് വീഴാത്ത പൂവാണെന്ന വിരുദ്ധബന്ധമാണ് ഉള്ളത്. ആ വൈരുദ്ധ്യങ്ങളെ തന്നെയാണ് കവിത മുഴുനീളം പുറത്തുകാട്ടുന്നതും.

കാലടിയുടെ പൂവ് വേലിപ്പടർപ്പിൽ വിരിഞ്ഞു നിൽക്കുന്ന ഒരു പാവം പൂവാണെങ്കിൽ ആശാന്റെ പൂവ് അധിക തുംഗപഥത്തിൽ ശോഭിക്കുന്ന ഒരു രാജ്ഞിയാണ്. തുംഗപഥം, വേലിപ്പടർപ്പ് എന്നീ സ്ഥലരാശികൾ പൂക്കളുടെ ഔന്നത്യത്തെയും പതിതാവസ്ഥയെയും കൃത്യമായും സൂചിപ്പിക്കുന്നുണ്ട്. വേലി അതിരുകളുടെതാണ്. സാമൂഹിക ജീവിതത്തിന്റെ ഓരത്താണ് കാലടിയുടെ പൂവുള്ളത്. ആശാന്റെ പൂവാകട്ടെ നവോത്ഥാന ജീവിതത്തിന്റെ കേന്ദ്രത്തിലും. തുംഗപഥം പൂവിന്റെ സാമൂഹിക സ്ഥാനം തന്നെയാണ്. രാജ്ഞി കണക്കെ അധിക തുംഗപഥത്തിൽ ശോഭിച്ചിരുന്നു ആശാന്റെ പൂവിന് ആധുനികമായ വ്യക്തികർത്തൃത്വമാണുള്ളത്. അങ്ങനെ ആശാന്റെ പൂവ് സാമൂഹിക രൂപവത്കരണ പ്രക്രിയയുടെ കേന്ദ്രസ്ഥാനത്താണെങ്കിൽ മറ്റേത് പാർശ്വത്തിലാണ്. അങ്ങനെ രണ്ട് സ്ഥലരാശികളിലാണ് ഈ പൂക്കളുടെ നിൽപ്പ്.
എല്ലാ തരത്തിലുള്ള ആഭിജാത്യവും ആശാന്റെ പൂവിനുണ്ട്. ആരോമലാമഴക്, ശുദ്ധി, മൃദുത്വം, ആഭ ഇങ്ങനെ സാരള്യമെന്ന സുകുമാര ഗുണങ്ങളെല്ലാം സമഞ്ജസമായി സമ്മേളിച്ചതാണ് വീണപൂവ്. ആധുനികത നിർമിച്ച കുലീന പൗരസങ്കൽപ്പത്തെയാണ് വീണ പൂവിൽ ആശാൻ ആവിഷ്കരിക്കാൻ ശ്രമിച്ചത്.

പക്ഷേ, കാലടിയുടെ പൂവാകട്ടെ, ഈ കുലീനതകൾ ഒന്നുമില്ലാത്തതാണ്. നല്ലൊരു ഗന്ധം പോലും അതിനില്ല. അതിനാലാകണം കാറ്റ് പോലും അവളുടെ സമീപത്ത് എത്താറില്ല. വീണപൂവിനെയാകട്ടെ ആലോലവായു ചെറു തൊലാട്ടിയാണ് ലാളിക്കുന്നത്.

എല്ലാവരാലും അവഗണിക്കപ്പെടുന്നതാണ് വീഴാത്ത പൂവിലെ പൂവ്. ആരും അതിനെ നുള്ളിയെടുക്കാനെത്താറില്ല. സ്കൂൾ കുട്ടികളെയും വിലാപയാത്രക്കാരെയും കാർബൺ കമ്പനിയിലെ തൊഴിലാളികളെയും ഈ പാവം പൂവ് നോക്കി നിൽക്കുന്നുവെന്നല്ലാതെ ആരും അതിനെ സമീപിക്കുന്നില്ല. അവർക്കെല്ലാം ഒരു ചിരി സമ്മാനിച്ചുകൊണ്ട് അവളങ്ങനെ വേലിപ്പടർപ്പിൽ ഏകാകിയായി നിൽക്കുകയാണ്. ഭ്രാന്തൻവേലായുധനോ പാത്തുമ്മായുടെ ആടോ അതിനെ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല. പട്ടുചിറക് ധരിച്ച ശലഭങ്ങളൊന്നും അതിന്റെ സമീപത്തേക്ക് പറന്നിറങ്ങാറില്ല.
എന്നാൽ, വീണപൂവിന്റെ ഗതി അങ്ങനെയല്ല .

പരിത്യക്തയല്ല അവൾ, പരിഗണന ലഭിക്കുന്നവളാണ്. ആരും അവളെ നോക്കിനിന്നു പോവും. “വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ
വൈരിക്കുമുമ്പുഴറിയോടിയ ഭീരുവാട്ടെ
നേരെ വിടർന്നു വിലസീടിന” ആ പൂവിനെ നോക്കി മിഴിയുള്ളവരെല്ലാം നിന്നുപോകും. മാത്രവുമല്ല, അവൾക്കു ചുറ്റും കരിവണ്ട് മാത്രമല്ല ചിത്രശലഭവും കൂടി വട്ടമിട്ടു പറക്കുന്നുണ്ട്.

“അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ
യെന്നോർത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല, ദൂരമതിൽ നിന്നനുരാഗമോതി-
വന്നെന്നു മാം വിരുതനങ്ങൊരു ഭൃംഗരാജൻ”
ആധുനികമായി രൂപപ്പെട്ട ഭാവുകത്വത്തിലാണ് വീണപൂവിന്റെ സ്ത്രൈണ ചേതന. അതിന്റെ സൗന്ദര്യം, കുലീനഭാവം. കുടുംബഘടന, പരിപാലന രീതി എല്ലാം ആധുനിക പൂർവ അവസ്ഥയിൽ നിന്നും ഏറെ ഭിന്നമാണ്. എന്നാൽ, ഉത്തരാധുനികമായ കീഴ് നിലയാണ് മോഹനകൃഷ്ണന്റെ വീഴാത്ത പൂവിനുള്ളത്.
ഇങ്ങനെ എല്ലാ അർഥത്തിലും വീണപൂവിന്റെ വിപരീതത്തിലാണ് വീഴാത്ത പൂവിന്റെ നിൽപ്പ്. വീണപൂവ് വീണുപോയ പൂവാണ്. ഈ കാലത്ത് ഈ പൂവിന് നിലനിൽപ്പില്ല. ആ അർഥത്തിൽ അത് പഴയ കാലത്തിന്റെ ഭാവുകത്വത്തിന്റേതു കൂടിയാണ്. പഴയ ഭാവുകത്വം വീണു കഴിഞ്ഞു. ഈ കാലത്ത് നിലനിൽക്കുന്നത് കാലടിയുടെ പൂവാണ്. അത് ഇപ്പോൾ വിരിഞ്ഞു നിൽക്കുന്ന പൂവാണ്.

---- facebook comment plugin here -----

Latest