Articles
സഭാവഴക്കും രാഷ്ട്രീയവും
സോളമന്‍ രാജാവിന്റെയടുത്ത് രണ്ട് സ്ത്രീകള്‍, അവര്‍ പ്രസവിച്ച കുഞ്ഞുങ്ങളുടെ അവകാശത്തെ ചൊല്ലി പരാതിയുമായി എത്തി. ഒരു സത്രത്തിലെ അടുത്തടുത്ത കട്ടിലുകളില്‍ കിടന്നാണ് ഇരുവരും പ്രസവിച്ചത്. ഒരുത്തിയുടെ അശ്രദ്ധ നിമിത്തം അവള്‍ പ്രസവിച്ച കുഞ്ഞ് മരണപ്പെട്ടു. അടുത്ത കട്ടിലിലെ സ്ത്രീ ഉറങ്ങിയപ്പോള്‍ തന്റെ മരിച്ച കുഞ്ഞിനെ അവളുടെ കട്ടിലില്‍ കിടത്തി അവളുടെ ജീവനുള്ള കുഞ്ഞിനെ തന്റെയടുത്ത് കിടത്തി അവകാശവാദം ഉന്നയിക്കുകയായിരുന്നു. രണ്ട് പേരെയും സോളമന്‍ രാജാവിന്റെ അടുത്ത് ഹാജരാക്കി. രാജാവിന്റെ ബുദ്ധി ഉണര്‍ന്നു. അക്കാലത്ത് വനിതാ പോലീസുകാര്‍ ഇല്ലാത്തതിനാല്‍ പെണ്ണുങ്ങളെ ദേഹോപദ്രവം ചെയ്ത് അവരെക്കൊണ്ട് സത്യം പറയിക്കല്‍ എളുപ്പമായിരുന്നില്ല. രാജാവ് കല്‍പ്പിച്ചത്, ജീവനുള്ള കുഞ്ഞിനെ രണ്ടായി മുറിച്ച് ഓരോ കഷണം ഓരോരുത്തര്‍ക്കും കൊടുക്കാനാണ്. വിധിന്യായത്തിലെ ഗുട്ടന്‍സ് ഉടന്‍ പുറത്തുവന്നു. വേണ്ട രാജാവേ, കുഞ്ഞിനെ വെട്ടിമുറിക്കരുത്. പകരം ആ കുഞ്ഞിനെ അവള്‍ക്ക് തന്നെ കൊടുത്തേക്കൂ. ആരാണ് കുഞ്ഞിന്റെ യഥാര്‍ഥ ഉടമസ്ഥയെന്നറിയാന്‍ മറ്റൊരു ചോദ്യം ചെയ്യലും വേണ്ടി വന്നില്ല.
മലങ്കര സഭാ കേസിലെ തര്‍ക്കത്തില്‍ രണ്ട് പേര്‍ക്കും ജീവനുള്ള കുഞ്ഞിനെ വെട്ടിമുറിച്ചു പങ്കിട്ടുകൊള്ളാനാണ് സുപ്രീം കോടതി വിധി. കോടതികള്‍ അങ്ങനെയാണ്. അതുകൊണ്ടാണ് “നിങ്ങളുടെ ഇടയിലെ തര്‍ക്കം പരസ്പരം പറഞ്ഞു തീര്‍ക്കുന്നതിന് പകരം വിജാതീയരുടെ ന്യായാധിപന്മാരെ ആശ്രയിക്കരുത്. അവരുടെ ന്യായ തീര്‍പ്പ് നിങ്ങള്‍ക്ക് ബാധകമല്ല” എന്നിങ്ങനെ ബൈബിള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്ത് ബൈബിള്‍? എന്ത് സഭാചരിത്രം? ഞങ്ങള്‍ 1934ല്‍ എഴുതി പിടിപ്പിച്ച ഭരണഘടനയാണ് ഞങ്ങളുടെ മാഗ്നാകാര്‍ട്ട എന്ന് വിളിച്ചുകൂവുന്നവര്‍ ഒരുവശത്തും, അമ്മയെ ഞങ്ങള്‍ മറന്നാലും അന്ത്യോക്യായ മറക്കില്ല എന്ന് മറുകൂട്ടരും. ഈ ചക്കളത്തിപ്പോര് തുടങ്ങിയിട്ട് കാലം കുറേയായി. കഴുതയുടെ പുറത്ത് വെച്ചുകെട്ടിയ കനകക്കട്ടികള്‍ പോലെയായിട്ടുണ്ട് ആദ്യകാല സിറിയന്‍ മിഷനറിമാര്‍ ഇവിടെ പ്രചരിപ്പിച്ച ഒരു ആരാധനാ സാഹിത്യവും ഒരു സംസ്‌കാരവും. സ്വന്തം കൈയില്‍ തീക്കട്ട മുറുകെപ്പിടിച്ചിരിക്കുന്ന മര്‍ക്കടമുഷ്ടിക്കാരോട് എന്തുപറയാനാണ്!
യഥാര്‍ഥ വിശ്വാസികള്‍ക്ക് ഇത്തരം പുരോഹിത ശ്രേഷ്ഠന്മാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടല്ലേ, അവരിപ്പോള്‍ നിര്‍ബന്ധിത രഹസ്യ കുമ്പസാരം എന്ന് വൈദീക പീഡനത്തില്‍ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തണം എന്ന അപേക്ഷയുമായി കോടതിയില്‍ പോയിരിക്കുന്നത്. വൈദികരുടെ ചെവിയില്‍ സ്വന്തം ദൗര്‍ബല്യങ്ങള്‍ ഏറ്റുപറയുന്ന രീതി ഒട്ടും തന്നെ ക്രൈസ്തവമല്ല. അത് ഞങ്ങള്‍ നേരിട്ട് ദൈവത്തോട് പറഞ്ഞുകൊള്ളാം എന്ന സമാധാനവുമായിട്ടാണ് ചില സത്യവിശ്വാസികള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വിധിയും അപ്പീലും അപ്പീലിന്മേല്‍ അപ്പീലും കീഴ്‌ക്കോടതിയില്‍ നിന്ന് മേല്‍ക്കോടതിയിലേക്കും, വേണ്ടി വന്നാല്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് പരാതിക്കാര്‍ പറയുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ നാല് പെണ്ണുങ്ങള്‍ കോടതിയോട് പറയുന്നു, ഞങ്ങള്‍ക്ക് കുമ്പസാരം വേണം. അത് ഏത് വൈദികന്റെ അടുത്ത് വേണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. അതിനുള്ള സ്വാതന്ത്ര്യം വേണം എന്നൊക്കെ. സംഗതി ന്യായമാണ്. അന്തിമവിധി പരാതിക്കാരുടെ അനന്തര തലമുറക്കെങ്കിലും അനുകൂലമായി ലഭിക്കും എന്ന് പ്രത്യാശിക്കാനേ ശുദ്ധമനസ്‌കര്‍ക്ക് കഴിയൂ.
ഇവിടെ കുറേക്കാലമായി പുകഞ്ഞുകൊണ്ടിരിക്കുന്ന മെത്രാന്‍കക്ഷി (ഓര്‍ത്തഡോക്‌സ്), ബാവാകക്ഷി (യാക്കോബായ) വഴക്കിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഏതെങ്കിലും ഒരു കോടതിയോ ഒരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രി തന്നെയോ ഇതങ്ങ് പരിഹരിച്ചുകളയും എന്നൊന്നും ആരും കരുതേണ്ടതില്ല. കേന്ദ്ര സേനയെ ഉപയോഗിച്ച് ഭൂരിപക്ഷം വിശ്വാസികള്‍ കൈവശം വെച്ചിരിക്കുന്ന പള്ളി ന്യൂനപക്ഷമായ എതിര്‍ വിഭാഗത്തിന് പിടിച്ചുകൊടുക്കണം എന്നൊക്കെ വിധികല്‍പ്പിക്കുന്ന ന്യായാധിപന്മാരുടെ തലച്ചോറ് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ഈയിടെയായി നമ്മുടെ ചില റിട്ടയേര്‍ഡ് ന്യായാധിപന്മാരുടെ ജല്‍പ്പനങ്ങള്‍ കേട്ടാല്‍ അറിയാമല്ലോ ഇവര്‍ സര്‍വീസില്‍ ഉണ്ടായിരുന്ന കാലത്ത് എന്തൊക്കെയാണ് ലക്ഷ്യമാക്കിയിരുന്നതെന്ന്. ആനപ്പുറത്തിരിക്കുന്നവന്‍ എന്തിന് പട്ടിയെ പേടിക്കണം എന്നാണവരുടെ ഭാവം. ഒരിക്കല്‍ ആനപ്പുറത്ത് നിന്ന് ഇറങ്ങേണ്ടി വരുമെന്ന കാര്യം ഇവര്‍ വിസ്മരിക്കുന്നു. ഇപ്പോള്‍ കേട്ടില്ലേ, നമ്മുടെ ഒരു മുന്‍ ന്യായാധിപന്‍ ഒരു രാഷ്ട്രീയ കക്ഷിയുടെ പന്തലില്‍ ഊണന്വേഷിച്ച് പോയിരിക്കുന്നു. അറക്കലെ ബീവിയെ കെട്ടാന്‍ അരമനസ്സാണെന്ന് സമ്മതം മൂളുന്നു. ഏറ്റവും ഒടുവിലായി ഉണ്ടായ സുപ്രീം കോടതി വിധി പോലും നോക്കൂ, എങ്ങനേയും കര്‍ഷക സമരത്തെ മുളയിലേ നുള്ളിക്കളയാന്‍ കോടതി സര്‍ക്കാറിന് ഒത്താശ ചെയ്ത് കൊടുത്തിരിക്കുന്നു.
നീതി നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്ന നിയമത്തെ പൊളിച്ചെഴുതുക, പുതിയ നിയമം സൃഷ്ടിക്കുക ഇതൊക്കെയാണ് ജനാധിപത്യ ഭരണക്രമത്തില്‍ നടക്കേണ്ടത്. സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ക്ക്, തങ്ങളുടെ ഭരണത്തിന് കീഴിലുള്ള പൗരസഞ്ചയത്തിന് നീതി ഉറപ്പാക്കുന്ന നിയമം നിര്‍മിക്കാന്‍ അവകാശം ഉണ്ട്. ഈ വഴിക്കുള്ള നീക്കം ആദ്യം കേരളത്തില്‍ നിന്ന് തന്നെ തുടങ്ങണമെന്ന അഭിപ്രായക്കാരനായിരുന്നു അന്തരിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള പ്രഗത്ഭ ന്യായാധിപന്മാര്‍. കേരളത്തിലെ എല്ലാ സഭകള്‍ക്കും ബാധകമായ ഇത്തരം ഒരു നിയമനിര്‍മാണം എന്ന ആവശ്യം ആദ്യം ഉന്നയിച്ച നേതാവായിരുന്നു പാലായിലെ ജോസഫ് പുലിക്കുന്നേല്‍ എന്ന വിമത വിശ്വാസി. വിശ്വാസികളില്‍ ഭൂരിപക്ഷവും പലവിധ കാരണങ്ങളാല്‍, കുറഞ്ഞ പക്ഷം ദേവസ്വം ബോര്‍ഡ് നിയമം പോലെയോ, വഖ്ഫ് ബോര്‍ഡ് നിയമം പോലെയോ എങ്കിലും ഉള്ള ചില സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ തങ്ങളുടെ പള്ളിവക സ്വത്തുക്കളുടെ ഭരണത്തിനും ആവശ്യമാണെന്ന മുറവിളി ഉയര്‍ത്തുന്നുണ്ട്.
പുതിയ തലമുറ ഇപ്പോള്‍ മാറിച്ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. അനാവശ്യമായി പള്ളിയേയും പട്ടക്കാരനെയും ഒക്കെ തങ്ങളുടെ ജീവിതത്തിലേക്ക് വലിച്ചു കയറ്റിയതുകൊണ്ട് കാര്യമായ പ്രയോജനമൊന്നും ഇല്ലെന്ന് അഭ്യസ്ഥവിദ്യരായ സ്ത്രീ പുരുഷന്മാര്‍ സാവകാശം മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയ പള്ളിയും അതിന്റെ നിയമങ്ങളില്‍ അയവു വരുത്തിയിട്ടുണ്ട്. പണ്ടത്തേതു പോലെ മിശ്രവിവാഹിതര്‍ക്കെതിരായ മഹറോന്‍ ശിക്ഷയോ അവരുടെ വീടുകള്‍ക്ക് ഊരുവിലക്ക് കല്‍പ്പിക്കലോ ഒന്നും ഇന്ന് നടക്കുന്നില്ല. ഇതിന് പ്രധാന കാരണം രാജ്യത്തെ സിവില്‍ നിയമം പൗരന്മാര്‍ക്കത്തരം സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നു എന്നത് തന്നെ. രാജ്യത്തെ നിയമങ്ങളും പള്ളി നിയമങ്ങളും പരസ്പരം പൊരുത്തപ്പെട്ടു പോകുന്നില്ലെന്നത് ഒന്നിന് പിറകെ ഒന്നായി പള്ളിക്കേസുകള്‍ ഇങ്ങനെ പെരുകി വരുന്നത് സൂചിപ്പിക്കുന്നു. പള്ളിക്ക് കിട്ടാനുള്ള പണം എപ്പോഴെങ്കിലും ഒക്കെ കിട്ടിയാല്‍ മതിയെന്ന് താരതമ്യേന മൃദുവായ സമീപനത്തിലേക്ക് പള്ളി സ്വമേധയാ പിന്‍വാങ്ങിയിട്ടുണ്ട്. വിവാഹം കഴിഞ്ഞാല്‍ പിന്നെ വിശ്വാസിക്ക് പള്ളിയുടെ സേവനം ആവശ്യമായി വരുന്നത് ശവസംസ്‌കാരത്തിനാണ്. ശവസംസ്‌കാരമാണ് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സംസ്‌കാരമെന്ന് പോലും കരുതുന്നവരാണ് സുറിയാനി ക്രിസ്ത്യാനികള്‍ എന്ന് തോന്നിപ്പോകും ഈ കാര്യത്തില്‍ ഇവര്‍ പ്രകടിപ്പിക്കുന്ന ആര്‍ഭാടം കാണുമ്പോള്‍.
ഏതായാലും ഈ കൊവിഡ് കാലത്ത് ഇതിനൊക്കെ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പള്ളി സെമിത്തേരിയില്‍ ശവംവെച്ചുള്ള വിലപറച്ചിലുകള്‍ അറപ്പുളവാക്കുന്ന വിധം വളര്‍ന്നപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ട് ഇതിന് വിരാമം കുറിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ഇതിന്റെ ഗുണഫലം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനും പാര്‍ട്ടിക്കും ലഭിക്കുകയും ചെയ്തു. അങ്ങനയേ വരൂ, നല്ലത് ചെയ്താല്‍ നല്ല ഫലം കിട്ടും. പൊതു സെമിത്തേരികളോട് പൊതുവെ വിശ്വാസികള്‍ക്ക് വെറുപ്പാണ്. അപ്പോഴാണ് പള്ളി സെമിത്തേരിയുടെ പ്രാധാന്യം വര്‍ധിക്കുന്നത്. പള്ളിപ്പറമ്പ് പണ്ട് പ്രധാനമായും ഉപയോഗിച്ചിരുന്നത് മരണമടഞ്ഞവരെ അധിവസിപ്പിക്കാനാണ്. സ്ഥലത്തിന്റെ വിലയും മൂല്യവും വര്‍ധിച്ചപ്പോള്‍ ഓരോരുത്തര്‍ക്കും ഓരോരോ ശവക്കുഴി പ്രായോഗികമല്ലെന്ന് വന്നു. അപ്പോള്‍ ഒരു കുടുംബത്തിന് സ്വന്തമായി ഒരു കല്ലറ, എല്ലാവര്‍ക്കും പറ്റിയ പൊതു കല്ലറ ഇവ നടപ്പില്‍ വന്നു. കല്ലറ മാറി ഇപ്പോള്‍ അതെല്ലാം മാര്‍ബിള്‍ മന്ദിരങ്ങളാണ്. അവയുടെ നിര്‍മാണത്തിനും ഉപയോഗത്തിനുമായി വന്‍ തുക പള്ളി ഇടവകാംഗങ്ങളില്‍ നിന്ന് ഈടാക്കി തുടങ്ങി. വിശ്വാസിയുടെ ജീവിതത്തില്‍ വിവാഹം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ പണച്ചെലവുള്ള ഏര്‍പ്പാടായി ശവമടക്ക് മാറി. ശവമടക്ക് എന്ന പ്രയോഗം പോലും കൗതുകം ഉളവാക്കുന്നു. ജീവനില്ലാത്ത ശവങ്ങളെയാണ് ജീവനുള്ള മനുഷ്യരേക്കാള്‍ നമ്മള്‍ ഭയപ്പെടേണ്ടതെന്ന ധാരണ പരത്തുന്നു. ഒരു കോടതി വിധി നടപ്പാക്കുന്നതിന്റെ പേരില്‍ നമ്മുടെ പുരാതനമായ പല പള്ളികളിലും ഇന്ന് നടക്കുന്നത് യേശുവിനെതിരെ നടപ്പാക്കിയ പിലാത്തോസിന്റെ കോടതി വിധി പോലെ ആയിട്ടുണ്ട്. പിലാത്തോസ് യേശുവിന് വിധിച്ച വധശിക്ഷ നടപ്പാക്കിയ അതേ നിമിഷം യെരുശലേം ദേവാലയത്തിന്റെ തിരശ്ശീല അടിമുതല്‍ മുടിവരെ കീറിപ്പോയി. ദൈവത്തിന്റെ സാന്നിധ്യം അവിടെ നിന്നിറങ്ങിപ്പോയി. അതുതന്നെയാണ് കേരളത്തിലെ സുറിയാനി സഭകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവിടെ കുടികൊള്ളുന്നതായി വിശ്വസിക്കപ്പെട്ടിരുന്ന വിശുദ്ധന്മാരുടെയും യേശുവിന്റെയും ഒക്കെ ചൈതന്യം അവിടെ നിന്നിറങ്ങിപ്പോയി.
കോഴിയുടെ കാവല്‍ കുറുക്കന്‍ ഏറ്റെടുക്കാന്‍ പോകുന്നു. ഇരു ഭാഗത്തുമുള്ള പുരോഹിത മേധാവികളായ ശിരോവസ്ത്രധാരികള്‍ കരുതിയിരിക്കുക. അവരെ നോക്കി പണ്ട് പാറേന്മാക്കല്‍ തോമാകത്തനാര്‍ അക്കാലത്തെ റോമന്‍ കത്തോലിക്കാ മെത്രാന്മാരെ ഉദ്ദേശിച്ച് എഴുതിയ അതേ വാചകം വിശ്വാസികള്‍ക്ക് ഉറക്കെ വിളിച്ചു പറയേണ്ടി വരും. “ഞങ്ങളുടെ പള്ളികള്‍ നിന്റെയൊന്നും തറവാട്ട് സ്വത്തല്ല. ഇത് ഞങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ വിയര്‍പ്പു ചിന്തി അധ്വാനിച്ചുണ്ടാക്കിയതാണ്.” കോടതി വിധിയെന്ന് പറയുന്ന നിങ്ങളുടെ വജ്രായുധം താഴെവെക്കൂ. എല്ലാം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ പലതും കോടതിയുടെ കണ്ണില്‍പ്പെടാതെ പള്ളിപ്പറമ്പിലെ തെങ്ങിന്‍ ചുവട്ടില്‍ നിങ്ങള്‍ കുഴിച്ചു മൂടുകയായിരുന്നു. അതിനായി നിങ്ങള്‍ വക്കീലന്മാരെയും മെത്രാന്മാരെയും വാടകക്കെടുത്തു. ഉന്നതതല സമ്മർദ്ദങ്ങള്‍ ചെലുത്തി. കുത്തക മാധ്യമങ്ങളുടെ ഒത്താശ പ്രയോജനപ്പെടുത്തി.
സമഗ്രമായ ഒരു സഭാ നിയമം നിര്‍മിക്കണമെന്നുള്ള ജനകീയ ആവശ്യത്തെ നിങ്ങള്‍ കൂടെ അംഗീകരിക്കൂ. അപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകും. അതിനായുള്ള വിവേകം, കേന്ദ്ര-സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിക്കും, ഇവിടുത്തെ ജനപ്രതിനിധികള്‍ക്കും ഉണ്ടാകാന്‍ വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുകയെങ്കിലും ചെയ്യൂ. ബാക്കികാര്യം ഞങ്ങള്‍ വിശ്വാസികള്‍ നോക്കിക്കൊള്ളാം.