Connect with us

Articles

ഡാറ്റാ വിപണിയുടെ രാഷ്ട്രീയം

Published

|

Last Updated

ഡാറ്റയാണ് ഇനിയുള്ള ലോകവ്യാപാര വിപണിയെ നിയന്ത്രിക്കുക എന്ന് കേട്ടുതുടങ്ങിയിട്ടും അത് നമ്മുടെ നിത്യജീവിതത്തിലെ ഇടപെടലുകളെ സ്വാധീനിക്കാൻ തുടങ്ങിയിട്ടും കുറച്ചായി. കാംബ്രിഡ്ജ് അനലറ്റിക, ആധാർ കാർഡുമായി ബന്ധപ്പെട്ട സ്വകാര്യത, സ്പ്രിംഗ്ലർ വിവാദം തുടങ്ങി ആഗോള, ദേശീയ, സംസ്ഥാനതലത്തിൽ ഡാറ്റയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നമുക്ക് സുപരിചിതമായിക്കഴിഞ്ഞു. ഇപ്പോഴിതാ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് മെസഞ്ചർ ആപ്പ് അതിന്റെ പ്രൈവസി പോളിസി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട പുതിയ വ്യവസ്ഥകൾ ടെക്ക് ലോകത്ത് ഡാറ്റാ കൈമാറ്റവുമായി ബന്ധപ്പെട്ട് വീണ്ടും ചൂടുള്ള ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.

ഫെബ്രുവരി എട്ട് മുതൽ വാട്‌സ് ആപ്പ് അതിന്റെ സ്വകാര്യ നയം അപ്‌ഡാറ്റ് ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും വിഷയം കൂടുൽ ചർച്ചയായതിന് പിന്നാലെ മെയ് വരെ പുതിയ നയം നടപ്പാക്കില്ലെന്നാണ് വാട്‌സ് ആപ്പ് വ്യക്തമാക്കുന്നത്. പുതിയ വ്യവസ്ഥ ഒരാളുടെ സ്വകാര്യ ചാറ്റ് വിവരങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുനൽകുമ്പോഴും ചില സുപ്രധാന ഡാറ്റകൾ മാതൃ കമ്പനിയായ ഫേസ്ബുക്കിന് നൽകുമെന്ന് വാട്‌സ് ആപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഒറ്റക്കമ്പനി നിയന്ത്രിക്കുന്നു


2004ൽ ആരംഭിച്ച ഫേസ്ബുക്ക് ജനകീയമായിരിക്കേയാണ് 2009 ൽ വലിയ സ്വീകാര്യതയോടെ വാട്‌സ് ആപ്പിന്റെ രംഗപ്രവേശനം. പിന്നീട് നേരിട്ട് പരസ്യ വിപണനത്തിന് സാധ്യതയില്ലാത്ത വാട്‌സ് ആപ്പിനെ 28,000 കോടി രൂപ എന്ന വലിയ തുകക്ക് വാങ്ങിയത് സംബന്ധിച്ച് പല ചർച്ചകളും ടെക്ക് ലോകത്ത് ഉടലെടുത്തിരുന്നു.

എന്നാൽ ഇന്ന് ആഗോള തലത്തിൽ 200 കോടിയും ഇന്ത്യയിൽ 40 കോടിയോളവും ഉപഭോക്താക്കൾ വാട്‌സ് ആപ്പിനുണ്ട്. ഈ ഉപഭോക്താക്കളുടെ ചില സുപ്രധാന ഡാറ്റയാണ് വാട്‌സ് ആപ്പ് പുതിയ സ്വകാര്യതാ നയത്തിലൂടെ ഫേസ്ബുക്കിന് നൽകുന്നത്. നവമാധ്യമലോകത്ത് ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവർ സജീവമായ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിൽ ആയതോടെ സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ കുത്തകയായി ഇതിനകം ഫേസ്ബുക്ക് മാറിയിട്ടുണ്ട്. ഈ കുത്തകാധിപത്യവും ഇത്രയും വലിയ ഡാറ്റാ ശേഖരവും വലിയൊരു വിപണിയെ ലക്ഷ്യമാക്കി ഉപയോഗിക്കാൻ തുടക്കം കുറിച്ചിരിക്കുന്നു എന്ന് വേണം പുതിയ നീക്കത്തിലൂടെ കരുതാൻ. അങ്ങനെ വരുമ്പോൾ ഒരൊറ്റക്കമ്പനി ആഗോളവത്കരണത്തോടെ തുറന്ന ലോക വിപണി നിയന്ത്രിക്കുന്ന അവസ്ഥയാണ് വരാൻ പോകുന്നത്.

ഇന്ത്യ വലിയ വിപണി

പുതിയ സ്വകാര്യതാ നയം ഇന്ത്യയിൽ നടപ്പാക്കരുതെന്ന് കേന്ദ്ര സർക്കാർ വാട്‌സ് ആപ്പിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യം ഉന്നയിച്ച് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം വാട്‌സ് ആപ്പ് സി ഇ ഒ വിൽ കാത്കാർട്ടിന് കത്തെഴുതിയിട്ടുണ്ട്.

140 കോടിയോളം ജനസംഖ്യയുള്ള ഇന്ത്യയെ ഏറ്റവും വലിയ വിപണിയായാണ് ഫേസ്ബുക്ക് കാണുന്നത്. അതിന്റെ ഭാഗമായാണ് “വാട്‌സ് ആപ്പ് പേ” പോലുള്ള പുതിയ ഫീച്ചറുകളുമായി ഇന്ത്യൻ ഉപഭോക്താക്കളെ ഫേസ്ബുക്ക് സമീപിക്കുന്നത്. ഇതുവഴി വലിയൊരു വിഭാഗത്തിന്റെ ബേങ്ക് സംബന്ധമായ വിവരങ്ങളും ഫേസ്ബുക്കിന് ലഭിക്കും.

പാർലിമെന്റ്‌നിയമനിർമാണം വഴി ഇന്ത്യൻ കാർഷിക രംഗം പോലും കുത്തകകൾക്ക് അനുകൂലമായി തീറെഴുതികൊടുക്കുന്ന ഒരു സർക്കാർ രാജ്യം ഭരിക്കുമ്പോൾ ഇത്തരം കുത്തകൾക്ക് അവരുടെ വഴി കുറച്ചുകൂടി എളുപ്പമാകുകയാണ്. മുകേഷ് അംബാനിയുടെ ജിയോ മാർട്ടുമായി ഫേസ്ബുക്ക് ഉണ്ടാക്കിയ കരാർ സൂചിപ്പിക്കുന്നതും ഫെയ്‌സ്ബുക്ക് ഇന്ത്യയിലെ വിപണി സാധ്യതയെ തിരിച്ചറിയുന്നുവെന്നാണ്.

പ്രൈവസി പോളിസിയിലും നയപരമായ മറ്റ് പല കാര്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വിഭിന്നമായാണ് ഇന്ത്യയിൽ വാട്‌സ് ആപ്പ് പ്രവർത്തിക്കുന്നത്. യൂറോപ്യൻ പാർലിമെന്റ് ഇത്തരം സ്വകാര്യതാ നയങ്ങളിൽ കണിശമായ ചില നിലപാടുകൾ എടുക്കുമ്പോൾ ഇന്ത്യയിൽ അത് വളരെ ഉദാരമാണ്. ഈ കുത്തകൾക്ക് തോന്നിയപോലെ വിവരങ്ങൾ ശേഖരിക്കാനും ഇടപെടാനും കേന്ദ്ര സർക്കാറിന്റെ നിസ്സംഗത വഴിയൊരുക്കുകയാണ്.

രാഷ്ട്രീയമാണ് പോംവഴി


ജനങ്ങളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ഇത്തരം സംവിധാനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നത് ഇക്കാലത്ത് സാധ്യമായ കാര്യമല്ല. അതുകൊണ്ടുതന്നെ മുഴുവനായി ഡിജിറ്റൽ വത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് പൂർണ സ്വകാര്യത സംബന്ധിച്ച് ആശങ്കപ്പെടുന്നതിൽ അർഥമില്ല. അതേസമയം, ഭരണകൂടങ്ങളുടെ കൃത്യമായ ഇടപെടൽ മൂലം ഒരു പരിധി വരെ ഇത്തരം കമ്പനികളെ ഓഡിറ്റ് ചെയ്യാനും അനാവശ്യ കടന്നുകയറ്റം നിയന്ത്രിക്കാനും സാധിക്കും. അല്ലെങ്കിൽ തുടക്കത്തിൽ ഉപ്പ് വ്യാപാരത്തിന് ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയുടെ ഭരണം തന്നെ കൈയാളിയതിന് സമാനമായ രീതിയിലേക്ക് ഈ കുത്തക കമ്പനികളും എത്തിച്ചേരുന്ന നാളുകൾ വിദൂരമല്ല. അതുകൊണ്ട് കേന്ദ്ര സർക്കാറിന് മേൽ ശക്തമായ രാഷ്ട്രീയ സമ്മർദം ഉയരേണ്ടിയിരിക്കുന്നു.

അതേസമയം, ആസ്‌ത്രേലിയൻ പാർലിമെന്റ് പാസ്സാക്കിയ നിയമവുമായി ബന്ധപ്പെട്ട് ആ രാജ്യത്ത് നിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഗൂഗിളും ഫേസ്ബുക്കും. ഗൂഗിളും ഫേസ്ബുക്കും അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ ഉപയോക്താക്കളിൽ എത്തുന്ന വാർത്തകൾക്ക് മാധ്യമ സ്ഥാപനങ്ങൾക്ക് പണം നൽകണം എന്നാണ് ആസ്‌ത്രേലിയൻ പാർലിമെന്റ് പാസ്സാക്കിയ പുതിയ നിയമത്തിലെ വ്യവസ്ഥ. ഇന്റർനെറ്റ് അതിപ്രസരം കൊണ്ട് രാജ്യത്തെ മാധ്യമ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി മറികടക്കുക എന്നതാണ് പുതിയ നിയമം വഴി ആസ്‌ത്രേലിയ ലക്ഷ്യമിടുന്നത്. പരസ്യ വരുമാനം കുത്തനെ കുറഞ്ഞ മാധ്യമങ്ങൾക്ക് അവരുടെ അധ്വാനവും റോയൽറ്റിയും വെച്ച് സാമൂഹിക മാധ്യമങ്ങൾ പണം നൽകണമെന്നാണ് വ്യവസ്ഥ. മാധ്യമ സ്ഥാപനങ്ങൾക്ക് അവരുടെ കണ്ടന്റ് ചെലവഴിക്കപ്പെടുന്ന സ്ഥലങ്ങളിൽ നിന്ന് പണം നൽകണമെന്ന ആവശ്യം മുമ്പും ചർച്ചയായിരുന്നു. ഇതിനെ തുടർന്നാണ് ഗൂഗിളും ഫേസ്ബുക്കും പിൻമാറുമെന്ന് ഭീഷണി മുഴക്കുന്നത്. ഭാവിയിൽ ഇന്ത്യയടക്കമുള്ള സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള നിയമങ്ങൾ ഉണ്ടാകുമോ എന്ന ഭയമാണ് ഗൂഗിളിന്റെ ഭീഷണിക്ക് പിന്നിൽ. ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കുന്നത് കുത്തകകൾക്ക് മേൽ ഒരു പാർലിമെന്റിന് പോലും ഇടപെടാൻ കഴിയാത്ത വിധം ടെക്ക് ഭീമന്മാർ കരുത്തുകാട്ടുന്നു എന്ന അപകടകരമായ സ്ഥിതിവിശേഷമാണ്.

ബദൽ മാർഗങ്ങൾ


വാട്‌സ് ആപ്പ് അതിന്റെ പോളിസി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുറത്തുവന്നത് മുതൽ സിഗ്‌നൽ, ടെലഗ്രാം പോലുള്ള ബദൽ മാർഗങ്ങളിലേക്ക് ആളുകൾ മാറുന്നതും ടെക്ക് ലോകത്തെ പുതിയ ചർച്ചയാണ്. ഇങ്ങനെയുള്ള ഉപഭോക്താക്കളിൽ നിന്നുള്ള ഇടപെടലുകൾ കുത്തകവത്കരണത്തെ നിയന്ത്രിക്കുന്നതിന് നല്ല മാർഗമാണ്. പക്ഷേ ഇത്തരം മാറ്റങ്ങളും പൂർണമായ സ്വകാര്യത ഉറപ്പുവരുത്തുന്നു എന്ന് പറയാൻ സാധിക്കുകയില്ല.