Connect with us

Cover Story

അജീതൻ

Published

|

Last Updated

എട്ടാം വയസ്സിൽ ശരീരം തളർന്ന് ജീവിതത്തിന്റെ മധുരമേറിയ കുട്ടിക്കാലവും യൗവനവും കിടക്കയിൽ ചെലവിടേണ്ടിവന്നു… നീണ്ട വർഷങ്ങൾക്കു ശേഷം പതിയെ കൈകളുടെയും ശരീരത്തിന്റെയും ചലനം തിരികെ യെത്തുന്നു… അപ്പോഴും കാലുകൾ തളർച്ചയിൽനിന്നും അതിജീവിച്ചില്ല…. തളർന്ന കാലുകളെ വകവെക്കാതെ കിടക്കയിൽനിന്ന് വീൽചെയറിൽ പുറംലോകത്തെ കാണുന്നു…. ജീവിതത്തിന്റെ നല്ലൊരുകാലത്തെ കിടക്കയിൽ വലിച്ചെറിഞ്ഞതിന്റെ നിരാശയും വീർപ്പുമുട്ടലും തളർത്താത്ത മനസ്സിൽ സ്വപ്‌നങ്ങൾ നട്ടുവളർത്തുകയായിരുന്ന അജികുമാറിന്റെ ജീവിതപ്രയാണമാണിത്. ആ സ്വപ്‌നത്തിലേക്കെത്താനുള്ള ശരവേഗം ഇന്ന് അദ്ദേഹത്തെ വലിയൊരു കണ്ടെത്തലിലേക്കാണ് എത്തിച്ചിരിക്കുന്നത്. ഇന്ധനമില്ലാതെ മനുഷ്യശക്തികൊണ്ട് മാത്രം പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന യന്ത്രം നിർമിച്ച് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ചങ്ങനാശ്ശേരി തുരുത്തി അറയ്ക്കമറ്റം വീട്ടിൽ അജികുമാർ. അടിസ്ഥാന വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത ഒരാളുടെ ഈ കണ്ടുപിടിത്തം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

സ്വപ്‌നത്തിന് അതിരുകളും പരിമിതികളുമില്ലെന്ന് ഏവരെയും ഉണർത്തുകയാണ് അജികുമാർ. തങ്കപ്പൻ ആചാരിയുടെയും പൊന്നമ്മയുടെയും ആറ് മക്കളിൽ രണ്ടാമൻ. എല്ലാ കുട്ടികളുടെയും ബാല്യകാലം പോലെ സഹോദരങ്ങൾക്കൊപ്പം കൊച്ചു കൊച്ചു കുസൃതികളും തമാശകളുമായി നടന്നുനീങ്ങിയ നാൾ അജികുമാറിന്റെ മനസ്സിൽ മായാതെയുണ്ട്. എട്ടാം വയസ്സിൽ വന്ന പനി ജീവിതത്തിന്റെ താളംതെറ്റിക്കുകയായിരുന്നു. വീടിനടുത്തൊന്നും അധികമൊന്നും ആശുപത്രികളില്ലാത്ത കാലം. പനി കലശലായതിനെത്തുടർന്ന് അജികുമാറിന്റെ പിതാവും അമ്മയും മകനെ സമീപത്ത് താമസിച്ചിരുന്ന മെഡിക്കൽ കോളജിൽ ജോലിചെയ്തിരുന്ന നഴ്‌സിന്റെ അടുത്തെത്തിച്ചു. നഴ്‌സ് പരിശോധിച്ച് അഞ്ചാം പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് പിതാവിനെയും അമ്മയെയും അറിയിച്ചു. അഞ്ചാം പനിയാണെന്ന നിഗമനത്തിൽ നഴ്‌സ് അതിനുള്ള കുത്തിവെപ്പ് എടുക്കുന്നത് മാത്രമാണ് അജികുമാറിന് ഓർമയുള്ളത്. ബോധരഹിതനായി വീണ അജികുമാർ പിന്നീട് കണ്ണ് തുറക്കുമ്പോൾ ശരീരം പൂർണമായും തളർന്നുപോയിരുന്നു.

കുട്ടിക്കാലവും കൗമാരവും ആശുപത്രിയിലും വീട്ടിലുമായി കഴിയാനായിരുന്നു വിധി. പല മരുന്നുകളും മാറിമാറി പരീക്ഷിച്ചു. ആയുർവേദവും അലോപ്പതിയും ഹോമിയോപ്പതിയും. ശരീരം പൂർണമായി തളർന്നതോടെ സ്‌കൂളിൽ തുടർന്ന് പഠിക്കാൻ സാധിച്ചില്ല. സഹോദരങ്ങളെല്ലാം സ്‌കൂളിൽ പോകുമ്പോൾ അജികുമാർ നിസ്സഹായനായി വികാരവായ്പോടെ ഒതുങ്ങിക്കൂടി. സ്വപ്‌നങ്ങൾ ചെറുപ്പത്തിലെ എറിഞ്ഞുടക്കപ്പെട്ട് കട്ടിലിൽ തന്നെ കിടക്കേണ്ടിവന്ന വീർപ്പുമുട്ടൽ. 15 വർഷത്തോളം മുടങ്ങാതെയുള്ള ചികിത്സകൾ. അതോടെ സ്‌കൂൾ വിലക്കപ്പെട്ട സ്ഥലമായി അജികുമാറിന് മാറി. അക്കാലത്ത് സ്‌കൂളിൽ പോകാൻ സാധിക്കാത്തതിന്റെ ദുഃഖം അജികുമാറിനെ അലട്ടുന്നുണ്ടായിരുന്നു. എല്ലാ ആളുകളും നടക്കുന്നു, സ്‌കൂളിൽ പോകുന്നു, സ്വയം അവരവരുടെ കാര്യങ്ങൾ നിർവഹിക്കുന്നു… ഇതെല്ലാം കാണുമ്പോൾ നൈരാശ്യാജനകമായ ദുഃഖം അജികുമാറിന്റെ കണ്ണുകൾ നിറക്കും.

നീണ്ട കാലത്തെ ചികിത്സയുടെ ഫലമായിട്ട് ശരീരത്തിന്റെയും കൈകളുടെയും ചലനശേഷി പതിയെ ചെറിയതോതിൽ തിരിച്ചുകിട്ടി. എന്നാൽ കാലുകൾക്ക് അപ്പോഴും ചലനശേഷി വീണ്ടെടുക്കാനായില്ല. അത് വീൽചെയർ ജീവിതത്തിലേക്ക് തള്ളിവിട്ടു. 22 വയസ്സുവരെയും കട്ടിലിൽ തന്നെയായിരുന്നു അജികുമാറിന്റെ ലോകം. ആശുപത്രിയിലേക്കും മറ്റും അച്ഛൻ എടുത്തുക്കൊണ്ടു പോകുകയായിരുന്നു പതിവ്. പിന്നീടാണ് വീൽചെയർ ഉപയോഗിച്ച് തുടങ്ങുന്നത്. അതോടെ അൽപ്പം സ്വാതന്ത്ര്യത്തോടെ പുറത്തേക്കിറങ്ങാൻ തുടങ്ങി. ചെറുതായി കടകളിലും ടൗണിലേക്കും പോകാൻ സാധിച്ചു. ചികിത്സയുടെ ഭാഗമായി നിരവധി ഓപ്പറേഷനുകൾക്ക് വിധേയനായിട്ടുണ്ട്. അമ്പത്തിയൊന്ന് വയസ്സുള്ള അജികുമാറിന്റെ ശരീരത്തിൽ 128 ഓളം തുന്നിക്കെട്ടുണ്ട്.

ചെറുപ്രായത്തിൽ
റേഡിയോ നിർമാണം

ചെറുപ്പത്തിൽ തന്നെ മുതിർന്ന സഹോദരനോടൊപ്പം പല പരീക്ഷണങ്ങൾ നടത്താൻ ആരംഭിച്ചിരുന്നു. കുട്ടിക്കാലത്ത് ചെറിയ ട്രാൻസ്‌സിസ്റ്റർ റേഡിയോ സ്വന്തമായി നിർമിക്കുന്നതോടെയാണ് പരീക്ഷണങ്ങൾ ആരംഭിച്ചത്. ട്രാൻസ്‌സിസ്റ്റർ റേഡിയോ സ്വന്തമായി നിർമിക്കാം എന്ന ഒരു സുഹൃത്തിൽനിന്നും ലഭിച്ച അറിവാണ് തുടക്കം. ചേട്ടൻ ട്രാൻസ്‌സിസ്റ്റർ റേഡിയോക്ക് ആവശ്യമായ സ്‌പെയർപാർട്‌സ് വാങ്ങിക്കുകയും ശരിയായി ഫിറ്റ് ചെയ്യുകയും ചെയ്തു. അതിൽനിന്ന് പാട്ടുകേട്ടു. അത് കണ്ടിട്ട് അജികുമാറിനും അതുപോലെ ചെയ്യണമെന്നായി ആഗ്രഹം. ചേട്ടൻ ഒമ്പതാം ക്ലാസിൽ എത്തിയപ്പോൾ എല്ലാ സ്‌റ്റേഷനും കിട്ടുന്ന റേഡിയോ അസംബ്ല് ചെയ്യാൻ തുടങ്ങി. അതിന്റെ ചുവടുപിടിച്ച് അജികുമാറും റേഡിയോ നിർമാണത്തിന് ആവശ്യമായ സ്‌പെയർപാർട്‌സ് വാങ്ങി. അതിന്റെ അളവും കാര്യങ്ങളും അജികുമാറിന്റെ ചേട്ടൻ പഠിപ്പിച്ചു കൊടുത്തു. അങ്ങനെ അജികുമാർ സ്വന്തമായി റേഡിയോ നിർമിക്കാൻ തുടങ്ങി. 12 വയസ്സുള്ളപ്പോൾ തന്നെ എല്ലാ സ്‌റ്റേഷനും കിട്ടുന്ന റേഡിയോ അസംബ്ല് ചെയ്യാൻ അജികുമാറിന് സാധിച്ചു. അതിലൂടെ എല്ലാ കമ്പനികളുടെയും റേഡിയോ നന്നാക്കാം എന്ന തലത്തിലേക്ക് അജികുമാർ ചുവടുവെക്കുകകൂടിയായിരുന്നു. അന്നത്തെക്കാലത്ത് സ്വന്തമായി ഒരു റേഡിയോ നിർമിക്കുക എന്നത് ആളുകൾക്ക് അത്ഭുതമായിരുന്നു. സ്വന്തമായി റേഡിയോ നിർമിച്ച് കേൾപ്പിക്കുന്നത് അയൽവാസികളും നാട്ടുകാരും അത്ഭുതം കൂറി കാണാൻ എത്തുമായിരുന്നു. തുടർന്ന് അയൽവാസികളിൽ ചിലർ ഇലട്രോണിക്‌സ് ഉപകരണങ്ങൾ റിപ്പയർ ചെയ്യാൻ അജികുമാറിനെ ഏൽപ്പിക്കാൻ തുടങ്ങി. 1984ൽ തുരുത്തി പള്ളിവക സ്‌കൂളിൽ സഹോദരി പഠിക്കുന്ന കാലത്ത് സ്‌കൂൾ എക്‌സിബിഷനു വേണ്ടി ഒരു റേഡിയോ നിലയം തന്നെ അജികുമാർ ഉണ്ടാക്കി നൽകി. അന്ന് അത് വലിയ ചർച്ചാ വിഷയമായി. അതിന് സമ്മാനവും ലഭിച്ചു. സഹോദരിക്ക് അടുത്തവർഷം ഇതുപോലെ എക്‌സിബിഷൻ നടന്നപ്പോയും അജികുമാറാണ് സഹായത്തിനായെത്തിയത്. അന്ന് സഞ്ചരിക്കുന്ന ബോട്ട് ഉണ്ടാക്കിയായിരുന്നു അജികുമാറിന്റെ പരീക്ഷണം. വീടിന്റെ നാലുചുവരുകൾക്കുള്ളിൽ മാത്രം കഴിഞ്ഞിരുന്ന അജികുമാർ തന്റെ ജീവിതത്തിൽ ബോട്ട് കണ്ടിട്ടുപോലും ഉണ്ടായിരുന്നില്ല. പേപ്പറിലും മറ്റും കണ്ട ബോട്ടിന്റെ ആകൃതി മനസ്സിൽവെച്ച് ഒരുമീറ്റർ നീളമുള്ള ഇലക്്ട്രിക് ബോട്ട് നിർമിക്കുകയായിരുന്നു. വോക്മാൻ ചെവിയിൽ വെച്ചു കേൾക്കുന്നതിനു പകരം കൂടുതൽ ശബ്ദത്തിൽ കേൾക്കുന്നതിനായി ആംപ്ലിഫയർ നിർമിച്ചതും അജികുമാറിന്റെ ഓർമകളിലുണ്ട്.

വഴിത്തിരിവിലേക്കുള്ള
വെളിച്ചം

കിടപ്പിലായ സമയത്ത് അജികുമാർ സഹോദരനെ ഇലട്രോണിക്‌സ് ജോലിയിൽ സഹായിച്ചിരുന്നു. അജികുമാറിനെപ്പോലെ ചേട്ടനും ഇലട്രോണിക്‌സിനോട് നിരന്തരമായ താത്പര്യം ഉണ്ടായിരുന്നു. അക്കാലത്ത് ഇലട്രോണിക്‌സ് സംബന്ധമായിപഠിപ്പിക്കുന്ന സ്ഥാപനങ്ങൾ നാട്ടിൽ വിരളമായിരുന്നു. വീടിനടുത്ത് അത്തരം സ്ഥാപനങ്ങൾ ഒട്ടുമില്ലെന്നു തന്നെ പറയാം. എത്തിപ്പെടാൻ ബുദ്ധിമുട്ടായതുകൊണ്ട് ദൂരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകാൻ സാധിക്കാത്ത അവസ്ഥ. ചെറുപ്പത്തിലേ അജികുമാറിന്റെ സഹോദരൻ ഇലട്രോണിക്സ് ഉപകരണങ്ങൾ ഉണ്ടാക്കുന്നതും പരീക്ഷണങ്ങൾ നടത്തുന്നതുമാണ് അജിയെയും അതിലേക്ക് ആകർഷിച്ചത്. ആ താത്പര്യമാണ് സ്വന്തമായി റേഡിയോ അസംബ്ല് ചെയ്യുന്നതിലേക്ക് അജിയെ എത്തിച്ചത്. അതിനിടയിൽ ഇലട്രോണിക്സ് വർക്കിൽ പൂർണ ശ്രദ്ധകേന്ദ്രീകരിച്ചതോടെ അത് അജികുമാറിന്റെ ജീവിതമാർഗമായി മാറുകയായിരുന്നു. റേഡിയോ, ടിവി തുടങ്ങിയ പല ഇലട്രോണിക് ഉപകരണങ്ങളും റിപ്പയർ ചെയ്യാൻ തുടങ്ങി. 2009 കാലഘട്ടത്തിലാണ് പുതിയ ആശയം അജികുമാറിന് തോന്നിയത്. സ്വന്തമായി എന്തെങ്കിലും കണ്ടെത്തണമെന്ന അതിയായ ആഗ്രഹം അദ്ദേഹത്തെ നിശ്ചയദാർഢ്യത്തിലേക്കെത്തിക്കുകയായിരുന്നു.

സമൂഹത്തിൽ നിലയ്ക്കാത്ത ചലനമുണ്ടാക്കണം എന്ന അചഞ്ചലമായ ആത്മവിശ്വാസം അജിയിലുണർന്നു. പ്രകാശമാനമായൊരു വെളിപാടായിരുന്നു അത്. തനിക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്ന് സമൂഹത്തെ അറിയിക്കാനുള്ള വ്യഗ്രതയിൽ പലരീതിയിലുള്ള പരീക്ഷണങ്ങളും നടത്തി. എന്നാൽ, ഒന്നും ഫലം കണ്ടില്ല. പരാജയം സമ്മതിക്കാൻ അജികുമാർ തയ്യാറായിരുന്നില്ല. നിലയ്ക്കാത്ത ഈ ഇച്ഛാശക്തി പുതിയ ആശയത്തിലേക്കും കണ്ടുപിടിത്തത്തിലേക്കും അദ്ദേഹത്തെ വഴിനടത്തുകയായിരുന്നു. എല്ലാത്തിന്റെയും ശക്തിസ്രോതസ്സായ വൈദ്യുതി , ഒരു ഇന്ധനവും ഉപയോഗിക്കാതെ ഉണ്ടാക്കാൻ സാധിക്കുമോ എന്ന പരീക്ഷണം ആരംഭിക്കുകയായിരുന്നു. ചെറിയ ഡൈനാമോകളും ട്രാൻസ്ഫോർമറുകളും ചെയ്ത് വൈദ്യുതി പ്രവാഹം നിർമിക്കാനുള്ള ശ്രമങ്ങൾ നടത്തി. പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ മാറ്റങ്ങൾ സംജാതമാകുകയായിരുന്നു.

നാല് മിനുട്ട് പെഡൽ കറക്കിയാൽ
അഞ്ച് മണിക്കൂർ വൈദ്യുതി

പരീക്ഷണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടേയിരുന്നു. ഇതിന്റെ പര്യവസാനമായാണ് കൈകൾ കൊണ്ട് സ്റ്റാർട്ട് ചെയ്യുന്ന 230 വോൾട്ടും 50 ഹെഡ്‌സും ഉള്ള യന്ത്രം നിർമിച്ചത്. ഇന്ധനമില്ലാതെ മനുഷ്യ ശക്തികൊണ്ട് പ്രവർത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ചെറു യന്ത്രം നിർമിച്ച് വിജയത്തിലേക്ക് എത്തിക്കാൻ അജികുമാറിന് സാധിച്ചു. സ്വന്തമായി നിർമിച്ച വൈദ്യുതി ഉത്പാദിപ്പിക്കുന്ന യന്ത്രത്തിന് ഹ്യൂമൻ ഇലക്ട്രോ മാഗ്നെറ്റിക് പവർ ജനറേറ്റിംഗ് സിസ്റ്റം (പ്രകൃതി സൗഹൃദ ഊർജ നിലയം)എന്ന് അജികുമാർ പേരും നൽകി. പത്ത് വർഷം നടത്തിയ നിരന്തരമായ പരീക്ഷണങ്ങളിലൂടെയാണ് അജികുമാർ ഈ നേട്ടം കൈവരിച്ചത്. ആദ്യം ഒരു മിനുട്ട് വരെ പ്രവർത്തിക്കുന്ന രീതിയിലായിരുന്നു യന്ത്രത്തിന്റെ നിർമാണം. മാസങ്ങളും വർഷങ്ങളും കടന്നുപോയപ്പോൾ അത് അഞ്ച് … പത്ത് മിനുട്ടിലെത്തി. നാലാമത്തെ ഘട്ടത്തിലെത്തിയപ്പോഴാണ് വലിയ വോൾട്ട് ഉണ്ടാക്കാൻ സാധിച്ചത്. ഇപ്പോൾ അഞ്ച് മണിക്കൂർ വരെ യന്ത്രം നിൽക്കാതെ പ്രവർത്തിക്കും.
പരീക്ഷണത്തിന്റെ ഓരോ ഘട്ടത്തിലും നിർമാണം പരാജപ്പെടുമ്പോൾ പലപ്പോഴും മനസ്സിന്റെ നിയന്ത്രണം വിട്ടുപോകുന്നതായി അജികുമാറിന് അനുഭവപ്പെട്ടു. എങ്ങനെയെങ്കിലും വിജയം കണ്ടെത്തിയേ മതിയാകൂ എന്ന ദൃഢനിശ്ചയത്തിൽ നിന്ന് അജി പിന്നോട്ട് പോയില്ല.

അതിനുവേണ്ടി ജീവിതത്തിന്റെ പകുതിയിലധികം സമ്പാദ്യം ചെലവഴിച്ചു. ഊണും ഉറക്കവുമെല്ലാം ഉപേക്ഷിച്ച് പരീക്ഷണത്തിന്റെ വിജയത്തിനായി ശ്രദ്ധകേന്ദ്രീകരിച്ചു. നിർമാണ സാധനങ്ങൾ പലതും സ്വയം നിർമിക്കേണ്ടിവന്നു. സ്വന്തമായ കണ്ടെത്തലായതുകൊണ്ട് പല വസ്തുക്കളും വിപണിയിൽ ലഭ്യമായിരുന്നില്ല. സാങ്കേതിക സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ചില വസ്തുക്കൾ കോയമ്പത്തൂരിൽ നിന്നും ബംഗളൂരുവിൽ നിന്നും ഏർപ്പാടാക്കേണ്ടി വന്നു. പരീക്ഷണ സമയത്ത് പലരും അസാധ്യമായ കാര്യമാണെന്നും നടക്കില്ലെന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തിയെങ്കിലും തന്റെ ദൗത്യത്തിൽ നിന്ന്‌ പിന്നോട്ട് പോയില്ല. ഊഴം വന്നപ്പോൾ ചാഞ്ഞുകിടക്കാതെ ഉജ്ജ്വലമായ പാരമ്യത്തെ സമീപിക്കുകയായിരുന്നു അജികുമാർ. യന്ത്രത്തിൽ നിന്ന് യാതൊരുവിധ മലിനീകരണങ്ങളും ഉണ്ടാകില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വൈദ്യുതി മുടക്കം ഉണ്ടാകുന്ന സമയത്ത് ലൈറ്റുകൾ, ഫാനുകൾ എന്നിവ പ്രവർത്തിക്കുന്നതിന് ഇത് സഹായകമാകുന്നു. നിലവിൽ നിർമിച്ചിരിക്കുന്ന യന്ത്രം കൂടുതൽ നേരം പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. ഇതിന്റെ പൂർണമായ വിജയം സാധ്യമാകണമെങ്കിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന തരത്തിലുള്ള യന്ത്രം നിർമിക്കണം. ആ ആഗ്രഹത്തിലാണ് അജികുമാർ.

മനുഷ്യ ശക്തികൊണ്ട് പ്രവർത്തിക്കുന്ന ഊർജ നിലയം നിർമിച്ചെങ്കിലും അതിന്റെ പൂർത്തീകരണം സാധ്യമാകണമെങ്കിൽ ഒരു രാവും പകലും നിർത്താതെ പ്രവർത്തിപ്പിക്കുന്ന തലത്തിലേക്ക് എത്തിക്കണം. അതിന് സാന്പത്തികമായും മറ്റുമുള്ള കടന്പകൾ അജിയെ അലട്ടുന്നുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം താൻ നിർമിച്ച യന്ത്രത്തെ പൂർണമായ വിജയത്തിൽ എത്തിക്കുക എന്നതാണ്. 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നും അതിന്റെ വിജയം സുനിശ്ചിതമാണെന്നും അജികുമാർ ഉറച്ചശബ്ദത്തിൽ പറയുന്നു. ജീവിത സ്വപ്‌നവും ലക്ഷ്യവും അതുതന്നെയാണ്. കട്ടിലിൽ കമിഴ്ന്ന് കിടന്നാണ് യന്ത്രത്തിന്റെ നൂറ് ശതമാനം നിർമാണവും നടത്തിയത്. കൂടുതൽ സമയം ഇരുന്നു ജോലി ചെയ്യാൻ ശാരീരിക ബുദ്ധിമുട്ട് കാരണം സാധ്യമല്ല. അജികുമാറിന്റെ സ്വപ്‌നങ്ങൾക്ക് പൂർണ പിന്തുണയുമായി ഭാര്യ സിന്ധുവും മകൻ അഭിജിത്തും മകൾ സ്തുതിയും ഒപ്പമുണ്ട്. പലതും അലട്ടുന്നുണ്ടെങ്കിലും നിശ്ചയദാർഢ്യത്തോടെയുള്ള തന്റെ ലക്ഷ്യം ഉജ്ജ്വലമായ പാരമ്യത്തിലെത്തുമെന്നുള്ള ആത്മവിശ്വാസത്തോടെ അജി അജീതനായി മുന്നോട്ട് നീങ്ങുകയാണ്; പ്രതീക്ഷയുടെ ദൃഢതയിൽ, കരുത്തുള്ള മനസ്സുമായി.

.