Status
അമേരിക്കയിൽ പുതുചരിത്രം
ജോബൈഡൻ യു എസ് പ്രസിഡന്റായി ചുമതലയേറ്റതോടെ അമേരിക്കൻ ചരിത്രത്തിലെ നിർണായകമായ രാഷ്ട്രീയ മാറ്റങ്ങൾക്ക് തുടക്കമായി. നേരത്തെ ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന നിരവധി ഉത്തരവുകൾ തിരുത്തിയാണ് ബൈഡൻ പതിനഞ്ച് ഉത്തരവുകളിൽ ഒപ്പുവെച്ചത്. ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയ ട്രംപിന്റെ 2017ലെ വിവാദ ഉത്തരവും അദ്ദേഹം മരവിപ്പിച്ചു. ഇതോടെ അമേരിക്കയിൽ പുതിയ പുലരിയാണ് പിറന്നത്.
കൊവിഡ് മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയതും ഏറെ ശ്രദ്ധേയമായ തീരുമാനമാണ്. ഒപ്പം, ട്രംപിന്റെ പാരിസ്ഥിതിക അജൻഡ ബൈഡൻ തിരുത്തിയെഴുതി. കുടിയേറ്റ വിരുദ്ധ നയങ്ങൾ പിൻവലിച്ചു. മന്ദഗതിയിലുള്ള സാമ്പത്തിക ശക്തി ഉയർത്തുന്നതിനും സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ബൈഡൻ പ്രവർത്തനം ആരംഭിച്ചു.
മറ്റേതൊരു ആധുനിക പ്രസിഡന്റിലും ഇതുവരെ കണ്ടിട്ടില്ലാത്ത വേഗതയിലാണ് ബൈഡൻ പുതിയ ചുമതലകൾ ഏറ്റെടുക്കുന്നത്. ഓവൽ ഓഫീസിൽ നിന്ന് പതിനഞ്ച് ഉത്തരവുകളിൽ ഒപ്പിട്ടു. പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും അംഗമാകുകയും മുസ്‌ലിം, ആഫ്രിക്കൻ രാജ്യങ്ങൾക്കുള്ള ട്രംപിന്റെ യാത്രാ വിലക്ക് അവസാനിപ്പിക്കുകയും ചെയ്യുന്ന ഉത്തരവുകളാണ് പ്രസിഡന്റ് ആദ്യം ഒപ്പിട്ടത്. ജനാധിപത്യത്തിന്റെ ദിനമെന്നാണ് തന്റെ സത്യപ്രതിജ്ഞാ ദിനത്തെ ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. ജനാധിപത്യം അമൂല്യമെന്ന് അമേരിക്ക തെളിയിച്ചു. വെല്ലുവിളികളെ നേരിടാന്‍ താൻ തയ്യാറാണെന്നും വര്‍ണവിവേചനത്തിനും ആഭ്യന്തര ഭീകരതക്കുമെതിരെ നിലകൊള്ളുമെന്നും ബൈഡൻ പ്രഖ്യാപിച്ചു. ഐക്യത്തിനുള്ള ആഹ്വാനമാണ് പ്രസംഗത്തിലുടനീളം ബൈഡൻ നൽകിയത്. താൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.
“ജനാധിപത്യം വിജയിക്കും. പുതിയ ലോകം സാധ്യമാക്കാൻ അമേരിക്ക മുന്നിട്ടിറങ്ങും. അമേരിക്കൻ ഭരണഘടനയെ സംരക്ഷിക്കും. ഏറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത്. എല്ലാവരുടെയും പ്രസിഡന്റായിരിക്കും . ” -ബൈഡൻ നടത്തിയ പ്രസംഗം കൈയടികളോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്. പുതിയ പ്രസിഡന്റിന്റെ വാക്കുകൾക്ക് നിശ്ചയ ദാർഢ്യത്തിന്റെ കരുത്തുണ്ടായിരുന്നു. “എനിക്കറിയാം ഐക്യത്തിന് വേണ്ടി ഈ സമയത്ത് സംസാരിക്കുന്നത് ഒരു വിഡ്ഢിയുടെ ഫാന്റസി പോലെയാണെന്ന്. നമ്മെ വിഭജിച്ച ശക്തികൾ അത്രമേൽ ശക്തരാണെന്നും അവയെല്ലാം യാഥാർഥ്യമാണെന്നും എനിക്കറിയാം. അവ പുതിയതല്ലെന്നും എനിക്ക് നിശ്ചയമുണ്ട്.” അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ആദ്യ കറുത്ത വംശജയും ഇന്ത്യൻ വംശജയുമാണ് കമല ഹാരിസ്. അമേരിക്കൻ വൈസ് പ്രസിഡന്റ്പദവിയിലേക്ക് കമല ഹാരിസ് നടന്നുകയറുമ്പോൾ ഇന്ത്യക്കും അത് അഭിമാനമുഹൂർത്തമാണ്.
സോഷ്യൽ മീഡിയയിലും ബൈഡൻ തരംഗമായി. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള നേതാക്കൾ ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ചു. ഒപ്പം, പടിയിറങ്ങുന്ന ഡൊണാൾഡ് ട്രംപിനെ കേന്ദ്രീകരിച്ചുള്ള നിരവധി ട്രോളുകളും വന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അധികാരത്തിൽ അള്ളിപ്പിടിക്കുകയും കലാപം അഴിച്ചുവിടുകയും ചെയ്ത ട്രംപിനെ സമൂഹ മാധ്യമങ്ങളിലെ ട്രോൾ പേജുകൾ ശരിക്കും കുടഞ്ഞെറിഞ്ഞു. ജോ ബൈഡന്‍ അമേരിക്കയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിന് തൊട്ടുമുന്പാണ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയത്. വൈറ്റ് ഹൗസില്‍ നിന്നിറങ്ങി വിമാനത്തില്‍ കയറുന്നതിന് മുന്പായി തന്റെ അനുയായികളെ അഭിവാദ്യം ചെയ്യുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം പങ്കുവെച്ചാണ് പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തന്‍ബെര്‍ഗ് പരിഹാസവുമായി രംഗത്ത് വന്നത്. ട്രംപിനെ ഇപ്പോൾ കാണാൻ, നല്ല ഭാവിയിലേക്ക് ഉറ്റുനോക്കുന്ന സന്തോഷവാനായ ഒരു വയസ്സനെ പോലെയുണ്ടെന്നും ഇത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നുമാണ് ഗ്രേറ്റ തന്‍ബെര്‍ഗ് ട്വീറ്റ് ചെയ്തത്. ട്രംപിന്റെ വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ ഉള്‍പ്പെടെ ട്രംപ് ഭരണകൂടത്തിലെ 28 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈന ഉപരോധം പ്രഖ്യാപിച്ചതും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ചൈനയുടെ അധികാരം ചോദ്യം ചെയ്യുകയും ചൈനീസ് വിഷയങ്ങളില്‍ അവിഹിതമായി ഇടപെടുകയും ചെയ്തതാണ് ഉപരോധം പ്രഖ്യാപിക്കാന്‍ കാരണം. നാണക്കേടിന്റെ പരകോടിയിൽ പടിയിറങ്ങുമ്പോൾ ചൈനയുടെ പുതിയ സമ്മാനവും കൂടി ഏറ്റുവാങ്ങാൻ തയ്യാറാവുക എന്ന രീതിയിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ പ്രതികരണങ്ങൾ.
മതം നോക്കി ആരെയും അമേരിക്ക ഇനി വിലക്കില്ലെന്ന് പറയാനും ബൈഡൻ ധൈര്യം കാണിച്ചു. അമേരിക്ക പഴയ അമേരിക്ക തന്നെയാണെങ്കിലും പുതിയ പ്രസിഡന്റിന്റെ നയനിലപാടുകളിൽ ലോകത്തിന് വലിയ പ്രതീക്ഷകളുണ്ട്. ആ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കാൻ ബൈഡന് സാധിക്കുമോ എന്നതാണ് ഏറെ പ്രധാനപ്പെട്ട ചോദ്യം.