Connect with us

Health

ഇന്റർനെറ്റ് അമിതോപയോഗം ആപത്ത്

Published

|

Last Updated

അനാവശ്യമായും അമിതമായും ഇന്റർനെറ്റ് ഉപയോഗിക്കുന്നത് പല ശാരീരിക മാനസിക പ്രശ്നങ്ങൾക്കും ഇടയാക്കും. ഇന്റർനെറ്റ് അമിതോപയോഗം എങ്ങനെ നിയന്ത്രിക്കാം എന്നത് നമുക്ക് പരിശോധിക്കാം.
മാനസികസമ്മർദം, വിഷാദം, ഉത്കണ്ഠ, ഏകാന്തത എന്നിവ നിയന്ത്രിക്കാനുള്ള മാർഗമായാണ് ചിലർ ഇന്റർനെറ്റ് ഉപയോഗത്തെ കാണുന്നത്. എന്നാൽ വ്യായാമം, ധ്യാനം, യോഗ തുടങ്ങിയവ മനസ്സ് ശാന്തമാക്കാനുള്ള ഉത്തമ മാർഗങ്ങളാണെന്ന വസ്തുത നമ്മൾ മറക്കരുത്. മറ്റു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കമ്പ്യൂട്ടർ/ഇന്റർനെറ്റ് അഡിക്്ഷൻ തടയാനുള്ള ഏറ്റവും നല്ല മാർഗം. മനഃശക്തികൊണ്ടും ദൃഢനിശ്ചയത്താലും നമ്മൾ ആരോഗ്യകരമായ രീതിയിലുള്ള ഇന്റർനെറ്റ് ഉപയോഗത്തിലേക്ക് തിരിച്ചുവന്നാലും അനാരോഗ്യകരമായ ഇന്റർനെറ്റ് ഉപയോഗത്തിന്റെ പഴയകാല ഓർമകൾ നമ്മളെ പൂർണമായി വിട്ടൊഴിയില്ല. നമ്മൾ ദിവസേന നേരിടുന്ന പലതരം അസ്വസ്ഥതകളും മാനസികസമ്മർദങ്ങളും തരണം ചെയ്യാനുള്ള ആരോഗ്യപരമായ മാർഗങ്ങളെക്കുറിച്ച് ചിന്തിക്കാൻ അൽപ്പം സമയം ചെലവഴിക്കുന്നത് ഈ സ്വഭാവത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും.

• ഇന്റർനെറ്റിന് മുന്നിൽ വളരെ കൂടുതൽ സമയം ചെലവഴിക്കുമ്പോൾ നഷ്ടമാകുന്നതെന്തൊക്കെ എന്നതിനെക്കുറിച്ച് സ്വയം വിശകലനം ചെയ്ത് അവ ഒരു പേപ്പറിൽ എഴുതിവെക്കുക. ഇന്റർനെറ്റ് ഉപയോഗത്തിന്റെ ദൈർഘ്യം കുറച്ച് നഷ്ടപ്പെട്ട ചിലതെങ്കിലും നടപ്പാക്കാൻ ശ്രമിക്കുക.

• അനാവശ്യ കാര്യങ്ങൾക്കായി നിങ്ങൾ ഇന്റർനെറ്റിന് മുന്നിൽ ദിവസേന എത്ര സമയം ചെലവഴിക്കുന്നുവെന്ന് ഒരു പുസ്തകത്തിൽ രേഖപ്പെടുത്തുക. നിങ്ങൾ ഇന്റർനെറ്റിൽ മുഴുകുന്ന സമയത്തെ മാനസികാവസ്ഥ എന്തെന്ന് സ്വയം നിരീക്ഷിക്കുക.

• ഇന്റർനെറ്റ് ഉപയോഗം നീണ്ടുപോകുന്നത് അലാറമോ, വാച്ചോ, ക്ലോക്കോ ഉപയോഗിച്ച് നിയന്ത്രിക്കാം. രാത്രി കാലത്ത് ഒരു നിശ്ചിത സമയത്ത് കമ്പ്യൂട്ടർ ഓഫ് ചെയ്യാനും അലാറം ഉപയോഗിക്കാം.

• ആരോഗ്യപരമായ മറ്റു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്റർനെറ്റ് അമിതോപയോഗം ഒഴിവാക്കുക. വിരസതയും ഏകാന്തതയും തോന്നുന്ന സമയത്ത് ഇന്റർനെറ്റിന്റെ മുന്നിലിരിക്കുന്നതിനു പകരം സുഹൃത്‌സംഭാഷണങ്ങളിൽ ഏർപ്പെടുകയോ നല്ല പുസ്തകം വായിക്കുകയോ, ടിവി കാണുകയോ, പാട്ടു കേൾക്കുകയോ ആകാം.

• ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം ഇന്റർനെറ്റ് ഉപയോഗിക്കുക. ഒരു മണിക്കൂർ നേരത്തെ ഇന്റർനെറ്റ് ഉപയോഗത്തിനിടക്ക് അഞ്ച് മിനുട്ടെങ്കിലും വിശ്രമിച്ച് മറ്റു പ്രവൃത്തികളിലേർപ്പെടുക. പതിവായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയങ്ങളിൽ മാറ്റം വരുത്തുക. രാവിലെയും വൈകുന്നേരവും സ്ഥിരമായി ഇന്റർനെറ്റിൽ മുഴുകുന്നവർ അത് ഏതെങ്കിലും ഒരു നേരമായി ചുരുക്കുക.

• ഇന്റർനെറ്റിന് അടിമകളല്ലാത്ത സുഹൃത്തുക്കളെ കണ്ടെത്താൻ ശ്രമിക്കുക. ഇന്റർനെറ്റിനപ്പുറത്തും ജീവിതമുണ്ടെന്ന യാഥാർഥ്യം ആവർത്തിച്ച് മനസ്സിലുറപ്പിക്കുക.

• അറിവും വിനോദവും പ്രദാനം ചെയ്യുന്ന പുസ്തകങ്ങൾ, പാട്ടുകൾ, കവിതകൾ, നോവലുകൾ എന്നിവ ശീലമാക്കുക.

• ഇന്റർനെറ്റിനെ അറിവിനും വിനോദത്തിനുമുള്ള ഒരു ഉപകരണമായി മാത്രം കാണുക. നിങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് അറിവിനാണോ വിനോദത്തിനാണോ എന്ന ബോധം മനസ്സിലുണ്ടാകണം.

ഡോ. പി എൻ സുരേഷ് കുമാർ
Prof. of Psychiatry, KMCT Medical College, Kozhikode

Latest