Kozhikode
തിരിച്ചെത്തുന്നു, ഹജ്ജ് സേവനങ്ങൾ കോഴിക്കോട്ട്
കോഴിക്കോട് | പത്ത് വർഷത്തിന് ശേഷം ഹജ്ജ് സേവനങ്ങൾ കോഴിക്കോട്ടേക്ക് തിരിച്ചുവരുന്നു. ഹജ്ജ് കമ്മിറ്റിയുടെ പഴയ കെട്ടിടത്തിൽ ഇന്ന് മുതൽ റീജിയനൽ ഓഫീസ് പ്രവർത്തനമാരംഭിക്കുമ്പോൾ നിരവധി സേവനങ്ങളാണ് ഹാജിമാർക്ക് ഇവിടെ ലഭ്യമാകുക.
കൊണ്ടോട്ടിയിലെ ഹജ്ജ് ഹൗസിൽ നിന്ന് കിട്ടുന്ന എല്ലാ സേവനങ്ങളും പുതിയറയിലുള്ള റീജ്യനൽ ഓഫീസിലും ലഭിക്കും. മൂന്ന് വർഷങ്ങളിലായി ഹജ്ജിന് പോയ ഹാജിമാരുടെ സംഭാവന സ്വീകരിച്ചാണ് ഹജ്ജ് കമ്മിറ്റിയുടെ ഈ പഴയ കെട്ടിടം നിർമിച്ചതെന്ന പ്രത്യേകത കൂടിയുണ്ട്.
കോഴിക്കോട് ഹജ്ജ് കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 1988 ഏപ്രിൽ 30ന് അന്നത്തെ കേരള പൊതുമരാമത്ത് ഹജ്ജ്, വഖ്ഫ് മന്ത്രി ടി കെ ഹംസയാണ് നിർവഹിച്ചത്.
1987 ജനുവരി 26ന് അന്നത്തെ കേരള ഉപമുഖ്യമന്ത്രിയായിരുന്ന കെ അവുക്കാദർകുട്ടി നഹയാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. കോഴിക്കോട് കലക്ടറേറ്റിലെ വളരെ ചെറിയ സൗകര്യത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ഓഫീസ് പിന്നീട് പുതിയറ പഴയ താലൂക്ക് ഓഫീസിന് സമീപം ഇരുനില കെട്ടിടം നിർമിച്ച് ഇവിടേക്ക് മാറ്റുകയായിരുന്നു.
പുതിയറ ഹജ്ജ് കമ്മിറ്റി കെട്ടിടം കേരളത്തിലെ ഹാജിമാർക്കും ഹജ്ജ് അപേക്ഷകർക്കും ചിരപരിചിതമായിരുന്നു. ഹജ്ജ് അപേക്ഷാഫോറം വിതരണം മുതൽ ഹജ്ജ് യാത്രക്ക് തയ്യാറാകുന്നത് വരെയുള്ള എല്ലാ പ്രവൃത്തികളും ഈ ഓഫീസിൽ നിന്നും ചെയ്തു.
അന്ന് അപേക്ഷാഫോറങ്ങൾ മൂന്ന് സെറ്റ് വീതവും, 16 പാസ്പോർട്ട് സൈസ് ഫോട്ടോയും, മെഡിക്കൽ ഫിറ്റ്നസ്, അണ്ടർടേക്കിംഗ് മുതലായവയും സമർപ്പിക്കേണ്ടിയിരുന്നു. നറുക്കെടുപ്പ് കോഴിക്കോട് കെട്ടിടത്തിൽ വെച്ചായിരുന്നു നടത്താറുണ്ടായിരുന്നത്. വിമാനം/കപ്പൽ യാത്രകൾക്കും നറുക്കെടുപ്പ് നടക്കാറുണ്ടായിരുന്നു. ഹജ്ജ് നറുക്കെടുപ്പിന് മുംബൈയിൽ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റിപ്രതിനിധി നിരീക്ഷകനായി എത്താറുണ്ടായിരുന്നു.
തിരഞ്ഞെടുക്കപ്പെട്ടവരുടെ മൂന്ന് സെറ്റ് അപേക്ഷയിൽ രണ്ടെണ്ണം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അയക്കണം. ഒന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഓഫീസ് കോപ്പിയായിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് ഹാജിമാർക്ക് താത്കാലിക പിൽഗ്രിം പാസ്സ് ഇഷ്യു ചെയ്ത് ആവശ്യമായ മറ്റു രേഖകളും തയ്യാറാക്കുകയായിരുന്നു. 2002 ഹജ്ജ് ആക്ട് നിലവിൽ വന്ന ശേഷം 15 അംഗ ഹജ്ജ് കമ്മിറ്റി നിലവിൽ വരികയും അതിൽ നിന്നും ഒരാളെ ചെയർമാനായി തിരഞ്ഞെടുക്കുകയും ചെയ്തു. സർക്കാർ ഉത്തരവ് പ്രകാരം കോഴിക്കോട് ജില്ലാ കലക്ടറായിരുന്നു അന്ന് എക്സിക്യൂട്ടീവ് ഓഫീസർ. കൂടാതെ എക്സിക്യൂട്ടീവ് ഓഫീസർ എക്സ്. ഒഫീഷ്യോ മെമ്പറുമായിരുന്നു. ആദ്യം കോഴിക്കോട് കലക്ടറേറ്റിലെ ജീവനക്കാരെ വർക്കിംഗ് അറേഞ്ച്മെന്റിലും പിന്നീട് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും ജീവനക്കാരെ നിയമിച്ചിരുന്നു.
2009 അവസാനം വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്നത് പുതിയറയിലെ കെട്ടിടത്തിലായിരുന്നു. കരിപ്പൂരിൽ പുതിയ കെട്ടിടം നിർമിച്ചതോടെ പിന്നീട് അങ്ങോട്ട് മാറ്റുകയായിരുന്നു.