Connect with us

Articles

ഇത് കേരള മോചനയാത്ര

Published

|

Last Updated

കേരളം അതിന്റെ ചരിത്രത്തിലെ നിർണായകമായ ഒരു ഘട്ടത്തിലാണ് എത്തി നിൽക്കുന്നത്. സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് തൊട്ടു മുന്നിൽ. എല്ലാം ശരിയാക്കുമെന്ന മോഹന വാഗ്ദാനവുമായി അധികാരത്തിലേറിയ ഇടതു സർക്കാർ എന്തൊക്കെയാണ് ഈ അഞ്ച് വർഷം കാട്ടിക്കൂട്ടിയത്? സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും അക്ഷരാർഥത്തിൽ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു എന്ന് മാത്രമല്ല ഏറ്റവും ഒടുവിൽ സമൂഹത്തിൽ വർഗീയതയുടെയും വിദ്വേഷത്തിന്റെയും വിത്തുകൾ പാകുകയും ചെയ്യുന്നു. നമുക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഹീനപ്രവൃത്തികളാണ് ഈ സർക്കാറിന്റെ ആഭിമുഖ്യത്തിൽ നടന്നത്. ഭരണസിരാകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹപരമായ സ്വർണക്കടത്തുകാരുടെ താവളമായി മാറുമെന്നോ മുഖ്യമന്ത്രിയുടെ സർവശക്തനായ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിന് അകത്താകുമെന്നോ നമുക്ക് സ്വപ്നത്തിലെങ്കിലും കാണാൻ കഴിയുന്നതായിരുന്നോ? ഭരണഘടനാ പദവി വഹിക്കുന്ന മറ്റൊരു പ്രമാണി ഡോളർ കടത്തിൽ കുരുക്കിലാകുമെന്നും നാം കരുതിയോ? പക്ഷേ ഇവയെല്ലാം ഈ സർക്കാറിന്റെ കാലത്ത് നടന്നു.

എന്നിട്ട് ഇവക്ക് മേൽ അന്വേഷണം നടക്കുമ്പോൾ, ഇതാ കേരളത്തിന്റെ വികസനം തകർക്കുന്നു എന്ന് നിലവിളിക്കുകയും അന്വേഷണം അട്ടിമറിക്കാൻ നിയമസഭ ഉൾപ്പെടെയുള്ള ഭരണഘടനാ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ നഗ്നമായ പകൽക്കൊള്ളയെക്കുറിച്ചുള്ള അന്വേഷണം തടയുന്നതിന് പൊതുജനങ്ങളുടെ പണം എടുത്ത് തന്നെ കോടതിയിൽ പോകുന്നു. സ്വർണക്കടത്തിനെയും അഴിമതിയെയും കുറിച്ച് അന്വേഷിക്കുന്നത് എങ്ങനെയാണ് വികസനത്തെ അട്ടിമറിക്കുന്നതാകുക? കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളെ കേന്ദ്രം ഭരിക്കുന്ന ബി ജെ പി രാഷ്ട്രീയ ലക്ഷ്യത്തോടെ ദുരുപയോഗപ്പെടുത്തുന്നു എന്ന് വിലപിക്കുന്ന സംസ്ഥാന സർക്കാർ അതേ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെ ദുരുപയോഗപ്പെടുത്താൻ ശ്രമിക്കുന്നു എന്നതാണ് വൈരുധ്യം. അഞ്ച് വർഷക്കാലം മൂന്ന് പോലീസ് മേധാവികളെക്കൊണ്ട് അന്വേഷിപ്പിക്കുകയും തലനാരിഴ കീറി പരിശോധിക്കുകയും ചെയ്തിട്ടും കഴമ്പെന്തെങ്കിലും ഉണ്ടെന്ന് കണ്ടെത്താൻ കഴിയാതിരുന്ന കേസാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സി ബി ഐക്ക് വിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം സോളാർ കേസ് പൊടിതട്ടിയെടുത്ത് ജനങ്ങളെ എക്കാലവും വിഡ്ഢികളാക്കാമെന്നാണോ സർക്കാർ കരുതുന്നത്? വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായിരുന്നു സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭിയിൽ വെക്കും മുമ്പ് പുറത്തുവിട്ടു കൊണ്ട് യു ഡി എഫ് നേതാക്കൾക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വീണ്ടും ആ കേസ് പുറത്തെടുത്ത് കേസ് രജിസ്റ്റർ ചെയ്യുന്ന പ്രഹസനം കാട്ടിയത് ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും. അതെല്ലാം പാളിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും അതേ കപടതന്ത്രം ആവർത്തിക്കാനാകുമോ എന്നാണ് സർക്കാർ നോക്കുന്നത്.

നേരത്തേ സ്വർണക്കടത്തിലും ഡോളർ കടത്തിലും മയക്കുമരുന്നു കച്ചവടത്തിലും നാണം കെട്ട് നിൽക്കുന്ന വേളയിലായിരുന്നു യു ഡി എഫ് നേതാക്കൾക്കെതിരെ വിജിലൻസിനെക്കൊണ്ട് കള്ളക്കേസുകൾ എടുക്കാനാകുമോ എന്ന് സർക്കാർ നോക്കിയത്. ഒരിക്കൽ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ട് കോടതിയിൽ റിപ്പോർട്ട് നൽകിയ കേസ് ഉൾപ്പെടെയാണ് കുത്തിപ്പൊക്കാൻ നോക്കിയത്. അന്വേഷിക്കാൻ ഇതിൽ എന്താ ഉള്ളതെന്ന് ചോദിച്ച് ഗവർണർ ഫയൽ മടക്കിയെങ്കിലും “ഹിസ് മാസ്റ്റേഴ്‌സ് വോയിസ്” മാത്രമായ സ്പീക്കർക്ക് ഒന്നും ആലോചിക്കാനില്ലായിരുന്നു. കൈയോടെ അന്വേഷണത്തിന് അനുമതി നൽകി അദ്ദേഹം.

ശസ്ത്രീയമായി അഴിമതി നടത്തിയ സർക്കാറാണിത്. സ്പിംഗ്‌ളർ ഇടപാട് തന്നെ മികച്ച ഉദാഹരണം. പാവങ്ങൾക്ക് വീട് വെച്ചു നൽകാനെന്ന പേരിൽ കൊണ്ടു വന്ന ലൈഫ് പദ്ധതിയിലെ വൻകൊള്ളയിലും കൊള്ളപ്പലിശയുടെ ബാധ്യത ഉണ്ടാക്കിയ മസാലാ ബോണ്ട് അഴിമതിയിലുമെല്ലാം ഭരണഘടനാ തത്വങ്ങൾ ലംഘിച്ചും അഴിമതി നടത്താനുള്ള കൂസലില്ലായ്മയാണ് പ്രകടമാകുന്നത്.

ട്രാൻസ്ഗ്രിഡ് അഴിമതി, പമ്പാ മണൽക്കടത്ത്, ബോവ്ക്യൂ ആപ്പ്, കെ-ഫോണിന്റെയും കെ-റെയിലിന്റെയും മറവിലുള്ള കൺസൾട്ടൻസി തട്ടിപ്പുകൾ… അങ്ങനെ അഴിമതിയുടെ വലിയ പട്ടിക നീളുകയാണ്. ലക്ഷക്കണക്കിന് യുവാക്കൾ ജോലിക്കായി കാത്തിരിക്കുമ്പോൾ പി എസ് സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്താൻ കൺസൾട്ടൻസിയെ വെച്ച സർക്കാറാണിത്. ഈ സർക്കാർ ആവിഷ്‌കരിച്ച് പണി പൂർത്തിയാക്കിയ ഒരൊറ്റ വൻകിട പദ്ധതിയില്ല. കേരളത്തെ കടത്തിൽ മുക്കി എന്നതാണ് ഈ സർക്കാറിന്റെ നേട്ടം.

ഈ ദുർഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിച്ച് ഐശ്വര്യപൂർണമായ കേരളം കെട്ടിപ്പടുക്കുന്നതിനു വഴി ഒരുക്കുന്നതിനുള്ള യാത്രയാണ് യു ഡി എഫിന്റെ ആഭിമുഖ്യത്തിൽ ഇന്ന് കാസർകോട്ട് നിന്ന് ആരംഭിക്കുന്നത്. കേരളത്തിന്റെ മനസ്സ് തൊട്ടുണർത്തി ഫെബ്രുവരി 22ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ കേരളത്തിന്റെ മോചനത്തിനുള്ള കാഹളമായി അത് മാറും.

---- facebook comment plugin here -----

Latest