Connect with us

Cover Story

ഒരു കൂട്ടക്കുരുതിയുടെ പുരാവൃത്തങ്ങൾ

Published

|

Last Updated

1921 ലെ മലബാർ കലാപത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ പെണ്ണിന്റെ കരച്ചിലുകൾ വടുകെട്ടികിടക്കുന്ന എത്രയോ ഖബറുകളും തോടുകളും ചതുപ്പുകളും കാണാനാകും. അപൂർവമായി പഴയ വീടുകളുടെ അവശിഷ്ടങ്ങളും. എടപ്പറ്റയിലെ ബീവിയുടേത് മഹാസങ്കടങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു. കലാപവുമായി നേരിട്ട് ബന്ധമൊന്നുമില്ലാത്ത ജീവിതമായിരുന്നു ബീവിയുടേയും ഭർത്താവ് മൊയ്തീന്റേയും. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ശേഷിയും അവർക്കുണ്ടായിരുന്നു. സ്വന്തം മകളെ പട്ടാളക്കാർ പിടികൂടുകയും തന്റെ മുമ്പിൽ വെച്ച് ആ കുഞ്ഞിനെ വാളിൽ കോർത്ത് കൊല്ലുകയും ചെയ്തതിനെക്കുറിച്ച് ഒന്ന് ഓർത്തുനോക്കൂ. തീർച്ചയായും സാധാരണക്കാരിയാണെങ്കിൽ ആ അമ്മക്ക് ഭ്രാന്ത് പിടിച്ചിരിക്കും. പക്ഷേ, ബീവി എന്ന മാതാവിന് അസാധാരണമായ മനക്കരുത്ത് ഉണ്ടായിരുന്നു. ഒരു പക്ഷേ ആ കരുത്ത് അവർക്ക് നൽകിയത് അവരുടെ മതവിശ്വാസം തന്നെയായിരിക്കണം. തീരാവേദനയിൽ പിന്നീട് ബീവി ജീവിച്ചു.

മേലാറ്റൂരിനടുത്ത ചെറിയൊരു ഗ്രാമമാണ് എടപ്പറ്റ. ഗ്രാമപഞ്ചായത്തിന്റെ പേരാണ് എടപ്പറ്റ. പുരാതനകാലം മുതൽക്ക് ഈ ദേശം ഏപ്പിക്കാട് എന്നാണ് അറിയപ്പെടുന്നത്. ഏപ്പിക്കാട് പള്ളിയുടെ ചുറ്റുമായി ജനവാസകേന്ദ്രം രൂപപ്പെട്ടു. കൃഷി തന്നെ മുഖ്യവരുമാനം. നെല്ലും തെങ്ങും കവുങ്ങുംകൊണ്ട് സമ്പന്നമായിരുന്നു ഇവിടം. ഓരോ മഴക്കാലത്തും പള്ളിയാലുകളിൽ വെള്ളം നിറയും. കുന്നുകളിൽ നിന്ന് ജൈവാവശിഷ്ടങ്ങൾ വന്നുനിറയും. ആളുകൾക്ക് ജീവിക്കാൻ കൃഷിതന്നെ ധാരാളം. ചെറിയ ജീവിതമായിരുന്നു അവരുടേത്. ചെറിയ സ്വപ്നങ്ങളും. മേലാറ്റൂരിനടുത്താണ് കരുവാരക്കുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ വലിയ റബ്ബർതോട്ടങ്ങൾ ഇവിടെയായിരുന്നു. മലയുടെ ഉയരങ്ങളിൽ തേയിലക്കാടുകളുമുണ്ടായിരുന്നു. അവിടെയൊക്കെ തോട്ടങ്ങളുടെ അധികാരികളായി വെള്ളക്കാർ ഉണ്ടായിരുന്നു.

പാണ്ടിക്കാട് ചന്തപ്പുര യുദ്ധത്തിനുശേഷം ഈ പ്രദേശങ്ങൾ മൊത്തത്തിൽ അസ്വാസ്ഥ്യം നിറഞ്ഞതായി മാറി. പാണ്ടിക്കാട് യുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന് കനത്ത തിരിച്ചടി ഏൽക്കേണ്ടിവന്നു. അതിനുശേഷം വെള്ളക്കാരുടെ സഞ്ചാരപഥങ്ങളിലൊക്കെ പട്ടാളക്കാരുടെ അകമ്പടിയുണ്ടാകും. കുന്നിൻചെരിവിലെ പൊന്തക്കാടുകളിൽ ഗറില്ലകൾ പതിയിരിക്കുമെന്നും നിനച്ചിരിക്കാതെ ആക്രമണം അഴിച്ചുവിടുമെന്നും ബ്രിട്ടീഷുകാർ കരുതി. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരായ സായിപ്പന്മാർ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ചെറിയ ദൂരങ്ങളിലൊക്കെ നടന്നാണ് വെള്ളക്കാർ സഞ്ചരിക്കാറ്. ഏപ്പിക്കാട് വഴി മേലാറ്റൂരിലേക്ക് പോകുന്ന സായിപ്പും മദാമ്മയും ഏപ്പിക്കാട് സ്‌കൂൾ പടിയിലെത്തിയപ്പോൾ ആളുകൾ കൂകിവിളിക്കുകയും ചെറിയതോതിൽ കല്ലെറിയുകയുമൊക്കെ ചെയ്തു.

അംഗരക്ഷകരായി കുറച്ച് പട്ടാളക്കാരേ ഉണ്ടായിരുന്നുള്ളൂ. നാട്ടുകാരെ നേരിടാൻ അപ്പോൾ പട്ടാളക്കാർ തയ്യാറായില്ല. പക്ഷേ, അവർ പിന്നീട് വൻ സംഘവുമായി മടങ്ങിയെത്തി. ഇന്നത്തെ ഗാന്ധിനഗർ എന്നു വിളിക്കുന്ന പ്രദേശം കുന്നുകളായിരുന്നു. ആ കുന്നുകളൊക്കെ അക്കാലത്ത് വനമേഖലയായിരുന്നു. അവിടെനിന്ന് ഉത്ഭവിക്കുന്ന കൈത്തോടുകൾ താഴ്‌വരയിലേക്ക് കുത്തിയൊലിച്ചു. തോടുകളുടെ വശങ്ങളിൽ ചതുപ്പുകളായിരുന്നു. ഏപ്പിക്കാട് പട്ടാളമിറങ്ങിയത് ഇടവപ്പാതിക്കാലത്താണ്. തോക്കും വാളുമായി അവർ വന്നു. വീടുകളിൽ വന്ന് അവർ അക്രമം കാണിക്കാൻ തുടങ്ങി. പുരുഷന്മാരെ കണ്ടാൽ അറസ്റ്റ് ചെയ്യാനും വെടിവെച്ചുകൊല്ലാനുമൊക്കെയായിരുന്നു ബ്രിട്ടീഷ് അധികാരികളുടെ നിർദേശം. ഇത് നാട്ടുകാർക്കും അറിയാമായിരുന്നു. അതുകൊണ്ടാണ് ആരോഗ്യമുള്ള പുരുഷന്മാരൊക്കെ വനങ്ങളും പാറമടകളും ഒളിത്താവളങ്ങളാക്കി വീടുവിട്ടുപോയത്.

പുരുഷന്മാരില്ലാത്ത വീടുകളിലേക്ക് വന്ന വെള്ളപ്പട്ടാളം സ്ത്രീകളേയും വെറുതെ വിട്ടില്ല. കലാപബാധിത പ്രദേശങ്ങളിലൊക്കെ യുവതികൾ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. മറ്റു തരത്തിലുള്ള ആക്രമണങ്ങൾക്കും കുറവുണ്ടായിരുന്നില്ല. സഹികെട്ടതുകൊണ്ടാണ് സ്ത്രീകളും കുഞ്ഞുങ്ങളുമൊക്കെ വീടുവിട്ടിറങ്ങാൻ തീരുമാനിച്ചത്.
പാലേമ്പടിയിൽ ബീവിയും കുറേ സ്ത്രീകളും ഇന്നത്തെ സ്‌കൂൾ റോഡിലെ നിലമ്പതിക്കു സമീപത്തെ ചതുപ്പിലാണ് ഒളിച്ചിരുന്നത്. ചതുപ്പിന്റെ നടുവിലൂടെ കൈത്തോട് കുത്തിയൊഴുകി. ചതുപ്പിലെ പൊന്തക്കാടുകൾ ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലമായിരുന്നു. തോടിന്റെ എതിർവശം നേർച്ചപ്പാറ. കരുവാരക്കുണ്ടിൽ നിന്നും തുവ്വൂരിൽ നിന്നും വന്ന പട്ടാളം നേർച്ചപ്പാറയുടെ മുകളിലൂടെ വന്ന് താഴ്‌വരയിലേക്കിറങ്ങി.

നേർച്ചപ്പാറയിൽ നിന്നിറങ്ങിവരുന്ന പട്ടാളത്തിന്റെ ഒച്ചയനക്കങ്ങൾ ബീവിയും സംഘവും കേട്ടു. തന്റെ മകൻ കുഞ്ഞിപ്പുവിനെ വീട്ടിലാക്കിയാണ് ബീവി ഒളിസങ്കേതം തേടിയിറങ്ങിയത്. അവൻ അൽപ്പം മുതിർന്നിരുന്നു. ഗർഭിണിയായ ബീവി കൂടെ കൂട്ടിയത് തന്റെ കൈക്കുഞ്ഞിനെ മാത്രം. അതൊരു പെൺകുട്ടിയായിരുന്നു.
നൂറിലധികം പേർ വരുന്ന സ്ത്രീകളുടെ സംഘമാണ് ആ ചതുപ്പിൽ ഒളിച്ചിരുന്നത്. കുട്ടികളോട് മിണ്ടാതിരിക്കാൻ പറഞ്ഞു. മുള്ളുകൊണ്ട് കുഞ്ഞിക്കാലുകൾ മുറിഞ്ഞിട്ടും കുട്ടികൾ അമ്മമാരെ അനുസരിച്ച് മിണ്ടാതിരുന്നു. എന്നിട്ടും ഏതോ ഒരു കുട്ടിയുടെ കരച്ചിൽ പിടിച്ചുനിർത്താനായില്ല. അവന്റെ മാതാവ് കുഞ്ഞിന്റെ വായ് പൊത്തിപ്പിടിച്ചു. ശ്വാസം കിട്ടാതെ അതിദാരുണമായി ആ കുഞ്ഞ് പിടഞ്ഞു മരിച്ചു. ഇത് ഒരമ്മയുടെ നിസ്സഹായത. ആ അമ്മയും പിന്നീട് കൂട്ടക്കുരുതിയിൽ രക്തസാക്ഷിയായി. ആ കരച്ചിലിലേക്ക് പട്ടാളക്കാർ വന്നു. പിന്നെ താണ്ഡവമായിരുന്നു. കൂട്ടക്കുരുതിയായിരുന്നു. അമ്മമാരുടെ മുമ്പിൽ വെച്ച് യുവതികളെ ബലാത്സംഗം ചെയ്തു. എന്നിട്ടും അരിശം തീരാതെ വെടിവെച്ചു കൊന്നു.
ബീവിയുടെ മുമ്പിൽ പട്ടാളക്കാരൻ വന്നു നിന്നപ്പോൾ അവളാകെ വിറകൊണ്ടു. ഒക്കത്തിരിക്കുന്ന പെൺകുഞ്ഞിനെ പട്ടാളക്കാരൻ പിടിച്ചുവാങ്ങി. കുഞ്ഞിനെ ആകാശത്തേക്കെറിഞ്ഞു. താഴെ വീഴും മുമ്പ് വാളിൽ കോർത്തു. ജീവൻവെടിയും മുമ്പ് ഒരു കരച്ചിലും ഒരു പിടച്ചിലും. ഗർഭിണിയായതുകൊണ്ട് ബീവിയെ വെറുതെവിട്ടു.

പട്ടാളം പോയപ്പോൾ ബീവി തന്റെ കുഞ്ഞിന്റെ മൃതശരീരം വാരിയെടുത്തു. ബീവിയുടെ കണ്ണീരൊക്കെ വറ്റിപ്പോയിരുന്നു. തൊണ്ടയിൽ നിന്ന് കരച്ചിലും വരാതായി. ഉന്മാദിനിയെപ്പോലെയായിരുന്നു ബീവി. തന്റെ കുഞ്ഞിന്റെ ശരീരം നെഞ്ചോട് ചേർത്ത് ബീവി വീട്ടിലെത്തി. ഖബർ കുഴിക്കാൻ പുരുഷന്മാർ ഇല്ലാത്തതുകൊണ്ട് ബീവി തന്നെ അത് ചെയ്തു. അതിനുള്ള കരുത്ത് എവിടെനിന്നാണ് തനിക്ക് കിട്ടിയതെന്ന് പിൽക്കാലം ബീവി അത്ഭുതപ്പെട്ടിട്ടുണ്ട്.
പട്ടാളം ഗ്രാമം വിട്ടുപോയ ശേഷമാണ് പുരുഷന്മാർ ഒളിത്താവളങ്ങളിൽ നിന്ന് മടങ്ങിവന്നത്. കൂട്ടക്കുരുതി നടന്ന ചതുപ്പിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നു. ആ ചതുപ്പിൽ തന്നെയാണ് മൃതദേഹങ്ങൾ കൂട്ടത്തോടെ മറവുചെയ്തത്. ഏപ്പിക്കാട് വെടിയേറ്റു മരിച്ചവരിൽ ധാരാളം പുരുഷന്മാരുമുണ്ടായിരുന്നു. ചില വീട്ടുകാർ മൃതദേഹങ്ങൾ കണ്ടെടുത്ത് സ്വന്തം പറമ്പിൽ തന്നെ സംസ്‌കരിച്ചു.
ഏപ്പിക്കാട്ടെ മനുഷ്യർ ഒന്നും മറന്നിട്ടില്ല. കാരണവന്മാർ പറഞ്ഞത് കേട്ട് കൂട്ടക്കുരുതിയുടെ പുരാവൃത്തം പലരും രേഖപ്പെടുത്തി. അശരണരായ മനുഷ്യരും ഖിലാഫത്ത് പോരാളികളും ഒളിച്ചിരുന്ന പറയൻമാടിനെക്കുറിച്ചും കൊമ്പം കല്ലിലെ മുള്ളൻമടകളെക്കുറിച്ചും നാട്ടുകാർക്ക് ഏറെപ്പറയാനുണ്ട്.

പുരാതന ജനവാസത്തിന്റെ അടയാളങ്ങൾ പലതുണ്ട് ഏപ്പിക്കാട്ട്. മുനാടിയിൽ പാറ തുരന്നുണ്ടാക്കിയ നന്നങ്ങാടികൾ ഉണ്ടായിരുന്നു. അവിടെ പൗരാണിക ക്ഷേത്രാവശിഷ്ടങ്ങൾ ഉണ്ടായിരുന്നു. പുരാതനകാലത്ത് പാലക്കാട് നിന്ന് മൈസൂരിലേക്കുള്ള പാത ഈ വഴി കടന്നുപോയി. 1956 കാലഘട്ടത്തിൽ ഈ വഴി ബസോടി. ഷൊർണൂരിലെ മയിൽവാഹനം ബസിനെക്കുറിച്ചുള്ള ഓർമ പഴമക്കാർക്കുണ്ട്. ഏപ്പിക്കാട് വെച്ച് അവിചാരിതമായാണ് ഏറനാടൻ മുഹമ്മദിനെ പരിചയപ്പെടുന്നത്. കൃഷിക്കാരനും സാമൂഹികപ്രവർത്തകനുമാണ് മുഹമ്മദ്. കൂട്ടക്കുരുതിയുടെ ഓർമകളിലൂടെ നടക്കുമ്പോൾ മുഹമ്മദും കൂടെയുണ്ടായിരുന്നു. നൂറ് കണക്കിന് ആളുകൾ മരിച്ചുവീണ ചതുപ്പ് മുഹമ്മദ് കാണിച്ചുതന്നു. അതിന്റെ മറുഭാഗത്തെ കുന്നു മുഴുവൻ റബ്ബർകാടായിരിക്കുന്നു. രക്തസാക്ഷികളെ ഒന്നിച്ചു കുഴിച്ചുമൂടിയ സ്ഥലത്ത് ഒരു സ്മാരകം പണിയാൻ ദേശക്കാർ ആഗ്രഹിക്കുന്നുവെന്നാണ് മുഹമ്മദ് പറഞ്ഞത്.
ബീവിയുടെ കുഞ്ഞിനെ മറവുചെയ്ത സ്ഥലം ആ കുടുംബത്തിന്റെ പിൻതലമുറക്കാരുടെ കൈകളിൽ തന്നെയാണ് ഇപ്പോൾ. ആ ഖബർ സംരക്ഷിക്കപ്പെടുന്ന ഒന്നല്ല. ഖബറിന്റെ കല്ലുകൾ കേടുപറ്റാതെ കിടക്കുന്നു. അതിനു മുകളിലൂടെ കാട്ടുവള്ളികൾ പടർന്നുകയറിയിരിക്കുന്നു. ബീവി – മൊയ്തീൻ ദമ്പതികളുടെ മകൻ കുഞ്ഞിപ്പ ഹാജിയുടെ പുത്രൻ കുഞ്ഞാപ്പഹാജിയുടെ ഇപ്പോഴത്തെ വീടിനടുത്താണ് ഈ ഖബർ. പഴയ വീടിന്റെ കുറച്ചുഭാഗങ്ങൾ ശേഷിക്കുന്നു. അതിപ്പോൾ റബ്ബർ ഷീറ്റുകൾ സംസ്‌കരിക്കാൻ ഉപയോഗിക്കുന്നു. ഒളിത്താവളം തേടിപ്പോകുമ്പോൾ ബീവി തന്റെ വീട്ടിൽ നിർത്തിപ്പോയ പുത്രനായിരുന്നു കുഞ്ഞിപ്പ. ആ കുട്ടി വളർന്നു വലുതായി കുഞ്ഞിപ്പ ഹാജിയായി. അദ്ദേഹത്തിന്റെ പുത്രൻ ചാലിൽ അബ്ദുഹാജി ഇപ്പോഴും ജീവിച്ചിരിക്കുന്നു. വയസ്സ് തൊണ്ണൂറായി. കൃഷിക്കാരനും ഏപ്പിക്കാട് എൽ പി സ്‌കൂൾ മാനേജരുമായിരുന്നു. അദ്ദേഹത്തെ ഞാൻ കണ്ടു. പക്ഷേ, അബ്ദുഹാജിയുടെ ഓർമകൾ എല്ലാം ശിഥിലം.

കാളാക്കൽ യൂസുഫ് മൗലവിയുടെ കൈവശത്തിലുള്ള സ്ഥലത്തെ ഖബറിന്റെ അവശിഷ്ടം കാളാക്കൽ മൊയ്തീൻകുട്ടിയുടെ സഹോദരിയുടേതാണ്. കൃത്യമായി പരിരക്ഷിച്ചുപോരുന്ന ഒരു ഖബർ എല്ലാന്തിക്കൽ മൊയ്തുണ്ണി മുസ്്ലിയാരുടേതാണ്. പള്ളിയാലിലെ കവുങ്ങിൻതോപ്പിലൂടെ കുറച്ച് നടക്കണം.
1921 ഇങ്ങനെ എത്രയോ കലാപദേശങ്ങളിലെ രക്തസാക്ഷികളുടെ ചരിത്രമാണ്. ഒരു ജനതയുടെ ആത്മബോധം നാം തിരിച്ചറിയുന്നത് ഇത്തരം ദേശങ്ങളിലൂടെയുള്ള യാത്രയിലായിരിക്കും. അപമാനിതരാകുന്നതിനേക്കാൾ നല്ലത് പോരാടി മരിക്കുക എന്നു തീരുമാനിക്കപ്പെട്ട മനുഷ്യരാണ് നമ്മുടെ സ്വാതന്ത്ര്യചിന്തക്ക് അടിത്തറ പാകിയത്.
.

Latest