National
കഫീല്‍ ഖാനെതിരെ യോഗി സര്‍ക്കാറിന്റെ പക വീണ്ടും; ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പട്ടികയില്‍ പെടുത്തി
ഗോരഖ്പൂര്‍ | ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പട്ടികയില്‍ ഡോ.കഫീല്‍ ഖാനെ ഉള്‍പ്പെടുത്തി പോലീസ്. പട്ടികയില്‍ 81 പേരെ കൂടിയാണ് ഉള്‍പ്പെടുത്തിയത്. പോലീസ് സൂപ്രണ്ട് യോഗേന്ദ്ര കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് കഫീല്‍ ഖാനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ജില്ലയില്‍ പട്ടികയിലുള്ളത് 1543 പേരാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18ന് തന്നെ കഫീലിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെന്നും എന്നാല്‍ വെള്ളിയാഴ്ചയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചതെന്നും സഹോദരന്‍ അദീല്‍ ഖാന്‍ പറഞ്ഞു.
പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ യു പി പോലീസിന്റെ നിതാന്ത നിരീക്ഷണത്തിലായിരിക്കും കഫീല്‍ ഖാനുണ്ടാകുക. ജീവിതാന്ത്യം വരെ പോലീസിന് തന്നെ നിരീക്ഷിക്കാന്‍ സാധിക്കുമെന്ന് കഫീല്‍ ഖാന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
തന്നെ 24 മണിക്കൂറും നിരീക്ഷിക്കാന്‍ രണ്ട് സുരക്ഷാ ഗാര്‍ഡിനെ കൂടി അനുവദിക്കണമെന്നും അങ്ങനെ വന്നാല്‍ വ്യാജ കേസുകളില്‍ നിന്ന് തനിക്ക് രക്ഷപ്പെടാമെന്നും കഫീല്‍ ഖാന്‍ പരിഹസിച്ചു. കൊടും കുറ്റവാളികളെ വെറുതെവിട്ട് നിരപരാധികളെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പട്ടികയില്‍ പെടുത്തുകയാണ് യു പി സര്‍ക്കാറെന്നും അദ്ദേഹം വിമര്‍ശിച്ചു.