Connect with us

Articles

നൂതന രാഷ്ട്രീയത്തിന്റെ മണിമുഴക്കം

Published

|

Last Updated

‘നിങ്ങള്‍ നിയമങ്ങള്‍ നടപ്പാക്കി രസിക്കുന്നു. എങ്കിലും അവ ലംഘിക്കുന്നതിലാണ് നിങ്ങള്‍ക്ക് കൂടുതല്‍ ആഹ്ലാദം. കടല്‍ത്തീരത്ത് മണല്‍കൊട്ടാരങ്ങള്‍ സൂക്ഷ്മതയോടെ നിര്‍മിക്കുകയും അതിന് ശേഷം പൊട്ടിച്ചിരിച്ചു കൊണ്ട് അവ തട്ടിയുടക്കുകയും ചെയ്ത് കളിക്കുന്ന കുട്ടികളെ പോലെയാണ് നിങ്ങള്‍” (ഖലീല്‍ ജിബ്രാന്‍).

ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത നിയമങ്ങള്‍ ഭരണകക്ഷി അവരുടെ നിയമനിര്‍മാണ സഭകളിലെ തട്ടിക്കൂട്ടിയൊപ്പിച്ച ഭൂരിപക്ഷം ഉപയോഗിച്ച് തിടുക്കത്തില്‍ പാസ്സാക്കിയെടുക്കുമ്പോള്‍ അത്തരം നിയമങ്ങളുടെ അനന്തരഫലം തങ്ങള്‍ക്ക് പ്രതികൂലമാകുമെന്ന് ആശങ്കപ്പെടുന്ന ഒരു ജനവിഭാഗം അതിനെതിരെ തെരുവിലിറങ്ങി പ്രക്ഷോഭം ശക്തിപ്പെടുത്തുന്നു. ഇതിനെ ആര്‍ക്കാണ് ആക്ഷേപിക്കാനാകുക? സുപ്രീം കോടതി പോലും അവരുടെ വികാരങ്ങളോട് അനുഭാവപൂര്‍വമായിട്ടാണ് പ്രതികരിച്ചത്. എന്നിട്ടും എന്തേ അമിത് ഷാ- നരേന്ദ്ര മോദി പ്രഭൃതികള്‍ക്ക് ഈ സമരത്തെ അടിച്ചൊതുക്കിയേ അടങ്ങൂ എന്ന വാശി? പുരാണത്തിലെ യാഗം മുടക്കികളായ രാക്ഷസന്മാരെ പോലെ സ്ഥലവാസികള്‍ എന്ന വ്യാജേന ആര്‍ എസ് എസ്സുകാരെ സമരക്കാര്‍ക്കിടയിലേക്ക് അഴിച്ചുവിടുകയും അവരുടെ താത്കാലിക കൂടാരങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നതാണ് നമ്മള്‍ കാണുന്നത്. വൈദ്യുതിയും ജലവിതരണവും തടസ്സപ്പെടുത്തുകയും കൂടി ആയപ്പോള്‍ സമരക്കാര്‍ അതിവേഗം തിരിച്ചുപൊയ്‌ക്കൊള്ളും എന്ന കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ടാണ് ഇപ്പോള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്നത്.

സമാധാനപരമായ ഏതൊരു സമരത്തിനും ഒട്ടേറെ പരിമിതിയുണ്ട്. ഇത് നമുക്ക് പറഞ്ഞു തന്നത് സാക്ഷാല്‍ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയാണ്. ഒരു ചുവട് മുന്നോട്ട് വെക്കുമ്പോള്‍ ചിലപ്പോള്‍ അടുത്ത ചുവട് പിന്നോട്ട് വെക്കേണ്ടി വരും. ഒരു രാത്രി കൊണ്ട് എല്ലാ പകലുകളും അവസാനിക്കുന്നില്ല. “രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടും ദേവന്‍സൂര്യനുദിക്കും ഉഷസ്സെങ്ങും പ്രകാശിച്ചിടും ഈ കമലവും താനെ വിടര്‍ന്നിടും” എന്ന കൂമ്പിപ്പോയ താമരക്കുള്ളില്‍ അകപ്പെട്ടുപോയ വണ്ടിന്റെ ആശ്വാസത്തിനും അപ്പുറമാണ് ഈ പ്രത്യാശ. ഒരുപക്ഷേ പരാജയം മണത്ത് ഇന്നല്ലെങ്കില്‍ നാളെ ഡല്‍ഹി അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷക ലക്ഷങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോയി എന്ന് വരും. ആ കര്‍ഷകന്റെ ബോധമനസ്സ് ഇന്ന് ആളിക്കത്തുന്ന ഒരു തീജ്വാലയാണെങ്കില്‍ നാളെ അത് നീറിക്കത്തുന്ന തീക്കനല്‍ ആയിരിക്കും. ഏതാണ് കൂടുതല്‍ അപകടകാരിയെന്ന് കാത്തിരുന്ന് കാണാനേ കഴിയൂ.

അമേരിക്കന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് സ്ഥാനം ഒഴിഞ്ഞ് അപമാനിതനായി പുറത്തുപോയ ട്രംപ് ഉള്‍പ്പെടെയുള്ള എല്ലാ വലതുപക്ഷ ഭരണാധികാരികളും ജനാധിപത്യത്തിന്റെ ആട്ടിന്‍തോലണിഞ്ഞ ഫാസിസത്തിന്റെ ചെന്നായ്ക്കളാണ്. അവര്‍ രാഷ്ട്രീയമെന്ന പേരില്‍ മറ്റാര്‍ക്കോ വേണ്ടി ദല്ലാള്‍ പണി ചെയ്യുകയാണ്. ജനദൃഷ്ടിയില്‍ അപ്രത്യക്ഷമായി വ്യാപരിക്കുന്ന ആഗോള കുത്തകകള്‍ക്ക് വേണ്ടി അവരില്‍ നിന്ന് കമ്മീഷന്‍ പറ്റി രാഷ്ട്രീയം പയറ്റുന്ന വെറും കങ്കാണിമാരാണ് ട്രംപും മോദിയും ഒക്കെ എന്ന് തെളിയിക്കുന്നതാണ് അവരുടെ ഓരോ നടപടികളും. അവര്‍ക്ക് വേണ്ടി ആശയസൗധം നിര്‍മിക്കുന്ന ആശാരിമാര്‍ നെടുനെടുങ്കന്‍ ഗ്രന്ഥങ്ങള്‍ തന്നെ എഴുതിയെന്ന് വരും. ചരിത്രം അവസാനിച്ചു എന്ന് പറഞ്ഞ ഫ്രാന്‍സിസ് ഫുക്കിയാമയും സംസ്‌കാരങ്ങളുടെ സംഘര്‍ഷത്തെ കുറിച്ച് പറഞ്ഞ എഡ്വേര്‍ഡ് ഹണ്ടിംഗ്ടണും ചില ഉദാഹരണങ്ങള്‍. നമ്മുടെ നാട്ടിലും ഉണ്ട് അവരുടെ കാലടിപ്പാടുകളെ വിടാതെ പിന്തുടരുന്ന പത്രപ്രവര്‍ത്തക ബുദ്ധിജീവികള്‍. അവര്‍ ജനങ്ങളെ വെളുത്തവരെന്നും കറുത്തവരെന്നും വേര്‍തിരിക്കുന്നു. ബ്രാഹ്മണരെന്നും ക്ഷത്രിയനെന്നും ഹിന്ദുവെന്നും മുസ്‌ലിമെന്നും വേര്‍തിരിക്കുന്നു. ഈ വേര്‍തിരിക്കലിന്റെ അര്‍ഥം മനസ്സിലാക്കാത്ത സാധാരണ ജനങ്ങള്‍ ഓരോരോ ചായം മുക്കിയ പീറക്കൊടികളുടെ വേദാന്തവും ഓതി ജനഹൃദയങ്ങളില്‍ ചേക്കേറാന്‍ ശ്രമിക്കുന്നു. ഇതല്ലേ ഇന്ന് നമ്മള്‍ ചുറ്റുപാടും കാണുന്ന രാഷ്ട്രീയം.

ഈസോപ്പ് കഥയിലെ മുട്ടനാടുകളെ തമ്മിലടിപ്പിച്ച് നടുവില്‍ നിന്ന് ചോര കുടിക്കുന്ന കുറുക്കന്റെ റോളാണ് നമ്മുടെ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക്. അതാണ് ഈ നാടിന്റെ ശാപം. കൃഷിയുടെ രാഷ്ട്രീയം എന്ന ഒരു നൂതന രാഷ്ട്രീയത്തിന്റെ മണിമുഴക്കമാണ് ഇപ്പോള്‍ നമ്മള്‍ ഡല്‍ഹിയില്‍ നിന്ന് കേള്‍ക്കുന്നത്. ചരിത്രത്തിന്റെ ഗതിയെ വഴിതിരിച്ചുവിട്ട മൂന്ന് മഹാ വിപ്ലവങ്ങളെ കുറിച്ച് യൂവാന്‍നോവഹരാരി എന്ന ഗ്രന്ഥകാരന്‍ തന്റെ പ്രസിദ്ധമായ സാപ്പിയന്‍സ് എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഏകദേശം എഴുപതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ജ്ഞാനവിപ്ലവം, പന്ത്രണ്ടായിരം വര്‍ഷം മുമ്പ് നടന്ന കാര്‍ഷിക വിപ്ലവം, കേവലം അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം നടന്ന ശാസ്ത്ര വിപ്ലവം. ഈ മൂന്ന് വിപ്ലവങ്ങളുടെയും നല്ല തുടര്‍ച്ച ഇന്ന് മനുഷ്യ രാശി അനുഭവിക്കുന്നു. പെറുക്കി തിന്നലില്‍ നിന്നും വേട്ടയാടലിലേക്കും അതില്‍ നിന്ന് കൃഷിയിലേക്കും പ്രവേശിക്കുകയായിരുന്നു മനുഷ്യര്‍. കൃഷി അഥവാ അഗ്രികള്‍ച്ചര്‍ കേവലം ഒരു ഭക്ഷണോപാധി മാത്രം ആയിരുന്നില്ല, ഒരു സംസ്‌കാര നിര്‍മിതി കൂടിയായിരുന്നു. സസ്യങ്ങളെയും വൃക്ഷലതാദികളെയും വന്യമൃഗങ്ങളെയും ഒക്കെ ആശ്രയിച്ച് അവയോടൊപ്പം സഹവസിച്ചു കൊണ്ട് മാത്രമേ മനുഷ്യര്‍ക്ക് ഈ ഭൂമിയില്‍ അതിജീവനം സാധ്യമാകൂ എന്ന തിരിച്ചറിവായിരുന്നു കര്‍ഷക വിപ്ലവത്തിന്റെ ഏറ്റവും വലിയ സംഭാവന. തന്റെ സഹജീവിയുടെ സാന്നിധ്യം തനിക്ക് എത്ര പ്രധാനപ്പെട്ടതാണ് എന്ന് അവനെ ബോധ്യപ്പെടുത്തിയത് അഗ്രികള്‍ച്ചര്‍ ആയിരുന്നു. സ്വന്തം അധ്വാനശേഷിയുടെ മാഹാത്മ്യം മനുഷ്യന്‍ തിരിച്ചറിഞ്ഞ് അവനെ അല്ലെങ്കില്‍ അവളെ ആത്മാഭിമാനമുള്ള ഒരു ജീവിയാക്കി മാറ്റിയതും അഗ്രികള്‍ച്ചര്‍ ആണ്. അതുകൊണ്ടാണ് എല്ലാ കള്‍ച്ചറിന്റെയും പിള്ളത്തൊട്ടില്‍ അഗ്രികള്‍ച്ചറാണ് എന്ന് പറയുന്നത്.

ഭൂമിയില്‍ അധ്വാനിക്കുന്നവന് ഭൂമിയിന്മേലുള്ള ഉടമസ്ഥാവകാശം നഷ്ടമാകുകയും എവിടെ നിന്നോ കടന്നുവന്ന ഒരുവനും അവന്റെ ആജ്ഞാനുവര്‍ത്തികളും കൂടി നീ അധ്വാനിച്ച് ഫലഭൂയിഷ്ഠമാക്കിയ ഈ ഭൂമി ഇനിമേല്‍ എന്റേതാണെന്നും നീ എന്റെ അടിമ മാത്രം ആയിരിക്കും എന്നുമുള്ള പ്രഖ്യാപനത്തോടെയാണ് ജന്മി നാടുവാഴി വ്യവസ്ഥ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇതോടെ കൃഷിയില്‍ നിന്ന് കര്‍ഷകന് ലഭിച്ചിരുന്ന എല്ലാ സ്വാഭാവിക സന്തോഷവും നഷ്ടമാകുകയും അവന്‍ അവന്റെ മനുഷ്യത്വത്തില്‍ നിന്ന് അന്യവത്കരിക്കപ്പെടുകയും ചെയ്തു എന്ന് പൗലോഫ്രയര്‍ പീഡിതരുടെ ബോധനശാസ്ത്രം എന്ന പഠനത്തില്‍ നിരീക്ഷിക്കുന്നു.

ഇത്തരം ഒരു അവസ്ഥയിലാണ് കര്‍ഷകന്‍, കര്‍ഷക തൊഴിലാളി, വ്യവസായി, വ്യവസായ തൊഴിലാളി, ദല്ലാള്‍ അഥവാ കൂട്ടികൊടുപ്പുകാരന്‍ എന്നിങ്ങനെയുള്ള അതിസങ്കീര്‍ണമായ സാമൂഹിക വൈരുധ്യങ്ങള്‍ വികസിച്ച് വന്നത്. ഇതിനിടയില്‍ വേര്‍തിരിവുകള്‍ അഗ്നിക്ക് മുമ്പില്‍ മെഴുക് പോലെ പണ്ടേ ഉരുകിപ്പോകേണ്ടതായിരുന്നു. എന്നാല്‍ സ്ഥാപിത താത്പര്യക്കാര്‍ അത് അനുവദിച്ചില്ല.

ആളുകളുടെ തലയെണ്ണി കാര്യം തീര്‍പ്പാക്കല്‍, അതിന് ജനാധിപത്യം എന്ന ഓമനപ്പേര്. അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന ഒരു മണ്ടന്‍ ഭരണാധികാരി ജര്‍മനിയില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തില്‍ വന്നു (1933). രാജ്യത്തിന്റെ നിയമം പാലിച്ച് ചാന്‍സലറായപ്പോള്‍ അദ്ദേഹം സ്വയം രാജ്യത്തിന്റെ നിയമമായി മാറി. അദ്ദേഹത്തേക്കാള്‍ എത്രയോ ഏറെ മണ്ടന്മാരായ ജനം വായും പൊളിച്ച് നോക്കി നിന്നു. ഹിറ്റ്‌ലര്‍ മാത്രമോ, എത്രയോ പേര്‍… ഇറ്റലിയില്‍ മുസോളിനി, സ്‌പെയിനില്‍ ഫ്രാങ്കോ, പോര്‍ച്ചുഗലില്‍ സലാസര്‍, ഇന്ത്യയില്‍ ഇന്ദിരാഗാന്ധി, ഇപ്പോഴിതാ നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ പഞ്ചസാരയില്‍ പൊതിഞ്ഞ് ഫാസിസം നടപ്പാക്കാന്‍ കഴിഞ്ഞാല്‍ അതിനാണ് ആയുസ്സും ആരോഗ്യവും വര്‍ധിക്കുക എന്ന് ഇത്തരക്കാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

അമേരിക്കന്‍ ജനാധിപത്യത്തിന്റെ പോലും കടുത്ത വിമര്‍ശകനായിരുന്ന ഇന്ത്യന്‍ മിസ്റ്റിക്ക് ഓഷോ രജനീഷ് ഒരു പ്രഭാഷണത്തില്‍ തന്റെ ശ്രോതാക്കളോട് ചോദിക്കുന്നു. “നിങ്ങളുടെ ഈ ജനാധിപത്യം എന്ന് പറയുന്നത് എന്താണ്? അത് നിര്‍വചിക്കപ്പെടുന്നത് ഇങ്ങനെയല്ലേ, “ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങള്‍ക്കു വേണ്ടിയുള്ള ജനങ്ങളുടെ ഭരണകൂടം”… ഇത്രയും ഭീമമായ ഒരു നുണ വേറെ ഏതാണുള്ളത്. ലോകത്തില്‍ ഇതുവരെ ഒരു ഭരണകൂടവും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടതോ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതോ ജനങ്ങളുടേയോ ആയിരുന്നിട്ടില്ല. എന്തൊരു വലിയ കബളിപ്പിക്കലാണ് ഈ നിര്‍വചനം. ഇതിന് മറവില്‍ ശക്തരും സൂത്രശാലികളും കൗശലക്കാരുമായ ആളുകളെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ അവരുടെ കൈയിലായി ആ അധികാരങ്ങളെല്ലാം. അവരുടെ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് അവരത് വിനിയോഗിക്കുന്നത്. അല്ലാതെ ജനങ്ങളുടെ നേട്ടത്തിന് വേണ്ടിയല്ല. അഞ്ച് വര്‍ഷത്തേക്ക് നിങ്ങളൊരു പാര്‍ലിമെന്റ് മെമ്പറെ തിരഞ്ഞെടുത്ത് അയച്ചുകഴിഞ്ഞാല്‍ അയാള്‍ നിങ്ങളുടെ യജമാനനായെന്ന കാര്യം നിങ്ങള്‍ അറിയുന്നില്ല”.

ഓഷോയുടെ വിമര്‍ശം അല്‍പ്പം കടുത്തുപോയി എന്ന് തോന്നാം. അബ്രഹാം ലിങ്കണ്‍ തന്റെ ഗറ്റിസ്ബര്‍ഗ് പ്രസംഗത്തിലാണ് മേലുദ്ധരിച്ച നിര്‍വചനം ജനാധിപത്യത്തിന് നല്‍കിയത്. ലിങ്കണിന്റെ ആ നിര്‍വചനം ഇന്നും ഒരു വിദൂര സ്വപ്‌നമാണ്. എന്ന് കരുതി അത്തരം സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ചുള്ള ഒരു ജീവിതം എത്രമേല്‍ ദുസ്സഹമായിരിക്കും. കുട്ടിയെ കുളിപ്പിച്ച വെള്ളത്തോടൊപ്പം കുട്ടിയെ കൂടി ഉപേക്ഷിക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് തന്നെ എന്തൊക്കെ കുറവുകളുണ്ടെങ്കിലും ജനാധിപത്യത്തിന് ബദലായി മറ്റൊരു ഭരണവ്യവസ്ഥ ഈ ലോകത്ത് ആവിര്‍ഭവിച്ചിട്ടില്ലെന്നത് സമ്മതിച്ചേ തീരൂ.

ഇന്ത്യയെപ്പോലെ മതപരമായും സാംസ്‌കാരികമായും പ്രാദേശിക വൈജാത്യങ്ങളാലും വൈരുധ്യപൂര്‍ണമായ ഒരു രാജ്യത്ത് ഇന്ന് നിലവിലുള്ള നമ്മുടെ ഭരണഘടനയനുസരിച്ച് ജനാധിപത്യത്തിന് കരുത്ത് പകരാന്‍ നമുക്ക് കഴിയുമോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം. എന്തുകൊണ്ട് കഴിയില്ല. പക്ഷേ ഒരു കാര്യം, അതിനായി നമ്മുടെ ഫെഡറല്‍ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കണം. നമ്മുടെ ബഹുസ്വരതയെ പരസ്പരം അംഗീകരിക്കുകയും മാനിക്കുകയും ചെയ്താല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ഭാവിയുണ്ട്. അല്ലാത്തപക്ഷം സ്വാതന്ത്ര്യ പൂര്‍വകാലത്തെ പ്രതിലോമ ശക്തികളായിരുന്ന ഹിന്ദു സംഘ്പരിവാര്‍ കക്ഷികള്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയും അവരുടെ കൈകളില്‍ ഈ രാജ്യം ഞെരിഞ്ഞമരുകയും ചെയ്യും. അവരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ മറ്റൊരു സ്വാതന്ത്ര്യ സമരം അനിവാര്യമാകും.

Latest