Kerala
കേരളത്തിൽ നിന്നും പണം ലഭിച്ചിട്ടില്ലെന്ന് കത്വ കേസ് മുൻ അഭിഭാഷക; മറുപടി ഉടൻ തരാമെന്ന് യൂത്ത് ലീഗ്
കോഴിക്കോട് | കത്വ കേസിൽ കോടതി ചെലവിലേക്കായി കേരളത്തിൽ നിന്നും ഒരു രൂപ പോലും
ലഭിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി ഇരയുടെ കുടുംബത്തിന്റെ മുൻ അഭിഭാഷക ദീപിക സിങ് രജാവത്ത്.കത്വ ഫണ്ട് വിവാദമായ പശ്ചാത്തലത്തിൽ പിരിച്ചെടുത്തതിൽ 9,35000 രൂപ കേസ് വാദിച്ച അഭിഭാഷകർക്ക് നല്കിയിരുന്നുവെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ ആദ്യഘട്ടത്തിൽ കേസ് കൈകാര്യം ചെയ്തിരുന്ന ദീപിക സിങ് , പ്രതിഫലമായോ കേസ് നടത്തിപ്പ് ചെലവിലേക്കോ ഒരു രൂപ പോലും കേരളത്തിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. യൂത്ത്ലീഗ് ഇപ്പോൾ മുന്നിൽ സാക്ഷിയായി നിർത്തുന്ന മുബീൻ ഫാറൂഖി കേസിൽ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹത്തെ അറിയില്ലെന്നും ദീപിക പറഞ്ഞു.
കത്വ സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് പിരിച്ചെടുത്ത ഫണ്ട് നേതാക്കൾ വകമാറ്റി ചെലവഴിച്ചു എന്ന മുൻ യൂത്ത് ലീഗ് നേതാവ് യൂസുഫ് പടനിലത്തിന്റെ ആരോപണത്തെ തുടർന്നാണ് യൂത്ത് ലീഗ് നേതാക്കൾ അഭിഭാഷകർക്ക് പണം നൽകിയ കാര്യം വിശദീകരിച്ചത്.പിരിച്ചെടുത്ത ഫണ്ട് കൃത്യമായി വിതരണം ചെയ്തുവെന്ന് വ്യക്തമാക്കി, വിവാദം ആയുധമാക്കുന്ന എൽഡിഎഫിനെ പ്രതിരോധിക്കാനുള്ള യൂത്ത്ലീഗ് ശ്രമങ്ങൾ ഇതോടെ പരുങ്ങലിലായി.
അതേസമയം ദീപിക സിങിന്റെ ആരോപണങ്ങൾക്ക് കണക്കുകൾ നിരത്തി മറുപടി പറയുമെന്ന് യൂത്ത്ലീഗ് ദേശീയ അധ്യക്ഷൻ സികെ സുബൈർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.കുടുംബത്തിന്റെ ആവശ്യപ്രകാരം 2018 ഇൽ ദീപികാസിങിനെ കേസിന്റെ ചുമതലയിൽ നിന്നും ഒഴിവാക്കിയിരുന്നു. അതുകൊണ്ട് തന്നെ നിലവിൽ കേസ് വാദിക്കുന്ന അഭിഭാഷകർക്കാണ് പ്രസ്തുത പണം നൽകിയതെന്ന വാദമാകും യൂത്ത്ലീഗ് ഉയർത്തിക്കാട്ടുക.