Connect with us

Cover Story

സർക്കാർ വിലാസം ഗ്രാമം, തെക്കുംഭാഗം പി ഒ

Published

|

Last Updated

ചവറയിലെ തെക്കും ഭാഗം ഇക്കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് സമയത്ത് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. അത് സ്ഥാനാര്‍ഥികളുടെ പെരുമയോ സ്ഥലത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കൊണ്ടോ ആയിരുന്നില്ല. ഏറ്റവും കൂടുതല്‍ തപാല്‍ വോട്ടുകള്‍ നടന്ന സ്ഥലമായിരുന്നു തെക്കുംഭാഗം ഗ്രാമപഞ്ചായത്ത്. തെക്കുംഭാഗം തപാലോഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ജോലിയിലേക്കുള്ള നിയമന ഉത്തരവുകള്‍ പതിവ് കാഴ്ചയാണ്. തെക്കുംഭാഗം ഗ്രാമം അങ്ങനെ ഉദ്യോഗസ്ഥ ഗ്രാമമായി മാറിയതിന് പിന്നില്‍ ഇരുപത്തഞ്ച് വര്‍ഷങ്ങളും അത്ഭുത കഥ പോലെ അതിന് സൂത്രധാരനായി നിലകൊണ്ട, ഇന്നും ആയിരത്തോളം യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് പിറകെ സഞ്ചരിക്കുന്ന മധു സാര്‍ എന്ന് വിളിക്കുന്ന മുരളീകൃഷ്ണൻ എന്ന നാല്‍പ്പത്തഞ്ചുകാരനുമുണ്ട്. മധുവിന്റെ അധ്യാപനത്തിലൂടെ പ്രതിവര്‍ഷം ശരാശരി 200 എന്ന കണക്കില്‍ ഇപ്പോള്‍ ആകെ തൊഴില്‍ ലഭിച്ചവരുടെ എണ്ണം അയ്യായിരത്തിന് പുറത്ത് വരും. ഇത് തെക്കുംഭാഗം എന്ന സ്ഥലത്ത് മാത്രം ഒതുങ്ങുന്ന സംഖ്യയല്ല. സര്‍ക്കാര്‍ ജോലി സ്വപ്‌നം കണ്ട് തെക്കുംഭാഗത്ത് എത്തുന്നത് ജില്ലക്കുള്ളിലുള്ളവര്‍ മാത്രമല്ല, കോഴിക്കോട്, വയനാട്, കണ്ണൂര്‍ തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ളവരുമുണ്ട്. ഇപ്പോള്‍ തെക്കുംഭാഗം ഗ്രാമത്തില്‍ ഒരു വീട്ടില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനെങ്കിലുമുണ്ട്. ചില വീട്ടില്‍ ജീവനക്കാരുടെ എണ്ണം മൂന്നും നാലുമാണ്. കഠിന പരിശീലനത്തിലൂടെ പാവപ്പെട്ട കുടുംബങ്ങളില്‍ സര്‍ക്കാര്‍ ജോലിയെന്ന പ്രകാശം നിറക്കുന്ന മധുവിന്റെ ജീവിതം സിനിമാക്കഥ പോലെ വിസ്മയമാണ്.

അവിവേകവും തിരിച്ചറിവും

പതിനേഴാം വയസ്സില്‍ കൊല്ലം ചന്ദനത്തോപ്പിലെ വീട്ടില്‍ നിന്ന് അച്ഛനോട് പിണങ്ങിയിറങ്ങുന്പോള്‍ മധുവിന്റെ മനസ്സില്‍ ആത്മഹത്യ മാത്രമായിരുന്നു. കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയ ആ പ്രീഡിഗ്രിക്കാരന്റെ മനസ്സ് ട്രെയിനിന് മുന്നില്‍ ചാടി ജീവിതം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍, ഒരു നിമിഷത്തെ തിരിച്ചറിവില്‍ പിന്നോട്ട് നോക്കിയ മധുവിനെ ആരൊക്കെയോ തിരിച്ചു വിളിക്കുന്നതായി തോന്നി.

അങ്ങനെയാണ് തെക്കുംഭാഗത്തുള്ള അപ്പൂപ്പനെയും അമ്മൂമ്മയെയും കുറിച്ച് ഓര്‍മവന്നത്. അവധിക്കാലങ്ങളില്‍ ഇടക്ക് വല്ലപ്പോഴുമൊക്കെ പോയതിന്റെ ഓര്‍മയില്‍ കൊല്ലം ബസ് സ്റ്റാന്‍ഡിനടുത്തുള്ള ബോട്ട് ജെട്ടിയിലെത്തി തെക്കുംഭാഗത്തേക്ക് ബോട്ട് കയറി. അവിടെ അപ്പൂപ്പന്‍ ശിവരാമ പിള്ളയുടെയും അമ്മൂമ്മ കമലാക്ഷിയമ്മയുടെയും കരങ്ങളില്‍ അയാള്‍ സുരക്ഷയുടെ തെളിനീര്‍ കണ്ടു. അവഗണിക്കപ്പെട്ടവരുടെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കണമെന്ന വാശിയില്‍ അങ്ങനെ മുടങ്ങിയ പ്രീഡിഗ്രിപഠനം പൂര്‍ത്തിയാക്കി, ഡിഗ്രി പഠനം തുടങ്ങി. ഒപ്പം നാട്ടിലെ ഒരു ട്യൂഷന്‍ സെന്ററിലെ കുട്ടികളെ പഠിപ്പിച്ചുകൊണ്ട് അധ്യാപനം ആരംഭിച്ചു. വരുമാനം തുച്ഛമായിരുന്നു. നാട്ടിലെ ഏതാനും ചിലര്‍ക്ക് സര്‍ക്കാറുദ്യോഗം ലഭിച്ചത് പബ്ലിക് സര്‍വീസ് കമ്മിഷന്‍ വഴിയാണെന്ന് മനസ്സിലാക്കിയപ്പോള്‍ ചിന്ത പിന്നീട് ആ വഴിക്കായി. അതിലേക്കുള്ള കുറച്ചു പുസ്തകങ്ങള്‍ സംഘടിപ്പിച്ചു. ഒപ്പം മൂന്ന് കൂട്ടുകാരെയും കൂട്ടി. അങ്ങനെ 95ല്‍ തെക്കുംഭാഗത്തെ ലക്ഷ്മി വിഹാര്‍ തറവാടിന്റെ നീണ്ട തിണ്ണയില്‍ ഒരു പി എസ് സി പരീക്ഷാപഠനക്കളരിയുടെ തുടക്കമായി. ആദ്യമെഴുതിയ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ മധുവിന് ലഭിച്ചത് എട്ടാം റാങ്ക്. അതിന് അഡ്വൈസ് മെമ്മോ വന്നതിന് തൊട്ട് പിന്നാലെയെത്തിയത് ഒപ്പമെഴുതിയിരുന്ന ലൈബ്രറി കൗണ്‍സിലിലേക്കുള്ള ക്ലാര്‍ക്ക് തസ്തികയുടെ നിയമന ഉത്തരവായിരുന്നു. റാങ്ക് പതിനൊന്ന്. ജോലിക്കായി തിരുവനന്തപുരത്തേക്ക് കടത്തുകയറിയത് ലൈബ്രറി കൗണ്‍സിലിലേക്കായിരുന്നു.

അറിവിന്റെ പുതിയ
പ്രകാശങ്ങള്‍

അങ്ങനെ ലക്ഷ്യം സാധ്യമാക്കി വിജയിയായി നിന്ന മധുവിന് മുന്നിലേക്ക് അപ്പുപ്പന്റെ ചോദ്യമെത്തി. “ഇതുപോലെ അവഗണിക്കപ്പെട്ട കുറേ പേരെ നിനക്ക് വഴിതെളിച്ചൂടെയെന്ന്”. അങ്ങനെ പാതിവഴിയില്‍ പഠനം നിര്‍ത്തേണ്ടിവന്ന ദേശത്തെ പത്ത് പേരെ തിരഞ്ഞുപിടിച്ച് നിര്‍ബന്ധിച്ച് തന്റെ തിണ്ണയിലെത്തിച്ചു. പഠനം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ അവര്‍ പുതിയ അറിവിന്റെ പ്രകാശങ്ങള്‍ തേടി. രാത്രിവണ്ടിയിറങ്ങിവരുന്ന മധു അവരുടെ അറിവുകളെ പാതിരാവോളം പുതുക്കിപ്പണിയാന്‍ കൂട്ടിരുന്നു. മത്സര പരീക്ഷയില്‍ വേഗത്തില്‍ മാർക്ക് ലഭിക്കാവുന്ന താന്‍ പരീക്ഷിച്ച് കണ്ടെത്തിയ ചില സൂത്രവിദ്യകള്‍ അവര്‍ക്ക് പകര്‍ന്നു. വിവിധ ജോലികളുടെ പി എസ് സി ഉത്തരവുകള്‍ പോസ്റ്റ്മാന്‍ കൊണ്ടെത്തിക്കുമ്പോള്‍ ഗ്രാമത്തിലെ ആ പത്ത് കൗമാരക്കാരെക്കാള്‍ ഞെട്ടിയത് നാട്ടുകാരായിരുന്നു. പിന്നെ ആ വരാന്തയില്‍ യുവാക്കളുടെ കൂട്ടമായി. പഠനത്തില്‍ മുന്നിലെന്നോ പിന്നിലെന്നോ തരം തിരിക്കാതെ എല്ലാവരെയും വിജയിപ്പിക്കാന്‍ മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. എന്നാല്‍, പല നാടുകളില്‍ നിന്നും യുവാക്കള്‍ മുരളിയെ തേടിയെത്തിയപ്പോള്‍ പ്രവേശന രീതി 2000 മുതല്‍ വ്യത്യസ്തവും ലേശം കഠിനവുമുള്ളതാക്കി. സമൂഹത്തില്‍ പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരെയും പഠനമികവില്‍ അവഗണിക്കപ്പെട്ടവരെയും ആദ്യം പരിഗണിക്കാനാണ് മധുവിന് താത്പര്യം. രണ്ടാമത്തേതാണ് കുറച്ച് കഠിനം. വരുന്നയാളിന് ഒരു ചുമതല നല്‍കും. തൊട്ടടുത്ത പത്ത് ദിവസത്തിനുള്ളില്‍ എണ്ണായിരം പൊതുവിജ്ഞാനം ചോദ്യോത്തര രൂപത്തില്‍ സ്വന്തം കൈപ്പടയില്‍ എഴുതി സമര്‍പ്പിക്കണം. പത്രങ്ങളെയോ മറ്റു പുസ്തകങ്ങളെയോ ആശ്രയിക്കാം. പക്ഷേ, പറഞ്ഞ തീയതി കഴിഞ്ഞുപോയാല്‍ പിന്നെ പ്രവേശനമില്ല. എഴുതിയത് മുഴുവന്‍ പരിശോധിക്കാന്‍ മൂന്ന് പേരുണ്ട്. ശേഷം മധുവിന്റെ വക അന്തിമ പരിശോധന. ഈ പരീക്ഷണഘട്ടങ്ങളിലെവിടെയെങ്കിലും വെച്ച് ആവര്‍ത്തനമോ ആള്‍മാറാട്ടമോ പിടിക്കപ്പെട്ടാല്‍ ആള് പുറത്താകും. വീണ്ടും പ്രവേശനം വേണമെങ്കില്‍ ആദ്യഘട്ടം മുതല്‍ തുടങ്ങണം. പ്രവേശനം ലഭിച്ചാല്‍ മറ്റൊരു നിര്‍ബന്ധം ജോലി ലഭിക്കുന്നത് വരെ തുടരണമെന്നതാണ്. ഒരു നിശ്ചിത കാലത്തേക്ക് വന്‍തുക ഫീസ് വാങ്ങുന്നവര്‍ക്ക് മുന്നില്‍ ഇതും മറ്റൊരദ്ഭുതം. പത്ത് കൊല്ലത്തെ ശ്രമം വിജയത്തിലെത്തിച്ചവരും ഇക്കൂട്ടത്തിലുണ്ട്. വീടിന്റെ സൗകര്യങ്ങള്‍ക്ക് താങ്ങാവുന്നതിലും കുട്ടികള്‍ അധികരിച്ചപ്പോള്‍ വീടിനടുത്ത് നിന്ന് കുറേ ദൂരെ കുറഞ്ഞ വിലക്ക് ഭൂമി ലഭിച്ചു. മധുവും ആത്മമിത്രങ്ങളും ചേര്‍ന്ന് കൈയിലുള്ളതും പുസ്തകം വിറ്റ് കിട്ടിയ തുകയും ലോണെടുത്തുമൊക്കെ സ്വരൂപിച്ച അഞ്ച് സെന്റില്‍ ഒരു സ്ഥാപനമുണ്ടാക്കി. ദിവസേന നാല് സമയങ്ങളിലായി ഏതാണ്ട് നാനൂറില്‍പ്പരം പഠിതാക്കളാണ് ഇപ്പോഴുള്ളത്. പ്രതിദിനം തന്നെ സമീപിക്കുന്ന എല്ലാവരെയും എറ്റെടുക്കാന്‍ കഴിയുന്നില്ലയെന്നത് മാത്രമാണ് മധുവിന്റെ സങ്കടം.

അവഗണിക്കപ്പെട്ടവർക്ക്
അത്താണി

ഗുരുവും ശിഷ്യരും ലക്ഷക്കണക്കിന് രൂപയുടെ സഹായങ്ങളാണ് ഇതിനകം കാരുണ്യവഴികളില്‍ സമാഹരിച്ച് നല്‍കിയിട്ടുള്ളത്. പ്രതിഫലം ഇച്ഛിക്കാത്ത മധു, ജോലിക്കത്തുമായി വരുന്നവരെ ഒരു ജോലി ഏല്‍പ്പിക്കും. ആദ്യ ശമ്പളം കിട്ടുമ്പോള്‍ പ്രദേശത്തെ ദാരിദ്ര്യമനുഭവിക്കുന്ന വീട് ചൂണ്ടിക്കാട്ടി അവിടേക്ക് ഒരു ചാക്ക് അരി വാങ്ങിക്കൊടുക്കണമെന്ന സ്നേഹനിര്‍ദേശം.
കൊവിഡ് പ്രതിസന്ധിയില്‍ ഒരു തരത്തിലും ക്ലാസ് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലും 25 വര്‍ഷമായി തുടരുന്ന ക്ലാസ് മുടങ്ങുന്നതിനെ പറ്റി മധുവിന് ചിന്തിക്കാന്‍ പറ്റുമായിരുന്നില്ല. പി എസ് സി ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നവര്‍ക്കിടയില്‍ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനുമായി മധു കൊവിഡിനെ അതിജീവിച്ചു. ഫ്യൂച്ചര്‍ കോളജ് ഓണ്‍ ലൈന്‍ (future college online) എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ യൂട്യൂബിലും ടെലിഗ്രാമിലും ലഭ്യമാക്കി. വര്‍ഷങ്ങളായുള്ള ചോദ്യോത്തരങ്ങളും നോട്ട്‌സും ആപ്ലിക്കേഷനിലൂടെ സൗജന്യമായി ലഭിക്കും. വാണിജ്യാടിസ്ഥാനത്തില്‍ മത്സര പരീക്ഷാകേന്ദ്രങ്ങള്‍ പെരുകുന്നതിന് എത്രയോ മുമ്പ് മധു മറ്റുള്ളവരുടെ സ്വപ്നസാക്ഷാത്കാരത്തിനായി ജീവിതം മാറ്റിയിരുന്നു. മധു ഇപ്പോള്‍ ഗവ. സെക്രട്ടേറിയറ്റില്‍ അസി. സെക്്്ഷന്‍ ഓഫീസറാണ്. ഭാര്യ എല്‍ രഞ്ജിത കെ എസ് എഫ് ഇ ചവറ ബ്രാഞ്ചിലെ ഉദ്യോഗസ്ഥയും ഏകമകള്‍ ജ്യോതിക വള്ളിക്കീഴ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം തരത്തില്‍ പഠിക്കുന്നു. എന്തൊക്കെയായാലും തന്നെ കൊണ്ട് ഇനിയും ഏറെ ചെയ്യാനുണ്ടെന്ന പ്രതീക്ഷയില്‍ കൂടുതല്‍ വീടുകളിലേക്ക് പ്രകാശം പരത്താന്‍ അറിവിൻ മധു പകർന്നുകൊണ്ടേയിരിക്കുകയാണിദ്ദേഹം.
.

ayoobcnan@gmail.com

Latest