Articles
ഷായുടെ വിഭജന മന്ത്രങ്ങള്‍
കൊവിഡ് നിയന്ത്രണ വിധേയമായാല്‍ രാജ്യവ്യാപകമായി സി എ എ നടപ്പാക്കുമെന്ന് പറഞ്ഞാണ് അമിത് ഷാ തന്റെ ബംഗാള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനം കൊഴുപ്പിക്കുന്നത്. വിവേചനപരവും ഭരണഘടനാവിരുദ്ധവുമായ ഒരു നിയമം മുന്‍നിര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ചു കൊണ്ട് മാത്രമേ അധികാരത്തിലേക്കെത്താന്‍ സാധിക്കുകയുള്ളൂ എന്ന അത്യന്തം അപകടകരമായ രാഷ്ട്രീയ വ്യവഹാരം തന്നെയാണ് ഇപ്പോഴും ബി ജെ പിയുടേത്. അതിനപ്പുറം ഒന്നും പ്രതീക്ഷിക്കുന്നത് ബുദ്ധിയല്ലല്ലോ.
2019 ഡിസംബറില്‍ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഇന്ന് രാജ്യ തലസ്ഥാനത്തിന്റെ അതിര്‍ത്തിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളേക്കാള്‍ വിപുലമായ സമരങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നത്. അസമിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും പ്രക്ഷോഭങ്ങള്‍ മറ്റിടങ്ങളിലെ പോലെയായിരുന്നില്ല; ആളിക്കത്തി. പ്രധാനമന്ത്രി പേടിച്ച് അവിടേക്കുള്ള സന്ദര്‍ശനങ്ങള്‍ വരെ വേണ്ടെന്നു വെച്ചു. ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യയിലും ശഹീന്‍ ബാഗിലും നൂറ് ദിവസങ്ങള്‍ പിന്നിട്ട സമര പരിപാടികള്‍ ലോകശ്രദ്ധ പിടിച്ചു പറ്റി. വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും സമര രീതികളേക്കാള്‍ ലോകം അങ്ങോട്ട് ശ്രദ്ധിക്കാനുണ്ടായ കാരണം, ഡല്‍ഹി പോലീസിന്റെയും സംഘ്പരിവാര്‍ ഗുണ്ടകളുടെയും സമരക്കാര്‍ക്ക് നേരേയുണ്ടായ അതിക്രമങ്ങളായിരുന്നല്ലോ.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ മുപ്പതിലധികം ആളുകളാണ് രക്തസാക്ഷികളായത്. പോലീസ് വെടിവെപ്പിലായിരുന്നു ഇവരുടെ ജീവത്യാഗം. ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടായതെല്ലാം ബി ജെ പി ആഭ്യന്തരം കൈയാളുന്ന സ്ഥലങ്ങളില്‍ മാത്രം. അതായത് സമാധാനപരമായ സമരങ്ങളില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കിയും ചിലപ്പോള്‍ ഏകപക്ഷീയമായും മറ്റു ചിലപ്പോള്‍ യാതൊരു പ്രകോപനവും കൂടാതെയും സമരക്കാര്‍ക്ക് നേരേ അതിക്രൂരവും മനുഷ്യത്വ രഹിതവുമായ അതിക്രമങ്ങള്‍ അഴിച്ചുവിട്ടാണ് ബി ജെ പി സര്‍ക്കാറുകളുടെ പോലീസ് സേനകള്‍ നിലകൊണ്ടത്. ഇത്തരത്തിലുണ്ടായ ഉത്തര്‍ പ്രദേശ് പോലീസിന്റെ നരനായാട്ടുകള്‍ക്കെതിരെ പ്രിയങ്കാ ഗാന്ധി നല്‍കിയ തെളിവുകളും വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകളും അടക്കമുള്ള പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെയുണ്ട്. 2019 ഡിസംബര്‍ 13നും 15നും 2020 ഫെബ്രുവരി 10നും ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ എന്ന രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സര്‍വകലാശാലയില്‍ ഡല്‍ഹി പോലീസ് നടത്തിയ ഭീകര പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കേസുകള്‍ നടക്കുന്നു. 2020 ജനുവരി 30ന് ജാമിഅ വിദ്യാര്‍ഥികൾക്ക് നേരേ രാംഭക്ത് ഗോപാല്‍ എന്ന സംഘ് തീവ്രവാദി നടത്തിയ വെടിവെപ്പ് അട്ടിമറിച്ച സംഭവം നമുക്ക് മുന്നില്‍ പകല്‍ വെളിച്ചം പോലെയുള്ളത് വേറെ കാര്യം.
അസമില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ച അഖില്‍ ഗോഗോയ് തുടങ്ങി ശിഫാഉര്‍റഹ്മാനും ഇശ്രത്തും ആസിഫും ശര്‍ജിലുമടക്കം അനേകം ആളുകള്‍ ഇപ്പോഴും ജയിലിലാണ്. യു എ പി എ, എന്‍ എസ് എ അടക്കമുള്ള പല കരിനിയമങ്ങളും ചാര്‍ത്തിയ ഇവര്‍ക്കെതിരെ ശക്തമായ ഒരു തെളിവ് കൊണ്ടുവരാനോ കുറ്റം സ്ഥാപിക്കാനോ ഡല്‍ഹി പോലീസിന് നാളിത്രയായിട്ടും സാധിച്ചിട്ടില്ല. കുറ്റസമ്മതം നിര്‍ബന്ധിച്ച് ഒപ്പിടീക്കുന്നു, പറയാത്ത കാര്യങ്ങള്‍ കുറ്റസമ്മതമെന്ന രീതിയില്‍ കോടതിയില്‍ സമര്‍പ്പിക്കുന്നു എന്നിങ്ങനെ കുറ്റാരോപിതര്‍ പലരും ഡല്‍ഹി പോലീസിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഇതൊക്കെ കൂടാതെ, പോലീസുകാരും സംഘ്പരിവാര്‍ ഗുണ്ടകളും തല്ലിത്തകര്‍ത്തതും നശിപ്പിച്ചതുമായ പൊതുമുതലിന്റെ ഉത്തരവാദിത്വവും സമരക്കാരുടെ മേല്‍ കെട്ടിവെക്കുകയാണ് ഉത്തര്‍ പ്രദേശിലെ പോലീസിന്റെയൊക്കെ പ്രധാന പണി.
പൗരത്വ ഭേദഗതി നിയമം അടിസ്ഥാനപരമായി മാനവിക വിരുദ്ധമായിരിക്കെ തന്നെ ഈ നിയമത്തിനെതിരെ സമരം ചെയ്ത രാജ്യത്തെ പൗരന്മാരെ അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് മോദി- അമിത് ഷാ സര്‍ക്കാറും മറ്റു ബി ജെ പി സര്‍ക്കാറുകളും കൈകാര്യം ചെയ്തത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുണ്ടായിട്ടും സമരങ്ങള്‍ കൂടിയെന്നല്ലാതെ കുറഞ്ഞിരുന്നില്ല. ഇപ്പോള്‍ പ്രകടമായ സമരങ്ങള്‍ നടക്കാത്തത് പ്രസ്തുത വിഷയത്തിലെ ആശങ്കകള്‍ ഒഴിഞ്ഞതു കൊണ്ടോ, സര്‍ക്കാറിന്റെ ഇരുമ്പു മുഷ്ടിയെ പേടിച്ചിട്ടോ അല്ലല്ലോ. കൊവിഡ് രോഗവ്യാപനം ഉണ്ടാക്കിയ പ്രതിസന്ധി മൂലമാണ് ആ സമരങ്ങളെല്ലാം അന്ന് താത്കാലികമായി നിര്‍ത്തിവെക്കപ്പെട്ടത്.
അതായത്, രാജ്യത്ത് ഈ കിരാത നിയമത്തിനെതിരെ ഇപ്പോഴും ആശങ്കകളുണ്ട്. അതൊക്കെ കാണാതെ ഈ നിയമം നടപ്പാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും രാജ്യം ഭരിക്കുന്ന ഏകാധിപതികളുടെയും ഉദ്ദേശ്യമെങ്കില്‍ ഇനിയും തെരുവുകളില്‍, നിരത്തുകളില്‍, കലാലയങ്ങളില്‍ സമരം പിറവിയെടുക്കും, അത് പടരും, പരക്കെ പൂക്കും.
കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ലാക്കോടെയും അവരുടെ സ്വതസിദ്ധമായ ധ്രുവീകരണ ശ്രമത്തിനാലും സി എ എ നടപ്പാക്കുമെന്ന് പറയുമ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടെടുക്കുന്ന സംസ്ഥാന സര്‍ക്കാറുകളും പ്രതിപക്ഷ പാര്‍ട്ടികളും സി എ എ നടപ്പാക്കില്ലെന്ന് തറപ്പിച്ചു പറയുകയാണ്. ബി ജെ പിയോട് നേരിട്ട് മത്സരിക്കുന്ന ബംഗാളില്‍ മമതാ ബാനര്‍ജിയും അസമില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഈ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം അസമില്‍ ശിവ് സാഗറിലെ റാലിക്കിടയില്‍ സി എ എ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന രീതിയില്‍ അസമിലെ പരമ്പരാഗത ഷാളില്‍ അതെഴുതി ഉയര്‍ത്തിക്കാണിച്ചാണ് അധികാരത്തില്‍ വന്നാല്‍ സി എ എ നടപ്പാക്കില്ലെന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്.
കേരളത്തിലാണെങ്കില്‍ യു ഡി എഫും എല്‍ ഡി എഫും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ്. അധികാരത്തിലുണ്ടെങ്കില്‍ സി എ എ നടപ്പാക്കില്ലെന്ന് ഇരുകൂട്ടരും പറയുന്നുണ്ട്. ഇതിന് പുറമെ പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാറുകളും സി എ എ വിരുദ്ധ നിലപാട് നേരത്തേ സ്വീകരിച്ചതാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തുടങ്ങി സെപ്തംബറില്‍ അവസാനിക്കുന്ന ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളും കൊവിഡ് 19 ലോക്ക്ഡൗണിന്റെയും സംസ്ഥാന സര്‍ക്കാറുകളുടെ സി എ എ വിരുദ്ധ നിലപാടുകളുടെയും ഇടയില്‍ നടക്കാതെ പോയതാണ്. സി എ എക്ക് മുമ്പ് എന്‍ ആര്‍ സി നടപ്പാക്കി ചിലതൊക്കെ കാണിക്കാം എന്ന് “ക്രൊണോളജി” വിശദീകരിച്ച അമിത് ഷാ അതുകൊണ്ട് തത്കാലത്തേക്ക് ഇപ്പോഴുള്ള ഈ നാടകം അവസാനിപ്പിച്ച് മറ്റേതെങ്കിലും കുത്തിത്തിരിപ്പിന് ശ്രമിക്കുന്നതാണ് നല്ലത്.
സി എ എ വിഷയത്തില്‍ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും പരസ്പരം ചേരാത്ത കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഒരാള്‍ അസമില്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ തുറന്നിട്ടുണ്ടെന്ന് ലോക്‌സഭയില്‍ രേഖാമൂലം സമ്മതിക്കുമ്പോള്‍ പ്രധാനിക്ക് പണി ഡല്‍ഹി രാംലീല മൈതാനത്ത് എഴുന്നേറ്റ് നിന്ന്, അങ്ങനെയൊരു ഡിറ്റന്‍ഷന്‍ സെന്റര്‍ രാജ്യത്തില്ലെന്ന് നുണ പറയലാണ്. സി എ എ കൂടാതെ എന്‍ ആര്‍ സി, എന്‍ പി ആര്‍ പരിപാടികള്‍ കൂടിയുണ്ടെന്ന് സഭകളിലും പത്രസമ്മേളനങ്ങളിലും പാര്‍ട്ടി പരിപാടികളിലും നിന്നും നടന്നും ഇരുന്നും പ്രസംഗിച്ചതാണ് ആഭ്യന്തര മന്ത്രി. അപ്പോഴും പ്രധാനമന്ത്രി പറഞ്ഞത് അങ്ങനെയൊന്ന് തീരുമാനിച്ചിട്ടേയില്ല എന്നാണ്. പിന്നെ, വേഷം നോക്കി സമരക്കാരെ തിരിച്ചറിയുന്ന ഏര്‍പ്പാട് മുതല്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കപില്‍ മിശ്രയുടെ “കലാപ” പരിപാടികളടക്കം നമ്മളെല്ലാം കണ്ണുതുറന്നു തന്നെ കണ്ടതാണല്ലോ.
അതുകൊണ്ട്, സി എ എയുടെ കാര്യത്തില്‍ രാജ്യത്തിന്റെ ആത്മാവില്‍ വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളും ആവര്‍ത്തിച്ച അതേ കാര്യം തന്നെയാണ് ഇപ്പോഴും പറയാനുള്ളത്, ഈ രാജ്യത്തെ ഇങ്ങനെ വിഭജിക്കാന്‍ നിങ്ങള്‍ക്കാകില്ല.
ടി എന്‍ പ്രതാപന്‍ എം പി