Business
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ഇന്ത്യയില്‍ ഡിവൈസ് നിര്‍മാണത്തിന് ആമസോണ്‍
ചെന്നൈ | പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സ്വയംപര്യാപ്ത പദ്ധതിയായ ആത്മനിര്‍ഭര്‍ ഭാരത് പ്രകാരം ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ആമസോണ്‍. ഇതുപ്രകാരം ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക് ആണ് ആദ്യം നിര്‍മിക്കുക. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെയാകും ഇന്ത്യയിലെ ആദ്യ ഉത്പന്ന നിര്‍മാണ യൂനിറ്റ് ആമസോണ്‍ ആരംഭിക്കുക. ഒരു കോടി ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളെ ഡിജിറ്റല്‍വത്കരിക്കാന്‍ 100 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു. 2025ഓടെ ആയിരം കോടി ഡോളറിന്റെ കയറ്റുമതി നടത്താനും പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും.
ഫോക്‌സ്‌കോണിന്റെ ഉപകമ്പനിയായ ക്ലൗഡ് നെറ്റ്‌വര്‍ക് ടെക്‌നോളജിയെ പങ്കാളികളാക്കിയാണ് ചെന്നൈയിലെ നിര്‍മാണ യൂനിറ്റ് ആമസോണ്‍ ആരംഭിക്കുക. കേന്ദ്ര ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ആമസോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് അമിത് അഗര്‍വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്.