Articles
ഗോവധ നിരോധനം: യോഗിയുടെ വഴി; യെദ്യൂരപ്പയുടെയും
ബി ജെ പി ഭരിക്കുന്ന ഉത്തര്‍ പ്രദേശിന്റെ അവസ്ഥയെ ന്താണെന്ന് എല്ലാവര്‍ക്കുമറിയാം. സമാനതകളില്ലാത്ത വര്‍ഗീയ കലാപങ്ങളും ക്രൂരമായ ബലാത്സംഗക്കൊലപാതകങ്ങളും മൂലം ക്രമസമാധാനം പൂര്‍ണമായും തകര്‍ന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. യോഗി ആദിത്യനാഥ് യു പി മുഖ്യമന്ത്രിയായതോടു കൂടി ആ സംസ്ഥാനം പ്രാകൃത യുഗത്തിലേക്ക് തിരിഞ്ഞു നടന്നുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ഇല്ലാത്ത ലൗ ജിഹാദിന്റെ പേരില്‍ നിയമം കൊണ്ടുവന്നതോടു കൂടി ആ സംസ്ഥാനത്ത് പ്രണയിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യവും നഷ്ടപ്പെട്ടിരിക്കുന്നു. ജാതി മാറിയും മതം മാറിയും പ്രണയിക്കുന്നവര്‍ വ്യാപകമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. ദുരഭിമാനക്കൊലകള്‍ അവിടെ സര്‍വ സാധാരണമാണ്. മതം മാറിയില്ലെങ്കില്‍ പോലും വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരുടെ വിവാഹം യു പിയിലിന്ന് ഗുരുതരമായ കുറ്റകൃത്യമായി മാറിയിരിക്കുന്നു. ഒരു മതത്തില്‍പ്പെട്ട യുവാവിന് പരിചയക്കാരിയായ മറ്റൊരു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയോട് സംസാരിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത നാടാണ് യു പി. പശുവിന്റെ പേരില്‍ മുസ്‌ലിംകളെയും ദളിതുകളെയും തല്ലിക്കൊല്ലുന്ന സംഭവങ്ങളും സര്‍വ സാധാരണം.
കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകയും ഉത്തര്‍ പ്രദേശിന്റെ പാതയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഭരണം പൂര്‍വാധികം ശക്തിയോടെ ഫാസിസ്റ്റ് ശൈലിയിലേക്ക് വഴിമാറിയിരിക്കുകയാണ്. മതവിദ്വേഷവും ജാതിവെറിയും പ്രോത്സാഹിപ്പിക്കുന്ന ഭരണ നയങ്ങളാണ് യെദ്യൂരപ്പ സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഭക്ഷണത്തിലും പ്രണയത്തിലും മതത്തിന്റെ നിറം കലര്‍ത്തി എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും കൊവിഡിനേക്കാള്‍ ഭീകരമായ വെറുപ്പിന്റെ വൈറസ് പടര്‍ത്തുകയാണ് അവിടുത്തെ സര്‍ക്കാര്‍. കന്നുകാലികളുടെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ കര്‍ണാടകയില്‍ മുമ്പും ഉണ്ടായിരുന്നു. എന്നാല്‍ വ്യാപകമായിരുന്നില്ല. ഈയിടെ കര്‍ണാടക സര്‍ക്കാര്‍ ഗോവധ നിരോധനം നടപ്പാക്കിയതോടെ ഇത്തരമൊരു നിയമത്തിന്റെ പേരില്‍ നിരപരാധികളെ പോലും ആക്രമിക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുകയാണ്.
2021 ജനുവരി ആറിനാണ് കര്‍ണാടകയില്‍ ഗോവധ നിരോധന ബില്‍ നിയമമായി മാറിയത്. നിയമം ലംഘിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. സംസ്ഥാനത്തിനകത്ത് നിയമം ലംഘിക്കപ്പെട്ടോയെന്ന് സംശയം തോന്നുന്ന ഇടങ്ങളിലെല്ലാം പരിശോധന നടത്താനും സ്വത്തുക്കള്‍ വരെ പിടിച്ചെടുക്കാനും എസ് ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമം അധികാരം നല്‍കുന്നു. ദക്ഷിണ കര്‍ണാടകത്തിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളില്‍ ഭൂരിഭാഗവും കന്നുകാലി വിപണനം പ്രധാന ഉപജീവനമാര്‍ഗമായി കാണുന്നവരാണ്. ഗോവധ നിരോധനം നടപ്പില്‍ വന്നതോടു കൂടി കന്നുകാലികളെ വളര്‍ത്താനും വില്‍ക്കാനും കഴിയാത്ത സാഹചര്യമാണ് ഇവര്‍ നേരിടുന്നത്. കാലികളെ സ്വന്തം പറമ്പില്‍ അഴിച്ചുകെട്ടുന്നതുപോലും ഇവരെ സംബന്ധിച്ച് വലിയ അപരാധമായി മാറുകയാണ്. കന്നുകാലികളെ പുറത്തുകൊണ്ടുപോകുന്നത് ഗോമാംസത്തിന് വേണ്ടിയാണെന്നാരോപിച്ച് പല പേരുകളില്‍ അറിയപ്പെടുന്ന തീവ്ര ഹിന്ദു സംഘടനകളുടെ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നു. ചിക്കമംഗളൂരുവില്‍ കാലികളെ കൊണ്ടുപോകുകയായിരുന്ന ലോറികള്‍ ഗോ സംരക്ഷകര്‍ ചമഞ്ഞെത്തിയ സംഘം തടയുകയും ലോറിയിലുണ്ടായിരുന്നവരുടെ കൈകാലുകള്‍ തല്ലിയൊടിക്കുകയും ചെയ്തിരുന്നു. കന്നുകാലികള്‍ പല വഴിക്കാണ് ചിതറിയോടിയത്. മുപ്പതോളം വരുന്ന കാലികളില്‍ പലതിനെയും ഗോ രക്ഷകര്‍ തന്നെ കടത്തിക്കൊണ്ടുപോയെന്നാണറിയുന്നത്. സംഘം ചേര്‍ന്നുള്ള അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവര്‍ ആബിദ് അലി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കേസെടുത്തതാകട്ടെ അക്രമത്തിനിരയായ മുസ്‌ലിം യുവാക്കള്‍ക്കെതിരെയും. കന്നുകാലികളെ അനധികൃതമായി കടത്തിയെന്നതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കാസര്‍കോടിന്റെ അതിര്‍ത്തിക്കപ്പുറം ഉള്ളാള്‍ പ്രദേശത്ത് ബീഫ് സ്റ്റാള്‍ തീവെച്ച് നശിപ്പിച്ചതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. മംഗളൂരു, ചിക്കമംഗളൂരു, സൂറത്കല്‍, ബെല്‍ത്തങ്ങാടി, ബണ്ട്വാള്‍ തുടങ്ങിയ ദക്ഷിണ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ കന്നുകാലികളുടെ പേരിലുള്ള ആക്രമണങ്ങള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവന്ന് കച്ചവടം ചെയ്യുന്ന മലയാളികളുടെ വരുമാനവും കര്‍ണാടകയിലെ ഗോവധ നിരോധനത്തോടെ നിലച്ചിരിക്കുകയാണ്. കച്ചവടത്തിനായി കൊണ്ടുപോകുന്ന കന്നുകാലികളെ പിടിച്ചെടുക്കുന്നതിന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേകം ആലയങ്ങള്‍ തന്നെ തുറന്നിരിക്കുകയാണ്. മംഗളൂരു കോര്‍പറേഷന്‍ പരിധിയിലും ആധുനിക രീതിയിലുള്ള നിരവധി ആലയങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കിക്കഴിഞ്ഞു. കന്നുകാലികളെ ഏത് ഭാഗത്തു നിന്ന് കച്ചവടത്തിനായി കൊണ്ടുവന്നാലും പിടികൂടാന്‍ ആളുകളുണ്ട്. ഗോ രക്ഷകരെന്ന് അറിയപ്പെടുന്ന ക്രിമിനല്‍ സംഘങ്ങളെ കയറൂരി വിട്ടാണ് കന്നുകാലികളെ കടത്തുന്നവരെ കൈകാര്യം ചെയ്യുന്നത്.
ഗോവധ നിരോധനം അക്ഷരാര്‍ഥത്തില്‍ നിര്‍ധന ജനവിഭാഗങ്ങള്‍ ആശ്രയിച്ചിരുന്ന കന്നുകാലി വ്യാപാരം എന്ന വിപുലമായ തൊഴില്‍ മേഖലയെയാണ് ഇല്ലാതാക്കിയിരിക്കുന്നത്. കര്‍ണാടകയെയും കേരളത്തെയും ബന്ധിപ്പിച്ചുള്ള കന്നുകാലി കച്ചവടം കേന്ദ്രീകരിച്ച് വരുമാനം കണ്ടെത്തിയിരുന്ന ലക്ഷക്കണക്കിന് പേരാണ് ഒരു നിയമത്തോടെ വഴിയാധാരമായിരിക്കുന്നത്. മുസ്‌ലിം ജനവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമല്ല, ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവരും ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവരുണ്ട്. വീട്ടാവശ്യങ്ങള്‍ക്കുപോലും പശുവിനെ വളര്‍ത്താന്‍ ആളുകള്‍ മടികാണിക്കുന്ന തരത്തില്‍ നിയമം ഒരു പീഡനമായി മാറിക്കഴിഞ്ഞു.
കൃഷിക്കൊപ്പം കന്നുകാലികളെ വളര്‍ത്തുന്നത് കൂടി ഉപജീവനമാക്കിയിരുന്നവര്‍ ഇപ്പോള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഗോവധ നിരോധനത്തിന് ശേഷം കാലികളെ വാങ്ങാന്‍ ആരും വരുന്നില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. കാലികളെ ആര്‍ക്കും വില്‍ക്കാന്‍ സാധിക്കുന്നില്ലെന്നത് മാത്രമല്ല ആഹാരമാക്കി ഉപയോഗിക്കാന്‍ പോലും ഒരു കുടുംബത്തിനും അധികാരവുമില്ല. ഗോ മാംസം സൂക്ഷിക്കുകയോ ഭക്ഷിക്കുകയോ ചെയ്യുന്നുണ്ടോയെന്നറിയാന്‍ മംഗളൂരുവിലെയും സമീപ പ്രദേശങ്ങളിലെയും വീടുകളിലെ അടുക്കളയില്‍ വരെ കയറി പരിശോധന നടത്തുകയാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍. ഗോമാംസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പശുവിറച്ചിയാണെങ്കിലും മൂരിയിറച്ചിയോ പോത്തിറച്ചിയോ സൂക്ഷിച്ചാല്‍ പോലും ആക്രമിക്കപ്പെടുമെന്നതാണ് കര്‍ണാടകയിലെ അവസ്ഥ. കര്‍ണാടകയിലെ സവര്‍ണ ജാതിയില്‍പ്പെട്ടവരുടെ ആഹാര താത്പര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സംരക്ഷിക്കപ്പെടുന്നത്. ആളുകള്‍ സസ്യാഹാരം മാത്രം കഴിച്ചാല്‍ മതിയെന്ന സംഘ്പരിവാറിന്റെ ബ്രാഹ്മണിക് അജന്‍ഡയുടെ സാക്ഷാത്കാരമാണ് കര്‍ണാടകയില്‍ നടപ്പില്‍ വരുത്തിയ ഗോവധ നിരോധന നിയമം എന്നുപറഞ്ഞാല്‍ തെറ്റാകില്ല. അവിടുത്തെ ജാതിവെറി ഏതൊക്കെ ആളുകള്‍ എന്തൊക്കെ ആഹാരം കഴിക്കണമെന്ന് നിയമപരമായി തീരുമാനിക്കുന്നിടത്തേക്കാണ് എത്തിയിരിക്കുന്നത്. ഇഷ്ടമുള്ള ആഹാരം കഴിക്കുന്നതിന്റെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പശു സംരക്ഷക വേഷധാരികള്‍ നടത്തുന്ന തല്ലിക്കൊലകള്‍ കര്‍ണാടകയിലും സാധാരണ സംഭവമാകുകയാണെങ്കില്‍ അത്ഭുതപ്പെടാനില്ല. അതിനുള്ള വകുപ്പുകളൊക്കെ ഗോവധ നിരോധന നിയമത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഗോവധ നിരോധന നിയമം നടപ്പായതോടെ ഇനി കര്‍ണാടകയില്‍ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നാണ് യെദ്യൂരപ്പ സര്‍ക്കാറും സംസ്ഥാന ബി ജെ പി നേതൃത്വവും പറയുന്നത്. കര്‍ണാടകയില്‍ പ്രണയിച്ചുള്ള മതം മാറ്റം വ്യാപകമാണെന്നാണ് സംഘ്പരിവാറിന്റെ കണ്ടുപിടിത്തം. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായുള്ള സ്വമേധയാ ഉള്ള മതംമാറ്റങ്ങളെ പോലും നിര്‍ബന്ധിത മതപരിവര്‍ത്തനമായി വ്യാഖ്യാനിച്ച് കമിതാക്കളെയും നവ ദമ്പതികളെയും ദ്രോഹിക്കുന്ന ഉത്തര്‍ പ്രദേശിലെ നിയമത്തിന് സമാനമായിരിക്കും കര്‍ണാടകയിലെയും നിയമമെന്നതില്‍ യാതൊരു സംശയവുമില്ല. നിയമം വരുന്നതിന് മുമ്പുതന്നെ സംഘ്പരിവാര്‍ അനുകൂലികള്‍ സദാചാര വാദികളായി രംഗത്തുവന്ന് ആണിനെയും പെണ്ണിനെയും മതംനോക്കി ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായിക്കഴിഞ്ഞു. മംഗളൂരുവിലെ മുഡിപ്പുവില്‍ മറ്റൊരു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി സംസാരിച്ചതിന് മുസ്‌ലിം യുവാവിനെ ഹിന്ദു ജാഗരണ്‍വേദി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചത് ഒരാഴ്ച മുമ്പാണ്. സമാന സംഭവങ്ങള്‍ സംസ്ഥാനത്തെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കര്‍ണാടകയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികളെ കൂടി അവിടുത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ ദോഷകരമായി ബാധിക്കും. ദക്ഷിണ കന്നഡ ജില്ല, ബംഗളൂരു, ഉഡുപ്പി, മൈസൂരു എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മലയാളികളുള്ളത്. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ അടക്കമുള്ള മലയാളികള്‍ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നുണ്ട്. പഠനം നടത്തുന്ന മലയാളി വിദ്യാര്‍ഥികളുമേറെയാണ്. അതുകൊണ്ടുതന്നെ കര്‍ണാടകയിലെ മലയാളികളുടെ ജീവിതവും വരുംകാലത്ത് വെല്ലുവിളികള്‍ നിറഞ്ഞതാണ്.