Connect with us

Articles

പ്രതിപക്ഷം ഇനിയും കാണികളാകരുത്

Published

|

Last Updated

രാജ്യത്ത് കർഷക പ്രക്ഷോഭം ആളിക്കത്തുന്നതിനിടെയാണ് പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുന്നത്. കൊവിഡ് കാരണമായി നാല് മാസം വൈകിയാണ് പഞ്ചാബിൽ തദ്ദേശ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കർഷക പ്രക്ഷോഭത്തിനിടെ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ ആവശ്യം മാനിച്ച് സമ്മതിദാനാവകാശം രേഖപ്പെടുത്താൻ കർഷക സംഘടനകൾ സന്നദ്ധമാകുകയായിരുന്നു. പ്രക്ഷുബ്്ധമായ സാഹചര്യത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വമ്പൻ നേട്ടമാണ് കൊയ്തിരിക്കുന്നത്.
ബി ജെ പി സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലി ദളിന്റെ കോട്ടയായിരുന്ന ഭട്ടിൻഡ കോർപറേഷനിൽ 53 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് ഭൂരിപക്ഷം നേടുന്നത്. ബി ജെ പി ശക്തികേന്ദ്രങ്ങളായിരുന്ന പത്താൻകോട്ട്, ഫിറോസ്പൂർ, അമൃത്‌സർ, ഹോഷിയാപ്പൂർ, ഗുർദാസ്പൂർ എന്നിവിടങ്ങളിൽ സമാനതകളില്ലാത്ത തിരിച്ചടിയാണ് ബി ജെ പി നേരിട്ടിരിക്കുന്നത്. പലയിടങ്ങളിലും സ്വതന്ത്രരെന്ന ലേബലിൽ മത്സരിച്ച ബി ജെ പി സ്ഥാനാർഥികളും അമ്പേ പരാജയപ്പെട്ടു.
കർഷക ബില്ലുകൾ പിൻവലിക്കുക എന്ന ആവശ്യവുമായി ആരംഭിച്ച സമരം, ജനാധിപത്യ ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കുന്നതിലേക്കുള്ള ജനകീയ മുന്നേറ്റമായി മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയമായും ജനാധിപത്യപരമായും ബി ജെ പിയെ നിലംപരിശാക്കാനുള്ള അനുകൂല സാഹചര്യമാണ് കർഷക സമരം സൃഷ്ടിച്ചിട്ടുള്ളത്. പഞ്ചാബ് അല്ലാത്ത സംസ്ഥാനങ്ങളിലും ബി ജെ പിയുടെ ജനപിന്തുണയിൽ കോട്ടം സൃഷ്ടിക്കാൻ കർഷക സമരങ്ങൾക്കായിട്ടുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രത്യക്ഷ പിന്തുണയില്ലാതെ സൃഷ്ടിച്ചെടുത്ത ഈ അനുകൂല സാഹചര്യം, പ്രതിപക്ഷ കക്ഷികൾ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് രാജ്യത്തിന്റെ ഭാവി.

പൂർണമായും കർഷക വിരുദ്ധമായ നിയമനിർമാണം, ഇന്ധന, പാചക വാതകങ്ങളുടെ രൂക്ഷമായ വില വർധന, നട്ടെല്ലൊടിഞ്ഞ സമ്പദ് വ്യവസ്ഥ, സമാനതകളില്ലാത്ത തൊഴിലില്ലായ്മ എന്നിങ്ങനെ രാജ്യം അതിരൂക്ഷമായ പ്രതിസന്ധികളെയാണ് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്. കോർപറേറ്റുകളുടെ ഇംഗിതത്തിനനുസൃതമായ നിയമ നിർമാണങ്ങളും ഉടച്ചു വാർക്കലുകളും നടത്തി രാജ്യത്തിന്റെ നിഖില മേഖലകളെയും തകർച്ചയിലേക്ക് വലിച്ചിഴച്ചത് ഭരണ കൂടത്തിന്റെ പിടിപ്പുകേട് തന്നെയാണ്. ഇത്തരം സങ്കീർണമായ ഘട്ടങ്ങളിൽ തിരുത്തൽ ശക്തികളായി വർത്തിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് പ്രതിപക്ഷ കക്ഷികൾക്കുള്ളത്. എന്നാൽ ഇന്ന് ദേശീയ രാഷ്ട്രീയ ചിത്രത്തിൽ തന്നെ പ്രതിപക്ഷ കക്ഷികളെ കാണാനില്ല.

ജനാധിപത്യ രാജ്യത്തെ ഭരണകൂടം എന്നാൽ ജനം തിരഞ്ഞെടുക്കുന്ന ഒരു താത്കാലിക പ്രാതിനിധ്യ ഭരണ സംവിധാനം മാത്രമാണ്. ചുരുങ്ങിയ കാലത്തേക്കുള്ള ഭരണ നിർവഹണ ചുമതല ഏൽപ്പിച്ചു കൊടുക്കുന്നു എന്നല്ലാതെ പരിപൂർണമായ കൈമാറ്റമല്ല. വിമർശനങ്ങൾക്കും വിയോജിപ്പിനുമുള്ള വിശാലമായ സാഹചര്യം ജനാധിപത്യ സംവിധാനം ഒരുക്കുന്നുമുണ്ട്. അതിനാൽ തന്നെ ജനങ്ങളുടെ വിമർശങ്ങൾക്കും വിശകലനങ്ങൾക്കും മേൽനോട്ടങ്ങൾക്കും വിധേയപ്പെട്ടിരിക്കും ഭരണകൂടം. വിയോജിപ്പിനുള്ള അവസരങ്ങൾ കൊട്ടിയടക്കപ്പെടുമ്പോൾ സാമൂഹികമായും സാംസ്‌കാരികമായും രാഷ്ട്രീയമായും ജനാധിപത്യം ഫാസിസമായി പരിണമിക്കുന്നു. ഈ സാധ്യതയെ പ്രതിരോധിക്കുകയെന്നതാണ് ജനാധിപത്യത്തിൽ പ്രതിപക്ഷ ധർമം. പ്രാതിനിധ്യ സഭയിലും മറ്റു ഭരണനിർവഹണ മേഖലകളിലും ജനങ്ങളുടെ ശബ്്ദമാകേണ്ടവരാണ് പ്രതിപക്ഷം. ജനഹിതത്തിന്റെ കാവലാളാകേണ്ട ഭരണകൂടം അതിനെതിര് നിൽക്കുമ്പോൾ വിമർശനാത്മകമായ വിലയിരുത്തലുകളിലൂടെയും ഇടപെടലുകളിലൂടെയും തിരുത്തേണ്ടത് പ്രതിപക്ഷത്തിന്റെ ബാധ്യതയാണ്. ആ ബാധ്യത സമകാലിക ഇന്ത്യയിൽ തങ്ങൾ എത്രത്തോളം നിറവേറ്റുന്നുണ്ടെന്ന് പ്രതിപക്ഷം ആത്മവിചിന്തനം നടത്തേണ്ടതുണ്ട്.
കേന്ദ്രസർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് കോർപറേറ്റ് ലോബികൾക്ക് കാർഷിക മേഖലയെ തീറെഴുതിക്കൊടുക്കാനുതകുന്ന എല്ലാ വിധ പഴുതുകളും ഉൾക്കൊള്ളിച്ചാണ്. നിയമനിർമാണത്തിന് പിന്നിലുള്ള ഹിഡൻ അജൻഡകൾ കൃത്യമായി മനസ്സിലാക്കി വളരെ ആസൂത്രിതമായും ഒരുമയോടെയും കർഷകർ തെരുവിലിറങ്ങി. എന്ത് വില കൊടുത്തും നിയമം പിൻവലിപ്പിച്ചേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന നിലപാട് സ്വീകരിച്ച കർഷക സംഘടനകൾ കേന്ദ്ര സർക്കാറിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഡസൻ കണക്കിന് ചർച്ചകൾ നടത്തി കർഷകരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഭരണകൂടം മുതിർന്നത്. അനൈക്യത്തിന്റെ വിത്തു പാകിയും ചർച്ചകൾ പരമാവധി നീട്ടിക്കൊണ്ട് പോയും സമരം തകർക്കാമെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ വ്യാമോഹം.

ഏറ്റവും ഒടുവിൽ നീതിന്യായ സംവിധാനത്തെ കരുവാക്കി കോർപറേറ്റ് ലോബിയെ പിണക്കാതെ തടിയൂരാനുള്ള സർക്കാറിന്റെ പദ്ധതിയും കർഷകരുടെ നിശ്ചയ ദാർഢ്യത്തിന് മുന്നിൽ തകർന്നടിഞ്ഞു. ഇതോടെയാണ് കർഷകരെ കായികമായി നേരിടാനുള്ള ശ്രമങ്ങൾ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അത്തരം ശ്രമങ്ങൾ തലസ്ഥാന അതിർത്തികളിൽ തകൃതിയായി നടക്കുന്നുമുണ്ട്. കോർപറേറ്റുകൾക്ക് തടിച്ച് കൊഴുക്കാൻ പാകത്തിലുള്ള സാഹചര്യം നിർമ്മിച്ചെടുത്തേ അടങ്ങൂ എന്ന വ്യക്തമായ സന്ദേശമാണ് കേന്ദ്ര സർക്കാർ നൽകിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന മഹാപഞ്ചായത്തുകൾ പ്രതീക്ഷ നൽകുന്നുണ്ട്. എന്നിരുന്നാലും രാജ്യം മുഴുക്കെ പടർന്ന് കിടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ ഐക്യപ്പെടലായി ഇതിനെ എങ്ങനെയാണ് വ്യാഖ്യാനിക്കാനാവുക?. ചുരുക്കം സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരുടെ മുന്നേറ്റത്തിന് മുമ്പിൽ പോലും പകച്ചു പോയവരാണ് കേന്ദ്ര ഭരണകൂടം. അതിന്റെ പത്തിരട്ടി വിഭവങ്ങളുണ്ടായിട്ട് പോലും പ്രതിപക്ഷ കക്ഷികൾക്ക് ഒന്നും ചെയ്യാനായിട്ടില്ല. സമരത്തിൽ ഇടപെട്ടാൽ രാഷ്ട്രീയ സമരമായി മാറുമെന്നും അത് ഭരണകൂടത്തിന്റെ നേട്ടങ്ങൾക്ക് വഴി വെക്കുമെന്ന ന്യായീകരണം അത്രകണ്ട് ഉൾക്കൊള്ളാനാവുന്നതല്ല.

കർഷകരോട് ഐക്യപ്പെട്ട് രാജ്യമെമ്പാടും തെരുവിലിറങ്ങിയാൽ തന്നെ ഭരണകൂടം തിരുത്തലിന് തയ്യാറാവുമെന്ന വസ്തുത അറിയാത്തവരൊന്നുമല്ല ഇവിടെയുള്ള പ്രതിപക്ഷ കക്ഷികൾ. ഇതൊരു വർഗ സമരമാണെന്ന വാദം അംഗീകരിക്കുകയാണെങ്കിൽ തന്നെ പ്രതിപക്ഷ കക്ഷികളിലെ തൊഴിലാളി വർഗത്തിന്റെ സാന്നിധ്യം സമരത്തിൽ എത്രത്തോളമുണ്ടായിട്ടുണ്ട്? തങ്ങളുടെ തൊഴിലാളി പ്രസ്ഥാനങ്ങളിലെ അംഗങ്ങളെ സമരരംഗത്തിറക്കിയെങ്കിലും പ്രതിപക്ഷ കക്ഷികൾ കർഷകരെ ചേർത്ത് പിടിക്കേണ്ടതുണ്ട്.

കൊവിഡ് തീർത്ത പ്രതിസന്ധികൾക്ക് പുറമെ വിലവർധനവും ജനജീവിതത്തെ മുച്ചൂടും പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുകയാണ്. തുടർച്ചയായി ഇന്ധന വിലയും പാചക വിലയും വർധിപ്പിച്ച് അഷ്ടിക്ക് വകയില്ലാത്ത ജനങ്ങളെ പിഴിയുകയാണ് കോർപറേറ്റുകളും ഭരണകൂടവും. തുടർച്ചയായി 13ാം ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിരിക്കുകയാണ് . 2018 ഒക്ടോബറിൽ വില ഇത്രത്തോളം എത്തിയിരുന്നുവെങ്കിലും ക്രൂഡ് ഓയിൽ ബാരലിന് 80 ഡോളർ ആയിരുന്നു വില. എന്നാൽ ഇന്ന് ബാരലിന് അറുപതിൽ താഴെ വിലയായിട്ട് പോലും ദിനേന ഇന്ധന വില കൂടിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയെങ്കിലും വിലവർധനവിനെതിരെ ശബ്്ദമുയർത്തിയിരുന്ന പ്രതിപക്ഷ കക്ഷികൾ ഇന്ന് തീർത്തും മൗന വ്രതത്തിലാണ്.

സ്വാതന്ത്ര്യ സമരം ഉപരിവർഗത്തിന്റെ സമരമെന്നതിലുപരി ദേശീയ സമരമായി പരിണമിച്ചത് സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യങ്ങളിൽ രാജ്യത്തെ സാധാരണ ജനങ്ങളുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ആവശ്യങ്ങൾ ചേർക്കപ്പെട്ടതോടെയാണ്. ചമ്പാരനിൽ ഭീമമായ നികുതികൾ അടക്കാനും ഭക്ഷ്യ വിളകൾക്ക് പകരം നാണ്യവിളകൾ വളർത്താനും നിർബന്ധിക്കപ്പെട്ട അതിദരിദ്രരായ കർഷകരോട് ചേർന്ന് നിന്ന് പോരാടിയ കോൺഗ്രസിന്റെ സമരം അതിനൊരു ഉദാഹരണം മാത്രമാണ്. ഇത്തരത്തിൽ സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലൂന്നിക്കൊണ്ട്, കൃത്യമായ ആസൂത്രത്തണത്തോടെ, അവസരങ്ങൾ തിരിച്ചറിഞ്ഞ് വ്യക്തി വിരോധത്തിലധിഷ്ഠിതമല്ലാത്ത ആശയസംഹിതയിൽ ഐക്യം കെട്ടിപ്പടുക്കാൻ പ്രതിപക്ഷ പ്രസ്ഥാനങ്ങൾക്ക് സാധിക്കേണ്ടതുണ്ട്. തങ്ങളുടെ ശബ്ദങ്ങൾ ജനങ്ങളിലേക്കെത്തിക്കാനുതകുന്ന സാഹചര്യങ്ങളും സാധ്യതകളും സംവിധാനങ്ങളും എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് പ്രതിപക്ഷ പ്രസ്ഥാനങ്ങളുടെ ഭാവി, ജനാധിപത്യ മതേതര ഇന്ത്യയുടെയും.

Latest