International
ട്രംപ് പുതിയ പാര്‍ട്ടി രൂപവത്കരിക്കുമോ?
വാഷിംഗ്ടണ്‍ | മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ പാര്‍ട്ടി രൂപവത്കരിക്കുമോയെന്നാണ് അമേരിക്കയിലെ ചര്‍ച്ച. എന്നാല്‍, ഇത്തരമൊരു നീക്കമേയില്ലെന്ന് ട്രംപ് തന്നെ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കില്ലെന്നും റിപബ്ലിക്കന്‍ പാര്‍ട്ടി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിപബ്ലിക്കന്‍ മുമ്പത്തേക്കാളേറെ ഐക്യത്തോടെയും ശക്തിയോടെയും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് വൈറ്റ് ഹൗസ് വിട്ടതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ ട്രംപ് പറഞ്ഞു. പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്നത് വ്യാജ വാര്‍ത്തയാണെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച വൈകിട്ട് നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുമ്പത്തേക്കാളേറെ തങ്ങളെല്ലാം ഐക്യത്തോടെയും ശക്തിയോടെയും നിലനില്‍ക്കും. അമേരിക്കയെ ശക്തിപ്പെടുത്തുകയും രക്ഷിക്കുകയും ചെയ്യും. കമ്യൂണിസത്തിലേക്ക് നയിക്കുന്ന സോഷ്യലിസത്തിനും തീവ്രവാദത്തിനും എതിരെ പോരാടുമെന്നും ട്രംപ് പറഞ്ഞു.
പ്രസിഡന്റ് ജോ ബൈഡനെതിരെ കടന്നാക്രമിച്ചായിരുന്നു ട്രംപിന്റെ പ്രസംഗം. നവംബറിലെ തിരഞ്ഞെടുപ്പ് തന്നില്‍ നിന്ന് തട്ടിപ്പറിച്ചതാണെന്നും അടുത്തുതന്നെ മറ്റൊരു തിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനയും ട്രംപ് നൽകി. കാപിറ്റോളില്‍ ട്രംപ് അനുയായികള്‍ കലാപം അഴിച്ചുവിട്ട സംഭവത്തെ തുടര്‍ന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിനെതിരെ വലിയ എതിര്‍പ്പാണുണ്ടായത്.