Kerala
സ്ഥാനാര്‍ഥി നിര്‍ണയം: പൊന്നാനിയില്‍ സി പി എം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

പൊന്നാനി | മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കം പുതിയ തലത്തിലേക്ക്. സി ഐ ടി യു ദേശീയ നേതാവ് പി നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കുമെന്ന സ്ഥിതി വന്നതോടെ സി പി എം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. “നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും” എന്ന ബാനറുമേന്തി സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
ജില്ലാ കമ്മിറ്റിയംഗം ടി എം സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രകടനം. “തുടരണം എല്‍ ഡി എഫ് വരണം, ടി എം സി” എന്ന ബാനറുകളും പ്രകടനത്തില്‍ പലരും കൈയിലേന്തിയിരുന്നു. നന്ദകുമാറിനെ അംഗീകരിക്കാന്‍ തയ്യാറല്ല എന്നും പ്രചരത്തിനിറങ്ങില്ല എന്നും മുതിര്‍ന്ന നേതാക്കള്‍ വരെ പറയുന്നു. ബ്രാഞ്ച് സെക്രട്ടറിമാരും തീരദേശ കൗണ്‍സിലര്‍മാരും രാജി ഭീഷണി മുഴക്കിയതായി സൂചനയുണ്ട്.
രണ്ട് തവണ പൂര്‍ത്തിയായവര്‍ മത്സരികേണ്ടതില്ല എന്ന മാനദണ്ഡ പ്രകാരം പൊന്നാനിയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് സീറ്റ് ലഭിക്കില്ല. പൊന്നാനിക്കാരനായ ടി എം സിദ്ദീഖിനെ വേണമെന്നാണ് പ്രവർത്തകരുടെ വികാരം.