Articles
ജനാധിപത്യത്തിന് തുടര്‍ച്ച വേണം
സ്ഥാനാര്‍ഥി നിര്‍ണ യ വിഷ യത്തില്‍ സി പി എം കൈക്കൊണ്ട തീരുമാനം ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും മാതൃകയാണ്. രാഷ്ട്രീയം മറ്റേതൊരു പ്രൊഫഷനും പോലെ ഒരു പ്രൊഫഷനാണ്. വിഷയത്തില്‍ താത്പര്യവും അറിവും അനുഭവവും ഉള്ള യുവാക്കള്‍ ആ രംഗത്തേക്ക് കടന്നു വരേണ്ടതുണ്ട്. ഒരു തൊഴിലിനായി മുട്ടിന്മേല്‍ ഇഴയുകയും തെരുവില്‍ ഉരുളുകയും കൈകൂപ്പി കേണുവിളിക്കുകയും ഒക്കെ ചെയ്യുന്ന യുവതീ യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് എന്തുകൊണ്ട് കടന്നുവരുന്നില്ല? മാതാപിതാക്കളില്‍ നിന്നുള്ള അനന്തരാവകാശമായി മാത്രം രാഷ്ട്രീയ നേതൃത്വം കൈക്കൊള്ളുന്നവരെ ആ രംഗത്തു നിന്ന് ആട്ടിയോടിക്കാന്‍ ജനം മുന്നോട്ട് വരേണ്ടതുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ മന്ത്രിപ്പണി, എം പി, എം എല്‍ എ ഇതൊക്കെ മാത്രമാണോ? തുടര്‍ച്ചയായി പത്ത് വര്‍ഷത്തിലധികം ഇത്തരം സ്ഥാനങ്ങള്‍ അലങ്കരിച്ചവര്‍ സ്വമേധയാ ആ സ്ഥാനങ്ങള്‍ യുവതലമുറക്ക് വേണ്ടി ഒഴിഞ്ഞു കൊടുക്കുന്നത് അവരുടെ സമുന്നത സംസ്‌കാരത്തിന്റെ അടയാളമായി കൂടി കാണണം. ഇതു കുറെക്കൂടെ നേരത്തേ വേണ്ടിയിരുന്നു. എങ്കില്‍ ബംഗാളിലും ത്രിപുരയിലും ഇടതുപാര്‍ട്ടിക്ക് ഇങ്ങനെ ഒരു രണ്ടാം നിര നേതൃത്വം ഇല്ലാതെ വരുമായിരുന്നില്ല. നാല്‍പതും അമ്പതും വര്‍ഷം ഒരേ വ്യക്തി ഒരേ നിയോജക മണ്ഡലത്തിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത നാടുവാഴിയാണെന്ന് തെളിയിക്കുന്നതില്‍ എന്ത് ജനാധിപത്യമാണുള്ളത്. ഒരു നേതാവിന്റെ പതനത്തോടെ ഒരു രാജ്യമോ ഒരു സംസ്ഥാനമോ ഒരു നിയോജക മണ്ഡലമോ അറബിക്കടലില്‍ താണു പോകില്ല. ഇത് മനസ്സിലാകണമെങ്കില്‍ നമ്മുടെ ജനങ്ങള്‍ കുറെക്കൂടെ രാഷ്ട്രീയ പ്രബുദ്ധത കൈവരിക്കേണ്ടിയിരിക്കുന്നു.
പാര്‍ട്ടി തീരുമാനത്തിനെതിരെ മറ്റേതൊരു പാര്‍ട്ടിയിലേയും പോലെ പ്രതിഷേധ പ്രകടനങ്ങളും പോസ്റ്റര്‍ പ്രചാരണവും ഇപ്പോള്‍ സി പി എമ്മിലും പതിവായിരിക്കുന്നു. ഇതെന്തുകൊണ്ടെന്ന് പാര്‍ട്ടി നേതൃത്വം ആത്മവിമര്‍ശനപരമായി പരിശോധിക്കേണ്ടിയിരിക്കുന്നു. സോവിയറ്റ് യൂനിയന്റെ പതനത്തോടെ ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവരുടെ കേന്ദ്രീകൃത ജനാധിപത്യം എന്ന പഴയ കാഴ്ച്ചപ്പാടുപേക്ഷിച്ച് ഗ്രാസ്സ് റൂട്ട് ലെവല്‍ ജനാധിപത്യം എന്ന ആശയം സ്വീകരിച്ചു തുടങ്ങിയെന്നത് പ്രതീക്ഷയോടെ കാണേണ്ടതുണ്ട്. ജനപ്രതിനിധികള്‍ കേവലം കേന്ദ്ര നേതൃത്വങ്ങളുടെ പാര്‍ശ്വവര്‍ത്തികള്‍ മാത്രം ആയാല്‍ പോരാ. താഴെത്തട്ടിലുള്ള ജനങ്ങളുമായി നിരന്തരമായ ആത്മബന്ധം പുലര്‍ത്തേണ്ടവര്‍ കൂടിയാണവര്‍.
2021ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടുമോ എന്നതല്ല, ജനാധിപത്യ വ്യവസ്ഥക്ക് തുടര്‍ച്ചയുണ്ടാകുമോ എന്നറിയാനാണ് രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകം പ്രകടിപ്പിക്കുന്നത്. തീര്‍ച്ചയായും അവരുടെ പ്രതീക്ഷകള്‍ക്ക് തിളക്കം വര്‍ധിപ്പിക്കുന്ന തരത്തിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇടതുപക്ഷ ഭരണവും സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാല്‍വെപ്പുകളും. ഭൂരിപക്ഷം ആര്‍ക്ക് ലഭിച്ചാലും ആരു തന്നെ മുഖ്യമന്ത്രിയായാലും വികസന വിഷയത്തിലും സാമൂഹിക ക്ഷേമ വിഷയങ്ങളിലും മുന്നോട്ടല്ലാതെ പിന്നോട്ട് പോകാന്‍ ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍, റേഷന്‍ വിതരണം, ആരോഗ്യ സംരക്ഷണം, പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തല്‍, പൊതു ഗതാഗത സൗകര്യം വര്‍ധിപ്പിക്കല്‍, മതേതരത്വം സംരക്ഷിക്കല്‍ ഇങ്ങനെയൊക്കെയുള്ള അടിസ്ഥാന വിഷയങ്ങളില്‍ പോയ അഞ്ച് വര്‍ഷം എങ്ങനെയായിരുന്നുവെന്ന് ജനങ്ങള്‍ക്ക് വിധിയെഴുതാനുള്ള സമയമാണ് വരാനിരിക്കുന്നത്.
ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും അപ്പോഴത്തെ ഭരണകക്ഷിയെ പ്രതിപക്ഷത്തു പ്രതിഷ്ഠിക്കുകയും അപ്പോഴത്തെ പ്രതിപക്ഷത്തെ ഭരണ പക്ഷത്തിരുത്തുകയും ചെയ്യുക എന്നത് ജനാധിപത്യത്തിലെ ആരോഗ്യകരമായ ഒരു പ്രവണതയാണ്. 2021ല്‍ കേരളം ഈ പതിവ് തിരുത്തുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം. ഭരണകക്ഷിയെ മുള്‍മുനയില്‍ നിറുത്തുന്ന തരത്തിലുള്ള ആരോപണ പെരുമഴ ഒന്നിന് പിന്നാലെ ഒന്നായി വര്‍ഷിക്കുകയും ദൃശ്യമാധ്യമങ്ങളിലെ അവതാരക തൊഴിലാളികളുടെ ഒത്താശയോടെ കൂടുതല്‍ വാചാലമായി വിമര്‍ശങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നതിനിടയില്‍ പോലും അവര്‍ തന്നെ മുന്‍കൈ എടുത്ത് ആവര്‍ത്തിച്ചു നടത്തിയ പല സര്‍വേ ഫലങ്ങളും ജനവികാരത്തെ വെളിപ്പെടുത്തുന്നതാണ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ജനം മുഖവിലക്കെടുത്തിട്ടില്ലെന്നല്ലേ ഇതെല്ലാം തെളിയിക്കുന്നത്?
കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ മാത്രമല്ല ഭരണം പിടിക്കാന്‍ തന്നെ തീരുമാനിച്ചുറച്ച ബി ജെ പി കേന്ദ്ര ഭരണത്തിന്റെ പിന്‍ബലത്തോടെ അവര്‍ പോറ്റിവളര്‍ത്തുന്ന അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതിന്റെ ലക്ഷ്യം വ്യക്തമാണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്തിനാണ് ആ കൊട്ട് കേട്ട് തുള്ളുന്നത്? നിര്‍ഭാഗ്യവശാല്‍ ദീര്‍ഘദൃഷ്ടിയോട് കൂടിയ രാഷ്ട്രീയ ആസൂത്രണമൊന്നും കോണ്‍ഗ്രസിന്റെയോ അവരുടെ മുഖ്യ ആശ്രയ കേന്ദ്രമായ മുസ്‌ലിം ലീഗിന്റെയോ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെക്ക് ശബരിമല അയ്യപ്പനും വടക്ക് രാഹുല്‍ ഗാന്ധിയും കേരളത്തിലെ യു ഡി എഫിന്റെ തുണക്കെത്തി. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി ബി ജെ പി എതിര്‍ കക്ഷികള്‍ മനസ്സില്‍ കുറിച്ച യുവ നേതാവിന് പാര്‍ലിമെന്റ് കാണാന്‍ യു പിയിലോ ബിഹാറിലോ മഹാരാഷ്ട്രയിലെ ഒരു സുരക്ഷിത മണ്ഡലം ഇല്ലെന്ന ബോധ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് നടത്തിയ ഒരു പരീക്ഷണം ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ കേരളത്തിലേക്കുള്ള ഇറക്കുമതി. ഇന്ത്യയില്‍ കോണ്‍ഗ്രസിന് അടുത്ത ഭരണം കിട്ടാന്‍ പോകുന്നില്ലെന്ന കാര്യം അന്നുതന്നെ കോണ്‍ഗ്രസ് നേതൃത്വത്തിനുറപ്പായിരുന്നു. രാഹുല്‍ കേരളത്തിലിറങ്ങിയാല്‍ നിലവില്‍ മാധ്യമങ്ങളില്‍ പുകഞ്ഞു നിന്ന ഭരണ വിരുദ്ധവികാരം മുതലെടുത്ത് എങ്ങനെയും ജയിച്ചുകയറാമെന്ന ഒരു പ്രതീക്ഷ അവര്‍ വെച്ചുപുലര്‍ത്തി. വേറെയും ലക്ഷ്യങ്ങളുണ്ടായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവ്, ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി കേവലം കേരളത്തിലെ ഒരു മലയോര മണ്ഡലത്തില്‍ നിന്നുള്ള എം പിയായി തരം താഴ്ത്തപ്പെട്ടു. കോണ്‍ഗ്രസിലെ കുടുംബവാഴ്ചയുടെ വിമര്‍ശകരെ മാത്രമല്ല കേന്ദ്രത്തില്‍ തുടര്‍ ഭരണം കാംക്ഷിക്കുന്ന ഹിന്ദുത്വ ശക്തികളെയും കേരളത്തിലെ ആ വിജയം വല്ലാതെ ആഹ്ലാദിപ്പിച്ചു. അയ്യപ്പന്റെ പൂങ്കാവനം അശുദ്ധമാക്കാന്‍ പിണറായി വിജയന്‍ പെണ്ണുങ്ങളെ ഇറക്കുന്നു എന്ന പ്രചാരണ കോലാഹലം ഹിന്ദു തീവ്രവാദികള്‍ മുഴക്കിയപ്പോള്‍ കോണ്‍ഗ്രസ് അതേറ്റുപിടിച്ചു. സ്ത്രീപുരുഷ തുല്യത എന്ന ഭരണഘടനാ തത്വത്തിന് അനുസൃതമായ ഒരു സുപ്രീം കോടതി വിധിയുണ്ടായപ്പോള്‍ അത് നടപ്പാക്കാനുള്ള ബാധ്യതയില്‍ നിന്ന് ഒരു സംസ്ഥാന സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകുമായിരുന്നില്ല. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചു എന്നായിരുന്നു ഇതിന് ചിലര്‍ പറഞ്ഞ മറുപടി. ശബരിമല സംഭവം സംസ്ഥാന സര്‍ക്കാറിന് ചില പുതിയ പാഠങ്ങളൊക്കെ അഭ്യസിപ്പിച്ചു. കോടതി വിധികളെയല്ല, ജനവികാരത്തെയാണ് സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടത്, അതായിരുന്നു ആ പാഠം! കോടതികള്‍ നിയമത്തിന്റെ തലനാരിഴ കീറി പരിശോധിച്ച് പ്രായോഗികമായി നടപ്പില്‍ വരുത്താന്‍ സാധ്യമല്ലാത്ത വിധി പ്രസ്താവിച്ചതു കൊണ്ട് കാര്യമില്ല. ബാബരി പള്ളി മുതല്‍ കേരളത്തിലെ പള്ളിക്കേസുകള്‍ വരെയുള്ള വിഷയങ്ങളില്‍ നമ്മളിതു കണ്ടതാണ്.
മലങ്കര സുറിയാനി സഭയിലെ രണ്ട് കക്ഷികളിലെ ഒരു കക്ഷി മറുകക്ഷിയുടെ കൈവശമുള്ള നൂറിലേറെ പള്ളികള്‍ പിടിച്ചെടുത്തു തങ്ങളെ ഏല്‍പ്പിക്കണം എന്ന് ഒരു സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തോടെ അലമുറയിട്ടപ്പോള്‍ ശബരിമല അനുഭവം മുന്‍നിര്‍ത്തി പിണറായി സര്‍ക്കാര്‍ രണ്ട് വട്ടം ആലോചിച്ചു. രണ്ടും വിശ്വാസപരവും അതുകൊണ്ട് തന്നെ വൈകാരികവും ആണെന്നും ഇതില്‍ പാര്‍ട്ടിയോ സര്‍ക്കാറോ പ്രത്യേക താത്പര്യമൊന്നും എടുക്കേണ്ടതില്ലെന്നുമുള്ള നിഗമനത്തിലാണ് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്.
ആരെയും പിണക്കാതെ എല്ലാവരെയും കൂടെ നിറുത്തി സ്വന്തം കാര്യം നേടുക എന്ന പതിവ് തന്ത്രം കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിപരീത ഫലമുണ്ടാക്കി. എറണാകുളം, കോട്ടയം, അങ്കമാലി ഭാഗത്തെ യാക്കോബായ(ബാവാ കക്ഷി) വിശ്വാസികള്‍ കുറെയൊക്കെ മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ആദ്യമായി അരിവാള്‍ ചുറ്റിക അടയാളത്തില്‍ ബട്ടനമര്‍ത്തി. കമ്മ്യൂണിസ്റ്റുകാരനായ പിണറായി വിജയനില്‍ ഓര്‍ത്തഡോക്‌സുകാരനായ (മെത്രാന്‍ കക്ഷി) ഉമ്മന്‍ ചാണ്ടിയില്‍ അര്‍പ്പിച്ചതിലും അധികം വിശ്വാസം അവരര്‍പ്പിച്ചു. സുറിയാനി ക്രിസ്ത്യാനികളില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ പലവിധ കാരണങ്ങളാല്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു.
വര്‍ധിച്ചു കിട്ടിയ പെന്‍ഷനും സൗജന്യ ഭക്ഷണ കിറ്റും സ്മാര്‍ട്ടാക്കപ്പെട്ട പൊതു വിദ്യാലയങ്ങളും അറ്റകുറ്റപ്പണി തീര്‍ത്ത പൊതു നിരത്തുകളും തങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ തങ്ങള്‍ക്കായി പണിതീര്‍ത്ത പള്ളികളോടനുബന്ധിച്ചുള്ള സെമിത്തേരികളില്‍ തങ്ങള്‍ക്കും സ്വൈരമായി ഉറങ്ങാന്‍ കഴിയുമെന്ന പ്രത്യാശയും മധ്യ തിരുവിതാംകൂറിലെ യാക്കോബായ ക്രിസ്ത്യാനികളെ ഇടത്തോട്ട് ചായിച്ചിട്ടുണ്ടെന്ന് വ്യക്തം. ഇത് മനസ്സിലാക്കിയ ബി ജെ പി നേതൃത്വം ബുദ്ധിപൂര്‍വം അവരുടെ കാര്‍ഡ് ഇറക്കി കളി തുടങ്ങി. മെത്രാന്മാരെ മോദി ഡല്‍ഹിയിലേക്ക് വിളിപ്പിക്കുന്നു. അപ്പം പങ്കുവെക്കുന്ന ജോലി രണ്ട് പൂച്ചകളും ചേര്‍ന്ന് കുരങ്ങിനെ ഏല്‍പ്പിക്കുന്നു. ഇനി പ്രതീക്ഷ സവര്‍ണ ഹിന്ദുത്വ പാര്‍ട്ടിയായ ബി ജെ പിയാണെന്ന് അണികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. ഈ മോദിയും സംഘവും ഉത്തരേന്ത്യയിലെ ക്രിസ്തു മതവിശ്വാസികളെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നറിയാന്‍ പാഴുപ്പടിവരെപ്പോയി കവടി നിരത്തുകയൊന്നും വേണ്ട, പഴയ പത്രങ്ങള്‍ തിരഞ്ഞുപിടിച്ചു വായിച്ചാല്‍ മതി. ഇതിനൊക്കെ ഇടയിലാണ് ഈ ശ്രീധരന്‍ എന്ന മെട്രോമാന്‍ താന്‍ പണിതീര്‍ത്ത പാലാരിവട്ടം പാലം, എറണാകുളംകാര്‍ക്ക് മാത്രമല്ല കേരളത്തിനൊന്നാകെ ബി ജെ പിയിലേക്ക് നടന്നു കയറാനുള്ള എളുപ്പവഴിയാണെന്ന സന്ദേശവുമായി ഭിക്ഷാംദേഹിയായി സ്ഥാനാര്‍ഥി കുപ്പായവും തയിപ്പിച്ച് ബി ജെ പി കൂടാരത്തിലെത്തിയത്. വേണ്ടി വന്നാല്‍ മുഖ്യമന്ത്രി തന്നെ ആയിക്കളയാം എന്നാണ് എന്‍ജിനീയറുടെ വാര്‍ധക്യകാല മോഹം! ഈ മോഹങ്ങളൊക്കെ വ്യാമോഹങ്ങളായി പരിഗണിക്കുകയേ ഉള്ളൂ. കേരളം യഥാര്‍ഥ രാഷ്ട്രീയ പ്രബുദ്ധതയിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പാണ് ഈ തിരഞ്ഞെടുപ്പുകാലം നമ്മളോട് ആവശ്യപ്പെടുന്നത്.
കെ സി വര്‍ഗ്ഗീസ്